പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 23 SEP 2024 12:28AM by PIB Thiruvananthpuram

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 15,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഇന്ത്യന്‍, അമേരിക്കന്‍ സമൂഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അഗാധമായി സമ്പന്നമാക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഡെലവെയറിലെ വസതിയില്‍ പ്രസിഡന്റ് ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യന്‍ സമൂഹം അമേരിക്കയുമായി കെട്ടിപ്പടുത്ത വിശ്വാസത്തിന്റെ പാലമാണ് ഈ ഭാവ പ്രകടനത്തില്‍ പ്രതിഫലിച്ചത്.

2047-ഓടെ കൈവരിക്കേണ്ട വികസിത ഭാരതം എന്ന തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പാണ് തനിക്ക് ചരിത്രപരമായ മൂന്നാം വട്ടം സമ്മാനിച്ചതെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ സമര്‍പ്പണത്തോടെ ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് മുതല്‍ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതും, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും 10-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കവും, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനാത്മക മാറ്റങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. .

ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി അടിവരയിട്ടു. നൂതനാശയങ്ങള്‍, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഡിജിറ്റല്‍ ശാക്തീകരണം എന്നിവയോടൊപ്പം വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ പുതിയ ഉണര്‍വിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും ഹരിത പരിവര്‍ത്തനവും താഴേത്തട്ടില്‍ രൂപാന്തരപ്പെടുത്തുന്ന സ്വാധീനവുംം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ആഗോള വളര്‍ച്ച, സമൃദ്ധി, സമാധാനം, സുരക്ഷ, കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങള്‍, നൂതനാശയം, വിതരണം, മൂല്യ ശൃംഖല, ആഗോള നൈപുണ്യ വിടവുകള്‍ നികത്തല്‍ എന്നിവയില്‍ പ്രധാന സംഭാവന നല്‍കുന്നവരില്‍ ഒന്ന് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദം കൂടുതല്‍ ആഴത്തിലും ഉച്ചത്തിലും പ്രതിധ്വനിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോസ്റ്റണിലും ലോസ് ആഞ്ചൽസിലുമായി യു.എസില്‍ രണ്ട് പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റുകളും ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ തിരുവള്ളുവര്‍ ചെയര്‍ ഓഫ് തമിഴ് സ്റ്റഡീസും ആരംഭിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ സംരംഭങ്ങൾ ഇന്ത്യയ്ക്കും അമേരിക്കയിലെ പ്രവാസികള്‍ക്കും ഇടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ത്യയും യു.എസും തമ്മിലുള്ള അടുത്ത ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ പ്രവാസിസമൂഹം  നിര്‍ണായക പങ്ക് വഹിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.



(Release ID: 2057788) Visitor Counter : 29