പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി

Posted On: 14 JUN 2024 10:14PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു. ജി7 അമ്പതുവർഷം എന്ന നാഴികക്കല്ലു പിന്നിട്ട വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.

മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയിൽ വീണ്ടും ​തെരഞ്ഞെടുക്കപ്പെട്ടശേഷം ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വിജയിക്കണമെങ്കിൽ അതു മനുഷ്യകേന്ദ്രീകൃത സമീപനത്തിലൂടെ അടിവരയിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ, പൊതു സേവന വിതരണത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ കൈവരിച്ച വിജയം അദ്ദേഹം പങ്കുവച്ചു.

“എല്ലാവർക്കും നിർമിതബുദ്ധി” എന്ന ആശയത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ നിർമിതബുദ്ധി ദൗത്യത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഈ സാങ്കേതികവിദ്യ ഏവരുടെയും പുരോഗതിയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാകണമെന്നതിന് ഊന്നൽ നൽകി. ഈ വിശാലമായ ലക്ഷ്യം മുന്നിൽക്കണ്ടാണു നിർമിതബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തിന്റെ സ്ഥാപക അംഗമെന്ന നിലയിൽ ഇന്ത്യ അന്താരാഷ്ട്ര സഹകരണം പരിപോഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഊർജപരിവർത്തന പാതയെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാകുന്ന നിരക്ക്, സ്വീകാര്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്റെ സമീപനമെന്നു ചൂണ്ടിക്കാട്ടി. 2070-ഓടെ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ‘ലൈഫ്’ ദൗത്യം [പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി] സൂചിപ്പിച്ചുകൊണ്ട്, ലോക പരിസ്ഥിതി ദിനത്തിൽ താൻ ആരംഭിച്ച “പ്ലാന്റ്4മദർ” [ഏക് പേട് മാ കേ നാം]  വൃക്ഷത്തൈ നടൽ യജ്ഞത്തിൽ ചേരാൻ അദ്ദേഹം ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു. വ്യക്തിഗതസ്പർശവും ആഗോള ഉത്തരവാദിത്വവുമുള്ള ബഹുജനമുന്നേറ്റമാക്കി അതിനെ മാറ്റാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗ്ലോബൽ സൗത്തിന്റെ, പ്രത്യേകിച്ച് ആഫ്രിക്കയുടെ, ആശങ്കകൾക്കു മുൻഗണന നൽകണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 യോഗത്തിൽ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമായി അംഗീകരിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

 

SK


(Release ID: 2025462) Visitor Counter : 57