രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

ഗാന്ധിജയന്തിയുടെ പൂർവസന്ധ്യയിൽ ആശംസകൾ ​നേർന്ന് രാഷ്ട്രപതി

Posted On: 01 OCT 2024 7:30PM by PIB Thiruvananthpuram


ഗാന്ധിജയന്തിയുടെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൽകിയ സന്ദേശം:-

“എല്ലാ പൗരന്മാർക്കും വേണ്ടി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തിനു വിനയപൂർവം ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

സത്യത്തെയും അഹിംസയെയും തീക്ഷ്ണമായി പിന്തുടർന്ന ബാപ്പുവിന്റെ ജീവിതം മനുഷ്യരാശിക്കാകെയുള്ള അതുല്യസന്ദേശമാണ്. സമാധാനത്തിന്റെയും സഹകരണത്തിന്റെയും പാത പിന്തുടരാൻ അദ്ദേഹം നമുക്കു പ്രചോദനമേകി. തൊട്ടുകൂടായ്മ, നിരക്ഷരത, ശുചിത്വമില്ലായ്മ, മറ്റു സാമൂഹ്യതിന്മകൾ എന്നിവ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യങ്ങൾ ഏറ്റെടുത്ത ഗാന്ധിജി, സ്ത്രീശാക്തീകരണത്തിനായി നിരന്തരം പോരാടുകയും ചെയ്തു.

ഗാന്ധിജി ശാശ്വതമായ ധാർമിക തത്വങ്ങളെ പ്രതിനിധാനം ചെയ്യുകയും സന്മാർഗാധിഷ്ഠിത ശീലങ്ങൾക്കായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അങ്ങേയറ്റം ദുർബലരെയും കരുതൽ വേണ്ടവരെയും ശക്തിപ്പെടുത്തുന്നതിനു ​വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ലോകത്തെ നിരവധി മഹാന്മാരെ ഗാന്ധിജിയുടെ ആശയങ്ങൾ സ്വാധീനിക്കുകയും അവർ അദ്ദേഹത്തിന്റെ ആദർശങ്ങൾ തങ്ങളിലേക്കു പകർത്തുകയും ചെയ്തു.

ഈ ശുഭവേളയിൽ, സത്യം, അഹിംസ, സ്നേഹം, പരിശുദ്ധി എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുമെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങളിലെ ഭാരതം എന്ന ആശയവുമായി രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനം തുടർച്ചയായി മുന്നോട്ടു കൊണ്ടുപോകുമെന്നും നമുക്കു ദൃഢനിശ്ചയം ചെയ്യാം.”

രാഷ്ട്രപതിയുടെ സന്ദേശം ഹിന്ദിയിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



(Release ID: 2060962) Visitor Counter : 9