വാണിജ്യ വ്യവസായ മന്ത്രാലയം
ബിഡ്കിന്‍ വ്യവസായ മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു
വ്യാവസായിക വളര്‍ച്ചയുടെ ഒരു പുതിയ യുഗം മഹാരാഷ്ട്രയിലെ മറാത്ത്വാഡയില്‍ ആരംഭിക്കുന്നു
ബിഡ്കിന്‍ വ്യവസായ മേഖല സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആഗോള മത്സരക്ഷമതയ്ക്കും ഒരു ഉത്തേജകമാണ്
56,200 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും 30,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യാവസായിക മികവ് വര്‍ദ്ധിപ്പിക്കാനും സജ്ജമായി.
Posted On:
29 SEP 2024 4:14PM by PIB Thiruvananthpuram
ഇന്ത്യയുടെ വ്യാവസായിക വികസനത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ബിഡ്കിന്‍ വ്യവസായ മേഖല (ബിഐഎ) രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പൂനെയില്‍ നടന്ന പ്രധാന ചടങ്ങില്‍ പ്രധാനമന്ത്രി വിര്‍ച്വലായി പങ്കെടുത്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏക്നാഥ് ഷിന്‍ഡെ, മറ്റ് പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി വെബ്കാസ്റ്റ് ചെയ്ത ഔറിക് ഹാളില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഭവന, ഒബിസി ക്ഷേമ മന്ത്രി ശ്രീ അതുല്‍ സേവ്, രാജ്യസഭ എംപി ഡോ. ഭഗവത് കരാഡ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
പരിവര്‍ത്തിത പദ്ധതിയായ ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ദേശീയ വ്യാവസായിക ഇടനാഴി
വികസന പരിപാടി (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് - എന്‍ഐസിഡിപി) കീഴില്‍ 7,855 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഈ വ്യാവസായിക കേന്ദ്രം മറാത്ത്വാഡ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍:
തന്ത്രപ്രധാനമായ സ്ഥാനം: എന്‍എച്ച് 752ഇയോട് ചേര്‍ന്നും നാഗ്പൂരുമായി മുംബൈയുമായി ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുമുള്ള ബിഡ്കിന്‍ വ്യവസായ മേഖല മികച്ച കണക്റ്റിവിറ്റിയുള്ളതാണ്, ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്‍ (20 കി.മീ), ഔറംഗബാദ് വിമാനത്താവളം (30 കി.മീ), ജല്‍ന ഡ്രൈ പോര്‍ട്ട് (65 കി.മീ) എന്നിവയ്ക്ക് സമീപത്തുമാണ്. പി എം ഗതിശക്തിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായി തടസ്സമില്ലാത്ത ബഹുവിധ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനാണ് ബിഐഎ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഘട്ടം ഘട്ടമായുള്ള വികസനം: 6,414 കോടി രൂപയുടെ പദ്ധതി മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കി. 2,511 ഏക്കര്‍ വിസ്തൃതിയുള്ള ഘട്ടം എ, 2,427 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്നതിനാണു മുന്‍ഗണന. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും (എംഐഡിസി) നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും (എന്‍ഐസിഡിഐടി) തമ്മിലുള്ള 51:49 പങ്കാളിത്തത്തോടെ രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ലിമിറ്റഡ് (എംഐടിഎല്‍) ഈ മഹത്തായ പദ്ധതിക്ക് നേതൃത്വം നല്‍കി.
അടിസ്ഥാന സൗകര്യ സന്നദ്ധത: ബിഡ്കിന്‍ വ്യവസായ മേഖലയില്‍ വിശാലമായ റോഡുകള്‍, ഗുണനിലവാരമുള്ള വെള്ളവും വൈദ്യുതിയും വിതരണം ചെയ്യല്‍, വിപുലമായ മലിനജല, സാധാരണ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വ്യാവസായിക, സമ്മിശ്ര ഉപയോഗ പ്ലോട്ടുകള്‍ അനുവദിക്കുന്നതിന് ഈ പ്രധാന അടിസ്ഥാന സൗകര്യ ജോലികള്‍ തയ്യാറായിക്കഴിഞ്ഞു.
പ്രധാന നിക്ഷേപങ്ങളും സാമ്പത്തിക സ്വാധീനവും
ഏഥര്‍ എനര്‍ജി (100 ഏക്കര്‍), ലുബ്രിസോള്‍ (120 ഏക്കര്‍), ടൊയോട്ട-കിര്‍ലോസ്‌കര്‍ (850 ഏക്കറിന് ധാരണാപത്രം), ജെഎസ്ഡബ്ല്യു ഗ്രീന്‍ മൊബിലിറ്റി (500 ഏക്കര്‍) തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപ താല്‍പ്പര്യം ആകര്‍ഷിച്ചു. ഈ നാലു പദ്ധതികള്‍ കൂടി ചേര്‍ന്നു മാത്രം 56,200 കോടി രൂപയുടെ നിക്ഷേപവും 30,000-ത്തിലധികം തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു.
നിര്‍മ്മാണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍, വ്യാവസായിക, മിശ്ര ഉപയോഗ മേഖലകളിലായി ആകെ 1,822 ഏക്കര്‍ (38 പ്ലോട്ടുകള്‍) അനുവദിച്ചു. ബിഡ്കിന്‍ വ്യവസായ മേഖലയുടെ വികസനം പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയിലും നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയെ ആകര്‍ഷിക്കുകയും ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യാവസായിക മികവിലേക്കുള്ള ഒരു ചുവട്
ബിഡ്കിന്‍ വ്യവസായ മേഖല രാജ്യത്തിന് സമര്‍പ്പിച്ചത് ആഗോള ഉല്‍പ്പാദന ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ ചലനാത്മക കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. മേഖലയിലെ വ്യാവസായിക വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുമായി ഈ പദ്ധതി യോജിപ്പിച്ചിരിക്കുന്നു.
ബിഡ്കിന്‍ വ്യാവസായിക മികവിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കയറ്റുമതി വര്‍ധിപ്പിക്കുന്നതിലും മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുന്നതിലും ഒരു വഴികാട്ടിയായി മാറുമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
(Release ID: 2060140)
Visitor Counter : 43