പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
Posted On:
11 OCT 2024 12:34PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.
ഇൻഡോ-പസഫിക് മേഖല ഘടന, ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാട്, ക്വാഡ് സഹകരണം എന്നിവയിൽ ആസിയാൻ വഹിക്കുന്ന പ്രധാന പങ്കിനു പ്രധാനമന്ത്രി പ്രസംഗത്തിൽ ഊന്നൽ നൽകി. കിഴക്കൻ ഏഷ്യ ഉച്ചകോടിയിലെ പങ്കാളിത്തം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന സ്തംഭമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും വികസനത്തിനും, സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക് പ്രധാനമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ ഇൻഡോ-പസഫിക് സമുദ്രസംരംഭവും ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ കാഴ്ചപ്പാടും തമ്മിലുള്ള സമാനതയെയും പൊതുസമീപനത്തെയുംകുറിച്ചു സംസാരിച്ചു. വിപുലീകരണവാദത്തിൽ ഊന്നൽ നൽകുന്നതിനു പകരം വികസനാധിഷ്ഠിത സമീപനമാണ് ഈ മേഖല പിന്തുടരേണ്ടത് എന്നതിന് അദ്ദേഹം ഊന്നൽ നൽകി.
EAS സംവിധാനത്തിന്റെ പ്രാധാന്യം ആവർത്തിക്കുകയും അതിനു കൂടുതൽ കരുത്തേകുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി, നാളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന് EASൽ പങ്കെടുത്ത രാജ്യങ്ങളിൽനിന്നു ലഭിച്ച പിന്തുണ അനുസ്മരിച്ചു. നാളന്ദ സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസമേധാവികളുടെ സമ്മേളനത്തിലേക്ക് EAS രാജ്യങ്ങളെ ക്ഷണിക്കാനും പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചു.
ഇൻഡോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയെ ബാധിക്കുന്ന പ്രാദേശിക-അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ഗ്ലോബൽ സൗത്തിലെ സംഘർഷങ്ങളുടെ ഗുരുതരമായ ആഘാതം അടിവരയിട്ട്, ലോകത്തിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനു മാനുഷിക സമീപനത്തെ അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുദ്ധഭൂമിയിൽ പരിഹാരമേതും ലഭിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഭീകരതയ്‌ക്കൊപ്പം സൈബർ-സമുദ്ര വെല്ലുവിളികളും ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അവയെ ചെറുക്കാൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കിഴക്കൻ ഏഷ്യ ഉച്ചകോടിക്കു വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രധാനമന്ത്രി ലാവോസ് പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ആസിയാന്റെ പുതിയ അധ്യക്ഷനെന്ന നിലയിൽ മലേഷ്യക്ക് ആശംസകൾ നേർന്ന അദ്ദേഹം ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
***
NK
(Release ID: 2064129)
Visitor Counter : 49
Read this release in:
Odia
,
Marathi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Bengali
,
Assamese
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi