പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാരംഭം കുറിച്ചു

പി.എം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡുവായ 20,000 കോടി രൂപ ഏകദേശം 9.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

ഏകദേശം 2,000 കോടി രൂപയുടെ നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡിന് തുടക്കം കുറിച്ചു

കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് (എ.ഐ.എഫ്) കീഴില്‍ 1,920 കോടി രൂപയുടെ 7,500-ലധികം പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

സംയോജിതമായി ഏകദേശം 1,300 കോടി രൂപയുടെ വിറ്റുവരവുള്ള 9,200 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ -എഫ്.പി.ഒകള്‍) രാജ്യത്തിന് സമര്‍പ്പിച്ചു

കന്നുകാലികള്‍ക്കായി ഏകീകൃത ജീനോമിക് ചിപ്പും തദ്ദേശീയ ലിംഗഭേദം വരുത്തിയ ബീജ സാങ്കേതികവിദ്യയും പുറത്തിറക്കി

മുഖ്യമന്ത്രി സൗര്‍ കൃഷി വാഹിനി യോജന - 2.0 പ്രകാരം മൊത്തം 19 മെഗാവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലുടനീളമുള്ള സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സമര്‍പ്പിച്ചു

ബഞ്ചാര വിരാസത് മ്യൂസിയം ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍, ഇന്ത്യയുടെ വികസനത്തിന്റെ യാത്രയില്‍ നമ്മുടെ ബഞ്ജാര സമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

ഇന്ത്യയുടെ ആത്മീയ ബോധത്തിന് അപാരമായ ഊര്‍ജം പകര്‍ന്ന നിരവധി സ

Posted On: 05 OCT 2024 2:38PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 05

മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,000 കോടിയോളം രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിച്ചു. പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു വിതരണം, നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവിന് തുടക്കം കുറിയ്ക്കല്‍, കാര്‍ഷിക വികസന ഫണ്ടിന് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് -എ.ഐ.എഫ്) കീഴില്‍ 7,500-ലധികം പദ്ധതികള്‍, 9,200 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ) മൊത്തം 19 മെഗവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലുടനീളമുള്ള അഞ്ച് സൗരോര്‍ജ്ജ പാര്‍ക്കുകള്‍ എന്നിവയുടെ സമര്‍പ്പണം, കന്നുകാലികള്‍ക്കും തദ്ദേശീയ ലിംഗഭേദം വരുത്തിയ ബീജ സാങ്കേതികവിദ്യയ്ക്കും ഏകീകൃത ജീനോമിക് ചിപ്പിനും സമാരംഭം കുറിയ്ക്കല്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അനുഗ്രഹീതമായ വാഷിമില്‍ നിന്ന് പൊഹരാദേവി മാതാവിനെ വണങ്ങുകയും, ഇന്ന്  മാതാ ജഗദംബയുടെ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. സന്ത് സേവലാല്‍ മഹാരാജിന്റെയും സന്ത് രാമറാവു മഹാരാജിന്റെയും സമാധിയില്‍ അനുഗ്രഹം തേടിയതിനെക്കുറിച്ചും മഹാത്മക്കളായ സന്യാസിമാരെ ആദരിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗോണ്ട്വാനയിലെ മഹാപോരാളിയായ രാജ്ഞി ദുര്‍ണ്മാവതി ജിയുടെ ജന്മദിനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം അവരുടെ 500-ാം ജന്മവാര്‍ഷികം രാഷ്ട്രം ആഘോഷിച്ചത് അനുസ്മരിക്കുകയും ചെയ്തു.

ഹരിയാനയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പോളിംഗ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വലിയതോതില്‍ വോട്ട് രേഖപ്പെടുത്താന്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ വോട്ട് ഹരിയാനയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 9.5 കോടി കര്‍ഷകര്‍ക്കായി 20,000 കോടി രൂപ വരുന്ന പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു ഇന്ന് വിതരണം ചെയ്യുന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, കര്‍ഷകര്‍ക്ക് ഇരട്ടി ആനുകൂല്യങ്ങള്‍ നല്‍കാനാണ് സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും പറഞ്ഞു. മഹാരാഷ്ട്രയിലുള്ള 90 ലക്ഷം കര്‍ഷകര്‍ക്ക് ഏകദേശം 1900 കോടി രൂപയുടെ ധനസഹായം കൈമാറിയ നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയിലും ശ്രീ മോദി സ്പര്‍ശിച്ചു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് നൂറുകണക്കിനു കോടി രൂപയുടെ വിവിധ പദ്ധതികള്‍ സമര്‍പ്പിക്കുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഇന്ന് നല്‍കുന്ന സഹായം നാരീശക്തിയുടെ കഴിവുകളെ പദ്ധതി ശാക്തീകരിക്കുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്നത്തെ പദ്ധതികള്‍ക്ക് മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും എല്ലാ പൗരന്മാരെയും ശ്രീ മോദി അഭിനന്ദിച്ചു.
ഇന്ന് പൊഹരാദേവിയില്‍ ഉദ്ഘാടനം ചെയ്ത ബഞ്ജാര വിരാസത് മ്യൂസിയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, പുതുതായി ഉദ്ഘാടനം ചെയ്ത മ്യൂസിയം വരും തലമുറകള്‍ക്ക് ബഞ്ജാര സമുദായത്തിന്റെ പുരാതന സംസ്‌കാരവും വിശാലമായ പൈതൃകവും പരിചയപ്പെടുത്തുമെന്ന് പറഞ്ഞു. പൊഹരാദേവിയിലെ ബഞ്ജാര സമൂഹവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ച പ്രധാനമന്ത്രി, അവരുടെ പൈതൃകത്തിന് ഈ മ്യൂസിയം വഴി അംഗീകാരം ലഭിച്ചതുമൂലം അവരുടെ മുഖത്തുതെളിഞ്ഞ സംതൃപ്തിയും അഭിമാനവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ബഞ്ജാര പൈതൃക മ്യൂസിയത്തിന് സമൂഹത്തെ ശ്രീ മോദി അഭിനന്ദിച്ചു.
ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലും വികസനത്തിന്റെ യാത്രയിലും നമ്മുടെ ബഞ്ജാര സമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ പ്രതിരോധശേഷിയെയും കല, സംസ്‌കാരം, ആത്മീയത, വ്യാപാരം എന്നിവയുള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന മേഖലകളിലുടനീളമുള്ള ഇന്ത്യയുടെ വികസനത്തിലെ വിലമതിക്കാനാവാത്ത അവരുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. വൈദേശിക ഭരണത്തിന്‍ കീഴില്‍ വലിയ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടും സമൂഹത്തെ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച രാജാ ലഖി ഷാ ബഞ്ജാരയെപ്പോലുള്ളവർക്കും അദ്ദേഹം   ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയുടെ ആത്മീയ അവബോധത്തിന് അതിരുകളില്ലാത്ത ഊര്‍ജ്ജം നല്‍കിയ സന്ത് സേവാലാല്‍ മഹാരാജ്, സ്വാമി ഹാത്തിറാം ജി, സന്ത് ഈശ്വര്‍സിംഗ് ബാപ്പുജി, സന്ത് ലക്ഷ്മണ്‍ ചൈത്യന്‍ ബാപ്പുജി തുടങ്ങിയ ആത്മീയ നേതാക്കളെയും അദ്ദേഹം അനുസ്മരിച്ചു, ഇന്ത്യയുടെ ആത്മീയ ബോധത്തിന് അപാരമായ ഊര്‍ജം പകര്‍ന്ന നിരവധി സന്യാസിമാരെ നമ്മുടെ ബഞ്ജാര സമൂഹം സംഭാവനചെയ്തിട്ടുണ്ട്, അദ്ദേഹം അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകളായി രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അവരുടെ അശ്രാന്തപരിശ്രമത്തെ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടുകയും സ്വാതന്ത്ര്യ സമരകാലത്ത് ബഞ്ജാര സമൂഹത്തെയാകെയും ബ്രിട്ടീഷ് ഭരണം അന്യായമായി കുറ്റവാളികളായി മുദ്രകുത്തിയ ചരിത്രപരമായ അനീതിയില്‍ പരിവേദനപ്പെടുകയും ചെയ്തു.
നിലവിലെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കിടയില്‍ മുന്‍ ഗവണ്‍മെന്റുകളുടെ മനോഭാവവും പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. ശ്രീ ദേവേന്ദ്ര ഫഡ്നാവിസിന്റെ കാലത്താണ് പൊഹാരാദേവി ക്ഷേത്ര വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും എന്നാല്‍ മഹാ അഗാധി ​ഗവൺമെന്റ് അത് നിര്‍ത്തിവെച്ചുവെന്നും ശ്രീ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് പിന്നീട് അത് പുനരാരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് യാത്ര സുഗമമാക്കുന്നതിനോടൊപ്പം തീര്‍ത്ഥാടനകേന്ദ്രത്തെ മെച്ചപ്പെടുത്തുന്നതിനും സമീപ സ്ഥലങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കും ഈ പദ്ധതി സഹായകമാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് മാത്രമേ ഇത്തരം വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ ഇന്ത്യയുടെ വികസനത്തിനും പുരോഗതിക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആസന്നമായ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ശ്രീ മോദി അഭിപ്രായപ്പെട്ടു. ലഹരിമരുന്ന് അടിമത്തത്തിനും അതിന്റെ അപകടങ്ങള്‍ക്കും എതിരെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഈ പോരാട്ടത്തില്‍ ഒരുമിച്ച് വിജയിക്കാന്‍ അവരുടെ സഹായം തേടുകയും ചെയ്തു.
