പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്തു


11 ലക്ഷം പുതിയ ലഖ്പതി ദിദികളെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു

2500 കോടി രൂപയുടെ റിവോൾവിങ് ഫണ്ടും 5000 കോടി രൂപയുടെ ബാങ്ക് വായ്പയും വിതരണം ചെയ്തു

“അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിന് ഞങ്ങളുടെ ഗവണ്മെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്”

“മഹാരാഷ്ട്രയുടെ പാരമ്പര്യങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്നു”

“ഇന്ത്യയൊട്ടാ​കെ മഹാരാഷ്ട്രയിലെ ‘മാതൃശക്തി’യിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്”

“ഇന്ത്യയുടെ ‘മാതൃശക്തി’ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതിൽ എല്ലായ്പ്പോഴും വളരെയധികം സംഭാവനകളേകിയിട്ടുണ്ട്”

“ഒരു സഹോദരി ലഖ്പതി ദീദി ആകുമ്പോൾ കുടുംബത്തിന്റെയാകെ ഭാഗധേയം രൂപാന്തരപ്പെടുന്നു”

“ഒരുകാലത്ത് പെൺമക്കൾക്കു വിലക്കപ്പെട്ടിരുന്ന എല്ലാ മേഖലകളും നമ്മുടെ ഗവണ്മെന്റ് തുറന്നുകൊടുക്കുകയാണ്”

“ഗവണ്മെന്റുകൾ മാറിയേക്കാം; എന്നാൽ സമൂഹമെന്ന നിലയിലും ഗവണ്മെന്റ് എന്ന നിലയിലും നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വം സ്ത്രീകളുടെ ജീവനും അന്തസ്സും സംരക്ഷിക്കുക എന്നതായിരിക്കണം”

“സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്ര ഗവണ്മെന്റ് എല്ലാ വിധത്തിലും സംസ്ഥാന ഗവണ്മെന്റുകൾക്കൊപ്പമുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ തെറ്റായ മനോഭാവം ഇന്ത്യൻ സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ നാം അവസാനിപ്പിക്കില്ല”



Posted On: 25 AUG 2024 3:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തിൽ പങ്കെടുത്തു. നിലവിലെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ അടുത്തിടെ ലഖ്പതിയായി മാറിയ 11 ലക്ഷം പുതിയ ലഖ്പതി ദീദിമാരെ ആദരിച്ച അദ്ദേഹം, അവർക്കു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലഖ്പതി ദീദികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 4.3 ലക്ഷം സ്വയംസഹായസംഘങ്ങളിലെ (എസ്എച്ച്ജി) 48 ലക്ഷം അംഗങ്ങൾക്ക് പ്രയോജനമേകുന്ന 2500 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് ശ്രീ മോദി വിതരണം ചെയ്തു. 2.35 ലക്ഷം സ്വയംസഹായസംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന 5000 കോടി രൂപയുടെ ബാങ്ക് വായ്പയും അദ്ദേഹം വിതരണം ചെയ്തു. ലഖ്പതി ദീദി യോജന ആരംഭിച്ചതു മുതൽ, ഒരു കോടി സ്ത്രീകളെ ഇതിനകം ലക്ഷപതി ദീദികളാക്കി. മൂന്ന് കോടി ലക്ഷപതി ദീദികളെന്ന ലക്ഷ്യമാണ് ഗവണ്മെന്റിനുള്ളത്.

ചടങ്ങിൽ സന്നിഹിതരായ അമ്മമാരും സഹോദരിമാരും ഉൾപ്പെടുന്ന വലിയ ജനക്കൂട്ടത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ജൽഗാവിൽ നിന്നുള്ള നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട നേപ്പാളിലെ തനാഹുണിൽ നടന്ന ബസ് അപകട ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടം നടന്നയുടൻ അധികാരികൾ നേപ്പാൾ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടതായും കേന്ദ്രമന്ത്രി രക്ഷതായ് ഖഡ്‌സെയെ നേപ്പാളിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പരിക്കേറ്റവരെ പരിചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള‌ിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.

