പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ഞാൻ മുഖ്യമന്ത്രിയായിരുന്ന 13 വർഷത്തിനിടയിൽ ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഗുജറാത്ത് ഉയർന്നു: പ്രധാനമന്ത്രി

25 കോടിയിലധികംപേരെ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു മോചിപ്പിച്ചു; ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനമുന്നേറ്റങ്ങൾ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ അങ്ങേയറ്റം ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കി: പ്രധാനമന്ത്രി

‘വികസിതഭാരതം’ എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം നിറവേറുംവരെ ഞാൻ വിശ്രമിക്കില്ല: പ്രധാനമന്ത്രി

Posted On: 07 OCT 2024 9:06PM by PIB Thiruvananthpuram

ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഗുജറാത്ത് ഉയർന്നുവന്നെന്നു ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യയുടെ വികസനമുന്നേറ്റങ്ങൾ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം പൗരന്മാർക്ക് ഉറപ്പു നൽകി.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ത്രെഡ്:

“#23YearsOfSeva...

23 വർഷത്തെ സേവനം.

ഗവണ്മെന്റിന്റെ തലവനായി ഞാൻ 23 വർഷം പൂർത്തിയാക്കുന്ന വേളയിൽ അനുഗ്രഹങ്ങളും ആശംസകളും നേർന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. 2001 ഒക്ടോബർ ഏഴിനാണു ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാൻ ചുമതലയേറ്റത്. എന്നെപ്പോലെ എളിയ കാര്യകർത്താവിനെ സംസ്ഥാനഭരണത്തിന്റെ തലപ്പത്തു ചുമതലപ്പെടുത്തിയത് എന്റെ കക്ഷിയായ ബിജെപിയുടെ @BJP4India മഹത്വമാണ്.”

“ഞാൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ, 2001ലെ കച്ച് ഭൂകമ്പം, അതിനുമുമ്പു തീവ്രമായ ചുഴലിക്കാറ്റ്, വൻവരൾച്ച, കൊള്ളയും വർഗീയതയും ജാതീയതയും തുടങ്ങി പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസിന്റെ ദുർഭരണത്തിന്റെ പാരമ്പര്യം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഗുജറാത്ത് നേരിട്ടിരുന്നു. ജനങ്ങളുടെ കരുത്തിനാൽ, ഞങ്ങൾ ഗുജറാത്തിനെ പുനർനിർമിക്കുകയും സംസ്ഥാനം പരമ്പരാഗതമായി അറിയപ്പെടാതിരുന്ന കാർഷികമേഖലയിലുൾപ്പെടെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്കു നയിക്കുകയും ചെയ്തു.”

“ഞാൻ മുഖ്യമന്ത്രിയായിരുന്ന 13 വർഷത്തിനിടയിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഗുജറാത്ത് ഉയർന്നു. 2014ൽ, ഇന്ത്യയിലെ ജനങ്ങൾ റെക്കോർഡ് ജനവിധി നൽകി എന്റെ കക്ഷിയെ അനുഗ്രഹിച്ചു. പ്രധാനമന്ത്രിയായി പ്രവർത്തിക്കാൻ അതെന്നെ പ്രാപ്തനാക്കി. ചരിത്ര നിമിഷമായിരുന്നു അത്; കാരണം, 30 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു കക്ഷി പൂർണ ഭൂരിപക്ഷം നേടിയത്.”

“കഴിഞ്ഞ ദശകത്തിൽ, നമ്മുടെ രാജ്യം നേരിട്ട നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നമുക്കു കഴിഞ്ഞു. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു മോചിപ്പിച്ചു. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഇതു പ്രത്യേകിച്ചും നമ്മുടെ എംഎസ്എംഇകളെയും സ്റ്റാർട്ടപ്പ് മേഖലയെയും മറ്റും സഹായിച്ചു. നമ്മുടെ കഠിനാധ്വാനികളായ കർഷകർക്കും നാരീശക്തിക്കും യുവശക്തിക്കും പാവപ്പെട്ടവർക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും സമൃദ്ധിയുടെ പുതിയ വഴികൾ തുറന്നു.”

“ഇന്ത്യയുടെ വികസന കുതിപ്പുകൾ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നമ്മോട് ഇടപഴകാനും നമ്മുടെ ജനങ്ങളിൽ നിക്ഷേപം നടത്താനും നമ്മുടെ വിജയത്തിന്റെ ഭാഗമാകാനും ലോകം താൽപ്പര്യപ്പെടുന്നു. അതോടൊപ്പം, കാലാവസ്ഥാവ്യതിയാനം, ആരോഗ്യസംരക്ഷണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ സാക്ഷാത്കരിക്കൽ തുടങ്ങി നിരവധി ആഗോളവെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യ വിപുലമായി പ്രവർത്തിക്കുന്നു.”

“വർഷങ്ങളായി വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പക്ഷേ ഇനിയുമേറെ ചെയ്യാനുണ്ട്. ഈ 23 വർഷംകൊണ്ടു മനസിലാക്കിയ കാര്യങ്ങൾ ദേശീയതലത്തിലും ആഗോളതലത്തിലും സ്വാധീനം ചെലുത്തിയ, വഴികാട്ടിയായ സംരംഭങ്ങൾ കൊണ്ടുവരാൻ നമ്മെ പ്രാപ്തരാക്കി. ജനസേവനത്തിൽ കൂടുതൽ ഊർജസ്വലതയോടെ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് എന്റെ സഹപൗരന്മാർക്കു ഞാൻ ഉറപ്പു നൽകുന്നു. വികസിതഭാരതം എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ ഞാൻ വിശ്രമിക്കില്ല.” 
 

 


(Release ID: 2063006) Visitor Counter : 56