പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 10 OCT 2024 7:12PM by PIB Thiruvananthpuram

ലാവോസില്‍ നടക്കുന്ന ആസിയാന്‍ -ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്റെ പുത‌ിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉഭയകക്ഷിചര്‍ച്ച നടത്തി.


പ്രധാനമന്ത്രി ഇഷിബയ്ക്കുള്ള പുതിയ ഉത്തരവാദിത്വത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ജപ്പാനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതിനുള്ള വിജയാശംസകളും നേർന്നു. വിശ്വസ്ത സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമായ ജപ്പാനുമായുള്ള ബന്ധത്തിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന തുടർന്നും ഇന്ത്യ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, നൈപുണ്യവികസനം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ സഹകരണം വര്‍ധിപ്പിച്ച്, ഇന്ത്യ-ജപ്പാന്‍ പ്രത്യേക  തന്ത്രപ്രധാന ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു.


സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്ക് ഇന്ത്യയും ജപ്പാനും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ പുതുക്കുകയും ചെയ്തു.
ഇരുനേതാക്കളും അടുത്ത ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ഉറ്റുനോക്കുകയാണ്.

-SK-



(Release ID: 2063980) Visitor Counter : 26