പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചല്‍ പ്രദേശിലെ വികസിത് ഭാരത് - വികസിത് നോര്‍ത്ത് ഈസ്റ്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 09 MAR 2024 3:05PM by PIB Thiruvananthpuram

ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, സഹ എം.പിമാര്‍, എല്ലാ എംഎല്‍എമാര്‍, മറ്റെല്ലാ ജനപ്രതിനിധികളും, ഈ എല്ലാ സംസ്ഥാനങ്ങളിലെയും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!
വികസിത് രാജ്യസേ വിക്ഷിത് ഭാരത് എന്ന ദേശീയ ഉത്സവം രാജ്യത്തുടനീളം പൂര്‍ണ്ണ ആവേശത്തോടെ നടക്കുകയാണ്. ഇന്ന്, വികസിത (വികസിത) വടക്കുകിഴക്കന്‍ എന്ന ഈ ആഘോഷത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളുമായും കൈകോര്‍ക്കാനുള്ള വിശേഷാവസരം എനിക്കുണ്ടയി. നിങ്ങളെല്ലാവരും ഇവിടെ വന്‍തോതില്‍ ഒത്തുകൂടിയിരിക്കുന്നു, അത്തരമൊരു ജനപങ്കാളിത്തം കണ്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു. കൂടാതെ, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വ്യക്തികള്‍ സാങ്കേതികവിദ്യയിലൂടെയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. വടക്കുകിഴക്കിന്റെ വികസനത്തിനായി പ്രതിജ്ഞാബദ്ധരായ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. മുമ്പ് പലതവണ ഞാന്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, ഇന്ന് പ്രത്യേകമായി തോന്നുന്നു. ഞാന്‍ നോക്കുന്നിടത്തെല്ലാം, അതിശയകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തില്‍ ശ്രദ്ധേയമായ എണ്ണത്തില്‍ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഒരു സമുദ്രം ഞാന്‍ കാണുന്നു.
സുഹൃത്തുക്കളെ,

വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് സമഗ്രമാണ് - അതിനെ അഷ്ട ലക്ഷ്മി ആയി വിഭാവനം ചെയ്യുന്നു. ദക്ഷിണേഷ്യയുമായും കിഴക്കന്‍ ഏഷ്യയുമായും ഭാരതത്തിന്റെ വ്യാപാരം, വിനോദസഞ്ചാരം, മറ്റ് ഇടപഴകലുകള്‍ എന്നിവയിലെ ശക്തമായ ചങ്ങലകണ്ണിയായിരിക്കും നമ്മുടെ വടക്കുകിഴക്ക്. ഇന്ന്, ഒരേ സമയം 55,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമോ അവയുടെ തറക്കല്ലിടലോ ഇവിടെ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ 35,000 പാവപ്പെട്ടകുടുംബങ്ങള്‍ക്ക് പക്കാ വീടും അരുണാചല്‍ പ്രദേശിലെയും ത്രിപുരയിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വടക്കുകിഴക്കിലെ വിവിധ സംസ്ഥാനങ്ങളില്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആരംഭിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നു. വൈദ്യുതി, വെള്ളം, റോഡുകള്‍, റെയില്‍വേ, സ്‌കൂളുകള്‍, ആശുപത്രികള്‍, ടൂറിസം തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വടക്കുകിഴക്കിലെ ഓരോ സംസ്ഥാനത്തിന്റെയും വികസനത്തിന്റെ ഉറപ്പായി മാറിയിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷംകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നടത്തിയ നിക്ഷേപം കോണ്‍ഗ്രസോ മുന്‍ ഗവണ്‍മെന്റുകളോ നേരത്തെ അനുവദിച്ചതിനേക്കാള്‍ നാലിരട്ടി കൂടുതലാണ്. 5 വര്‍ഷം കൊണ്ട് നമ്മള്‍ കൈവരിച്ച പുരോഗതി നേടാന്‍ കോണ്‍ഗ്രസ് 20 വര്‍ഷമെടുക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 20 വര്‍ഷം കാത്തിരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? നമ്മള്‍ അത്രയും കാലം കാത്തിരിക്കണമോ? ഈ പുരോഗതി ത്വരിതഗതിയില്‍ തുടരണമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? മോദിയുടെ ഗവണ്‍മെന്റ് നേടിയതില്‍ നിങ്ങള്‍ തൃപ്തരാണോ?

