പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു

ആചാര്യ ചാണക്യ കൗശല്യ വികാസ് പദ്ധതിയും പുണ്യശ്ലോക് അഹില്യബായ് ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും സമാരംഭിച്ചു

അമരാവതിയിൽ പിഎം മിത്ര പാർക്കിനു തറക്കല്ലിട്ടു

പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിറ്റുകളും വായ്പകളും വിതരണം ചെയ്തു

പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷം അടയാളപ്പെടുത്തുന്ന സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി

“പിഎം വിശ്വകർമ അസംഖ്യം കരകൗശല തൊഴിലാളികളെ ക്രിയാത്മകമായി സ്വാധീനിച്ചു; അവരുടെ കഴിവുകൾ സംരക്ഷിക്കുകയും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്തു”

“വിശ്വകർമ പദ്ധതി പ്രകാരം തൊഴിൽ, നൈപുണ്യവികസനം എന്നിവയിലൂടെ അഭിവൃദ്ധിക്കും നല്ല നാളേക്കുമായി നാം തീരുമാനമെടുത്തു”

“വികസിത ഇന്ത്യക്കായി ആയിരക്കണക്കിന് വർഷത്തെ ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗരേഖയാണു വിശ്വകർമ യോജന”

“വിശ്വകർമ പദ്ധതിയുടെ അടിസ്ഥാനചൈതന്യം ‘സമ്മാൻ, സാമർഥ്യ, സമൃദ്ധി’ ആണ്”

“ഇന്നത്തെ ഇന്ത്യ വസ്ത്രവ്യവസായത്തെ ആഗോള വിപണിയിൽ ഉന്നതിയിലെത്തിക്കാൻ പ്രവർത്തിക്കുന്നു”

“രാജ്യത്തുടനീളം ഗവണ്മെന്റ് 7 പിഎം മിത്ര പാർക്കുകൾ സ്ഥാപിക്കും. ‘കൃഷിയിടത്തിൽ നിന്നു നൂലിഴയിലേക്ക്, നൂലിഴയിൽനിന്നു വസ്ത്രത്തിലേക്ക്, വസ്ത്രത്തിൽനിന്നു ഫാഷനിലേക്ക്, ഫാഷനിൽനിന്നു വിദേശത്തേക്ക്’ എന്നതാണു ഞങ്ങളുടെ കാഴ്ചപ്പാട്”

Posted On: 20 SEP 2024 2:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.

രണ്ട് ദിവസം മുമ്പ് നടന്ന വിശ്വകർമ പൂജ ആഘോഷങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ന് വർധയിൽ പിഎം വിശ്വകർമ പദ്ധതി വിജയകരമായ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഉത്സവമാണു നടക്കുന്നതെന്നു പറഞ്ഞു. മഹാത്മാഗാന്ധി 1932-ൽ തൊട്ടുകൂടായ്മക്കെതിരായ യജ്ഞം ആരംഭിച്ചത് ഈ ദിവസമാണ് എന്നതിനാൽ ഇന്നത്തെ ദിനം സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. പിഎം വിശ്വകർമയ്ക്ക് ഇന്ന് ഒരു വർഷം തികയുന്നതും ശ്രീ വിനോദ് ഭാവെയുടെ സാധനസ്ഥലിയും മഹാത്മാഗാന്ധിയുടെ കർമഭൂമിയുമായ വർധയുടെ മണ്ണിൽനിന്നുള്ള ആഘോഷങ്ങളും, ഈ അവസരത്തെ വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തിനായുള്ള നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സംഗമമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎം വിശ്വകർമ പദ്ധതിയിലൂടെ, നൈപുണ്യ വികസനത്തിലൂടെയും ‘കഠിനാധ്വാനം മുതൽ സമൃദ്ധിവരെ’ എന്ന പാതയിലൂടെയും, മികച്ച ഭാവി സൃഷ്ടിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അത് യാഥാർഥ്യമാക്കാനുള്ള മാധ്യമമായി മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. പിഎം വിശ്വകർമ യോജനയുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ അവസരത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പിഎം മിത്ര പാർക്കിന്റെ തറക്കല്ലിടൽ ഇന്ന് നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യ വസ്ത്രവ്യവസായത്തെ ലോക വിപണികളുടെ നെറുകയിൽ എത്തിക്കാൻ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രവ്യവസായത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശസ്തിയും അംഗീകാരവും പുനഃസ്ഥാപിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമരാവതിയിലെ പിഎം മിത്ര പാർക്ക് ഈ ദിശയിലുള്ള മറ്റൊരു വലിയ ചുവടുവയ്പാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ നേട്ടത്തിന് അമരാവതിയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പിഎം വിശ്വകർമ യോജനയുടെ ഒന്നാം വാർഷികത്തിന് മഹാരാഷ്ട്രയിലെ വർധയെ തെരഞ്ഞെടുത്തത് മറ്റൊരു ഗവൺമെന്റ് പരിപാടി മാത്രമല്ലെന്നും ഇന്ത്യയെ വികസിത രാജ്യമാക്കി മുന്നോട്ട് നയിക്കുന്നതിനുള്ള മാർഗരേഖയായി പുരാതന പരമ്പരാഗത വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള പദ്ധതി കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയുടെ മഹത്തായ അധ്യായങ്ങളുടെ അടിസ്ഥാനം നമ്മുടെ ചിരപുരാതനമായ പരമ്പരാഗത കഴിവുകളാണെന്ന് ചൂണ്ടിക്കാട്ടി, നമ്മുടെ കല, എൻജിനിയറിങ്, ശാസ്ത്രം, ലോഹശാസ്ത്രം എന്നിവയ്ക്കു ലോകമെമ്പാടും സമാനതകളില്ലെന്നും അദ്ദേഹം പറഞ്ഞു. “നാം ലോകത്തിലെ ഏറ്റവും വലിയ വസ്ത്രനിർമാതാക്കളായിരുന്നു” - ശ്രീ മോദി പറഞ്ഞു. “അക്കാലത്തു രൂപകൽപ്പന ചെയ്ത മൺപാത്രങ്ങളോടും കെട്ടിടങ്ങളോടും കിടപിടിക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മരപ്പണിക്കാർ, കൊല്ലപ്പണിക്കാർ, സ്വർണപ്പണിക്കാർ, മൺപാത്രം