ലഖ്പതി ദീദി സമ്മേളനത്തിന്റെ മെഗാ പരിപാടിയിൽ അമ്മമാരുടെയും സഹോദരിമാരുടെയും വലിയ ജനക്കൂട്ടം പങ്കെടുത്തതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. “ഇന്ന്, ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വനിതാ സ്വയംസഹായ സംഘങ്ങൾക്കായി 6000 കോടി രൂപയിലധികം വിതരണം ചെയ്തു”- അദ്ദേഹം പറഞ്ഞു.  ഈ സഞ്ച‌ിതനിധി നിരവധി സ്ത്രീകളെ ‘ലഖ്പതി ദീദികളായി’ രൂപാന്തരപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അവർക്ക് ആശംസകൾ നേർന്നു.

മഹാരാഷ്ട്രയിലെ അമ്മമാരും സഹോദരിമാരും സംസ്ഥാനത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നേർക്കാഴ്ച നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. “മഹാരാഷ്ട്രയുടെ പാരമ്പര്യങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്നു”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്തിടെ പോളണ്ട് സന്ദർശിച്ചപ്പോൾ മഹാരാഷ്ട്രയുടെ സംസ്‌കാരത്തിന് സാക്ഷ്യം വഹിച്ചതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, മഹാരാഷ്ട്രയിലെ ജനങ്ങളെ പോളണ്ടിലെ പൗരന്മാർ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞു. പോളണ്ടിലെ ജനങ്ങൾ കോലാപുരിലെ ജനങ്ങളുടെ സേവനമനോഭാവത്തിനും ആതിഥ്യമര്യാദയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന കോലാപൂർ സ്മാരകത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശിവാജി മഹാരാജിന്റെ പാരമ്പര്യങ്ങൾ പിന്തുടർന്ന്, പോളണ്ടിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും കോലാപ്പൂരിലെ രാജകുടുംബം അഭയം നൽകിയ, രണ്ടാം ലോകമഹായുദ്ധ കാലഘട്ടം അനുസ്മരിച്ച പ്രധാനമന്ത്രി, പോളണ്ട് സന്ദർശനവേളയിൽ അത്തരം വീരകഥകൾ തന്നോട് പറഞ്ഞപ്പോൾ അഭിമാനം കൊണ്ടതായും വ്യക്തമാക്കി. സമാനമായ പാത പിന്തുടരാനും സംസ്ഥാനത്തിന്റെ പേര് ലോകത്ത് ഉയർത്തിക്കാട്ടാൻ നിരന്തരമായ ശ്രമങ്ങൾ നടത്താനും അദ്ദേഹം പൗരന്മാരെ ഉദ്ബോധിപ്പിച്ചു.

മഹാരാഷ്ട്രയുടെ സംസ്‌കാരം ആ നാട്ടിലെ ഉശിരും ധൈര്യവുമുള്ള സ്ത്രീകളുടെ സൃഷ്ടിയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ മാതൃശക്തിയില്‍ നിന്ന് ഇന്ത്യ മുഴുവന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നമ്മുടെ ജല്‍ഗാവ് വാര്‍ക്കരി പാരമ്പര്യം വിളിച്ചോതുന്ന നാടാണ്. ഇത് മഹാ സന്ന്യാസിനി മുക്താബായിയുടെ നാടാണ്” - പ്രധാനമന്ത്രി പറഞ്ഞു. അവരുടെ നേട്ടങ്ങളും തപസ്സും ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും, ബഹിനാബായിയുടെ കവിതകള്‍ സമൂഹത്തെ പതിവുചട്ടക്കൂടുകൾക്ക് അതീതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “മഹാരാഷ്ട്രയുടെ ഏത് കോണി​ലോ, ചരിത്രത്തിന്റെ ഏത് കാലഘട്ടത്തിലോ ആകട്ടെ, മാതൃശക്തിയുടെ സംഭാവന സമാനതകളില്ലാത്തതാണ്” എന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ മാതൃശക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച മോദി, ഛത്രപതി ശിവാജിയുടെ ജീവിതത്തിന് മാതാ ജീജാബായി ദിശാബോധം നല്‍കിയപ്പോള്‍, സമൂഹം പ്രാധാന്യം നല്‍കാതിരുന്ന പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ ജോലിക്കും പിന്നിലെ ശക്തിയായിരുന്നു മറ്റൊരു മറാത്തി വനിതയായ സാവിത്രിഭായ് ഫൂലെയെന്നും പറഞ്ഞു.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ സ്ത്രീശക്തി എല്ലായ്പ്പോഴും സംഭാവന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ന് ഇന്ത്യ വികസിതമാകാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ സ്ത്രീശക്തി ഒരിക്കല്‍കൂടി മുന്നോട്ട് വരുന്നു” - ശ്രീ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ സ്ത്രീകളുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ച മോദി, “നിങ്ങളില്‍ എല്ലാവരിലും രാജ്മാതാ ജീജാബായിയുടെയും സാവിത്രിഭായ് ഫൂലെയുടെയും പതിപ്പ് ഞാന്‍ കാണുന്നു” എന്നും കൂട്ടിച്ചേര്‍ത്തു.

