ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വരും ദശകങ്ങളിൽ 8% വളർച്ചാ സാധ്യത നിലനിർത്തുന്ന ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയെന്ന നിലയിലേക്ക് ഭാരതം ഉയർന്നതായി ഉപരാഷ്ട്രപതി

Posted On: 25 SEP 2024 3:53PM by PIB Thiruvananthpuram

 

ഭാരതം ഇപ്പോൾ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും ആഗോള നിക്ഷേപങ്ങളുടെ ഇഷ്ടകേന്ദ്രമാണെന്നും  ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പ്രസ്താവിച്ചു. ഗ്രേറ്റർ നോയിഡയിൽ ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര മേളയുടെ (Uttar Pradesh International Trade Show 2024) രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ ധൻഖർ. "ഇന്ന്, ഭാരതം 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ്. വരും ദശകങ്ങളിലും 8% വളർച്ചാ സാധ്യതയുള്ള  ഇന്ത്യയിപ്പോൾ ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. ഉത്തർപ്രദേശ് ആകട്ടെ സജീവ സാമ്പത്തിക പ്രവർത്തനങ്ങളാൽ കുതിച്ചുയരുന്ന സംസ്ഥാനവും.

രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തെ പ്രകീർത്തിക്കവേ, പ്രതിവർഷം 8 പുതിയ വിമാനത്താവളങ്ങൾ കൂട്ടിച്ചേർക്കുന്നതും, മെട്രോ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും, പ്രതിദിനം 28 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കുന്നതും  ശ്രീ ധൻഖർ ഉദാഹരിച്ചു. നിർമ്മിതബുദ്ധി (AI), വൈദ്യുത വാഹനങ്ങൾ, അർദ്ധചാലകങ്ങൾ തുടങ്ങി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി അടയാളപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട 12 പുതിയ വ്യവസായ മേഖലകളിലേക്കും ശ്രീ ധൻഖർ ശ്രദ്ധ ക്ഷണിച്ചു.

അടിസ്ഥാന സൗകര്യ മേഖലയിലെ ഇന്ത്യയുടെ നിർണ്ണായക പുരോഗതിയെക്കുറിച്ച് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, “നമുക്കിപ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയുണ്ട്, വിമാനത്താവളങ്ങളുള്ള നഗരങ്ങളുടെ എണ്ണം 70 ൽ നിന്ന് 140 ആയി ഉയർന്ന് ഇരട്ടിയായി. 80 കോടി  ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾ രാജ്യത്തുണ്ട്. 17 കോടി ജനങ്ങൾക്ക് പാർപ്പിടവും 6 കോടി പേർക്ക്  ആരോഗ്യ പരിരക്ഷയും പ്രതിവർഷം 5. 8 കോടി ചെറുകിട ബിസിനസ് വായ്പകളും സാധ്യമാക്കിയ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു.

“ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ കാര്യമെടുത്താൽ, പ്രതിമാസം 1300 കോടി ഇടപാടുകൾ നടത്തുന്ന ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും മുന്നിലാണ്. കൂടാതെ, വാങ്ങൽ ശേഷിയിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള ജനസമൂഹവും 117 യൂണികോണുകളും ഉൾക്കൊള്ളുന്ന ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെന്ന നിലയിലും അഭിമാനിക്കുന്നു,”അദ്ദേഹം കുറിച്ചു.

ഈ മേള, പ്രധാനമന്ത്രി മോദിയുടെ 'ആത്മനിർഭര ഭാരതം' എന്ന ദർശനവുമായി ചേർന്ന് നില്ക്കുകയും 'ലോക്കൽ ടു ഗ്ലോബൽ' എന്ന മുദ്രാവാക്യം ഉൾക്കൊള്ളുകയും ചെയ്യുന്നതായി ശ്രീ ധൻഖർ അഭിപ്രായപ്പെട്ടു. "ആദ്യം ഇത് 'വോക്കൽ ഫോർ ലോക്കൽ' ആയിരുന്നു, ഇപ്പോൾ 'ലോക്കൽ ടു ഗ്ലോബൽ' ആയി മാറുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.  സമസ്ത മേഖലകളിലും ഇന്ത്യയുടെ പുരോഗതി പ്രകടമാണ്. ഈ വ്യാപാര പ്രദർശനമാകട്ടെ ആ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രഭവകേന്ദ്രമായി വർത്തിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കാളി രാജ്യമായി വിയറ്റ്നാമിനെ വ്യാപാര പ്രദർശനത്തിൽ ഉൾപ്പെടുത്തിയതിന്റെ പ്രാധാന്യവും ഉപരാഷ്ട്രപതി  സൂചിപ്പിച്ചു. സാംസ്കാരികവും സാമ്പത്തികവുമായ വിനിമയം പ്രോത്സാഹിപ്പിക്കുന്ന സ്വാഭാവിക പങ്കാളികളായാണ് ഇരു രാജ്യങ്ങളെയും ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. ഈ വിനിമയം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനുള്ള ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും. "435 ബില്യൺ ഡോളറാണ് വിയറ്റ്നാമിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം  (GDP). അവരുടെ തനത് ഉത്പന്നങ്ങളെയും നൂതനമായ നിർമ്മാണ രീതികളെയും കുറിച്ച്‌  മനസ്സിലാക്കാൻ നാം ആഗ്രഹിക്കുന്നു", ഉപരാഷ്ട്രപതി വ്യക്തമാക്കി.

 

കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക 


 


(Release ID: 2058872) Visitor Counter : 39