വ്യോമയാന മന്ത്രാലയം
കേന്ദ്രമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു
“ഓരോ പൗരനും വിമാനയാത്ര കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമാക്കി ‘സുഗമമായ ഗഗനസഞ്ചാര’ സാഹചര്യം സൃഷ്ടിക്കുന്നതിനാണു മുൻഗണന”: ശ്രീ നായിഡു
Posted On:
13 JUN 2024 5:38PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു ഇന്നു ന്യൂഡൽഹിയിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തു. വ്യോമയാന-സഹകരണ സഹമന്ത്രി ശ്രീ മുരളീധർ മൊഹോൾ, വ്യോമയാന സെക്രട്ടറി ശ്രീ വുംലുൻമങ് വുവൽനാം, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ നായിഡു, വ്യോമയാന മന്ത്രാലയത്തെ നയിക്കാനുള്ള നിർണായക ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞു. വ്യോമയാന വ്യവസായത്തിന്റെ അടുത്ത 25 വർഷത്തേക്കുള്ള ഭാവി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘവീക്ഷണമുള്ള സമീപനത്തെയാണ്, യുവത്വവും ഊർജസ്വലമാർന്നതുമായ നേതാവിനെ തെരഞ്ഞെടുത്തതു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകാകുളത്തെയും ആന്ധ്രപ്രദേശിലെയും ജനങ്ങളുടെ പിന്തുണയ്ക്കു നന്ദി പറഞ്ഞ ശ്രീ നായിഡു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡുവിനു നന്ദി അറിയിക്കുകയും തന്റെ പിതാവും ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനുമായ പരേതനായ കിഞ്ജരാപ്പു എറ്‌റൻ നായിഡുവിന്റെ പങ്ക് അനുസ്മരിക്കുകയും ചെയ്തു.
ഓരോ പൗരനും വിമാനയാത്ര കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമാക്കി ‘സുഗമമായ ഗഗനസഞ്ചാര’ സാഹചര്യം സൃഷ്ടിക്കുക എന്നതിനാണു മന്ത്രാലയം പ്രധാന മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നിര-മൂന്നാം നിര നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വ്യോമയാനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിന് അനുസൃതമായി, “ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ഉടനടി പുരോഗതി കൈവരിക്കുന്നതിനായി 100 ദിവസത്തെ കർമപദ്ധതി ആവിഷ്കരിക്കാനും നടപ്പിലാക്കാനും പോകുകയാണെ”ന്നു ശ്രീ നായിഡു പറഞ്ഞു. 2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത ഭാരതം എന്ന ദീർഘകാല കാഴ്ചപ്പാടു കൈവരിക്കുന്നതിനുള്ള ചവിട്ടുപടിയായി ഈ പദ്ധതി നിലകൊള്ളും. വിമാനയാത്രയിൽ മികച്ച അനുഭവം കൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, യാത്രക്കാരുടെ ആശങ്കകൾ ഫലപ്രദമായി പരിഹരിക്കുന്നതിനു നിർമിതബുദ്ധിയും സമൂഹമാധ്യമങ്ങളും പ്രയോജനപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു. നയപരമായ എല്ലാ തീരുമാനങ്ങളിലും യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കു മന്ത്രാലയം മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വ്യോമസമ്പർക്കസൗകര്യം വർധിപ്പിക്കുക, പരിസ്ഥിതിസൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം അടിസ്ഥാനസൗകര്യവികസനം ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക സംരംഭങ്ങളെക്കുറിച്ചും ശ്രീ നായിഡു വിശദീകരിച്ചു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനു സംസ്ഥാന ഗവണ്മെന്റുകളുമായും വ്യവസായ പങ്കാളികളുമായും സഖ്യപങ്കാളികളുമായും ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിജയനഗരം ജില്ലയിലെ ഭോഗാപുരത്തു ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട്, പദ്ധതി വേഗത്തിലാക്കാനുള്ള വ്യക്തിപരമായ പ്രതിബദ്ധത മന്ത്രി പ്രകടിപ്പിച്ചു.
ലോകത്തെ മുൻനിര ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യയെ മാറ്റാനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ അർപ്പണബോധം കേന്ദ്രമന്ത്രി ആവർത്തിച്ചു. സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എൻഡിഎയുടെ ശക്തവും സുസ്ഥിരവുമായ നേതൃത്വത്തിലും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
SK
(Release ID: 2025194)
Visitor Counter : 72