രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു പ്രധാന സുരക്ഷാ പങ്കാളിയായി ഇന്ത്യ ഇപ്പോൾ പരിഗണിക്കപ്പെടുന്നു ; സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ നാവികസേന നിർണായക പങ്ക് വഹിക്കുന്നു: രക്ഷാ മന്ത്രി
Posted On:
19 SEP 2024 3:31PM by PIB Thiruvananthpuram
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2024 സെപ്‌റ്റംബർ 19-ന് ന്യൂഡൽഹിയിൽ നടന്ന നേവൽ കമാൻഡേഴ്‌സ് കോൺഫറൻസ് 24'ൻ്റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ നാവികസേനയെ അദ്ദേഹം അഭിനന്ദിച്ചു. സാമ്പത്തിക, ഭൗമരാഷ്ട്രീയ, വ്യാപാര, സുരക്ഷാ വശങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സമുദ്രമേഖല വളരെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് കടൽത്തീരങ്ങളാൽ ചുറ്റപ്പെട്ട ഒരു രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ കര അതിർത്തികളുള്ള ഒരു ദ്വീപ് രാജ്യമായി ഇതിനെ കാണാൻ കഴിയുമെന്ന് രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ മികവിനെ അദ്ദേഹം അഭിനന്ദിച്ചു. മേഖലയിൽ ആദ്യ പ്രതികരണം നടത്തുന്ന രാജ്യം എന്ന നിലയിൽ ഇത് ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
"ലോകത്തിലെ വ്യാപാരത്തിൻ്റെ വലിയൊരു ഭാഗം ഈ മേഖലയിലൂടെയാണ്. അത് ഈ മേഖലയെ നിർണായകമാക്കുന്നു. അതേ സമയം, കടൽക്കൊള്ള, തട്ടിയെടുക്കൽ, ഡ്രോൺ ആക്രമണം, മിസൈൽ ആക്രമണം, കടലിലെ കേബിൾ കണക്ഷനുകൾ തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ ഈ മേഖലയെ സുരക്ഷാ പ്രശ്‌നം നേരിടുന്ന പ്രദേശം ആക്കുന്നു. ഇന്തോ-പസഫിക്കിലെ എല്ലാ പങ്കാളിത്ത രാജ്യങ്ങളുടെയും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുഗമമായ ചരക്ക് നീക്കത്തിലും നമ്മുടെ നാവികസേന ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കടൽ കൊള്ള നേരിടുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും അഭിനന്ദനം നേടുന്നു. ഈ മേഖലയിലാകെയുള്ള ഒരു പ്രധാന സുരക്ഷാ പങ്കാളിയായാണ് ഇന്ത്യയെ ഇപ്പോൾ മറ്റു രാജ്യങ്ങൾ കാണുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ മേഖലയിൽ സുരക്ഷ ഉറപ്പാക്കും,” ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ വർദ്ധിച്ചുവരുന്ന ശക്തി നിസ്സാരമായി കാണരുതെന്നും കാലാകാലങ്ങളിൽ ആത്മപരിശോധന തുടരാനും ഇന്നത്തെ അസ്ഥിരമായ ആഗോള സാഹചര്യത്തിൽ എല്ലാ സാഹചര്യങ്ങൾക്കും തയ്യാറാകാനും കമാൻഡർമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. സാമ്പത്തികം, വ്യാപാരം, ഗതാഗതം, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ശക്തമായ നാവിക ശേഷിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നാവികസേനയുടെ ആധുനികവൽക്കരണത്തിനായുള്ള ബജറ്റിൻ്റെ മൂന്നിൽ രണ്ട് ഭാഗവും തദ്ദേശീയ സംഭരണത്തിനായി ചെലവഴിച്ചു. ഇത് ആഭ്യന്തര പ്രതിരോധ രംഗത്തിന്റെ ത്വരിതഗതിയിലുള്ള വികസനത്തിന് കാരണമായെന്നും രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു. നാവികസേനയുടെ സ്വദേശിവൽക്കരണ ശ്രമങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചപ്പോൾ, 'ആത്മനിർഭരത ' കൈവരിക്കാനുള്ള ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം കമാൻഡർമാരെ ഉദ്‌ബോധിപ്പിച്ചു.
നാവികസേനയെ ‘ഉപഭോക്‌താവ്’ എന്നതിൽ നിന്ന് ‘നിർമ്മാതാവ്’ ആക്കാനുള്ള കാഴ്ചപ്പാട് 2047-ഓടെ നാവികസേനയെ പൂർണമായി സ്വാശ്രയമാക്കാൻ സഹായകമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ അവസരത്തിൽ, പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'ടെക് ഡെമോ'യിൽ ശ്രീ രാജ്‌നാഥ് സിംഗ് പങ്കെടുത്തു. നാവികസേനയുടെ പ്രീമിയർ R&D സ്ഥാപനമായ വെപ്പൺസ് ആൻഡ് ഇലക്ട്രോണിക്‌സ് സിസ്റ്റംസ് എഞ്ചിനീയറിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ, സ്വയംഭരണ സംവിധാനങ്ങൾ, ഡൊമെയ്ൻ അവബോധം, സോഫ്‌റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ, മറ്റ് സാങ്കേതിക സംരംഭങ്ങൾ എന്നിവയുൾപ്പെടെ തദ്ദേശീയമായ സംവിധാനങ്ങൾ പ്രദർശിപ്പിച്ചു. സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമാനെ, മറ്റ് മുതിർന്ന സിവിൽ-സേനാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***************************************************************
(Release ID: 2056719)
Visitor Counter : 40