ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
'ഹജ് തീര്‍ത്ഥാടനത്തിനുള്ള വൈദ്യ പരിചരണ ക്രമീകരണങ്ങള്‍' എന്ന രേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രകാശനം ചെയ്തു
Posted On:
21 JUN 2024 2:10PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 21 ജൂൺ 2024
ന്യൂനപക്ഷ വകുപ്പുമായി സഹകരിച്ച് പുറത്തിറക്കുന്ന 'ഹജ് തീര്‍ത്ഥാടനത്തിനുള്ള വൈദ്യ പരിചരണ ക്രമീകരണങ്ങള്‍' എന്ന രേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി, ശ്രീ അപൂര്‍വ്വ ചന്ദ്ര ഇന്ന് പ്രകാശനം ചെയ്തു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ശ്രീ മുഹമ്മദ് ഷാഹിദ് ആലം (വെര്‍ച്വലായി ചേര്‍ന്നു), ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരും പങ്കെടുത്തു. ആരോഗ്യ സേവനങ്ങളെ സംബന്ധിച്ച രൂപരേഖയും അവ തീർത്ഥാടകർക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും രേഖയില്‍ പ്രതിപാദിക്കുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ഡിവിഷനും ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഡിവിഷനുമാണ് ഹജ്കാലത്തെ വൈദ്യ പരിചരണ ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏകദേശം 1,20,000 പേര്‍ ഹജ് തീര്‍ത്ഥാടനം നടത്തി. ഇതില്‍ ഏകദേശം 40,000 പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരായിരുന്നു. ഈ വര്‍ഷത്തെ കഠിനമായ കാലാവസ്ഥ കണക്കിലെടുത്ത്, ആരോഗ്യ സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നതിന് പൂര്‍ണ്ണ സമയ സേവനം ആവശ്യമായി വന്നിരിക്കുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷം, ഓറല്‍ കെയര്‍, ഡെന്റല്‍ കെയര്‍ സേവനങ്ങളും ഉള്‍പ്പെടുത്തി. ഈ വര്‍ഷം മെഡിക്കല്‍ സംഘങ്ങളുടെ സന്ദര്‍ശനത്തോടൊപ്പം ഏകദേശം രണ്ടു ലക്ഷം ഒപിഡികളും പ്രവര്‍ത്തിച്ചു.
വൈദ്യ പരിചരണം/സേവനം തേടുന്ന തീര്‍ത്ഥാടകരുടെ തത്സമയ വിവരങ്ങളും വിശകലനവും നൽകുന്ന ഒരു ലൈവ് പോര്‍ട്ടല്‍ എന്‍ഐസിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഹജ് അപേക്ഷകരുടെ ആരോഗ്യവും ശാരീരികക്ഷമതയും വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന മെഡിക്കല്‍ സ്‌ക്രീനിംഗും & ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പരിഷ്‌കരിക്കുക, തെരഞ്ഞെടുക്കപ്പെട്ട ഹജ് തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്രയ്ക്കും സൗദി അറേബ്യയില്‍ താമസിക്കുന്നതിനുമുള്ള ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുക, വാക്‌സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു വാക്‌സിനുകള്‍ നല്‍കുക, യാത്ര തുടങ്ങുന്ന സ്ഥലങ്ങളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിക്കുക, ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പിന്തുണയോടെ ആരോഗ്യ പ്രവര്‍ത്തകരെ നൽകുക, സൗദി അറേബ്യയില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ വൈദ്യ പരിചരണ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടുന്നു.
(Release ID: 2027515)
Visitor Counter : 71