ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണകാലയളവിലെ ആദ്യ 100 ദിവസത്തെ സുപ്രധാന നേട്ടങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തു

Posted On: 17 SEP 2024 4:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 17 സെപ്റ്റംബർ 2024 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണകാലയളവിലെ ആദ്യ 100 ദിവസത്തെ സുപ്രധാന സംരംഭങ്ങളെയും തീരുമാനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 100 ദിവസങ്ങളിലെ സുപ്രധാന നേട്ടങ്ങൾ പ്രതിപാദിക്കുന്ന 'വികസിത ഭാരതിലേക്കുള്ള പാത ഒരുക്കൽ' എന്ന പ്രത്യേക ബുക്ക്‌ലെറ്റും എട്ട് പത്രികകളും ശ്രീ അമിത് ഷാ പ്രകാശനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണം,റെയിൽവേ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു.
 


60 വർഷത്തിന് ശേഷം ആദ്യമായി ഒരു നേതാവ് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി സുരക്ഷിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഗവണ്മെന്റ് മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രാചീന വിദ്യാഭ്യാസ മൂല്യങ്ങൾ ഉൾപ്പെടുത്തി ഭാഷകളെ മഹത്വവത്കരിച്ചും ആധുനിക വിദ്യാഭ്യാസം സംയോജിപ്പിച്ചും വിദ്യാഭ്യാസത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരാനുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രി മോദി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകമെമ്പാടും ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻഗണന നൽകപ്പെടുന്ന സ്ഥലമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും നമ്മുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ മനസ്സിലാക്കാനും അംഗീകരിക്കാനും അവരുടെ വികസനത്തിൻ്റെ അടിസ്ഥാനമാക്കാനും ആഗ്രഹിക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു.
 


കഴിഞ്ഞ 10 വർഷത്തെ മോദി ഗവൺമെന്റ് രാജ്യത്തെ 60 കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുകൾ, ശുചിമുറികൾ , ഗ്യാസ് കണക്ഷനുകൾ, കുടിവെള്ളം, വൈദ്യുതി, പ്രതിമാസം 5 കിലോഗ്രാം ഭക്ഷ്യ ധാന്യങ്ങൾ, 5 ലക്ഷം രൂപയുടെ ആരോഗ്യ സൗകര്യങ്ങൾ എന്നിവ നൽകിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. . അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് സ്വന്തമായി വീടില്ലാത്തവരുണ്ടാകരുതെന്നാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി 3.0യുടെ ആദ്യ 100 ദിവസത്തിനുള്ളിൽ ഏകദേശം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.
 


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 17-ാം ഗഡുവായി 9.50 കോടി കർഷകർക്ക് 20,000 കോടി രൂപ വിതരണം ചെയ്തതായി ശ്രീ അമിത് ഷാ പറഞ്ഞു. ഇതുവരെ 12 കോടി 33 ലക്ഷം കർഷകർക്ക് 3 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

ഈ 100 ദിവസങ്ങളിൽ മധ്യവർഗ്ഗക്കാർക്ക് നിരവധി ആശ്വാസങ്ങൾ നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നികുതി ഇളവ് പ്രകാരം ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഉണ്ടാകില്ല. ഒരു റാങ്ക് ഒരു പെൻഷൻ്റെ (OROP) മൂന്നാം പതിപ്പ് നടപ്പിലാക്കുകയും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 3 കോടി വീടുകൾ അനുവദിക്കുകയും ചെയ്തു. നഗര ഭവന പദ്ധതിയിൽ ഒരു കോടി വീടുകളും ഗ്രാമീണ ഭവന പദ്ധതിയിൽ 2 കോടി വീടുകളും അനുവദിച്ചു.

2024ൽ ഇതുവരെ പ്രധാൻ മന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിക്ക് കീഴിൽ 2.5 ലക്ഷത്തിലധികം വീടുകളിൽ സൗരോർജ്ജ വൈദ്യുതി എത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ സംവിധാനം സൃഷ്ടിക്കുന്നതിനായി ഏകദേശം 3400 കോടി രൂപയുടെ പിഎം ഇ-ബസ് സേവനങ്ങൾക്ക് ഞങ്ങൾ അംഗീകാരം നൽകി.

സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനും നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്റ്റാർട്ടപ്പുകൾക്ക് ചുമത്തിയിരുന്ന 31% ഏഞ്ചൽ ടാക്‌സ് നിർത്തലാക്കിയതായി ശ്രീ അമിത് ഷാ പറഞ്ഞു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ പ്രധാന ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്ന 12 വ്യവസായ മേഖലകൾ നിർമ്മിക്കും. മധ്യവർഗ്ഗക്കാർക്കായി ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുത്തിരിക്കുന്നു. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷം രൂപയാക്കി. പഴയ വായ്പ വിജയകരമായി തിരിച്ചടച്ച എല്ലാവർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. ചെറുകിട വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും ഈട് ഇല്ലാതെ വായ്പ ലഭിക്കുന്നതിന് എംഎസ്എംഇകൾക്കായി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ആരംഭിച്ചു.

മൂലധനച്ചെലവ് 11 ലക്ഷത്തി 11,000 കോടി രൂപയായി വർധിപ്പിച്ചത് ഒരു നാഴികക്കല്ലാണെന്ന് ഷാ പറഞ്ഞു. ഇത് നിരവധി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുകയും   നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ്, സംരക്ഷണം, ദുരുപയോഗം തടയൽ എന്നിവയ്ക്കായി വഖഫ് ഭേദഗതി ബിൽ-2024 പ്രതിജ്ഞാബദ്ധമാണെന്നും വരും ദിവസങ്ങളിൽ ഇത് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 70 വയസ്സിന് മുകളിലുള്ള പാവപ്പെട്ടവർക്ക് സ്വന്തം കാർഡിന് പുറമെ അഞ്ച് ലക്ഷം രൂപയുടെ അധിക കവറേജ് നൽകും, ഇത് അവരുടെ കവറേജ് 10 ലക്ഷമായി ഉയർത്തും. ഏകദേശം 4.5 കോടി കുടുംബങ്ങളിലെ 6 കോടി മുതിർന്ന പൗരന്മാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

75,000 പുതിയ മെഡിക്കൽ സീറ്റുകൾ ആരംഭിക്കുന്നത് വഴി, മെഡിക്കൽ വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിനായി 3 വർഷമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ 150 വർഷത്തിലേറെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾക്ക് പകരമായി 2024 ജൂലൈ 1 ന് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇവ  വരും ദിവസങ്ങളിൽ  നീതി പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുക മാത്രമല്ല, നീതി ലഭിക്കുന്നത് എളുപ്പമാക്കുകയും കൃത്യസമയത്ത് നീതി ലഭ്യമാക്കാൻ തുടങ്ങുകയും ചെയ്യും. 3 വർഷത്തിനുള്ളിൽ ഈ നിയമങ്ങൾ പൂർണമായി നടപ്പിലാക്കുമ്പോൾ ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ലോകത്തിലെ ഏറ്റവും ആധുനികമായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദുരന്തനിവാരണ ബിൽ 2024ൽ ലോക്‌സഭയിൽ അവതരിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നഗര ഫണ്ട് മാനേജ്‌മെൻ്റ്, ഫയർ സർവീസ്, ജിഎൽഒഎഫ്, മറ്റ് ദുരന്തങ്ങൾ തടയൽ എന്നിവയുടെ ആവശ്യങ്ങൾ ഇത് നിറവേറ്റും. ഇതിനായി 12,554 കോടി രൂപ അനുവദിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രതിരോധത്തിനും വിവരങ്ങൾക്കുമായി മാനസ് ഹെൽപ്പ് ലൈൻ ആരംഭിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 5000 സൈബർ കമാൻഡോകൾക്ക് പരിശീലനം നൽകുമെന്നും സൈബർ കുറ്റകൃത്യങ്ങൾക്കായി പ്രത്യേക സസ്പെക്ട് രജിസ്‌ട്രി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
**********************************
 
 


(Release ID: 2055917) Visitor Counter : 30