ഞങ്ങളുടെ ഗവണ്‍മെന്റിന്റെ എല്ലാ തീരുമാനങ്ങളും എല്ലാ നയങ്ങളും വികസിത് ഭാരതിനോട് പ്രതിജ്ഞാബദ്ധമാണ്, നമ്മുടെ കര്‍ഷകരാണ് ഈ കാഴ്ചപ്പാടിന്റെ പ്രധാന അടിത്തറ, പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച പ്രധാന നടപടികളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, പരിപാലനശേഷികള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 9,200 കര്‍ഷക ഉല്‍പാദക സംഘടനകളും (എഫ്.പി..ഒ) നിരവധി പ്രധാന കാര്‍ഷിക അടിസ്ഥാന സൗകര്യ പദ്ധതികളുടെയും സമര്‍പ്പിച്ചതും അതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധക്കുന്നതും പരാമര്‍ശിച്ചു. ഇപ്പോഴത്തെ ഗവണ്‍മെന്റിന് കീഴില്‍ മഹാരാഷ്ട്രയിൽ, കര്‍ഷകര്‍ക്ക് ഇരട്ടി ആനുകൂല്യമാണ് ലഭിക്കുന്നത്,ശൂന്യ വൈദ്യുതി ബില്‍ നയത്തെ പ്രശംസിച്ചുകൊണ്ട് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളായി വലിയ ദുരിതങ്ങള്‍ നേരിടുന്ന മഹാരാഷ്ട്രയിലെയും വിദര്‍ഭയിലെയും കര്‍ഷകരോട് സഹതപിച്ച പ്രധാനമന്ത്രി, മുന്‍ ഗവണ്‍മെന്റുകള്‍ കര്‍ഷകരെ ദുരിതബാധിതരും ദരിദ്രരുമാക്കിയെന്ന് അഭിപ്രായപ്പെട്ടു. കര്‍ഷകരുമായി ബന്ധപ്പെട്ട പദ്ധതികള്‍ തടയുക, ഈ പദ്ധതികളുടെ പണത്തില്‍ അഴിമതി നടത്തുക എന്നീ രണ്ടു അജണ്ടകളുമായാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നിടത്തോളം കാലം മഹാസഖ്യം ഗവണ്‍മെന്റ്, പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കേന്ദ്രത്തില്‍ നിന്ന് അയച്ച ഫണ്ട് ഗുണഭോക്താക്കളില്‍ നിന്ന് വകമാറ്റി ചെലവഴിക്കുകയായിരുന്നെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ മഹായുതി ഗവണ്‍മെന്റിനെപ്പോലെ കിസാന്‍ സമ്മാന്‍ നിധിയോടൊപ്പം കര്‍ഷകര്‍ക്ക് വെവ്വേറെ പണം കര്‍ണാടകയിലുണ്ടായിരുന്ന ബി.ജെ.പി ഗവണ്‍മെന്റും നല്‍കിയിരുന്ന കാര്യം ജനങ്ങളെ ഓര്‍മിപ്പ പ്രധാനമന്ത്രി ഇപ്പോള്‍ പുതിയ ഗവണ്‍മെന്റ് വന്നതോടെ അത് നിര്‍ത്തലാക്കിയെന്നും പറഞ്ഞു. വായ്പ എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് തെലങ്കാനയിലെ കര്‍ഷകര്‍ ഇന്ന് സംസ്ഥാന ഗവണ്‍മെന്റിനെ ചോദ്യം ചെയ്യുന്നെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ജലസേചന പദ്ധതികളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് കാലതാമസം വരുത്തിയതിനെക്കുറിച്ച് പൗരന്മാരെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ വരവിനുശേഷമാണ് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടി. അമരാവതി, യവത്മാല്‍, അകോല, ബുല്‍ധാന, വാഷിം, നാഗ്പൂര്‍, വാര്‍ധ എന്നിവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ 90,000 കോടി രൂപ ചെലവില്‍ വൈന്‍ഗംഗ-നല്‍ഗംഗ നദികളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നല്‍കിയ കാര്യം അദ്ദേഹം പരാമര്‍ശിച്ചു. പരുത്തിയും സോയാബീനും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് 10,000 രൂപ ധനസഹായം നല്‍കുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു. അടുത്തിടെ അമരാവതിയില്‍ തറക്കല്ലിട്ട ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് പരുത്തി കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാന്‍ മഹാരാഷ്ട്രയ്ക്ക് അപാരമായ ശേഷിയുണ്ടെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ദളിതരുടെയും ദരിദ്രരുടെയും ശാക്തീകരണത്തിന് വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം ശക്തമായി തുടരുമ്പോള്‍ മാത്രമേ അത് യാഥാര്‍ത്ഥ്യമാകൂ എന്നും പറഞ്ഞു. വികസിത് മഹാരാഷ്ട്രയും വികസിത് ഭാരതവുമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍, ശ്രീ സി.പി രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര ഫിഷറീസ് , മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി, ശ്രീ രാജീവ് രഞ്ജന്‍ തുടങ്ങിയവരും  ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

