രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

NALSAR നിയമ സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 28 SEP 2024 6:15PM by PIB Thiruvananthpuram

 

രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (സെപ്റ്റംബർ 28, 2024) തെലങ്കാനയിലെ ഹൈദരാബാദിലെ NALSAR നിയമ സർവകലാശാലയുടെ  21-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ഭരണഘടനയിൽ നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ ആശയങ്ങൾ : നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അടങ്ങിയിരിക്കുന്നു എന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു . 

ആമുഖത്തിലും മൗലികാവകാശങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന സമത്വത്തിൻ്റെ ആദർശം, നീതി നിർവഹണവുമായി ബന്ധപ്പെട്ട രാഷ്ട്ര നയത്തിൻ്റെ നിർദ്ദേശക തത്ത്വങ്ങളിലും ആവിഷ്‌കരിച്ചിരിക്കുന്നു. തുല്യനീതിയും സൗജന്യ നിയമസഹായവും ഇത് ഉറപ്പ് വരുത്തുന്നു . സാമ്പത്തികമോ മറ്റ് പരിമിതികളോ കാരണം ഒരു പൗരനും നീതി ലഭിക്കുന്നതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ അത് ഭരണകൂടത്തെ ഉത്തരവാദിത്തമുള്ളവരാക്കുന്നു.


ദൗർഭാഗ്യവശാൽ, ഒരു ധനികന് ലഭിക്കുന്ന നീതിലഭ്യത  പാവപ്പെട്ട ഒരാൾക്ക് ലഭിക്കുന്നില്ല. ഈ അന്യായമായ സാഹചര്യം കൃത്യമായും  മാറണം. യുവ നിയമ പ്രൊഫഷണലുകളെ മാറ്റത്തിൻ്റെ വാഹകരാകാൻ  അവർ അഭ്യർത്ഥിച്ചു. NALSAR നിരവധി മേഖലകളിൽ നേതൃത്വം നൽകിയതിൽ രാഷ്ട്രപതി സന്തോഷിച്ചു. ഭിന്നശേഷി , നീതി ലഭ്യത , ജയിൽ, ജുവനൈൽ നീതി, നിയമസഹായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ NALSAR ൻ്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. NALSAR, ഒരു മൃഗ നിയമ കേന്ദ്രം (ആനിമൽ ലോ സെൻ്റർ) സ്ഥാപിച്ചു എന്നതും അവർ സന്തോഷത്തോടെ പരാമർശിച്ചു . 


മനുഷ്യരാശിയുടെ ക്ഷേമത്തിന്  മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും ജലാശയങ്ങളെയും സംരക്ഷിക്കണമെന്നാണ് യുവതലമുറ പ്രതീക്ഷിക്കുന്നതെന്നും NALSAR ൻ്റെ ആനിമൽ ലോ സെൻ്റർ ആ ദിശയിലുള്ള ഒരു നല്ല ചുവടുവെപ്പാണെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികൾ  ആവണം . NALSAR, അതിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ, എല്ലാ പങ്കാളികളുടെയും പിന്തുണ നേടിക്കൊണ്ട്  വനിതാ അഭിഭാഷകരുടെയും നിയമ വിദ്യാർത്ഥികളുടെയും ഒരു ശൃംഖല രൂപീകരിക്കാൻ  രാജ്യവ്യാപകമായി ശ്രമിക്കണമെന്നും  അവർ അഭ്യർത്ഥിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അത്തരം അതിക്രമങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനും യോജിച്ച ശ്രമങ്ങൾ നടത്തുന്നതിന് ഈ ശൃംഖല പ്രവർത്തിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 



(Release ID: 2060262) Visitor Counter : 17