നിർമിക്കുന്നവർ, ശിൽപ്പികൾ, പാദരക്ഷ നിർമിക്കുന്നവർ, കൽപ്പണിക്കാർ, മേസ്തിരി തുടങ്ങി തൊഴിൽപരമായ കഴിവു പ്രകടിപ്പിക്കുന്ന നിരവധി പേർ ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറയാണെന്നും ഈ അറിവും ശാസ്ത്രവും എല്ലാ വീടുകളിലും വ്യാപിപ്പിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. തദ്ദേശീയമായ ഈ കഴിവുകളെ തുടച്ചുനീക്കാൻ ബ്രിട്ടീഷുകാർ നിരവധി ഗൂഢാലോചനകൾ നടത്തിയെന്നു പരാമർശിച്ച ശ്രീ മോദി, വർധയുടെ ഈ മണ്ണിൽനിന്നു ഗ്രാമീണ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചത് ഗാന്ധിജിയാണെന്ന് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന ഗവണ്മെന്റുകൾ ഈ വൈദഗ്ധ്യത്തിന് അർഹമായ ആദരം നൽകിയില്ല എന്ന രാജ്യത്തിന്റെ ദൗർഭാഗ്യത്തിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. കരകൗശലവിദ്യകളെയും വൈദഗ്ധ്യങ്ങളെയും ബഹുമാനിക്കാൻ മറന്ന മുൻ ഗവണ്മെന്റുകൾ വിശ്വകർമ സമൂഹത്തെ നിരന്തരം അവഗണിച്ചുവെന്ന് പരാമർശിച്ച അദ്ദേഹം, തൽഫലമായി പുരോഗതിയുടെയും ആധുനികതയുടെയും കുതിപ്പിൽ ഇന്ത്യ പിന്നാക്കം പോയെന്നും ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷം പരമ്പരാഗത വൈദഗ്ധ്യത്തിന് പുതിയ ഊർജം കൊണ്ടുവരാൻ നിലവിലെ ഗവണ്മെന്റ് തീരുമാനിച്ചതായി എടുത്തുകാണിച്ച പ്രധാനമന്ത്രി, ‘സമ്മാൻ, സാമർഥ്യ, സമൃദ്ധി’ (“ബഹുമാനം, കഴിവ്, സമൃദ്ധി) എന്നിവ പിഎം വിശ്വകർമ യോജനയുടെ ചൈതന്യത്തിന് കാരണമാകുമെന്ന് പരാമർശിച്ചു. പരമ്പരാഗത കരകൗശല വസ്തുക്കളോടുള്ള ബഹുമാനം, കരകൗശല വിദഗ്ധരുടെ ശാക്തീകരണം, വിശ്വകർമജരുടെ അഭിവൃദ്ധി എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പിഎം വിശ്വകർമയെ വിജയിപ്പിക്കാനുള്ള വിവിധ വകുപ്പുകളുടെ വലിയ തോതിലുള്ള അഭൂതപൂർവമായ സഹകരണം പ്രധാനമന്ത്രി ശ്രദ്ധയിൽപ്പെടുത്തുകയും 700-ലധികം ജില്ലകളും 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളും 5000 നഗര പ്രാദേശിക യൂണിറ്റുകളും പദ്ധതിക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ വർഷം, 18 വ്യത്യസ്ത പരമ്പരാഗത വൈദഗ്‌ധ്യമുള്ള 20 ലക്ഷത്തിലധികം പേരെ പിഎം വിശ്വകർമ യോജനയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ആധുനിക യന്ത്രസാമഗ്രികളും ഡിജിറ്റൽ സങ്കേതങ്ങളും അവതരിപ്പിച്ച് 8 ലക്ഷത്തിലധികം കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും നൈപുണ്യ പരിശീലനവും നവീകരണവും നൽകി. മഹാരാഷ്ട്രയിൽ മാത്രം 60,000 പേർ നൈപുണ്യ പരിശീലനം നേടിയിട്ടുണ്ട്. ഉൽപ്പാദനക്ഷമതയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വർധിപ്പിക്കാൻ സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ, 15,000 രൂപയുടെ ഇ-വൗച്ചർ, വ്യവസായം വിപുലപ്പെടുത്തുന്നതിനുള്ള ഉറപ്പ് എന്നിവ കൂടാതെ, 3 ലക്ഷം രൂപ വരെ വായ്പയും 6 ലക്ഷത്തിലധികം വിശ്വകർമജർക്ക് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 1400 കോടി രൂപയുടെ വായ്പ വിശ്വകർമജർക്കു നൽകിയതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

