പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാരിസ് ഒളിമ്പിക് സംഘവുമായി സംവദിച്ചു



“ആരും തോൽക്കാത്തതും ഏവരും പാഠങ്ങൾ ഉൾക്കൊള്ളുന്നതുമായ ഏകമേഖലയാണു കായികരംഗം”

“എല്ലാ കളിക്കാരും ശ്രദ്ധിക്കപ്പെടുന്നു”

“എന്റെ രാജ്യത്തെ ഒരു കളിക്കാരൻപോലും ഇന്ത്യയുടെ പേരിനു കളങ്കമേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതാണു നമ്മുടെ ഏറ്റവും വലിയ സമ്പത്ത്”

“പാരിസ് ഒളിമ്പിക്സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലതരത്തിലും ചരിത്രപരമാണ്”

“വിജയം നമ്മെ കാത്തിരിക്കുന്നു. നാം ഇവിടെ അവസാനിപ്പിക്കുന്നില്ല”

“ഇന്ത്യയുടെ നിർണായകമായ പരിപാടിയായി ഖേലോ ഇന്ത്യ മാറി ; അതിനു കൂടുതൽ പ്രാധാന്യവും കരുത്തും ആവശ്യമാണ്”

“2036ലെ എന്റെ സംഘത്തിന്റെ പടയാളികളാണു നിങ്ങൾ; നിങ്ങളേവരും എന്നെ സഹായിക്കണം; അതിലൂടെ, ലോകത്ത് ഇന്നുവരെ നടന്നിട്ടില്ലാത്ത തരത്തിൽ 2036ൽ ഒളിമ്പിക്സ് സംഘടിപ്പിച്ച് ആതിഥേയത്വം വഹിക്കാൻ നമുക്കു കഴിയും”

Posted On: 16 AUG 2024 11:50AM by PIB Thiruvananthpuram

 

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ആശയവിനിമയം നടത്തി.

ആരും ഒരിക്കലും തോൽക്കാത്തതും ഏവരും പാഠങ്ങൾ ഉൾക്കൊള്ളുന്നതുമായ ഏകമേഖലയാണു കായികരംഗമെന്നു പാരിസ് ഒളിമ്പിക്സ് സംഘത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. മെഡൽ നേടാനാകാത്തവർ പരാജയപ്പെട്ടു എന്ന ചിന്ത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ച് ചില കാര്യങ്ങൾ പഠിച്ചാണു മടങ്ങിയത്” - പ്രധാനമന്ത്രി മോദി പറഞ്ഞു. മെഡൽ നേടാനാകാത്തവർക്കു കൈത്താങ്ങാകണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, തങ്ങൾ പിന്നോട്ടുപോയെന്നു കരുതരുതെന്നും അനുഭവത്തിൽനിന്നു പാഠം ഉൾക്കൊള്ളണമെന്നും അഭ്യർഥിച്ചു. കായികതാരങ്ങൾ ഇക്കാര്യം ഏകസ്വരത്തിൽ സമ്മതിച്ചു.

ലോകമെമ്പാടുമുള്ള കായികതാരങ്ങളെ കണ്ടുമുട്ടിയതുൾപ്പെടെ, പാരിസ് ഒളിമ്പിക്സിലെ കായികതാരങ്ങളുടെ അനുഭവത്തെക്കുറിച്ചു പ്രധാനമന്ത്രി ചോദിച്ചപ്പോൾ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പറഞ്ഞതിങ്ങനെ: ഇതു നീണ്ട മത്സരങ്ങളുള്ള നീണ്ട ടൂർണമെന്റായിരുന്നെങ്കിലും, ആദ്യ ഒളിമ്പിക്സിൽ തനിക്കു മികച്ച പഠനാനുഭവമാണുണ്ടായത്. ഒഴിവുസമയങ്ങളിൽ ടീമിനൊപ്പം അത്താഴത്തിനു പോയതും പുതിയ കായികതാരങ്ങളെ കാണാനായതും അവരിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാനായതും അദ്ദേഹം പരാമർശിച്ചു. വലിയ സ്റ്റേഡിയത്തിൽ വലിയ ജനക്കൂട്ടത്തിനു മുന്നിൽ കളിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. ആദ്യ രണ്ടോ മൂന്നോ മത്സരങ്ങളിൽ താൻ അൽപ്പം പരിഭ്രാന്തനായിരുന്നുവെന്നും എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്രയും അടുത്തെത്തിയിട്ടും ജയിക്കാനാകാത്തതു ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. വരുംകാലങ്ങളിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നും ലക്ഷ്യ പ്രധാനമന്ത്രിക്ക് ഉറപ്പു നൽകി. അച്ചടക്കത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്ത് ഒളിമ്പിക് ഗെയിംസിന്റെ കാഴ്ചക്കാർ വർധിച്ചതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യക്കാർക്കു ലോകമെമ്പാടുമുള്ള അതേ നിലവാരത്തിൽ കളിക്കാനും മത്സരിക്കാനും കഴിയുമെന്ന തോന്നൽ പൗരന്മാർക്കിടയിൽ വളർന്നിട്ടുണ്ടെന്നു പറഞ്ഞു.

