തെരഞ്ഞെടുപ്പ് കമ്മീഷന്‍

കടുത്ത ചൂടിനിടയിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഉയർന്ന പോളിംഗ് ശതമാനം


21 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പോളിംഗ് ഏറെക്കുറെ സമാധാനപരം

ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രവർഗക്കാരും ബസ്തറിലെ 56 ഗ്രാമങ്ങളും ഇതാദ്യമായി വോട്ട് രേഖപ്പെടുത്തി

വടക്കുകിഴക്കൻ മേഖലയുടെ ഭൂരിപക്ഷം മണ്ഡലങ്ങൾ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ പോളിംഗ് പൂർത്തിയായി

വളരെയധികം കന്നി വോട്ടർമാർ ആവേശത്തോടെ പങ്കെടുത്തു

Posted On: 19 APR 2024 8:28PM by PIB Thiruvananthpuram

 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിൽ കടുത്തു ചൂടിനിടയിലും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. വിവിധ മേഖലകളിൽ നിന്നുള്ള വോട്ടർമാർ പൗര ഉത്തരവാദിത്വത്തിന്റെയും അഭിമാനത്തിന്റെയും  ആവേശത്തോടെ പങ്കെടുത്ത പോളിംഗ് ഏറെക്കുറെ സമാധാനപരമായി നടന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാന നിയമസഭകളിലേക്കുള്ള പോളിംഗിനൊപ്പം 18-ാം ലോക്‌സഭയിലേക്കുള്ള 10 സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ   വോട്ടെടുപ്പ് പൂർത്തിയായി. ആദ്യ ഘട്ടത്തിലെ വോട്ടർമാർക്കും മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും  കമ്മീഷൻ നന്ദി രേഖപ്പെടുത്തി.

21 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും താൽക്കാലിക കണക്ക് പ്രകാരം വൈകുന്നേരം 7ന് വോട്ടിംഗ് ശതമാനം 60 ശതമാനത്തിൽ കൂടുതലാണ്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ അനുബന്ധം എ-യിൽ നൽകിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും വൈകുന്നേരം 6 മണി വരെ പോളിംഗ് ക്രമീകരിച്ചിരിക്കുന്നതിനാൽ  എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ വോട്ടിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, പോളിംഗ് സമയം അവസാനിക്കുന്നത് വരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദമുണ്ട്. ഫോറം 17എയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അന്തിമ കണക്കുകൾ നാളെ അറിയാം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ   ശ്രീ രാജീവ് കുമാർ, കമ്മീഷൻ അംഗങ്ങളായ   ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നിർവചൻ സദനിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നിന്ന്   ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ പുരോഗതി നിരന്തരം നിരീക്ഷിച്ചു. ഇതിനായി ആസ്ഥാനത്ത് അത്യാധുനിക കൺട്രോൾ റൂം സ്ഥാപിച്ചു. സംസ്ഥാന/ജില്ലാ തലത്തിലും സമാനമായ കൺട്രോൾ റൂമുകൾ രൂപീകരിച്ചു.

ഏറെക്കുറെ സമാധാനപരവും ശുഭകരവുമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ വൈവിധ്യമാർന്ന വോട്ടർമാർ ജനാധിപത്യ പ്രവർത്തനത്തിന്റെ ഉജ്ജ്വലമായ ചിത്രങ്ങൾ രചിച്ചു. തിരക്കേറിയ നഗര കേന്ദ്രങ്ങൾ മുതൽ വിദൂര ഗ്രാമങ്ങൾ വരെ, പോളിംഗ് സ്റ്റേഷനുകൾ വ്യത്യസ്ത തലമുറകളിലും പശ്ചാത്തലങ്ങളിലുമുള്ള വോട്ടർമാരുടെ വർണ്ണാഭമായ സംഗമത്തിന് സാക്ഷ്യം വഹിച്ചു. കമ്മീഷന്റെയും അതിന്റെ ഫീൽഡിലെ ഉദ്യോഗസ്ഥരുടെയും കൃത്യമായ ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും അടിസ്ഥാനത്തിൽ പോളിംഗ് തടസ്സങ്ങളില്ലാതെ നടന്നു.