പരമ്പരാഗത വൈദഗ്ധ്യത്തിന് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി, മുൻ ഗവണ്മെന്റുകളുടെ കാലത്ത് അവർ നേരിട്ട അവഗണനയിൽ പ്രധാനമന്ത്രി ദുഃഖം അറിയിക്കുകയും പിന്നാക്ക വിരുദ്ധ മാനസികാവസ്ഥയ്ക്ക് അറുതിവരുത്തിയത് ഇപ്പോഴത്തെ ഗവണ്മെന്റാണെന്നു പറയുകയും ചെയ്തു. മുൻവർഷത്തെ സ്ഥിതിവിവരക്കണക്കുകളിലേക്ക് വെളിച്ചം വീശിയ അദ്ദേഹം, വിശ്വകർമ യോജനയുടെ പരമാവധി പ്രയോജനം എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. വിശ്വകർമ സമുദായത്തിലെ ജനങ്ങൾ കേവലം കരകൗശല വിദഗ്ധരായി തുടരുക മാത്രമല്ല, സംരംഭകരും വ്യവസായ ഉടമകളും ആകണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, വിശ്വകർമജരുടെ പ്രവർത്തനങ്ങൾക്ക് എംഎസ്എംഇ പദവി നൽകുന്നതിനെക്കുറിച്ചും പരാമർശിച്ചു. വൻകിട കമ്പനികളുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കി വിശ്വകർമജരെ മാറ്റാനായി പരമ്പരാഗത ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ഒരു ജില്ല ഒരു ഉൽപ്പന്നം, ഏകതാ മാൾ തുടങ്ങിയ ഉദ്യമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.