2024ലെ ലോക്സഭാ തൈരഞ്ഞെടുപ്പ് വേളയില്‍ മഹാരാഷ്ട്ര സന്ദര്‍ശിച്ചപ്പോള്‍ 3 കോടി ലഖ്പതി ദീദികളെ സൃഷ്ടിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം അനുസ്മരിച്ച ശ്രീ മോദി, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു കോടി ലഖ്പതി ദീദികളെ സൃഷ്ടിച്ചതായും കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം 11 ലക്ഷം പുതിയ ലഖ്പതി ദീദികള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും അറിയിച്ചു.

മഹാരാഷ്ട്രയിലും ഒരു ലക്ഷം ലഖ്പതി ദീദികളെ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഒന്നിലധികം പുതിയ പദ്ധതികളും പരിപാടികളും ആരംഭിച്ച് മഹാരാഷ്ട്രയിലെ സ്ത്രീകളെ ശാക്തീകരിക്കാനും ശക്തിപ്പെടുത്താനും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സംഘമാകെ ഒത്തുചേര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.

ലഖ്പതി ദീദി യഞ്ജം അമ്മമാരുടെയും സഹോദരിമാരുടെയും വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം മാത്രമല്ലെന്നും കുടുംബത്തെയും ഭാവി തലമുറയെയും ശക്തിപ്പെടുത്താനുള്ള വലിയ യഞ്ജമാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഇത് മാറ്റിമറിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. “ഇവിടെ എത്തിയ ഓരോ സ്ത്രീക്കും അവള്‍ ഉപജീവനം ആരംഭിക്കുമ്പോള്‍ സമൂഹത്തില്‍ അവളുടെ സാമൂഹിക സ്ഥാനം ഉയരുമെന്ന് അറിയാം”- പ്രധാനമന്ത്രി പറഞ്ഞു. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഒരു കുടുംബത്തിന്റെ വാങ്ങല്‍ ശേഷിയും വര്‍ദ്ധിക്കുന്നു. “ഒരു സഹോദരി ലഖ്പതി ദീദിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാഗധേയവും രൂപാന്തരപ്പെടുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിൽ ഇന്നു സ്ത്രീകൾ നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടി, മുൻകാലങ്ങളിൽ സ്ത്രീകളുടെ വികസനത്തോടു അവഗണന കാട്ടിയിരുന്നെന്നും പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് സ്വത്തൊന്നും ഇല്ലാതിരുന്നത് ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് ബാങ്ക് വായ്പ ലഭിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചതായി അദ്ദേഹം പരാമർശിച്ചു. “അതിനാൽ, സ്ത്രീകളുടെ മേലുള്ള ഭാരം കുറയ്ക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. മോദി ഗവണ്മെന്റ് ഒന്നിനുപുറകെ ഒന്നായി സ്ത്രീകളുടെ താൽപ്പര്യങ്ങൾക്കായി തീരുമാനങ്ങൾ എടുക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. മുൻ ഗവണ്മെന്റുകളുടെ ഏഴ് പതിറ്റാണ്ടുകളും ന‌ിലവിലെ ഗവണ്മെന്റിന്റെ 10 വർഷവും തമ്മിൽ താരതമ്യം ചെയ്ത പ്രധാനമന്ത്രി, മുൻകാലങ്ങളിലെ മറ്റേതൊരു ഗവണ്മെന്റിനേക്കാളും കൂടുതൽ ​പ്രവർത്തനങ്ങൾ, സ്ത്രീകളുടെ താൽപ്പര്യത്തിനായി ഇപ്പോഴത്തെ ഗവണ്മെന്റ് നടത്തിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.​

പാവപ്പെട്ടവർക്കുള്ള വീടുകൾ വീട്ടിലെ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ തന്റെ ഗവണ്മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ നിർമിച്ച 4 കോടി വീടുകളിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. വരാനിരിക്കുന്ന 3 കോടി വീടുകളിലും, ഭൂരിഭാഗവും സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.

പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ പോലും ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നത് സ്ത്രീകളുടെ പേരിലാണ് എന്ന് ബാങ്കിങ് മേഖലയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളിൽ ഊന്നൽ നൽകി ശ്രീ മോദി പറഞ്ഞു. പ്രധാനമന്ത്രി മുദ്ര യോജനയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും രാജ്യത്തിന്റെ അമ്മമാരും സഹോദരിമാരുമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് വായ്പ നൽകുന്നതിനെതിരെ മുൻകാലങ്ങളിൽ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, തനിക്ക് മാതൃശക്തിയിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ വായ്പകൾ മുടങ്ങാതെ സത്യസന്ധമായി തിരികെ അടയ്ക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ പ്രതികരണത്തിൽ ആവേശഭരിതനായ അദ്ദേഹം പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പാ പരിധി 20 ലക്ഷം രൂപയായി ഉയർത്തിയെന്നും കൂട്ടിച്ചേർത്തു.

വഴിയോരക്കച്ചവടക്കാര്‍ക്കായി ആരംഭിച്ച സ്വാനിധി പദ്ധതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി സ്വാനിധിയില്‍ പോലും ഈടില്ലാതെ വായ്പകള്‍ നല്‍കുന്നുണ്ടെന്നതിലും അതിന്റെ ആനുകൂല്യങ്ങള്‍ സ്ത്രീകളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നതിലും അടിവരയിട്ടു. കരകൗശലത്തൊഴിലുകള്‍ ചെയ്യുന്ന വിശ്വകര്‍മ്മ കുടുംബങ്ങളിലെ നിരവധി സ്ത്രീകള്‍ക്ക് തന്റെ ഗവണ്‍മെന്റ് ഈടില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

സഖി മണ്ഡലങ്ങളുടേയും വനിതാ സ്വയം സഹായ സംഘങ്ങളുടേയും പ്രാധാന്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നില്ല, എന്നാല്‍ ഇന്ന് അവയെല്ലാം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഒരു വലിയ ശക്തിയാകാനുള്ള പാതയിലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വനിതാ സ്വയം സഹായ സംഘങ്ങള്‍ കൊണ്ടുവരുന്ന നല്ല മാറ്റങ്ങള്‍ക്ക് എല്ലാ ഗ്രാമങ്ങളും ഗോത്രവര്‍ഗ്ഗ മേഖലകളും സാക്ഷ്യം വഹിക്കുന്നുണ്ടെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് കോടി സ്ത്രീകള്‍ ഈ സംഘടിതപ്രവര്‍ത്തനത്തിലെ പങ്കാളികളായിട്ടുണ്ടെന്നും കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് അവരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2014ല്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് 25,000 കോടി രൂപയില്‍ താഴെയുള്ള ബാങ്ക് വായ്പകളാണ് അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് അത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്റ് നേരിട്ട് നല്‍കുന്ന സഹായവും ഏകദേശം 30 മടങ്ങ് വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മമാരുടെയും സഹോദരിമാരുടെയും പങ്ക് ഇന്ന് വിശാലമാക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന 1.25 ലക്ഷത്തിലധികം ബാങ്ക് സഖികള്‍, ഡ്രോണ്‍ ഉപയോഗിച്ചുള്ള ആധുനിക കൃഷിയെ സഹായിക്കാന്‍ ഡ്രോണ്‍ പൈലറ്റുമാരായ സ്ത്രീകള്‍, കന്നുകാലി കര്‍ഷകരെ സഹായിക്കാന്‍ 2 ലക്ഷം പശു സഖികള്‍ക്ക് പരിശീലനം നല്‍കിയത് തുടങ്ങിയ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ആധുനിക കൃഷിയുടെയും പ്രകൃതിദത്ത കൃഷിയുടെയും നേതൃത്വം നാരിശക്തി നല്‍കുന്നതിനായി കൃഷി സഖി പരിപാടി ആരംഭിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വരും നാളുകളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം ലക്ഷക്കണക്കിന് കൃഷി സഖിമാരെ ഗവണ്‍മെന്റ് സൃഷ്ടിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘടിതപ്രവര്‍ത്തനങ്ങള്‍ പെണ്‍മക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''പെണ്‍മക്കളുടെ കരുത്തിനെക്കുറിച്ച് സമൂഹത്തില്‍ ഒരു പുതിയ ചിന്ത സൃഷ്ടിക്കപ്പെടും'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി മൂന്ന് ലക്ഷം കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ മാസം സഭ പാസാക്കിയ കേന്ദ്ര ബജറ്റിനെ പ്രതിപാിദിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഫാക്ടറികളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍, കുട്ടികള്‍ക്കുള്ള ക്രെഷ് സൗകര്യങ്ങള്‍ തുടങ്ങി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എടുത്ത തീരുമാനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് നിയന്ത്രിതമായിരുന്ന എല്ലാ മേഖലകളും തുറന്നുകൊടുക്കുന്നതിനാണ് ഗവണ്‍മെന്റ്ശ്രമിക്കുന്നതെന്നതിന് അടിവരയിട്ട അദ്ദേഹം, യുദ്ധവിമാന പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്ന് സായുധസേനാവിഭാഗത്തിലെയും വനിതാ ഓഫീസര്‍മാര്‍, സൈനിക് സ്‌കൂളുകളിലും അക്കാദമികളിലും അവര്‍ക്ക് പ്രവേശനം നല്‍കിയത്, പോലീസ് സേനയിലും അര്‍ദ്ധസൈനിക വിഭാഗങ്ങളിലും സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങളും നല്‍കി. ഗ്രാമങ്ങളിലെ കാര്‍ഷിക, ക്ഷീര മേഖല മുതല്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം വരെയുള്ള വ്യാപാരമേഖലകള്‍ നിയന്ത്രിക്കുന്നതിലെ വലിയൊരു വിഭാഗം സ്ത്രീകളാണെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ പെണ്‍മക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള നാരിശക്തി വന്ദന്‍ അധിനിയത്തിലും അദ്ദേഹം സ്പര്‍ശിച്ചു.

