പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും സെപ്റ്റംബര്‍ 29-ന് പ്രധാനമന്ത്രി നിര്‍വഹിക്കും


പൂനെ മെട്രോയുടെ ജില്ലാ കോടതി മുതല്‍ സ്വാര്‍ഗേറ്റ് വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

സോലാപൂര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 28 SEP 2024 6:59PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 28

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ (ഒന്നാംഘട്ടം) പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്ന പൂനെ മെട്രോയുടെ ജില്ലാ കോടതി മുതല്‍ സ്വാര്‍ഗേറ്റ് വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 1,180 കോടി രൂപയാണ് ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭൂഗര്‍ഭ ഭാഗത്തിന്റെ ചെലവ്.

തുടര്‍ന്ന് ഏകദേശം 2,955 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പൂനെ മെട്രോ ഘട്ടം ഒന്നിലെ സ്വര്‍ഗേറ്റ്-കത്രാജ് വിപുലീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. മാര്‍ക്കറ്റ് യാര്‍ഡ്, പത്മാവതി, കത്രാജ് എന്നിങ്ങനെ മൂന്ന് സ്‌റ്റേഷനുകളോടെ പൂര്‍ണ്ണമായും ഭൂഗര്‍ഭത്തിലുള്ള ഏകദേശം 5.46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ തെക്കന്‍ വിപുലീകരണം.

കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സമ്പാജിനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന പരിവര്‍ത്തന പദ്ധതിയായ ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഡല്‍ഹി മുംബൈ വ്യാവസായിക ഇടനാഴിക്ക് കീഴില്‍ വികസിപ്പിച്ച പദ്ധതിക്ക് മറാത്ത്‌വാഡ മേഖലയിലെ ഊര്‍ജ്ജസ്വലമായ സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ വലിയ സാദ്ധ്യതകളുണ്ട്. 3 ഘട്ടങ്ങളിലായി 6,400 കോടി.രൂപയുടെ മൊത്തം ചെലവുവരുന്ന പദ്ധതിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്.

വിനോദസഞ്ചാരികള്‍, ബിസിനസ്സ് യാത്രക്കാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് സോലാപൂറിനെ കൂടുതല്‍ പ്രാപ്യമാക്കുന്ന ബന്ധിപ്പിക്കല്‍ ഗണ്യമായി മെച്ചപ്പെടുത്തുന്ന സോലാപൂര്‍ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിവര്‍ഷം 4.1 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനായി സോലാപൂരിലെ നിലവിലുള്ള ടെര്‍മിനല്‍ ബില്‍ഡിംഗ് നവീകരിച്ചതാണ്.

ക്രാന്തിജ്യോതി സാവിത്രിഭായി ഫൂലെയുടെ ആദ്യ ഗേള്‍സ് സ്‌കൂളിന് വേണ്ടിയുള്ള സ്മാരകത്തിന് ഭിദേവാഡയില്‍ പ്രധാനമന്ത്രി തറക്കല്ലിടും.

***



(Release ID: 2059963) Visitor Counter : 13