സുഹൃത്തുക്കളെ,
വടക്കുകിഴക്കിനെ കേന്ദ്രീകരിച്ചാണ് നമ്മുടെ ഗവണ്‍മെന്റ് മിഷന്‍ പാം ഓയില്‍ ആരംഭിച്ചത്. ഈ ദൗത്യത്തിന് കീഴിലുള്ള ആദ്യത്തെ ഓയില്‍ മില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭക്ഷ്യ എണ്ണ ഉല്‍പ്പാദനത്തില്‍ ഭാരതത്തെ സ്വയം പര്യാപ്തമാക്കുക മാത്രമല്ല, ഈ മേഖലയിലെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക കൂടിയാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്. ശോഭനമായ ഭാവിയുടെ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാം ഓയില്‍ മിഷന്റെ സമാരംഭത്തിന് ശേഷം എണ്ണപ്പന കൃഷിയില്‍ ഉത്സാഹപൂര്‍വം പങ്കെടുത്തതിന് വടക്കുകിഴക്കന്‍ മേഖലയിലെ കര്‍ഷകരോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,

മോദിയുടെ ഉറപ്പിനെക്കുറിച്ച് നിങ്ങള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് എന്താണ് സൂചിപ്പിക്കുന്നത്? ദൂരമുണ്ടെങ്കിലും അരുണാചലിലേക്ക് വരൂ, മോദിയുടെ ഉറപ്പ് അടിസ്ഥാനപരമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നേരിട്ട് കാണൂ. ഇപ്പോള്‍, ഇത് പരിഗണിക്കുക: 2019 ല്‍, ഞാന്‍ സെല ടണലിന്റെ തറക്കല്ലിട്ടത് ഇവിടെയാണ്. ഓര്‍ക്കുന്നുണ്ടോ? അത് 2019-ല്‍ ആയിരുന്നു. ഇപ്പോള്‍, അത് നിര്‍മ്മിച്ചോ ഇല്ലയോ? അത് പൂര്‍ത്തിയാക്കിയിട്ടുണ്ടോ ഇല്ലയോ? ഞാന്‍ നല്‍കിയ ഉറപ്പിന്റെ സാക്ഷ്യമല്ലേ ഇത്? ഇതൊരു ഉറച്ച ഉറപ്പ് അല്ലേ? അതുപോലെ, 2019 ല്‍, ഡോണി പോളോ വിമാനത്താവളത്തിന്റെ തറക്കല്ലിടലും ഞാന്‍ നടത്തി. ഇന്ന്, ഈ വിമാനത്താവളം അസാധാരണമായ സേവനങ്ങള്‍ നല്‍കുന്നില്ലേ? എങ്കില്‍ പറയൂ... 2019-ല്‍ ഞാന്‍ ഈ മുന്‍കൈകള്‍ ഏറ്റെടുത്തപ്പോള്‍, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് ചിലര്‍ ഊഹിച്ചിരുന്നേയ്ക്കാം എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയാണോ അതോ നിങ്ങള്‍ക്ക് വേണ്ടിയാണോയെന്ന് എന്നോട് പറയൂ, ? അരുണാചലിന് വേണ്ടിയായിരുന്നോ ഇല്ലയോ? സമയമോ വര്‍ഷമോ മാസമോ എന്തുതന്നെയായാലും, അതൊന്നും പരിഗണിക്കാതെ എന്റെ പ്രയത്‌നങ്ങള്‍ പൗരന്മാര്‍ക്കും ജനങ്ങള്‍ക്കും നിങ്ങള്‍ക്കും വേണ്ടി മാത്രമാണ്. മോദിയുടെ ഇത്തരം ഉറപ്പുകള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവനും അഭിനന്ദനത്താല്‍ പ്രതിധ്വനിക്കുന്നു. കുന്നുകള്‍ പ്രാമാണീകരണത്തോടെ മുഴങ്ങുന്നു, നദികള്‍ നന്ദിയോടെ മന്ത്രിക്കുന്നു, രാജ്യത്തുടനീളം ഒരു മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നു - അബ്കി ബാര്‍ - 400 പാര്‍! (ഇത്തവണ - എന്‍.ഡി.എ ഗവണ്‍മെന്റ് 400 കടക്കും)! അബ്കി ബാര്‍ - 400 പാര്‍! എന്‍.ഡി.എ ഗവണ്‍മെന്റ് 400 പാര്‍! വടക്കുകിഴക്കു മുഴുവനും ആവേശത്തോടെ മുഴങ്ങട്ടെ - അബ്കി ബാര്‍ മോദി സര്‍ക്കാര്‍ (ഇത്തവണ മോദി ഗവണ്‍മെന്റ്)!