പാരിസ് ഒളിമ്പിക്സിനിടെയുണ്ടായ ഉഷ്ണതരംഗത്തിന്റെ ആഘാതം ലഘൂകരിക്കാൻ കായികതാരങ്ങൾക്കു ശീതീകരണസംവിധാനം എത്തിക്കാൻ അധികൃതർ സ്വീകരിച്ച ദ്രുതനടപടി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “എല്ലാ കളിക്കാരെയും പരിപാലിക്കുന്നു”- പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

തന്റെ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത ഷൂട്ടർ അഞ്ജും മോദ്ഗിൽ, ഒരു ലക്ഷ്യം നേടിയതിൽ അതിയായ സന്തോഷവും പരാജയത്തിനുശേഷം കടുത്ത നിരാശയും അനുഭവിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. ഓരോ കായികതാരവും ഓരോ ദിവസവും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും അഞ്ജും പറഞ്ഞു. മനു മെഡൽ നേടിയതിനും കായികതാരങ്ങൾ നാലാം സ്ഥാനത്തെത്തിയതിനും ശേഷമുള്ള ആഹ്ലാദവും വിനേഷിന്റെ ദാരുണമായ ഫലവും ഹോക്കി മെഡലും ഇക്കാര്യം സൂചിപ്പിക്കാനായി അവർ എടുത്തുപറഞ്ഞു. കായികതാരങ്ങൾക്ക് അനുദിനം അനുഭവപ്പെടുന്ന വ്യത്യസ്ത വികാരങ്ങൾ രാജ്യം മുഴുവൻ അനുഭവിച്ചുവെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ കായികസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഉചിതമായ സമയത്താണ് ഒളിമ്പിക് ഗെയിംസ് വന്നതെന്നും കായികതാരങ്ങളുടെ പ്രയാണം മനസ്സിലാക്കാൻ പൗരന്മാരെ ഇതു പ്രാപ്തരാക്കുമെന്നും അഞ്ജും പറഞ്ഞു. ഇന്നു സാക്ഷ്യം വഹിച്ച ഗുണപരമായ മാറ്റങ്ങൾ ഭാവിയിൽ മെച്ചപ്പെടുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. അവരുടെ കാഴ്ചപ്പാടുകളോടു യോജിച്ച പ്രധാനമന്ത്രി, ഇന്ത്യയിലുടനീളം ഇതേ മനോഭാവമാണു നിലനിൽക്കുന്നതെന്നും പറഞ്ഞു.

പുരുഷ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ വിരമിക്കൽ നേരത്തെ തീരുമാനിച്ചതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ, ഏതാനും വർഷങ്ങളായി താൻ അതെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കിലും, ഇരുപതുവർഷത്തോളം രാജ്യത്തെ സേവിച്ചശേഷം ഒളിമ്പിക്സിന്റെ മഹത്തായ വേദിയിൽ വിടവാങ്ങൽ ആഗ്രഹിച്ചുവെന്നു ശ്രീജേഷ് പ്രധാനമന്ത്രിയെ അറിയിച്ചു. ടീം ശ്രീജേഷിനു നൽകിയ ഗംഭീര യാത്രയയപ്പ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റ കാര്യത്തിൽ ടീമിനു വലിയ നഷ്ടബോധമുണ്ടാകുമെന്നും പറഞ്ഞു. സെമിഫൈനലിൽ തോറ്റതിൽ നിരാശയുണ്ടെന്നും എന്നാൽ തനിക്കുവേണ്ടി വെങ്കലമെഡൽ നേടാൻ ടീം ഒറ്റക്കെട്ടായാണു കളിച്ചതെന്നും ശ്രീജേഷ് പറഞ്ഞു. സമ്മാനത്തട്ടിൽനിന്നു ടീമിനോടു വിടപറയാൻ അവസരം ലഭിച്ചതിൽ കൃതാർഥനാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരത്തിൽ ആദ്യ പാദത്തിൽ ടീം പത്തുപേരായി ചുരുങ്ങിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പരിശീലകസംഘത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടി, പദ്ധതികൾ പൂർണതയോടെ നടപ്പാക്കിയെന്നും ഇതു ടീമിന്റെ ആവേശം വർധിപ്പിച്ചുവെന്നും പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടനുമായി ഹോക്കിയിലുള്ള പരസ്പരമത്സരത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇത് 150 വർഷമായി തുടരുന്നു”വെന്ന പ്രധാനമന്ത്രിയുടെ സരസമായ മറുപടിയോട് “ഞങ്ങൾ പാരമ്പര്യം പിന്തുടരുകയാണ്” എന്നു ഹർമൻപ്രീതും പ്രതികരിച്ചു. 52 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ടീമിന്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ മെഡൽനേട്ടം എടുത്തുകാട്ടി.

പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഗുസ്തി താരം അമൻ സെഹരാവത്, പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മെഡൽ നേടിയതിലൂടെ തന്റെ മാതാപിതാക്കൾക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കായികതാരമെന്ന നിലയിൽ തന്റെ വളർച്ചയ്ക്കു ടോപ്സ്, സായ്, ഡബ്ല്യുഎഫ്ഐ എന്നിവയുടെ സംഭാവനകൾക്കും അദ്ദേഹം ഖ്യാതിയേകി.

സംഘത്തിലെ കായികതാരങ്ങൾക്കു വിളിപ്പേരുകൾ നൽകിയിട്ടുണ്ടോയെന്നു പ്രധാനമന്ത്രി ആരാഞ്ഞു. ബ‌ിഹാറിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം കൂടിയായ ഷൂട്ടർ ശ്രേയസി സിങ്, ടീമംഗങ്ങൾ തന്നെ ‘വിധായക് ദീദി’ എന്നാണു വിളിക്കുന്നതെന്നു പ്രധാനമന്ത്രിയെ അറിയിച്ചു.

സമൂഹമാധ്യമ ഉപയോഗത്തെക്കുറിച്ചു പ്രധാനമന്ത്രി ചോദിച്ചപ്പോൾ, അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ സ്വാധീനം ചെലുത്തുന്നതിനാൽ, ഒളിമ്പിക്‌സിലുടനീളം ഹോക്കി ടീമാകെ മൊബൈൽ ഫോണുകളും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതായി ഹർമൻപ്രീത് പ്രധാനമന്ത്രിയെ അറിയിച്ചു. ഈ സമീപനത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ഇതു പിന്തുടരാൻ യുവാക്കളെ ഉപദേശിക്കണമെന്നും അഭ്യർഥിച്ചു.

