തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇപിഎഫ്ഒ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള അവലോകന യോഗം തൊഴില്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു

Posted On: 14 JUN 2024 11:14AM by PIB Thiruvananthpuram

ന്യൂ ഡൽഹി : ജൂൺ 14, 2024

ഇപിഎഫ്ഒ പരിഷ്‌കാരങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്നതിന് 2024 ജൂണ്‍ 13ന് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയ സെക്രട്ടറി ശ്രീമതി സുമിത ദാവ്‌റ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ശ്രീമതി നീലം ഷാമി റാവുവും തൊഴില്‍, ഉദ്യോഗ മന്ത്രാലയങ്ങളിലെയും ഇപിഎഫ്ഒയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും നിരസിക്കപ്പെടുന്നവയുടെ എണ്ണം കുറയ്ക്കുന്നതിനും ഇപിഎഫ്ഒ സമീപകാലത്ത് ഏര്‍പ്പെടുത്തിയ ആധുനികവത്കരണ നടപടികളെ ശ്രീമതി ദാവ്‌റ അഭിനന്ദിച്ചു. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി, രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപിഎഫ്ഓ ഓട്ടോ സെറ്റില്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ഈ രീതിയില്‍ ഏകദേശം 25 ലക്ഷം വായ്പാ അപേക്ഷകളില്‍   തീര്‍പ്പു കല്‍പ്പിച്ചു. രോഗവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഇതുവരെ  50 ശതമാനത്തിലധികവും തീര്‍പ്പാക്കിയത് ഈ രീതിയിലാണ്. ഇതുമൂലം അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിച്ചതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും ഇപ്പോള്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നുണ്ട്.

കെവൈസി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ ചെക്ക് ബുക്ക്/ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് എന്നിവയുടെ അപ്‌ലോഡിംഗ് ഒഴിവാക്കിയതിനാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 13 ലക്ഷം ക്ലെയിമുകളിൽ സൂക്ഷ്മപരിശോധന ആവശ്യകത ഇല്ലാതാക്കി.

അപൂര്‍ണ്ണമായതും നിരസിക്കപ്പെടുന്നതുമായ അപേക്ഷകളില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഇപിഎഫ്ഒ ചുരുക്കുകയും യുക്തിസഹമാക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ -24ലെ രണ്ടു ലക്ഷത്തില്‍ നിന്ന്   2024 മേയ് മാസത്തില്‍ ആറു ലക്ഷമായി വര്‍ദ്ധിച്ചതോടെ ഓട്ടോ ട്രാന്‍സ്ഫറുകളുടെ എണ്ണവും മൂന്നിരട്ടിയായി ഉയര്‍ന്നു. വ്യവസ്ഥാപിതമായ ഇത്തരം പരിഷ്‌കാരങ്ങള്‍ സജീവമായി തുടരാന്‍ ശ്രീമതി ദാവ്‌റ നിര്‍ദ്ദേശിച്ചു.

ഓരോ അംഗത്തിന്റെയും UAN അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് സംവിധാനം ഉപയോഗിച്ച് ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയർ നവീകരിക്കാനും കുറഞ്ഞ മാനുഷിക ഇടപെടലുകളോടെ ക്ലെയിമുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുമുള്ള പ്രക്രിയ സുഗമമാക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് ഇപിഎഫ്ഒ . സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗുമായി (CDAC) ചേര്‍ന്നാണ് പുതിയ  സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത്.

നിയമ നടപടികള്‍, ഓഡിറ്റ് എന്നിവയുടെ നടത്തിപ്പിലെ പരിഷ്‌കാരങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

 
SKY


(Release ID: 2025254) Visitor Counter : 32