കരകൗശല വിദഗ്ദ്ധർക്കും കൈത്തൊഴിലാളികൾക്കും അവരുടെ വ്യാപാരം വിപുലീകരിക്കുന്നതിനുള്ള മാധ്യമമായി മാറിയ ഒ.എൻ.ഡി.സിയെക്കുറിച്ചും ജിഇഎമ്മിനെക്കുറിച്ചും(GeM) പ്രധാനമന്ത്രി മോദി പരാമർശിച്ചു. സാമ്പത്തിക പുരോഗതിയിൽ പിന്നോക്കം നിന്നിരുന്ന സമൂഹങ്ങൾ ഇനി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നതിന് അദ്ദേഹം അടിവരയിട്ടു. ''സ്‌കിൽ ഇന്ത്യ മിഷൻ അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്'', അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങൾക്ക് നൈപുണ്യ വികസന പരിപാടിക്ക് കീഴിൽ ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി അറിയിച്ചു. സ്‌കിൽ ഇന്ത്യ പോലുള്ള പരിപാടികളിലൂടെ ഇന്ത്യയുടെ കഴിവുകൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയാണെന്നതിന് അടിവരയിട്ട ശ്രീ മോദി ഈ വർഷമാദ്യം ഫ്രാൻസിൽ സംഘടിപ്പിച്ച ലോക നൈപുണ്യത്തെക്കുറിച്ചുള്ള ബൃഹത്തായ പരിപാടിയിൽ ഇന്ത്യ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയതായി  അറിയിക്കുകയും ചെയ്തു.
''ടെക്‌സ്‌റ്റൈൽ വ്യവസായം മഹാരാഷ്ട്രയിൽ വമ്പിച്ച വ്യാവസായിക സാദ്ധ്യതകളുള്ള ഒന്നാണ്'', പ്രധാനമന്ത്രി വ്യക്തമാക്കി. ഉയർന്ന ഗുണമേന്മയുള്ള പരുത്തിയുടെ ഉൽപ്പാദനത്തിന്റെ വലിയ കേന്ദ്രമായിരുന്നു വിദർഭ പ്രദേശം, എന്നാൽ മാറിമാറി വന്ന ഗവൺമെന്റുകൾ നിസാര രാഷ്ട്രീയ താൽപര്യങ്ങളും കർഷകരുടെ പേരിൽ നടത്തിയ അഴിമതിയും കാരണം പരുത്തി കർഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവേന്ദ്ര ഫഡ്‌നാവിസ് 2014-ൽ ഗവൺമെന്റ് രൂപീകരിച്ചതോടെ പ്രശ്‌നപരിഹാരത്തിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചു. അമരാവതിയിലെ നന്ദ്ഗാവ് ഖണ്ഡേശ്വറിൽ നിർമ്മിച്ച ഒരു ടെക്‌സ്‌റ്റൈൽ പാർക്കിൽ നിക്ഷേപത്തിന് ഒരു വ്യവസായവും തയ്യാറായിരുന്നില്ല, എന്നാൽ ഇന്ന് അത് മഹാരാഷ്ട്രയിലെ ഒരു വലിയ വ്യവസായ കേന്ദ്രമായി വിജയകരമായി വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ഇച്ഛാശക്തി പ്രകടമാകുകയാണെന്ന് പി.എം മിത്ര പാർക്കിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഗതിവേഗം ഉയർത്തിക്കാട്ടികൊണ്ട്, ശ്രീ മോദി അഭിപ്രായപ്പെട്ടു. ''ഇന്ത്യയിലുടനീളം 7 പി.എം. മിത്ര പാർക്കുകൾ സ്ഥാപിക്കും'', ശ്രീ മോദി പ്രഖ്യാപിച്ചു. പാടത്തിൽ നിന്ന് നൂലിലേയ്ക്ക് (ഫാം ടു ഫൈബർ), നൂലിൽ നിന്ന് തുണികളിലേയ്ക്ക് (ഫൈബർ ടു ഫാബ്രിക്ക്), തുണികളിൽ നിന്ന് ഫാഷനിലേയ്ക്ക് (ഫാബ്രിക് ടു ഫാഷൻ), ഫാഷനിൽ നിന്ന് വിദേശത്തേയ്ക്ക് (ഫാഷൻ ടു ഫോറിൻ) ഇങ്ങനെയുള്ള പരിപൂർണ്ണ ചാക്രികവീക്ഷണമാണ് ഇതിലുള്ളത്, അതായത് വിദർഭയിലെ കോട്ടണിൽ നിന്നും ഉയർന്ന നിലവാരമുള്ള തുണികൾ നിർമ്മിക്കുകയും ആ തുണികൊണ്ട് നിർമ്മിച്ച ഫാഷനനുസരിച്ചുള്ള വസ്ത്രങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കുണ്ടാകുന്ന നഷ്ടം തടയുമെന്നും മൂല്യവർദ്ധിതമായതിനാൽ അവരുടെ വിളകൾക്ക് നല്ല വില ലഭ്യമാക്കുമെന്നും അദ്ദേഹം തുടർന്ന് വിശദീകരിച്ചു. പി.എം മിത്ര പാർക്കിൽ നിന്ന് മാത്രം 8000-10,000 കോടി രൂപയുടെ നിക്ഷേപത്തിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത് വിദർഭയിലും മഹാരാഷ്ട്രയിലും മാത്രം യുവജനങ്ങൾക്ക് ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മറ്റ് വ്യവസായങ്ങൾക്ക് ഉത്തേജനം നൽകാൻ സഹായിക്കുമെന്നും പറഞ്ഞു. അതുപോലെ, രാജ്യത്തിന്റെ കയറ്റുമതിയെ സഹായിക്കുന്ന പുതിയ വിതരണ ശൃംഖലകൾ സൃഷ്ടിക്കപ്പെടുമെന്നും അത് വരുമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യാവസായിക പുരോഗതിക്ക് ആവശ്യമായ ആധുനിക അടിസ്ഥാനസൗകര്യത്തിനും ബന്ധിപ്പിക്കലിനും മഹാരാഷ്ട്ര ഒരുങ്ങുകയാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. പുതിയ ഹൈവേകൾ, അതിവേഗപാതകൾ, സമൃദ്ധി മഹാമാർഗ് എന്നിവയ്‌ക്കൊപ്പം ജല, വ്യോമ കണക്റ്റിവിറ്റി  വിപുലീകരണവും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''മഹാരാഷ്ട്ര ഒരു പുതിയ വ്യാവസായിക വിപ്ലവത്തിന് ഒരുങ്ങിയിരിക്കുകയാണ്'', ശ്രീ മോദി ഉദ്‌ഘോഷിച്ചു.
