ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

രക്തത്തിലെ മദ്യത്തിന്റെ അളവ് (ആൽക്കഹോൾ കണ്ടന്റ്) നിർണ്ണയിക്കാനുപയോഗിക്കുന്ന എവിഡൻഷ്യൽ ബ്രീത്ത് അനലൈസറുമായി ബന്ധപ്പെട്ട് നിലവിലുള്ള 2011 ലെ ലീഗൽ മെട്രോളജി (പൊതു) നിയമങ്ങൾക്ക് കീഴിലെ പുതിയ കരട് ചട്ടങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കി.  

Posted On: 28 JUN 2024 1:21PM by PIB Thiruvananthpuram

ന്യൂ ഡൽഹി : ജൂൺ 28 , 2024

എവിഡൻഷ്യൽ ബ്രീത്ത് അനലൈസറുമായി ബന്ധപ്പെട്ട് നിലവിലുള്ള 2011 ലെ ലീഗൽ മെട്രോളജി (പൊതു) നിയമങ്ങൾ പ്രകാരമുള്ള പുതിയ കരട് ചട്ടങ്ങൾ ഭാരത സർക്കാരിന്റെ ഉപഭോക്തൃകാര്യ വകുപ്പിന്  കീഴിലുള്ള ലീഗൽ മെട്രോളജി വിഭാഗം പുറത്തിറക്കി. തൊഴിലിടങ്ങളിൽ ഉപയോഗിക്കുന്നതും നിയമപാലകർ ഉപയോഗിക്കുന്നതുമായ ബ്രീത്ത് അനലൈസറുകളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.  

പരിശോധിച്ചുറപ്പിച്ചതും ഗുണനിലവാരമുറപ്പാക്കിയതുമായ എവിഡൻഷ്യൽ ബ്രീത്ത് അനലൈസറുകൾ ശ്വസന സാമ്പിളുകൾ ഉപയോഗിച്ച് രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത കൃത്യമായി നിർണ്ണയിക്കുകയും, ലഹരിയുപയോഗിച്ചിട്ടുള്ള വ്യക്തികളെ വേഗത്തിലും കൃത്യതയോടെയും തിരിച്ചറിയുകയും ചെയ്യുന്നു.

വിവിധ ഉപകരണങ്ങളിൽ സ്ഥിരവും വിശ്വസനീയവുമായ ഫലങ്ങൾ ഉറപ്പാക്കി, സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് നടപടിക്രമങ്ങൾ പിന്തുടരാൻ എവിഡൻഷ്യൽ ബ്രീത്ത് അനലൈസറുകൾക്കായുള്ള പുതിയ ചട്ടങ്ങൾ വിഭാവനം ചെയ്യുന്നു.

ലീഗൽ മെട്രോളജി നിയമം, 2009 പ്രകാരം എവിഡൻഷ്യൽ ബ്രെത്ത് അനലൈസറുകളുടെ കൃത്യത ഉറപ്പാക്കാൻ അവ പരിശോധിച്ച് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്.

എവിഡൻഷ്യൽ ബ്രെത്ത് അനലൈസറുകളുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക ആവശ്യകതകൾ കരട് ചട്ടത്തിൽ വിശദീകരിക്കുന്നു. അവ ഇനിപ്പറയുന്നവയാണ്:

മദ്യത്തിന്റെ അളവ് നിർണ്ണയം സംബന്ധിച്ച അന്തിമ ഫലം മാത്രം പ്രദർശിപ്പിക്കുന്നു.

പരിശോധനാ ഫലം രേഖപ്പെടുത്താൻ ഒരു പ്രിൻ്റർ ഉൾപ്പടെ; പേപ്പർ ഇല്ലാതെ ഉപകരണം പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

രക്തത്തിലെ മദ്യത്തിന്റെ അളവ് നിർണ്ണയം സംബന്ധിച്ച  ഫലത്തോടൊപ്പം അച്ചടിച്ച വിവരങ്ങൾ ലഭ്യമാക്കുന്നു.

രക്തത്തിലെ മദ്യത്തിന്റെ സാന്ദ്രത ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യത്യസ്ത ഫോർമാറ്റുകളിൽ ലഭ്യമാക്കുന്നു.

കരട് ചട്ടങ്ങൾ സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുന്നതിന്റെ  ഭാഗമായി വെബ്സൈറ്റിലെ  
 https://consumeraffairs.nic.in/sites/default/files/file-uploads/latestnews/Draft_Rule_Breath_Analyser.pdf    ലിങ്ക് മുഖേന 26.07.2024 വരെ അഭിപ്രായങ്ങൾ അറിയിക്കാം.

 
 
SKY

(Release ID: 2029287) Visitor Counter : 78