കര്‍ഷകരെ ശാക്തീകരിക്കുക എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഏകദേശം 9.4 കോടി കര്‍ഷകര്‍ക്കു പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡുവായ 20,000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്തു. 18-ാം ഗഡു വിതരണം ചെയ്തതോടെ, പിഎം-കിസാന്‍ പ്രകാരം കര്‍ഷകര്‍ക്കനുവദിച്ച മൊത്തം തുക ഏകദേശം 3.45 ലക്ഷം കോടി രൂപയാകും. അതിനുപുറമെ, നമോ ശേത്കരി മഹാസമ്മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവായ ഏകദേശം 2000 കോടി രൂപയുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കാര്‍ഷിക അടിസ്ഥാനസൗകര്യനിധിക്കു (എ.ഐ.എഫ്) കീഴിലുള്ള 1920 കോടിയിലധികം രൂപയുടെ 7500 പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ഇഷ്ടാനുസൃത നിയമന കേന്ദ്രങ്ങള്‍, പ്രാഥമിക സംസ്‌ക്കരണ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍ (സംഭരണശാലകള്‍), സോര്‍ട്ടിംഗ് (തരംതിരിക്കല്‍) ഗ്രേഡിംഗ് യൂണിറ്റുകള്‍, ശീതസംഭരണി പദ്ധതികള്‍, വിളവെടുപ്പിനു ശേഷമുള്ള പരിപാലന പദ്ധതികള്‍ എന്നിവയാണ് ഇവയില്‍ ഉള്‍പ്പെടുന്ന പ്രധാന പദ്ധതികള്‍.
സംയോജിതമായി ഏകദേശം 1300 കോടി രൂപ വിറ്റുവരവുള്ള 9200 കാര്‍ഷികോല്‍പ്പാദന സംഘടനകളും (എഫ്.പി.ഒ) പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു.
അതിനുപുറമെ, കന്നുകാലികള്‍ക്കായുള്ള ഏകീകൃത ജനിതക ചിപ്പും തദ്ദേശീയമായി ലിംഗഭേദം വരുത്തിയ ബീജസാങ്കേതികവിദ്യയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കു താങ്ങാനാകുന്ന നിരക്കില്‍, ലിംഗഭേദം വരുത്തിയ ബീജത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഒരു ഡോസിന് 200 രൂപയോളം ചെലവു കുറയ്ക്കാനും ഈ മുന്‍കൈ ലക്ഷ്യമിടുന്നു. ഏകീകൃത ജനിതക ചിപ്പ്, നാടന്‍ കന്നുകാലികള്‍ക്കുള്ള ഗോചിപ്പ് , എരുമകള്‍ക്കുള്ള മഹിഷ്ചിപ്പ് എന്നിവയും ജനിതകരൂപീകരണ സേവനങ്ങള്‍ക്കൊപ്പം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനിതക തെരഞ്ഞെടുപ്പു നടപ്പാക്കുന്നതോടെ, ഉയര്‍ന്ന നിലവാരമുള്ള കാളകളെ ചെറുപ്രായത്തില്‍ തിരിച്ചറിയാന്‍ കഴിയും.
കൂടാതെ, മുഖ്യമന്ത്രി സൗര്‍ കൃഷി വാഹിനി യോജന - 2.0 പ്രകാരം മഹാരാഷ്ട്രയിലുടനീളം മൊത്തം 19 മെഗാവാട്ട് ശേഷിയുള്ള അഞ്ചു സൗരോര്‍ജ പാര്‍ക്കുകളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. മുഖ്യമന്ത്രി മാഝി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കളെയും പരിപാടിയില്‍ അദ്ദേഹം ആദരിച്ചു.

 

 

***


(Release ID: 2062424) Visitor Counter : 40