പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനം ഉദ്ഘാടനം ചെയ്തു
'പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും എച്ച്പിസി സംവിധാനവും ഉപയോഗിച്ച്, കമ്പ്യൂട്ടിംഗിലെ സ്വാശ്രയത്വത്തിലേക്ക് ഇന്ത്യ സുപ്രധാനമായ ചുവടുവെപ്പ് നടത്തുകയും ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതനത്വത്തെ നയിക്കുകയും ചെയ്യുന്നു'
'ഭൗതികശാസ്ത്രം മുതല്‍ ഭൗമശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നിവയിലേക്കുള്ള വിപുലമായ ഗവേഷണത്തിന് മൂന്ന് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ സഹായിക്കും'
'ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, കമ്പ്യൂട്ടിംഗ് ശേഷി ദേശീയ ശേഷിയുടെ പര്യായമായി മാറുകയാണ്'
'ഗവേഷണത്തിലൂടെ സ്വാശ്രയത്വം, സ്വാശ്രയത്തിനുള്ള ശാസ്ത്രം എന്നതു നമ്മുടെ മന്ത്രമായി'
'ശാസ്ത്രത്തിന്റെ പ്രാധാന്യം കണ്ടുപിടിത്തത്തിലും വികസനത്തിലും മാത്രമല്ല, അവസാനത്തെ വ്യക്തിയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലും കൂടിയാണ്'
Posted On:
26 SEP 2024 7:22PM by PIB Thiruvananthpuram
130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യക്ക് വലിയ നേട്ടമാണ് ഇന്ന് ലഭിച്ചിരിക്കുന്നതെന്നും ഗവേഷണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയ രാജ്യത്തിന്റെ പുരോഗതിയുടെ പ്രതിഫലനമാണിതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ചക്രവാളത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്,'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചതും ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സ്ഥാപിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ ഹൈ-പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ 'അര്‍ക്ക', 'അരുണിക' എന്നിവയ്ക്കു തുടക്കമിട്ടതിനെക്കുറിച്ചും സംസാരിച്ചു. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനുമായി തയ്യാറാക്കപ്പെട്ടവയാണ് ഇവ. മുഴുവന്‍ ശാസ്ത്ര സമൂഹത്തിനും എൻജിനീ യര്‍മാര്‍ക്കും എല്ലാ പൗരന്മാര്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചു.
മൂന്നാം ടേമിന്റെ തുടക്കത്തില്‍ യുവാക്കള്‍ക്കായി 100 ദിവസങ്ങള്‍ കടന്ന് 25 ദിവസങ്ങള്‍ അധികമായി അനുവദിച്ചത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ യുവ ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു. ഭൗതികശാസ്ത്രം, ഭൗമശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നീ മേഖലകളിലെ നൂതന ഗവേഷണങ്ങളെ സഹായിക്കുന്നതില്‍ അതിന്റെ ഉപയോഗം എടുത്തുപറഞ്ഞു. ഇത്തരം മേഖലകള്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭാവി വിഭാവനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍, കമ്പ്യൂട്ടിംഗ് ശേഷി ദേശീയ ശേഷിയുടെ പര്യായമായി മാറുകയാണ്' എന്നു പറഞ്ഞ പ്രധാനമന്ത്രി ഗവേഷണം, സാമ്പത്തിക വളര്‍ച്ച, രാജ്യത്തിന്റെ സഞ്ചിതശേഷി, ദുരന്ത പരിപാലനം, ജീവിത സൗകര്യം, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം എന്നിവയിലെ അവസരങ്ങള്‍ക്കായി ശാസ്ത്ര സാങ്കേതിക വിദ്യകളേയും കമ്പ്യൂട്ടിംഗ് കഴിവുകളേയും നേരിട്ട് ആശ്രയിക്കുന്നത് ചൂണ്ടിക്കാട്ടി. ഇന്‍ഡസ്ട്രി 4.0-ല്‍ ഇന്ത്യയുടെ വികസനത്തിന്റെ അടിസ്ഥാനം ഇത്തരം വ്യവസായങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിഹിതം ബിറ്റുകളിലും ബൈറ്റുകളിലും ഒതുങ്ങാതെ ടെറാബൈറ്റുകളിലേക്കും പെറ്റാബൈറ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാല്‍, ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നതിന്റെ തെളിവാണ് ഇന്നത്തെ അവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഇന്ത്യയ്ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെട്ടുകൊണ്ടു മാത്രം തൃപ്തിപ്പെടാനാവില്ലെന്നും എന്നാല്‍ ശാസ്ത്രീയ ഗവേഷണത്തിലൂടെ മാനവരാശിയെ സേവിക്കാനുള്ള ഉത്തരവാദിത്തമുള്ളതായി കരുതുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഗവേഷണത്തിലൂടെയുള്ള ആത്മനിര്‍ഭരത (സ്വാശ്രയത്വം), സ്വാശ്രയത്വത്തിനായി ശാസ്ത്രം എന്നിവയാണ് ഇന്ത്യയുടെ മന്ത്രമെന്ന് ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ചരിത്രപരമായ കാമ്പെയ്നുകള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഭാവി തലമുറയില്‍ ശാസ്ത്രബോധം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ പതിനായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകള്‍ സൃഷ്ടിക്കുന്നതും എസ് റ്റി ഇ എം വിഷയങ്ങളിലെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതും ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് അദ്ദേഹം പരാമര്‍ശിച്ചു. 21-ാം നൂറ്റാണ്ടിലെ ലോകത്തെ അതിന്റെ നൂതനാശയങ്ങളിലൂടെ ശാക്തീകരിക്കാന്‍ ഇന്ത്യക്കു സാധിക്കുക എന്ന ലക്ഷ്യത്തിന് അദ്ദേഹം അടിവരയിട്ടു.
ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ധീരമായ തീരുമാനങ്ങള്‍ എടുക്കുകയോ പുതിയ നയങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്യാത്ത ഒരു മേഖലയും ഇന്ന് ഇല്ലെന്ന് പറഞ്ഞു. 'ഇന്ത്യ ബഹിരാകാശ മേഖലയില്‍ ഒരു സുപ്രധാന ശക്തിയായി മാറിയിരിക്കുന്നു', മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ വിജയത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചപ്പോള്‍ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ അതേ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങിയ ആദ്യ രാജ്യമെന്ന ഇന്ത്യയുടെ സമീപകാല നേട്ടം ശ്രീ മോദി അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടി. ഈ നേട്ടം, ബഹിരാകാശ പര്യവേഷണത്തിലെ രാജ്യത്തിന്റെ സ്ഥിരോത്സാഹത്തിന്റെയും നൂതനത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തില്‍ ഇന്ത്യയുടെ ഭാവി ലക്ഷ്യങ്ങളെ കുറിച്ച് ശ്രീ മോദി കൂടുതല്‍ വിശദീകരിച്ചു, ''ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം ബഹിരാകാശത്ത് എത്തുക മാത്രമല്ല; നമ്മുടെ ശാസ്ത്രസ്വപ്നങ്ങളുടെ അതിരുകളില്ലാത്ത ഉയരങ്ങളിലെത്തുകയാണ് അത്.'' ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയുടെ സാന്നിധ്യം ഉയര്‍ത്തുന്ന 2035-ഓടെ ഒരു ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടത്തിന് ഗവൺമെൻ്റ് അടുത്തിടെ അംഗീകാരം നല്‍കിയതും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്നത്തെ ലോകത്തില്‍ സെമികണ്ടക്ടറുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ' സെമികണ്ടക്ടറുകൾ