ആദ്യമായി ഒളിമ്പിക്സിനെത്തിയ ഗുസ്തി താരം റീതിക ഹുഡ്ഡയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഒരു റൗണ്ടിൽ ഒരു പോയിന്റിനു തോറ്റതിൽ വിഷമിക്കേണ്ടതില്ലെന്നും പ്രായം അവളുടെ അനുകൂലഘടകമാണെന്നും പറഞ്ഞു. ഭാവിയിൽ അവൾ രാജ്യത്തിനു നേട്ടങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പാരീസ് ഒളിംപിക്‌സിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ദിന്‍ഷാ പര്‍ദിവാല, ഗെയിംസില്‍ അത്‌ലറ്റുകള്‍ക്ക് ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. മുമ്പത്തെ 3-4 പരിക്കുകളെ അപേക്ഷിച്ച് ഓപ്പറേഷന്‍ ആവശ്യമുള്ള ഒന്നോ 1-2 ഗുരുതരമായ പരിക്കുകള്‍ മാത്രമാണ് ഇത്തവണ സംഭവിച്ചത്. അത്‌ലറ്റുകള്‍ക്ക് പരിക്കുകള്‍ കൈകാര്യം ചെയ്യാനും, സുഖം പ്രാപിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും എളുപ്പമുള്ള കെട്ടിടത്തില്‍ തന്നെയാണ് മറ്റ് സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിക്ലിനിക്ക് സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു. കായികതാരങ്ങളില്‍ ഇത് വലിയ ആത്മവിശ്വാസം പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ഭാവിയിലും പരിശീലനം തുടരാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. പരിക്കുകള്‍ കുറയ്ക്കുന്നത് കായികരംഗത്തെ സമസ്ത മേഖലകളിലും വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ശ്രമങ്ങളെ അഭിനന്ദിച്ചു. വലിയ പരിക്കുകള്‍ ഒഴിവാക്കുന്ന തരത്തില്‍ ചെറിയ ഇടര്‍ച്ചകളേയോ ബുദ്ധിമുട്ടുകളേയോ നേരിടാന്‍ തയ്യാറെടുത്ത കായികതാരങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. 'നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ നിങ്ങള്‍ എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു, പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര കായിക യുവജന കാര്യ മന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷ ഖഡ്‌സെ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ എന്നിവരുടെ സാന്നിധ്യം പ്രധാനമന്ത്രി ശ്രദ്ധിച്ചു. പാരീസില്‍ നിന്ന് മടങ്ങിയെത്തിയ കായികതാരങ്ങളെ ശ്രീ മോദി സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ അത്‌ലറ്റുകളുടെ നിശ്ചയദാര്‍ഢ്യത്തിനും അച്ചടക്കത്തിനും പെരുമാറ്റത്തിനും ലോകം മുഴുവന്‍ പ്രശംസ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. 'എന്റെ രാജ്യത്തെ ഒരു കളിക്കാരനും ഇന്ത്യയുടെ പേരിന് ഒരു പോറല്‍ പോലും വരാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്', മുഴുവന്‍ സംഘത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടും ഇന്ത്യന്‍ പതാകയുടെ അഭിമാനം ഉയര്‍ത്തിയ ശേഷം സംഘം രാജ്യത്തേക്ക് മടങ്ങിയതില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുമ്പ് സംഘവുമായി സംവദിച്ച കാര്യം അദ്ദേഹം അനുസ്മരിക്കുകയും എല്ലാവരും അവരുടെ ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ ചെറുപ്പമാണെന്നും ഈ അനുഭവം ഉപയോഗിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സമയമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഈ അനുഭവം രാജ്യത്തിന് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ പാരീസ് ഒളിമ്പിക്‌സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പല തരത്തില്‍ ചരിത്രപരമാണ്', ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുന്ന രാജ്യത്തിനായി ഉണ്ടാക്കിയ വിവിധ റെക്കോര്‍ഡുകള്‍ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 125 വര്‍ഷത്തെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ വ്യക്തിഗത ഇനങ്ങളില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ വനിതയായി മാറിയ ഷൂട്ടര്‍ മനു ഭാക്കറിനെ അദ്ദേഹം പരാമര്‍ശിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റായ നീരജ് ചോപ്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 52 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകള്‍ നേടിയതായും അദ്ദേഹം പരാമര്‍ശിച്ചു, അമന്‍ ഷെരാവത് 21 വയസ്സില്‍ മെഡല്‍ നേടി, വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യനായി. ഏഴ് ഷൂട്ടിംഗ് ഇനങ്ങളില്‍ ആദ്യമായി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ അഭിമാനമുയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു

അതുപോലെ, അമ്പെയ്ത്തില്‍, ധീരജും അങ്കിതയും മെഡലിനായി കളിക്കുന്ന ആദ്യ ഇന്ത്യന്‍ അമ്പെയ്ത്തുകാരായി, ലക്ഷ്യ സെന്‍ ഒളിമ്പിക്‌സില്‍ സെമിഫൈനലിലെത്തിയ ഏക പുരുഷ ബാഡ്മിന്റണ്‍ കളിക്കാരനായി, അവിനാഷ് സാബ്ലെ സ്റ്റീപ്പിള്‍ ചേസില്‍ ഈ ഫോര്‍മാറ്റിലെ ഫൈനലിലേക്ക് ആദ്യമായി യോഗ്യത നേടുന്ന ഇന്ത്യന്‍ താരമായി.  
മെഡല്‍ നേടിയവരില്‍ ഭൂരിഭാഗവും 20 വയസ്സിനു മുകളിലുള്ളവരാണെന്ന് ശ്രീ മോദി പറഞ്ഞു. ടോക്കിയോ, പാരീസ് ഒളിമ്പിക്‌സുകള്‍ നാല് വര്‍ഷത്തിനു പകരം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടന്നതായും അത്‌ലറ്റുകള്‍ക്ക് ഒരു വര്‍ഷം കൂടി ലഭിച്ചിരുന്നെങ്കില്‍ മികച്ച പ്രകടനം നടത്താനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങള്‍ അവരുടെ നീണ്ട കരിയറില്‍ നിരവധി വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമെന്ന് അടിവരയിട്ട അദ്ദേഹം അവരുടെ യാത്ര തുടരാന്‍ അവരെ ഉദ്‌ബോധിപ്പിച്ചു. 'ഒരു മത്സരം പോലും നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. കായികരംഗത്ത് ഇന്ത്യയുടെ ഭാവി എത്രത്തോളം ശോഭനമാകുമെന്നതിന്റെ തെളിവാണ് ഈ യുവസംഘം,' അദ്ദേഹം പറഞ്ഞു. പാരീസ് ഒളിമ്പിക്‌സ് ഇന്ത്യന്‍ കായിക വിനോദങ്ങള്‍ക്ക് പറന്നുയരാനുള്ള ഒരു ലോഞ്ച് പാഡാണെന്ന് തെളിയിക്കാന്‍ പോകുന്നുവെന്ന വിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു, വിജയം നമ്മെ കാത്തിരിക്കുന്നു.. നാം നിർത്താൻ പോകുന്നില്ല.

ലോകോത്തര സ്‌പോര്‍ട്‌സ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണന പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. താഴേത്തട്ടില്‍ നിന്ന് വളര്‍ന്ന്‌വരുന്ന കായികതാരങ്ങളെ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഓരോ ഗ്രാമത്തിലും നഗരത്തിലും നിന്നുള്ള യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖേലോ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തെ പരാമര്‍ശിക്കുകയും ചെയ്തു. ഖേലോ ഇന്ത്യയില്‍ നിന്നുള്ള 28 കളിക്കാര്‍ ഈ ഒളിമ്പിക് ഗ്രൂപ്പിന്റെ ഭാഗമായതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ഖേലോ ഇന്ത്യ അത്ലറ്റുകളായി യാത്ര ആരംഭിച്ച അമന്‍, അനന്ത്ജീത്, ധീരജ്, സര്‍വ്‌ജ്യോത് എന്നിവരെ അദ്ദേഹം പരാമര്‍ശിച്ചു. '' ഇന്ത്യയുടെ വളരെ നിര്‍ണായക പരിപാടിയായി ഖേലോ ഇന്ത്യ മാറിയിരിക്കുന്നു, അതിന് കൂടുതല്‍ പ്രാധാന്യവും ശക്തിയും ആവശ്യമാണ് '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖേലോ ഇന്ത്യ അത്ലറ്റുകളുടെ ഒരു വലിയ സൈന്യം രാജ്യത്തിനായി തയ്യാറെടുക്കുകയാണെന്നും പരിശീലന സമയത്ത് കളിക്കാര്‍ക്ക് സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും അഭാവം ഉണ്ടാകാതിരിക്കാന്‍ തുടര്‍ച്ചയായി ബജറ്റ് വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിന് മുമ്പ് എല്ലാ കായികതാരങ്ങള്‍ക്കും നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്താനായതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു, ഭക്ഷണത്തിലും ഉപകരണങ്ങളിലും ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളിലും പരിശീലകരും വിദഗ്ധരും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കളിക്കാരെ പിന്തുണയ്ക്കുന്നതിനായുള്ള ഒരു ആവാസവ്യവസ്ഥ മുഴുവനായി സൃഷ്ടിച്ചിട്ടുണ്ടെന്നതിനും അദ്ദേഹം അടിവരയിട്ടു. ''ഇത് കായികരംഗത്തെ രാജ്യത്തിന്റെ നയങ്ങളിലെ മാറ്റം മാത്രമല്ല, രാജ്യത്തിന് ഇപ്പോള്‍ യുവതലമുറയില്‍ ഉള്ള വിശ്വാസത്തിന്റെ പ്രതീകവും പ്രകടനവുമാണ്'' ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

എല്ലാ കായികതാരങ്ങളും രാജ്യത്തെ യുവാക്കള്‍ക്ക് വലിയ പ്രചോദനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, കഴിഞ്ഞ ഒളിമ്പിക്സില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട മനു തിരിച്ചുവരവ് നടത്തുന്നുവെന്നും അങ്കിത സീസണിലെ തന്റെ മികച്ച പ്രകടനം നടത്തിയെന്നും മണിക ബത്രയും ശ്രീജ അകുലയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നുവെന്നും പരാമര്‍ശിച്ചു. അതുപോലെ, നീരജിന്റെ സ്ഥിരതയും അച്ചടക്കവും, ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് സ്വപ്നില്‍ മെഡല്‍ നേടിയതും ഹോക്കി ടീമിന്റെ പ്രകടനവും അദ്ദേഹം പരാമര്‍ശിച്ചു. ''ആരൊക്കെ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഒരു പോയിന്റ് അല്ലെങ്കില്‍ കുറച്ച് സെക്കന്റുകള്‍ക്ക് അത് നഷ്ടമായിട്ടുണ്ടെങ്കിലും എല്ലാവരും ഒരേ ദൃഡനിശ്ചയം ആവര്‍ത്തിച്ചു. സ്വര്‍ണത്തിന് മുമ്പ് ഈ പരമ്പര അവസാനിക്കില്ല'', രാജ്യത്തെ യുവാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുമെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് അറിയിച്ച പ്രധാനമന്ത്രി, മുന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത കായികതാരങ്ങളില്‍ നിന്നുള്ള സംഭാവനകളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. ''ഒളിമ്പിക്സിന്റെ ആസൂത്രണം മുതല്‍ ക്രമീകരണങ്ങള്‍ വരെ, സ്പോര്‍ട്സ് മാനേജ്മെന്റ് മുതല്‍ ഇവന്റ് മാനേജ്മെന്റ് വരെ, നിങ്ങളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും നിങ്ങള്‍ എഴുതി ഗവണ്‍മെന്റുമായി പങ്കിടണം, അതുവഴി കായിതാരങ്ങള്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവരുന്ന സൂക്ഷ്മമായ വിശദാംശങ്ങളിലൂടെ 2036-ലേക്ക് നമുക്ക് തയ്യാറെടുക്കാനാകും. അവരുടെ പോരായ്മകളും 2036-നുള്ള തയ്യാറെടുപ്പിന് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ''അതിനാല്‍, ഒരു തരത്തില്‍, നിങ്ങള്‍2036ലെ എന്റെ ടീമിലെ സൈനികരാണ്, നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം, അങ്ങനെ ഇന്നുവരെ ലോകരത്ത് നടന്നിട്ടില്ലാത്ത തരത്തിലെ ഒരു ഒളിമ്പിക്‌സ് 2036-ല്‍ നമുക്ക് സംഘടിപ്പിച്ച് കാണിക്കാനാകും''. പ്രധാനമന്ത്രി മോദി ഉദ്‌ബോധിപ്പിച്ചു. ഇതിനായി കരട് തയ്യാറാക്കാനും എല്ലാ കളിക്കാരില്‍ നിന്നും വിശദമായ അഭിപ്രായം സ്വീകരിക്കാനും കായിക മന്ത്രാലയത്തോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സാമൂഹിക മാധ്യമ ഇടങ്ങളിലൂടെ യുവജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഭാവിയിലെ കായികതാരങ്ങളെ പ്രചോദിപ്പിക്കാനും  പ്രാത്സാഹിപ്പിക്കാനും പ്രധാനമന്ത്രി കായികതാരങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവിധ ഗ്രൂപ്പുകളില്‍ നിന്നുള്ള ആളുകളുമായി ഇത്തരം ആശയവിനിമയ സെഷനുകള്‍ സംഘടിപ്പിക്കാന്‍ കായിക മന്ത്രാലയത്തോടും മറ്റ് സംഘടനകളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ''ഏക് പേട് മാ കേ നാം'' സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി കായികതാരങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാരീസിലെ ശ്രമങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നമ്മുടെ മാതൃഭൂമിയെ സംരക്ഷിക്കാന്‍ പ്രകൃതിദത്ത കൃഷി എന്ന ആശയം പ്രചരിപ്പിക്കാനും കായികരംഗത്തും കായികക്ഷമതയിലും യുവജനങ്ങളെ പ്രചോദിപ്പിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

കായികതാരങ്ങള്‍ രാജ്യത്തിന് എന്നും മഹത്വം കൊണ്ടുവരുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുവപ്രതിഭകളുടെ വിജയത്തോടെ വികസിത ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ മനോഹരമാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ''എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എല്ലാവരും നേട്ടമുണ്ടാക്കിയവരാണ്. എല്ലാവരും എന്തെങ്കിലും നേടിയിട്ടുണ്ട്. എന്റെ നാട്ടില്‍ നിന്നുള്ള യുവാക്കള്‍ ഇത്തരം എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അവരെ ആശ്രയിച്ചുകൊണ്ട് രാജ്യവും നേട്ടങ്ങള്‍ കൈവരിക്കാന്‍ തയ്യാറെടുക്കും'', പ്രധാനമന്ത്രി മോദി ഉപസംഹരിച്ചു.

 

***

--NS--



(Release ID: 2047040) Visitor Counter : 15