ഉപരാഷ്ട്രപതിയുടെ കാര്യാലയം
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നലോക ടൂറിസം ദിനപരിപാടിയെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു.
Posted On:
27 SEP 2024 3:25PM by PIB Thiruvananthpuram
"ഇന്ത്യ, അതായത് ഭാരതം ഇപ്പോൾ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാണ്. ആത്മീയതയുടെയും ശ്രേഷ്ഠതയുടെയും 5,000 വർഷത്തെ നാഗരികതയുടെയും നാട്ടിൽ , വിനോദസഞ്ചാരികൾക്ക് വർഷം മുഴുവനും എല്ലാ സീസണുകളും അനുഭവിക്കാൻ കഴിയും."ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതി എടുത്തു പറഞ്ഞ അദ്ദേഹം, വിനോദസഞ്ചാരം സാമ്പത്തിക വളർച്ചയുടെ എൻജിൻ ആണെന്ന് പ്രസ്താവിച്ചു. ടൂറിസം മേഖലയ്ക്ക്,2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാനമായ ശേഷിയുണ്ട് .
ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ജഗദീപ് ധൻഖർ. ആഗോള സമാധാനം, സാമ്പത്തിക വികസനം, സാംസ്കാരിക വിനിമയം എന്നിവ പരിപോഷിപ്പിക്കുന്നതിൽ വിനോദസഞ്ചാരത്തിൻ്റെ നിർണായക പങ്കിനെക്കുറിച്ച് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.ടൂറിസം, മനുഷ്യ ബന്ധങ്ങളെ കോർത്തിണക്കുന്നതായും അത് ഇന്നത്തെ ലോകത്തിന് വളരെ ആവശ്യമുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വൻ സംഭാവനകൾ, തൊഴിൽ ശക്തിയെ ഉയർത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മൂന്ന് പ്രധാന മേഖലകളെ വിനോദസഞ്ചാരം സ്വാധീനിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
Hon’ble Vice-President, Shri Jagdeep Dhankhar presided as Chief Guest at the World Tourism Day celebrations in Vigyan Bhawan, New Delhi today. @gssjodhpur @RamMNK @TheSureshGopi #WorldTourismDay2024 pic.twitter.com/WSqL0DZxhP
— Vice-President of India (@VPIndia) September 27, 2024
ഇന്ത്യയുടെ ആഗോള പ്രതിച്ഛായ കഴിഞ്ഞ ദശകത്തിൽ എങ്ങനെ മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാരതം നടത്തിയ പരിവർത്തനാത്മക യാത്രയെക്കുറിച്ചും സംസാരിച്ചു. "ലോകത്തിൽ ഭാരതത്തിൻ്റെ ഇന്നത്തെ ചിത്രം ഒരു ദശാബ്ദം മുമ്പുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഭാരതത്തിൻ്റെ നേതൃത്വം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലെ മറ്റേത് സമ്പദ്‌വ്യവസ്ഥയ്ക്ക് ജിഡിപി പ്രതിവർഷം 8% ഉയരുമെന്ന് അവകാശപ്പെടാനാകും? വരും വർഷങ്ങളിൽ ഇത് തുടരുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്യുന്നു " അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ശ്രീ ധൻഖർ പ്രശംസിച്ചു. അദ്ദേഹത്തെ ടൂറിസത്തിൻ്റെ ഏറ്റവും വലിയ അംബാസഡർ എന്ന് വിശേഷിപ്പിച്ചു. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലക്ഷദ്വീപിൽ ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ചു. എന്നാൽ ലോകം മുഴുവനും അതിനെക്കുറിച്ച് അറിഞ്ഞു," ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങളുടെ ആഗോള അനുരണനം അദ്ദേഹം ഉയർത്തിക്കാട്ടി.
ആഗോള ടൂറിസം ഭൂപടത്തിൽ ഭാരതത്തിൻ്റെ സ്ഥാനം ഉയർത്താനുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു. അടിസ്ഥാന യാഥാർത്ഥ്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിനോദസഞ്ചാര മേഖലകളിൽ ഫലങ്ങൾ സൃഷ്ടിക്കുന്നതിനുമായി കർമ്മസമിതിയുടെ രൂപീകരണത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. "യാത്രയെക്കാൾ വലിയ വിദ്യാഭ്യാസം മറ്റൊന്നില്ല. അതിരുകളില്ലാത്ത ബന്ധത്തിന് വിനോദസഞ്ചാരമല്ലാതെ മറ്റോന്നില്ല ." ഉപ രാഷ്ട്രപതി പറഞ്ഞു.
2047-ൽ സ്വാതന്ത്ര്യം നേടിയതിൻ്റെ നൂറാം വാർഷികത്തിന് വളരെ മുമ്പുതന്നെ വികസിത രാജ്യമാകുകയെന്ന ലക്ഷ്യത്തിലേക്ക്, തന്ത്രപ്രധാനമായ സംരംഭങ്ങളുടെയും വൈദഗ്ധ്യമുള്ള വിഭവങ്ങളുടെയും പിൻബലത്തിൽ ഭാരതത്തിൻ്റെ ടൂറിസം മേഖല, രാജ്യത്തെ നയിക്കുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിനോദസഞ്ചാര, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു, ടൂറിസം, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപി, വിനോദസഞ്ചാര മന്ത്രാലയം സെക്രട്ടറി ശ്രീമതി വി.വിദ്യാവതി, മറ്റ് പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം:
https://pib.gov.in/PressReleasePage.aspx?PRID=2059413
*********************************************
(Release ID: 2059656)
Visitor Counter : 33