രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡർമാരുടെ 41-ാമത് സമ്മേളനം ന്യൂഡൽഹിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു
Posted On:
24 SEP 2024 1:32PM by PIB Thiruvananthpuram
ന്യൂഡൽഹി : 24 സെപ്റ്റംബർ 2024
ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) കമാൻഡേഴ്‌സ് കോൺഫറൻസിൻ്റെ 41-ാമത് പതിപ്പ് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2024 സെപ്റ്റംബർ 24-ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. മാറികൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഭവങ്ങളുടെയും സമുദ്ര സുരക്ഷയുടെ സങ്കീർണതകളുടെയും പശ്ചാത്തലത്തിൽ, തന്ത്രപരവും ഭരണപരവും പ്രവർത്തനപരവുമായ കാര്യങ്ങളിൽ അർഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നതിന് ഐസിജി കമാൻഡർമാർക്കുള്ള സുപ്രധാന വേദിയായിരിക്കും ഈ ത്രിദിന സമ്മേളനം . പ്രത്യേക സാമ്പത്തിക മേഖലയുടെ നിരീക്ഷണം , തീവ്രവാദം, ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കടത്തൽ തടയൽ , മനുഷ്യക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ എന്നിവയിലൂടെ രാജ്യത്തിൻറെ വിശാലമായ സമുദ്ര തീര മേഖലയെ സംരക്ഷിക്കുന്ന ഏറ്റവും പ്രധാന സംരക്ഷകരാണ് ഇന്ത്യൻ തീര സംരക്ഷണ സേനയെന്ന് അദ്ദേഹം പറഞ്ഞു . ദുരിതസമയത്ത് രാജ്യത്തെ സേവിക്കുന്നതിന് ഐസിജി ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന ധീരതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ച അദ്ദേഹം, അടുത്തിടെ പോർബന്തറിന് സമീപം നടന്ന ഓപ്പറേഷനിൽ ജീവൻ നഷ്ടപ്പെട്ട ധീരഹൃദയർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഐസിജിയെ ഏറ്റവും ശക്തമായ തീര സംരക്ഷണ സേനകളിൽ ഒന്നായി മാറ്റാനുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട്, ഇന്നത്തെ പ്രവചനാതീതമായ സമയങ്ങളിൽ പരമ്പരാഗതവും ഉയർന്നുവരുന്നതുമായ ഭീഷണികളെ നേരിടാൻ മനുഷ്യാധിഷ്ഠിതമാകുന്നതിന് പകരം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്ക് മുന്നേറേണ്ടതിൻ്റെ ആവശ്യകത രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു.
ലോകം സാങ്കേതിക വിപ്ലവത്തിൻ്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം ടെക്നോളജി, ഡ്രോണുകൾ എന്നിവയുടെ ഈ കാലഘട്ടത്തിൽ, സുരക്ഷാ മണ്ഡലം കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ സമുദ്ര ഭീഷണികൾ വർദ്ധിക്കും. നാം ജാഗരൂകരും സജ്ജരും ആയിരിക്കണം. മനുഷ്യശക്തിയുടെ പ്രാധാന്യം എല്ലായ്‌പ്പോഴും നിലനിൽക്കും. പക്ഷേ ലോകം നമ്മെ , ഒരു സാങ്കേതികവിദ്യാധിഷ്‌ഠിത തീര സംരക്ഷണ സേനയായി പരിഗണിക്കണം ,” ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ രക്ഷാ മന്ത്രി, മോശം വശങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കാൻ കമാൻഡർമാരെ ഉദ്‌ബോധിപ്പിച്ചു. സാങ്കേതികവിദ്യയെ ഇരുതല മൂർച്ചയുള്ള വാളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.സാധ്യതയുള്ള വെല്ലുവിളികളെ നേരിടാൻ സജീവമായി ജാഗ്രതയോടെ തയ്യാറായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സായുധ സേനയെയും ഐസിജിയെയും തദ്ദേശീയമായ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും ഉപയോഗിച്ച് നവീകരിക്കാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. ‘ആത്മനിർഭരത' നേടാനുള്ള ശ്രമങ്ങളെ കുറിച്ച്, പറയവേ 4,000 കോടി രൂപയിലധികം മൂല്യമുള്ള 31 കപ്പലുകൾ ഐസിജിക്കായി ഇന്ത്യൻ കപ്പൽശാലകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൾട്ടി മിഷൻ മാരിടൈം എയർക്രാഫ്റ്റ്, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ, ഇൻ്റർസെപ്റ്റർ ബോട്ടുകൾ, ഡോർണിയർ എയർക്രാഫ്റ്റ്, പുതു തലമുറ ഫാസ്റ്റ് പട്രോൾ വെസ്സലുകൾ എന്നിവയുടെ സംഭരണം ഉൾപ്പെടെ ഐസിജിയുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് പ്രതിരോധ ഉൽപ്പന്ന സംഭരണ സമിതി നൽകിയ അനുമതികൾ അദ്ദേഹം എടുത്തുപറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് മൂന്ന് സേനകളും സ്വയം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ട രക്ഷാ മന്ത്രി ,ഐസിജിയോട് സ്വയം മെച്ചപ്പെടുത്തുന്നത് തുടരാനും തനതായ ഒരു സ്വത്വം സൃഷ്ടിക്കാനും ഈ മേഖലയിൽ വൈദഗ്ദ്ധ്യം നേടാനും നവോന്മേഷത്തോടെ മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു.
(Release ID: 2058248)
Visitor Counter : 37