സ്ത്രീകളുടെ ശാക്തീകരണത്തോടൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ പ്രഥമ പരിഗണനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''സംസ്ഥാനങ്ങള്‍ കണക്കിലെടുക്കാതെ എന്റെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും വേദനയും രോഷവും ഞാന്‍ മനസ്സിലാക്കുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാപ്പര്‍ഹിക്കാത്ത പാപമാണെന്നും കുറ്റവാളിയേയും കൂട്ടാളിയേയും വെറുതെ വിടരുതെന്നും കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് രാജ്യത്തെ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ആശുപത്രിയോ സ്‌കൂളോ ഓഫീസോ പോലീസ് സംവിധാനമോ എന്ത് ആയാലും പൊതുസ്ഥാപനങ്ങള്‍, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അവരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. '' ഗവണ്‍മെന്റുകള്‍ മാറിയേക്കാം, എന്നാല്‍ ഒരു സമൂഹമെന്ന നിലയിലും ഗവണ്‍മെന്റ് എന്ന നിലയിലും നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം സ്ത്രീകളുടെ ജീവനും അന്തസ്സും സംരക്ഷിക്കുക എന്നതായിരിക്കണം'', ശ്രീ മോദി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കാന്‍ ഗവണ്‍മെന്റ് നിയമങ്ങള്‍ നിരന്തരം കര്‍ശനമാക്കുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. പരാതികളുടെ എഫ്.ഐ.ആറുകള്‍ കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യാത്തതും കേസുകള്‍ കാലതാമസം എടുത്തിരുന്ന മുന്‍കാലത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭാരതീയ ന്യായ് സംഹിതയില്‍ (ബി.എന്‍.എസ്) ഇത്തരം തടസ്സങ്ങള്‍ നീങ്ങിയിട്ടുണ്ടെന്നും അതിലെ ഒരു അദ്ധ്യായം മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ളതാണെന്നും പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇരകള്‍ക്ക് ഇ-എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ ഇ-എഫ്.ഐ.ആറില്‍ കൃത്രിമം കാണിക്കാനാവില്ലെന്നും വേഗത്തിലുള്ള നടപടി ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ത്വരിതഗതിയിലുള്ള അന്വേഷണത്തിനും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വ്യാജ വിവാഹവാഗ്ദാനങ്ങള്‍ക്കും വിവാഹത്തിന്റെ പേരിലുള്ള വഞ്ചിത പ്രവര്‍ത്തികള്‍ക്കുമെതിരെയുള്ള കാര്യങ്ങള്‍ ബി.എന്‍.എസില്‍ വ്യക്തമായി നിര്‍വചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിധത്തിലും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കൊപ്പമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പാപകരമായ ഈ മാനസികാവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുന്നതുവരെ നമുക്ക് അവസാനിപ്പിക്കാനാകില്ല'', പ്രധാനമന്ത്രി ഉദ്ഘോഷിച്ചു.

