പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലാവോ പി ഡി ആർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 11 OCT 2024 12:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാവോ പ്രധാനമന്ത്രി ആദരണീയനായ ശ്രീ  സോനെക്‌സെ സിഫാൻഡോണുമായി വിയൻ്റിയാനിൽ ഇന്ന്  ഉഭയകക്ഷി ചർച്ച നടത്തി. 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടി എന്നിവയ്ക്ക്  വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ലാവോ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.

 നാഗരികവും സമകാലികവുമായ   ഇന്ത്യ-ലാവോസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ഫലപ്രദമായ ചർച്ചകൾ നടത്തി. വികസന പങ്കാളിത്തം, ശേഷി വികസനം, ദുരന്തനിവാരണം, പുനരുപയോഗ ഊർജം, പൈതൃക പുനഃസ്ഥാപനം, സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ സഹകരണം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകൾ അവർ ചർച്ച ചെയ്തു. യാഗി ചുഴലിക്കാറ്റിനെത്തുടർന്ന് ലാവോ പി ഡി ആറിന് ഇന്ത്യ നൽകിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായത്തിന്  സിഫാൻഡോൺ പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ പിൻതുണയോടെ  യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ വാറ്റ് ഫൗവിൻ്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും ഇന്ത്യ നൽകിയ സഹായം  ഉഭയകക്ഷി ബന്ധത്തിന് പ്രത്യേക മാനം നൽകുന്നതായി ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

പ്രാദേശിക, ബഹുമുഖ വേദികളിൽ  രാജ്യങ്ങൾ തമ്മിലുള്ള അടുത്ത സഹകരണത്തിൽ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ പങ്ക് പ്രധാനമന്ത്രി സിഫാൻഡോൺ ആവർത്തിച്ചു. ലാവോ പി ഡി ആറിൻ്റെ 2024ലെ ആസിയാൻ അധ്യക്ഷസ്ഥാനത്തെ ഇന്ത്യ ശക്തമായി പിന്തുണച്ചു.

ചർച്ചകൾക്ക് ശേഷം, പ്രതിരോധം, പ്രക്ഷേപണം, കസ്റ്റംസ് സഹകരണം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളും ഉടമ്പടികളും , മെകോംഗ്-ഗംഗ സഹകരണത്തിന് കീഴിലുള്ള മൂന്ന് ക്വിക്ക് ഇംപാക്റ്റ് പ്രോജക്ടുകൾ (ക്യു ഐ പി കൾ) എന്നിവ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ കൈമാറി.  ലാവോ രാമായണത്തിൻ്റെ പൈതൃകം സംരക്ഷിക്കൽ, രാമായണവുമായി ബന്ധപ്പെട്ട ചുവർച്ചിത്രങ്ങളുള്ള വാട്ട് പകേയ ബുദ്ധക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം, ചംപാസക് പ്രവിശ്യയിലെ രാമായണത്തെക്കുറിച്ചുള്ള നിഴൽ പാവകളി  തിയേറ്ററിന് പിന്തുണ എന്നിവയുമായി ബന്ധപ്പെട്ടതാണ് ക്യു ഐ പി കൾ. മൂന്ന് ക്യു ഐ പി കൾക്കും ഏകദേശം 50000 ഡോളർ വീതം ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായമുണ്ട്. ലാവോ പി ഡി ആറിൽ പോഷകാഹാര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഏകദേശം 1 മില്യൺ യുഎസ് ഡോളറിൻ്റെ സഹായവും ഇന്ത്യ നൽകും. ഇന്ത്യ- യുഎൻ വികസന പങ്കാളിത്ത ഫണ്ട് വഴിയുള്ള ഈ സഹായം തെക്കുകിഴക്കൻ ഏഷ്യയിലെ ഫണ്ടിന് കീഴിലെ ആദ്യ പദ്ധതിയായിരിക്കും. ധാരണാപത്രങ്ങൾ, കരാറുകൾ, പ്രഖ്യാപനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഇവിടെ കാണാം.

***

NK



(Release ID: 2064130) Visitor Counter : 33