രാജ്യത്തിന്റെ അഭിവൃദ്ധി കർഷകരുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംസ്ഥാനത്തിന്റെ ബഹുമുഖ പുരോഗതിയെ നയിക്കുന്നതിൽ മഹാരാഷ്ട്രയിലെ കർഷകരുടെ പങ്ക് അംഗീകരിച്ചുകൊണ്ട്, അദ്ദേഹം ഊന്നിപ്പറഞ്ഞു. കർഷകരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരട്ട എൻജിൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് പ്രതിവർഷം കേന്ദ്ര ഗവൺമെന്റ് 6,000 രൂപ വീതം നൽകുന്ന കിസാൻ സമ്മാൻ നിധിയിൽ അത്രയും തുക പ്രതിവർഷം കൂട്ടിചേർത്തുകൊണ്ട് കർഷകരുടെ വരുമാനം 12,000 രൂപയാക്കി ഉയർത്തുന്നതിന് മഹാരാഷ്ട്ര ഗവൺമെന്റ് സ്വീകരിച്ച സവിശേഷമായ നടപടി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കേവലം ഒരു രൂപയ്ക്ക് വിള ഇൻഷുറൻസ് നൽകുന്നതിനും കർഷകരുടെ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുന്നതിനുമുള്ള മുൻകൈകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്രദേശത്തെ ജലസേചന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി മോദി, സംസ്ഥാനത്ത് നിലവിലെ ഗവൺമെന്റിന്റെ മുൻ കാലത്ത് ആരംഭിച്ച ശ്രമങ്ങൾ തുടർന്നുവന്ന ഭരണസംവിധാനം വൈകിപ്പിച്ചതായും ചൂണ്ടിക്കാട്ടി. ഇന്നത്തെ സംസ്ഥാന ഗവൺമെന്റ് ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തതായും പ്രധാനമന്ത്രി ഇന്ന് അറിയിച്ചു. നാഗ്പൂർ, വർധ, അമരാവതി, യവത്മാൽ, അകോല, ബുൽധാന ജില്ലകളിലെ 10 ലക്ഷം ഏക്കർ സ്ഥലത്ത് ജലസേചനം എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അടുത്തിടെ അംഗീകരിച്ച 85,000 കോടി രൂപയുടെ നദീസംയോജന പദ്ധതിയായ വൻ-ഗംഗ, നൽ-ഗംഗ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
''മഹാരാഷ്ട്രയിലെ കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്'', മേഖലയിലെ ഉള്ളി കർഷകർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനായി ഉള്ളിയുടെ കയറ്റുമതി ചുങ്കം 40% ൽ നിന്ന് 20% ആയി കുറച്ചതിനെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് ഞങ്ങൾ 20% നികുതി ചുമത്തുകയും സോയാബീൻ, സൂര്യകാന്തി, പാമോയിൽ എന്നിവയുടെ കസ്റ്റംസ് തീരുവ 12.5%ൽ നിന്നും 32.5% ആയി വർദ്ധിപ്പിക്കുകയും ചെയ്തു. ''ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ ആഘാതത്തിൽ നിന്ന് ആഭ്യന്തര കർഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ചു ചർച്ചചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഈ നീക്കം പ്രത്യേകിച്ചും മഹാരാഷ്ട്രയിലുടനീളമുള്ള സോയാബീൻ കർഷകർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിശ്രമങ്ങൾ ഉടൻ തന്നെ കാർഷിക മേഖലയ്ക്ക് നല്ല ഫലങ്ങൾ നൽകുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെറ്റായ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി മോദി, കടം എഴുതിത്തള്ളാൻ വേണ്ടി ഇപ്പോഴും സമരം ചെയ്യേണ്ടിവരുന്ന തെലങ്കാനയിലെ കർഷകരെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ അകപ്പെടാതിരിക്കാനും ജാഗ്രത പാലിക്കാനും മഹാരാഷ്ട്രയിലെ കർഷകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്നവർക്കും എതിരെ പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലോകമാന്യ തിലകിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരകാലത്ത് എല്ലാ സമൂഹങ്ങളിൽ നിന്നും വർഗ്ഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഒത്തുകൂടിയ ആഘോഷമായിരുന്ന ഗണേശോത്സവം ഇന്ത്യയിൽ ഐക്യത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം അനുസ്മരിച്ചു. പാരമ്പര്യത്തിനും പുരോഗതിക്കും ബഹുമാനത്തിന്റെയും വികസനത്തിന്റെയും അജൻഡയ്ക്കുമൊപ്പം നിൽക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ''ഒരുമിച്ച് നമ്മൾ മഹാരാഷ്ട്രയുടെ സ്വത്വം സംരക്ഷിക്കുകയും അതിന്റെ അഭിമാനം ഉയർത്തുകയും ചെയ്യും. മഹാരാഷ്ട്രയുടെ സ്വപ്‌നങ്ങൾ നമ്മൾ സാക്ഷാത്കരിക്കും', ശ്രീ മോദി ഉപസംഹരിച്ചു.
മഹാരാഷ്ട്ര ഗവർണർ ശ്രീ സി.പി രാധാകൃഷ്ണൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, കേന്ദ്ര സൂക്ഷ്മ ഇടത്തരം, ചെറുകിട,വ്യവസായ വകുപ്പ് മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ശ്രീ ജയന്ത് ചൗധരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാർ എന്നിവരും മറ്റുള്ളവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

പി.എം. വിശ്വകർമ്മ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും പരിപാടിയിൽ പ്രധാനമന്ത്രി വിതരണം ചെയ്തു. ഈ പദ്ധതിക്ക് കീഴിൽ കരകൗശലത്തൊഴിലാളികൾക്ക് നൽകുന്ന വ്യക്തമായ പിന്തുണയുടെ പ്രതീകമായി 18 ട്രേഡുകളിലുള്ള 18 ഗുണഭോക്താക്കൾക്ക് പി.എം വിശ്വകർമ്മക്ക് കീഴിലെ വായ്പയും അദ്ദേഹം വിതരണം ചെയ്തു. അവരുടെ പൈതൃകത്തിനും സമൂഹത്തിന് നൽകി ശാശ്വതമായ സംഭാവനകൾക്കുമുള്ള ആദരസൂചകമായി, പി.എംവിശ്വകർമ്മയുടെ കീഴിലുണ്ടായ പുരോഗതിയുടെ ഒരു വർഷം അടയാളപ്പെടുത്തുന്ന ഒരു സ്മരണിക സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി.
മഹാരാഷ്ട്രയിലെ അമരാവതിയിൽ പി.എം. മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈൽ റീജിയണുകളുടെയും അപ്പാരൽ (പി.എം മിത്ര) പാർക്കിന്റെയും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനെ (എം.ഐ.ഡി.സി) സംസ്ഥാന നടത്തിപ്പ് ഏജൻസിയാക്കിയാണ് 1000 ഏക്കറിലുള്ള പാർക്ക് വികസിപ്പിക്കുന്നത്. ടെക്‌സ്‌റ്റൈൽ വ്യവസായത്തിനായി 7 പി.എം. മിത്ര പാർക്കുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നു. വസ്ത്ര നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് പി.എം മിത്ര പാർക്കുകൾ. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഉൾപ്പെടെ വലിയ തോതിലുള്ള നിക്ഷേപം ആകർഷിക്കാനും ഈ മേഖലയിലെ നൂതനാശയവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും.
മഹാരാഷ്ട്ര ഗവൺമെന്റിന്റെ ''ആചാര്യ ചാണക്യ നൈപുണ്യ വികസന '' പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിൽ അവസരങ്ങൾ പ്രാപ്യമാകുന്നതിന് യോഗ്യരാക്കുന്നതിനായി 15 നും 45 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ പ്രശസ്തമായ കോളേജുകളിൽ നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്തുടനീളമുള്ള 1,50,000 യുവജനങ്ങൾക്ക് പ്രതിവർഷം സൗജന്യ നൈപുണ്യ വികസന പരിശീലനം ലഭിക്കും.
''പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതി''യും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ, മഹാരാഷ്ട്രയിലെ സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ ഘട്ട പിന്തുണ നൽകും. 25 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കും. ഈ പദ്ധതിക്ക് കീഴിലുള്ള മൊത്തം വ്യവസ്ഥകളുടെ 25% ഗവൺമെന്റ് നിർദ്ദേശിച്ചപ്രകാരമുള്ള പിന്നാക്ക വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും സ്ത്രീകൾക്കായി സംവരണം ചെയ്യും. സ്ത്രീകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകളെ സ്വാശ്രയവും സ്വതന്ത്രവുമാക്കാൻ ഇത് സഹായിക്കും.

*****


(Release ID: 2057084) Visitor Counter : 46