വികസനത്തിന്റെ പാതയിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ചയിലെ മഹാരാഷ്ട്രയുടെ പങ്കിന് അടിവരയിട്ട പ്രധാനമന്ത്രി, വികസിത് ഭാരതത്തിന്റെ തിളങ്ങുന്ന നക്ഷത്രമാണ് മഹാരാഷ്ര്ടയെന്നും പറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആകര്‍ഷണ കേന്ദ്രമായി മഹാരാഷ്ട്ര മാറുകയാണെന്നും കൂടുതല്‍ കൂടുതല്‍ നിക്ഷേപങ്ങളിലും പുതിയ തൊഴിലവസരങ്ങളിലുമാണ് സംസ്ഥാനത്തിന്റെ ഭാവി സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളുടെ വിദ്യാഭ്യാസം, നൈപുണ്യം, ഗവണ്‍മെന്റ് സംസ്ഥാനത്ത് ആവശ്യമാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സുസ്ഥിരവും സമൃദ്ധവുമായ മഹാരാഷ്ട്രയ്ക്ക് വേണ്ടി സംസ്ഥാനത്തെ അമ്മമാരും പെണ്‍മക്കളും ഒന്നിക്കുമെന്ന് ആത്മവിശ്വാസവും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്ന്‍നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

NS 

 

माताओं-बहनों का जीवन आसान बनाने के लिए हमारी सरकार पूरी तरह प्रतिबद्ध है। महाराष्ट्र के जलगांव में लखपति दीदियों का ये उत्साह और विश्वास अद्भुत है। देशभर की लखपति दीदियों को मेरा प्रणाम।https://t.co/nMVX30SAci

— Narendra Modi (@narendramodi) August 25, 2024

पोलैंड के लोग, महाराष्ट्र के लोगों का बहुत सम्मान करते हैं।

वहां की राजधानी में एक कोल्हापुर मेमोरियल है।

पोलैंड के लोगों ने ये मेमोरियल, कोल्हापुर के लोगों की सेवा और सत्कार की भावना को सम्मान देने के लिए बनाया है: PM @narendramodi pic.twitter.com/MR6TYQA7vt

— PMO India (@PMOIndia) August 25, 2024

महाराष्ट्र के संस्कारों को यहां की वीर और धीर, माताओं ने सृजित किया है।

यहां की मातृशक्ति ने पूरे देश को प्रेरित किया है: PM @narendramodi pic.twitter.com/cNqpvW5w69

— PMO India (@PMOIndia) August 25, 2024

भारत की मातृशक्ति ने हमेशा समाज और राष्ट्र के भविष्य को बनाने में बहुत बड़ा योगदान दिया है। pic.twitter.com/vyZ4TK19QX

— PMO India (@PMOIndia) August 25, 2024

लखपति दीदी बनाने का ये अभियान, सिर्फ बहनों-बेटियों की कमाई बढ़ाने का ही अभियान नहीं है।

ये पूरे परिवार को, आने वाली पीढ़ियों को सशक्त कर रही है।

ये गांव के पूरे अर्थतंत्र को बदल रही हैं। pic.twitter.com/dRQo3H2F6i

— PMO India (@PMOIndia) August 25, 2024

हमारी सरकार, बेटियों के लिए हर सेक्टर खोल रही है, जहां कभी उन पर पाबंदियां थी: PM @narendramodi pic.twitter.com/DDch3wB5zE

— PMO India (@PMOIndia) August 25, 2024

***

NS



(Release ID: 2048745) Visitor Counter : 13