ഉൾപ്രദേശങ്ങളിലെ ഗോത്രവർഗങ്ങൾക്കിടയിലും ഛത്തീസ്ഗഢിലെ ഇടതുതീവ്രവാദ (LWE) ബാധിത പ്രദേശങ്ങളിലും  വോട്ടിംഗ് സുഗമമാക്കുന്നതിൽ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, അവിടത്തെ സമൂഹങ്ങൾ ബുള്ളറ്റിന് മേൽ ബാലറ്റിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പാത തിരഞ്ഞെടുത്തു. ബസ്തറിലെ 56 ഗ്രാമങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം ഗ്രാമത്തിൽ സ്ഥാപിച്ച പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ബിജാപൂരിലെ -163-മത് നിയോജക മണ്ഡലത്തിൽ മോഡൽ പോളിംഗ് സ്റ്റേഷനിലെ മെഡിക്കൽ സൗകര്യങ്ങൾ വോട്ടർമാർക്കു പ്രയോജനപ്പെടുന്നതായി കണ്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ചിമൂറിൽ നിന്നുള്ള മറ്റൊരു സംഭവത്തിൽ ഹേമാൽകാസ ബൂത്തിൽ, പ്രസക്തമായ എല്ലാ വിവരങ്ങളും നൽകാൻ പ്രാദേശിക ഗോത്രഭാഷ ഉപയോഗിച്ചു. ബിഹാറിലെ ബോധ് ഗയയിൽ, ബുദ്ധ സന്യാസിമാർ അവരുടെ വിരലിൽ മഷി പുരട്ടി പുഞ്ചിരിയോടെയും  അഭിമാനത്തോടെയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നത് കണ്ടു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട വോട്ടർമാർ വൻതോതിൽ എത്തിയിരുന്നു. ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം 2024-ലെ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തി ചരിത്രം സൃഷ്ടിച്ചു. മിസോറമിൽ പ്രായമായ ദമ്പതികൾ ഒരുമിച്ച് വോട്ട് ചെയ്യാനുള്ള പ്രതിജ്ഞ വീണ്ടും നിർവഹിച്ചു. അരുണാചൽ പ്രദേശിൽ, വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടായിട്ടും പ്രായമായ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പോളിംഗ് സ്റ്റേഷനിലേക്ക് യാത്ര നടത്തി.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വോട്ടർമാർ ചൂടിനെ ധൈര്യത്തോടെ നേരിട്ടപ്പോൾ മറ്റുള്ളവയിൽ വോട്ടർമാർ കോരിച്ചൊരിയുന്ന മഴയിലും ക്ഷമയോടെ കാത്തിരുന്നു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ   ഉറപ്പുനൽകിയ അവശ്യ സൗകര്യങ്ങൾ അവർക്ക് വലിയ പിന്തുണ നൽകി.

ഇന്ത്യൻ സംസ്‌കാരത്തിന്റെ സമ്പന്നമായ കലാചാതുര്യം പ്രതിഫലിപ്പിക്കുന്ന വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് വോട്ടർമാർ തങ്ങളുടെ പൗരധർമ്മം നിറവേറ്റിയതിന്റെ പ്രതീകമായി മഷി പുരട്ടിയ വിരലുകൾ ഉയർത്തി അഭിമാനത്തോടെ സെൽഫികൾ  എടുത്തു.

ഏഴ് ഘട്ടങ്ങളിലായുള്ള 2024ലെ  പൊതുതെരഞ്ഞെടുപ്പിൽ, 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 പാർലമെന്റ് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം, മേഘാലയ, നാഗാലാൻഡ്, മിസോറം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ,  പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്  എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും  വോട്ടെടുപ്പ് പൂർത്തിയായി. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ സുഗമവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കഠിനമായി പ്രവർത്തിക്കുന്നു.

Annexure A (Tentative Figures only)

SK



(Release ID: 2018313) Visitor Counter : 89