വികസനത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു' എന്ന് പറഞ്ഞു. അദ്ദേഹം, ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 'ഇന്ത്യ സെമികണ്ടക്ടർ ദൗത്യം' ആരംഭിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ സാക്ഷ്യം വഹിച്ച നല്ല ഫലങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്തു. ആഗോള വിതരണ ശൃംഖലയില്‍ സുപ്രധാന പങ്കുവഹിക്കുന്ന സെമികണ്ടക്ടർ ഇക്കോസിസ്റ്റം ഇന്ത്യ നിര്‍മ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുമുഖ ശാസ്ത്രവികസനത്തെ കൂടുതല്‍ പിന്തുണയ്ക്കുന്ന മൂന്ന് പുതിയ 'പരം രുദ്ര' സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ക്വാണ്ടം കമ്പ്യൂട്ടിംഗിലേക്കുള്ള ഇന്ത്യയുടെ യാത്ര രാജ്യത്തിന്റെ മഹത്തായ ദര്‍ശനത്തിന്റെ ഫലമാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി എടുത്തുപറഞ്ഞു. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ മുമ്പ് കുറച്ച് രാജ്യങ്ങളുടെ മാത്രം കയ്യിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 2015ലെ ദേശീയ സൂപ്പര്‍ കമ്പ്യൂട്ടിംഗ് മിഷന്റെ സമാരംഭത്തോടെ ഇന്ത്യ ആഗോള സൂപ്പര്‍ കംപ്യൂട്ടര്‍ നേതാക്കള്‍ക്കൊപ്പമെത്തി. ക്വാണ്ടം കംപ്യൂട്ടിംഗില്‍ രാജ്യം മുന്നിലാണെന്നും ഈ അത്യാധുനിക സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ദേശീയ ക്വാണ്ടം മിഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളര്‍ന്നുവരുന്ന ഈ സാങ്കേതികവിദ്യ ലോകത്തെ പരിവര്‍ത്തനം ചെയ്യുമെന്നും ഐടി മേഖലയിലും ഉല്‍പ്പാദനത്തിലും എംഎസ്എംഇകളിലും സ്റ്റാര്‍ട്ടപ്പുകളിലും അഭൂതപൂര്‍വമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ആഗോളതലത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നവീകരണത്തിലും വികസനത്തിലും മാത്രമല്ല, സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെയും യുപിഐയുടെയും ഉദാഹരണങ്ങള്‍ നല്‍കി, ഇന്ത്യ ഹൈടെക് മേഖലകളില്‍ മുന്നേറുമ്പോള്‍, ഈ സാങ്കേതികവിദ്യ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നുവെന്ന് ശ്രീ മോദി വിശദീകരിച്ചു. രാജ്യത്തെ കാലാവസ്ഥാ സജ്ജവും കാലാവസ്ഥാ സ്മാര്‍ട്ടും ആക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ആരംഭിച്ച 'മിഷന്‍ മൗസം' സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സിസ്റ്റങ്ങളുടെയും സൂപ്പര്‍ കമ്പ്യൂട്ടറുകളുടെയും വരവോടെ ഹൈപ്പര്‍-ലോക്കലും കൂടുതല്‍ കൃത്യതയുള്ളതുമായ പ്രവചനങ്ങള്‍ സാധ്യമാകുന്നതിനാല്‍ കാലാവസ്ഥാ പ്രവചനത്തിനുള്ള ഇന്ത്യയുടെ ശേഷി വര്‍ദ്ധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പര്‍ കംപ്യൂട്ടറുകള്‍ മുഖേന വിദൂര ഗ്രാമങ്ങളിലെ കാലാവസ്ഥയും മണ്ണും വിശകലനം ചെയ്യുന്നത് കേവലം ഒരു ശാസ്ത്രീയ നേട്ടമല്ലെന്നും ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് പരിവര്‍ത്തനം വരുത്തുന്ന മാറ്റമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ''ഏറ്റവും ചെറിയ കര്‍ഷകന് പോലും ലോകത്തിലെ ഏറ്റവും മികച്ച അറിവിലേക്ക് പ്രവേശനം ഉണ്ടെന്ന് സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉറപ്പാക്കും, അവരുടെ വിളകളെക്കുറിച്ച് അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യകള്‍ അപകടസാധ്യതകള്‍ കുറയ്ക്കുകയും ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിർമ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ സാധ്യമാകുമെന്നും അതുവഴി എല്ലാ പങ്കാളികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി അടിവരയിട്ടു.
സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും ഭാവിയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് അതിന്റെ ഗുണങ്ങള്‍ എത്തുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എഐയുടെയും മെഷീന്‍ ലേണിങ്ങിന്റെയും ഈ കാലഘട്ടത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കം കൂട്ടുകയും എല്ലാ പൗരന്മാര്‍ക്കും സാങ്കേതിക വിദ്യ പ്രാപ്യമാക്കുകയും ചെയ്ത 5ജി സാങ്കേതികവിദ്യയും മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണവും സംബന്ധിച്ചുള്ള ഇന്ത്യയുടെ വിജയവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ സംരംഭം ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് സാധാരണ പൗരന്മാരെ സജ്ജരാക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, അവിടെ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുകയും ആഗോള തലത്തില്‍ ഇന്ത്യയുടെ മത്സരക്ഷമത ഉറപ്പാക്കാന്‍ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യും. ഈ സാങ്കേതികവിദ്യകള്‍ സാധാരണക്കാരുടെ ജീവിതത്തിന് മൂര്‍ത്തമായ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി, ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ചേര്‍ന്ന് നില്‍ക്കാന്‍ അവരെ അനുവദിക്കുന്നു.
പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഈ നേട്ടങ്ങളില്‍ പൗരന്മാരെയും രാജ്യത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ശാസ്ത്രമേഖലയില്‍ പുതിയ മേഖലകള്‍ തുറക്കുന്ന ഈ നൂതന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
പശ്ചാത്തലം
സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ച ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്രീയ ഗവേഷണം സുഗമമാക്കുന്നതിന് ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ ജയന്റ് മീറ്റര്‍ റേഡിയോ ടെലിസ്‌കോപ്പ് (ജിഎംആര്‍ടി), ഫാസ്റ്റ് റേഡിയോ ബേഴ്‌സ്റ്റുകളും (എഫ്ആര്‍ബികള്‍) മറ്റ് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും പര്യവേക്ഷണം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറിനെ സഹായിക്കും. ഡല്‍ഹിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലറേറ്റര്‍ സെന്റര്‍ (ഐയുഎസി) മെറ്റീരിയല്‍ സയന്‍സ്, ആറ്റോമിക് ഫിസിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണം മെച്ചപ്പെടുത്തും. എസ്.എന്‍. കൊല്‍ക്കത്തയിലെ ബോസ് സെന്റര്‍ ഫിസിക്‌സ്, കോസ്‌മോളജി, എര്‍ത്ത് സയന്‍സ് തുടങ്ങിയ മേഖലകളില്‍ വിപുലമായ ഗവേഷണം നടത്തും.
കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 850 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി കാലാവസ്ഥാ പ്രയോഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ കമ്പ്യൂട്ടേഷണല്‍ കഴിവുകളില്‍ ഗണ്യമായ കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നു. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം), നോയിഡയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ് (എന്‍സിഎംആര്‍ഡബ്ല്യുഎഫ്) എന്നീ രണ്ട് പ്രധാന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ എച്ച്പിസി സംവിധാനത്തിന് അസാധാരണമായ കമ്പ്യൂട്ടിംഗ് ശക്തിയുണ്ട്. പുതിയ എച്ച്പിസി സംവിധാനങ്ങള്‍ക്ക് 'അര്‍ക്ക' എന്നും 'അരുണിക' എന്നും പേരിട്ടത് സൂര്യനുമായുള്ള അവയുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ഉയര്‍ന്ന റെസല്യൂഷന്‍ മോഡലുകള്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, കനത്ത മഴ, ഇടിമിന്നല്‍, ആലിപ്പഴം, ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, മറ്റ് നിര്‍ണായക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവചനങ്ങളുടെ കൃത്യതയും ലീഡ് സമയവും ഗണ്യമായി വര്‍ദ്ധിപ്പിക്കും.
(Release ID: 2059274)
Visitor Counter : 48
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada