പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക പൈതൃകസമിതിയുടെ 46-ാം സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പൈതൃക സംരക്ഷണ ശ്രമങ്ങളിൽ പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്

“ഇന്ത്യ വളരെ പുരാതനമായ രാജ്യമാണ്; ഇവിടെ വർത്തമാനകാലത്തിന്റെ ഓരോ സന്ദർഭവും മഹത്തായ ഭൂതകാലത്തിന്റെ കഥ പറയുന്നു”

“പുരാതന പൈതൃക കരകൗശലവസ്തുക്കൾ തിരിച്ചെത്തുന്നത് ആഗോള മഹാമനസ്കതയുടെയും ചരിത്രത്തോടുള്ള ബഹുമാനത്തിന്റെയും പ്രകടനമാണ്”

“യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ വടക്കുകിഴക്കൻ മേഖലയിൽനിന്ന് ആദ്യമായി ഇടംപിടിച്ച മൈദാം ഏറെ സവിശേഷതകൾ നിറഞ്ഞയിടമാണ്”

“ഇന്ത്യയുടെ പൈതൃകം വെറുമൊരു ചരിത്രമല്ല. ഇന്ത്യയുടെ പൈതൃകം ശാസ്ത്രംകൂടിയാണ്”

“ഇന്ത്യയുടെയും ഇന്ത്യൻ നാഗരികതയുടെയും ചരിത്രം, ചരിത്രത്തെക്കുറിച്ചുള്ള പൊതുവായ ധാരണയേക്കാൾ ഏറെ പഴക്കമുള്ളതും വിശാലവുമാണ്”

“പരസ്പരം പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യക്ഷേമത്തിന്റെ ചൈതന്യം വർധിപ്പിക്കുന്നതിനും ഒരുമിച്ചുനിൽക്കണമെന്നതു ലോകത്തോടുള്ള ഇന്ത്യയുടെ വ്യക്തമായ ആഹ്വാനമാണ്”

“വികസനത്തിനൊപ്പം പൈതൃകവും എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട് - വികാസ് ഭീ വിരാസത് ഭീ”


Posted On: 21 JUL 2024 8:49PM by PIB Thiruvananthpuram

ലോക പൈതൃകസമിതിയുടെ 46-ാംസമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോക പൈതൃകസമിതി എല്ലാ വർഷവും യോഗം ചേരുകയും ലോക പൈതൃകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അവലോകനം ചെയ്യുകയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇതാദ്യമായാണ് ലോക പൈതൃകസമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചടങ്ങിൽ നടന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഗുരുപൂർണിമയുടെ ശുഭവേള പരാമർശിച്ച പ്രധാനമന്ത്രി, എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. ഇത്തരമൊരു ശുഭദിനത്തിൽ ലോക പൈതൃക സമിതി യോഗം ആരംഭിക്കുന്നതിലും ഇന്ത്യ ഇതാദ്യമായി പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും അതിഥികൾക്കും, വിശേഷിച്ച് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയ്ക്കും,  പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഇന്ത്യയിലെ മറ്റ് ആഗോളസമ്മേളനങ്ങൾക്കു സമാനമായി ലോക പൈതൃക സമിതി യോഗം ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ​പ്രത്യാശ പ്രകടിപ്പിച്ചു.

വിദേശത്തുനിന്ന് തിരിച്ചെത്തിച്ച പുരാവസ്തുക്കളെക്കുറിച്ചു പരാമർശിക്കവേ, സമീപകാലത്ത് 350-ലധികം പൈതൃക വസ്തുക്കൾ തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. “പുരാതന പൈതൃക കരകൗശലവസ്തുക്കൾ തിരിച്ചെത്തുന്നത് ആഗോള മഹാമനസ്കതയുടെയും ചരിത്രത്തോടുള്ള ബഹുമാനത്തിന്റെയും പ്രകടനമാണ്” - പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഈ മേഖലയിൽ വളർന്നുവരുന്ന ഗവേഷണ-വിനോദസഞ്ചാര സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക പൈതൃകസമിതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം  അഭിമാനകരമാണെന്ന് പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വടക്കുകിഴക്കൻ ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ മൈദാം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഇന്ത്യയുടെ 43-ാമത് ലോക പൈതൃക ഇടവും വടക്കു കിഴക്കൻ ഇന്ത്യയുടെ ആദ്യ പൈതൃക ഇടവുമാണ്” – അതുല്യമായ സാംസ്കാരിക പ്രാധാന്യമുള്ള മൈദാം, പട്ടികയിൽ ഇടംനേടിയ ശേഷം കൂടുതൽ ജനപ്രിയമാകുകയും കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് ശ്രീ മോദി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യം ഉച്ചകോടിയുടെ വ്യാപ്തിയും കഴിവും പ്രകടമാക്കുന്നുവെന്നു കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായ ഭൂമിയിലാണ് സംഘടന ആതിഥേയത്വം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് വിവിധ പൈതൃക കേന്ദ്രങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ പുരാതന കാലഘട്ടങ്ങളിലേക്കും വെളിച്ചം വീശി. “ഇന്ത്യ വളരെ പുരാതനമായ രാജ്യമാണ്; ഇവിടെ വർത്തമാനകാലത്തിന്റെ ഓരോ സന്ദർഭവും മഹത്തായ ഭൂതകാലത്തിന്റെ കഥ പറയുന്നു”- ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ആയിരക്കണക്കിനു വർഷത്തെ പൈതൃകത്തിന്റെ കേന്ദ്രമാണെന്നും ഓരോ ഘട്ടത്തിലും പൈതൃകവും ചരിത്രവും കണ്ടെത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തുരുമ്പ‌ിനെ പ്രതിരോധിക്കുന്ന 2000 വർഷം പഴക്കമുള്ള ഇരുമ്പുതൂൺ ഉദാഹരണമാക്കിയ അദ്ദേഹം, മുൻകാലങ്ങളിലെ ഇന്ത്യയുടെ ലോഹശാസ്ത്രപരമായ വൈദഗ്ധ്യത്തിന്റെ നേർക്കാഴ്ചയും നൽകി. “ഇന്ത്യയുടെ പൈതൃകം വെറുമൊരു ചരിത്രമല്ല. ഇന്ത്യയുടെ പൈതൃകം ശാസ്ത്രംകൂടിയാണ്” - അദ്ദേഹം പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 3500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന എട്ടാം നൂറ്റാണ്ടിലെ കേദാർനാഥ് ക്ഷേത്രത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യയുടെ പൈതൃകം അതിവിദഗ്ധമായ എൻജിനിയറിങ് സംവിധാനത്തിനു സാക്ഷ്യം വഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈത്യകാലത്ത് തുടർച്ചയായ മഞ്ഞുവീഴ്ച കാരണം ഇവിടം അടിസ്ഥാനസൗകര്യ വികസനത്തിന് വെല്ലുവിളി നിറഞ്ഞ ഇടമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ ചോളന്‍ ദക്ഷിണേന്ത്യയില്‍ നിര്‍മ്മിച്ച ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ചും അതിന്റെ അതിശയകരമായ വാസ്തുവിദ്യാ രൂപരേഖയെക്കുറിച്ചും വിഗ്രഹത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഗുജറാത്തിലെ ധോളാവീര, ലോഥല്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 3000 ബിസി മുതല്‍ 1500 ബിസി വരെ പുരാതന നഗര ആസൂത്രണത്തിനും ജല പരിപാലന സംവിധാനങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ധോളാവീര. അതുപോലെ, കൊത്തളങ്ങൾക്കായി ലോഥലിന് മേൽത്തട്ടിലും ​താഴേത്തട്ടിലും അതിശയകരമായ ആസൂത്രണവും തെരുവുകളുടെയും മലിനജലനിർഗമനസംവിധാനത്തിന്റെയും വിപുലമായ ശൃംഖലയും ഉണ്ടായിരുന്നു.

'' സാങ്കേതിക വികാസങ്ങളോടും പുതിയ കണ്ടെത്തലുകളോടും കൂടി ഭൂതകാലത്തിന് സാക്ഷ്യം വഹിക്കാന്‍ പുതിയ കാഴ്ചപ്പാടുകളുടെ ആവശ്യകതയിലേക്ക് നയിക്കുന്നത്ര കൂടുതല്‍ വിശാലവും സാധാരണയേക്കാള്‍ പഴക്കമുള്ളതുമാണ് ഇന്ത്യയുടെ ചരിത്രവും ചരിത്രബോധവും'' പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിനൗലിയിലെ കണ്ടെത്തലുകളെ പരാമര്‍ശിച്ച അദ്ദേഹം, അവിടുത്തെ ചെമ്പ് യുഗ കണ്ടെത്തലുകള്‍ സിന്ധുനദീതട സംസ്‌കാരത്തേക്കാള്‍ വേദകാലഘട്ടത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതാണെന്നും പറഞ്ഞു. 4000 വര്‍ഷം പഴക്കമുള്ള കുതിരകളെ കെട്ടി ഓടിക്കുന്ന രഥം കണ്ടെത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയെ അറിയുന്നതിന് മുന്‍വിധികളില്ലാത്ത പുതിയ ആശയങ്ങള്‍ ആവശ്യമാണെന്ന് ഇത്തരം കണ്ടെത്തലുകള്‍ ഊന്നിപ്പറയുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ പുതിയ ധാരയുടെ ഭാഗമാകാന്‍ സമ്മേളനത്തെ ക്ഷണിക്കുകയും ചെയ്തു.

''പൈതൃകം എന്നത് ചരിത്രം മാത്രമല്ല. മറിച്ച് മാനവികതയുടെ പങ്കാളിത്ത അവബോധമാണ്. ചരിത്രപരമായ സ്ഥലങ്ങളിലേക്ക് നമ്മള്‍ നോക്കുമ്പോഴെല്ലാം, അത് നിലവിലെ ഭൗമ-രാഷ്ട്രീയ ഘടകങ്ങളില്‍ നിന്ന് നമ്മുടെ മനസ്സിനെ ഉയര്‍ത്തുകയാണ്'' പൈതൃകത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തികൊണ്ട് പൈതൃകത്തിന്റെ ഈ സാദ്ധ്യതകളെ ലോകത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ''പൈതൃകങ്ങളെ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യ ക്ഷേമത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരുമിച്ച് വരണമെന്ന് ലോകത്തോടുള്ള ഇന്ത്യയുടെ വ്യക്തമായ ആഹ്വാനമാണ്, 46-ാമത് ലോക പൈതൃക സമിതി യോഗത്തിലൂടെ നടത്തുന്നത്'' ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.


വികസനത്തിന്റെ പിന്തുടര്‍ന്ന് പൈതൃകത്തെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ന് ഇന്ത്യയുടെ കാഴ്ചപ്പാട് വികസനത്തോടൊപ്പം പൈതൃകവും- വികാസ് ഭി വിരാസത് ഭി എന്നാണെന്നും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ പൈതൃക പ്രതിജ്ഞയിലെ അഭിമാനത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കാശി വിശ്വനാഥ് ഇടനാഴി, ശ്രീരാമമന്ദിര്‍, പുരാതന നളന്ദ സര്‍വകലാശാലയുടെ ആധുനിക കാമ്പസ് തുടങ്ങി മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള നടപടികളെക്കുറിച്ചും പരാമര്‍ശിച്ചു. ''പൈതൃകത്തെ സംബന്ധിച്ച ഇന്ത്യയുടെ ഈ ദൃഢനിശ്ചയം മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കുക എന്ന വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരം നമ്മളെക്കുറിച്ചാണ് സംസാരിക്കുന്നത്, അവനവനെക്കുറിച്ച് മാത്രവുമല്ല'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ക്ഷേമത്തില്‍ പങ്കാളിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ശാസ്ത്രീയ പൈതൃകമായ യോഗയേയും ആയുര്‍വേദത്തേയും ആഗോളതലത്തില്‍ ആശ്ലേഷിച്ചതിനെക്കുറിച്ചും പരാമര്‍ശിച്ചു. ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയുടെ പ്രമേയവും അദ്ദേഹം അനുസ്മരിച്ചു. വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തേയും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ, മിഷന്‍ ലൈഫ് തുടങ്ങിയ സംരംഭങ്ങളേയും പ്രധാനമന്ത്രി സ്പര്‍ശിച്ചു.


ആഗോള പൈതൃക സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്തമായി ഇന്ത്യ കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതുകൊണ്ടാണ് ഇന്ത്യന്‍ പൈതൃകത്തോടൊപ്പം ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിനായും തങ്ങള്‍ സഹകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കംബോഡിയയിലെ അങ്കോര്‍ വാട്ട്, വിയറ്റ്‌നാമിലെ ചാം ക്ഷേത്രങ്ങള്‍, മ്യാന്‍മറിലെ ബഗാനിലെ സ്തൂപം തുടങ്ങിയ പൈതൃക സ്ഥലങ്ങളെ പരാമര്‍ശിച്ച അദ്ദേഹം കാര്യശേഷിവര്‍ദ്ധന, സാങ്കേിക സഹായം, ലോക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്ര (വേള്‍ഡ് ഹെറിറ്റേജ് സെന്റര്‍) ത്തിന് 1 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്നും പ്രഖ്യാപിച്ചു. ഈ പണം ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നതിനും അദ്ദേഹം അടിവരയിട്ടു. ഇന്ത്യയിലെ യുവ പ്രൊഫഷണലുകള്‍ക്കായി വേള്‍ഡ് ഹെറിറ്റേജ് മാനേജ്മെന്റില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ വ്യവസായം ആഗോള വളര്‍ച്ചയില്‍ വലിയ ഘടകമായി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.


ഇന്ത്യയെ പര്യവേക്ഷണം ചെയ്യാന്‍ എല്ലാ വിദേശ അതിഥികളോടും വിശിഷ്ടാതിഥികളോടും പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു; രാജ്യത്തിന്റെ പ്രതീകമായ പൈതൃക സ്ഥലങ്ങള്‍ക്കായുള്ള ഒരു ടൂര്‍ പരമ്പര അവരുടെ സൗകര്യാര്‍ത്ഥം സംഘടിപ്പിക്കുന്നതിനേക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.  ഇന്ത്യയിലെ അവരുടെ അനുഭവങ്ങള്‍ അവിസ്മരണീയമായ ഒരു യാത്രയാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, യൂനിസെഫ് ഡയറക്ടര്‍ ജനറല്‍ ശ്രീമതി ഓഡ്രി അസോലെ, ലോക പൈതൃക സമിതി അധ്യക്ഷന്‍ ശ്രീ വിശാല്‍ ശര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പശ്ചാത്തലം

 ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2024 ജൂലൈ 21 മുതല്‍ 31 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇത് നടക്കുന്നത്. വര്‍ഷം തോറും യോഗം ചേരുന്ന ലോക പൈതൃക സമിതിക്ക് ലോക പൈതൃകത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സൈറ്റുകള്‍ തീരുമാനിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്.  ഈ യോഗത്തില്‍, ലോക പൈതൃക പട്ടികയില്‍ പുതിയ സ്ഥലങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, നിലവിലുള്ള 124 ലോക പൈതൃക സ്വത്തുക്കളുടെ സംരക്ഷണ റിപ്പോര്‍ട്ടുകള്‍, അന്താരാഷ്ട്ര സഹായവും ലോക പൈതൃക ഫണ്ടുകളുടെ വിനിയോഗവും തുടങ്ങിയവ ചര്‍ച്ച ചെയ്യും. 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2000-ലധികം അന്താരാഷ്ട്ര, ദേശീയ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.


 ലോക പൈതൃക സമിതി യോഗത്തിനൊപ്പം, വേള്‍ഡ് ഹെറിറ്റേജ് യംഗ് പ്രൊഫഷണലുകളുടെ ഫോറം, വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജര്‍മാരുടെ ഫോറം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.


 കൂടാതെ, ഭാരതത്തിന്റെ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ പ്രദര്‍ശനങ്ങളും ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. റിട്ടേണ്‍ ഓഫ് ട്രഷേഴ്സ് എക്സിബിഷന്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന ചില പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതുവരെ 350 ലധികം പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവന്നു. ഇന്ത്യയുടെ 3 ലോക പൈതൃക സ്ഥലങ്ങള്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കുന്നതിന് എആര്‍ ആന്റ് വിആര്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു: റാണി കി വാവ്, പഠാന്‍, ഗുജറാത്ത്; കൈലാസ ക്ഷേത്രം, എല്ലോറ ഗുഹകള്‍, മഹാരാഷ്ട്ര; ഹൊയ്സാല ക്ഷേത്രം, ഹലേബിഡു, കര്‍ണാടക തുടങ്ങി  ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പുരാതന നാഗരികത, ഭൂമിശാസ്ത്രപരമായ വൈവിധ്യം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയും വിവര സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ മേഖലകളിലെ ആധുനിക വികസനങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനായി ഒരു 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്.

 

 

-NS-

(Release ID: 2034835) Visitor Counter : 36