സുഹൃത്തുക്കളെ,

വടക്കുകിഴക്കന്‍ മേഖലയിലെ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉന്നതി പദ്ധതിയുടെ നവീകരിച്ചതും വിപുലവുമായ പതിപ്പിന് രണ്ട് ദിവസം മുമ്പാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. അതിന്റെ വ്യാപ്തി വിശദമാക്കുന്ന ഒരു ഹ്രസ്വചിത്രം നിങ്ങള്‍ ഇപ്പോള്‍ കണ്ടു. ഇത് നമ്മുടെ ഗവണ്‍മെന്റിന്റെ വേഗമേറിയതും കാര്യക്ഷമവുമായ പ്രവര്‍ത്തന ശൈലിയെ വ്യക്തമാക്കുന്നു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ നിന്ന്, ഉന്നതി യോജന പ്രയോജനപ്പെടുത്താന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. 40-45 മണിക്കൂറിനുള്ളില്‍, വിജ്ഞപനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹിതം പദ്ധതി നടപ്പിലായി. കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഒരു ഡസന്‍ സമാധാന കരാറുകള്‍ നടപ്പിലാക്കുകയും നിരവധി അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്തു. ഇപ്പോള്‍, വികസനത്തിന്റെ അടുത്ത ഘട്ടമായി വടക്കുകിഴക്കന്‍ മേഖലയുടെ വ്യാവസായിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുകയാണ്. 10,000 കോടി രൂപയുടെ ഉന്നതി പദ്ധതി നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പുതിയ വഴികള്‍ തുറക്കും. പുതിയ ഉല്‍പ്പാദന മേഖലകളും സേവനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് സൗകര്യമൊരുക്കും. സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതികവിദ്യ, ഹോംസേ്റ്റകള്‍, വിനോദസഞ്ചാരം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് കടക്കുന്ന യുവജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ എന്റെ അചഞ്ചലമായ ശ്രദ്ധ തുടരും. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിക്ക് ഞാന്‍ ഹൃദയംഗമമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.
സുഹൃത്തുക്കളെ,
വടക്കുകിഴക്കന്‍ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുകയും അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് ബി.ജെ.പി ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. വടക്ക് കിഴക്കന്‍ മേഖലയിലെ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ നമ്മുടെ ഗവണ്‍മെന്റ് 100 രൂപയുടെ കുറവ് പ്രഖ്യാപിച്ചു. വടക്കുകിഴക്കിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള സംരംഭവും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും അവരുടെ പരിശ്രമങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന്, വടക്കുകിഴക്ക്, പ്രത്യേകിച്ച് നമ്മുടെ അരുണാചല്‍ പ്രദേശ്, വിവിധ വികസന മുന്‍കൈകളില്‍ രാജ്യത്തെ നയിക്കുകയാണ്. എല്ലാം ഈ മേഖലയില്‍ എത്തുന്നത് അവസാനമായിരിക്കും എന്നൊരു പൊതു വിശ്വാസം മുമ്പ് നിലനിന്നിരുന്നു. എന്നാല്‍, സൂര്യരശ്മികള്‍ ഇവിടെ ആദ്യം എത്തുന്നതിന് സമാനമായി, ഇന്ന്, വികസന മുന്‍കൈകളും ഈ പ്രദേശത്തെ ആദ്യം സ്പര്‍ശിക്കുന്നു.
അരുണാചല്‍ പ്രദേശിലെ 45,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. അതിനുപുറമെ, അമൃത് സരോവര്‍ അഭിയാന് കീഴില്‍ നിരവധി തടാകങ്ങളും ഇവിടെ നിര്‍മ്മിച്ചു. ഗ്രാമീണ സ്ത്രീകളെ ലക്ഷാധിപതി ദീദിമാര്‍ ആക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉന്നമനത്തിനായി നമ്മുടെ ഗവണ്‍മെന്റ് ഒരു സുപ്രധാന സംഘടിതപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വാശ്രയ സംഘങ്ങളില്‍ ഉള്‍പ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സഹോദരിമാര്‍ ഇതിനകം തന്നെ ലക്ഷാധിപതി ദീദി എന്ന ഈ പദവി നേടിയിട്ടുണ്ട്. ഞങ്ങളുടെ അടുത്ത ലക്ഷ്യം രാജ്യത്തുടനീളമുള്ള മൂന്ന് കോടി സഹോദരിമാരെ ലക്ഷാധിപതി ദീദിമാര്‍ ആയി ശാക്തീകരിക്കുകയും, അതുവഴി വടക്കുകിഴക്കന്‍ മേഖലയിലെ സ്ത്രീകള്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുകയും ചെയ്യുക എന്നതാണ്.

സുഹൃത്തുക്കളെ,

ബി.ജെ.പി ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് നന്നായി അറിയാം. നമ്മുടെ അതിര്‍ത്തികളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ അഴിമതി കുംഭകോണങ്ങളില്‍ കുടുങ്ങി. നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനം അവര്‍ അവഗണിച്ചു, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി. അതിര്‍ത്തി പ്രദേശങ്ങളെ അവികസിതമായി നിലനിര്‍ത്തുകയും നമ്മുടെ സ്വന്തം സായുധ സേനയെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ ജനങ്ങള്‍ക്ക് സൗകര്യങ്ങളും സമൃദ്ധിയും നഷ്ടപ്പെടുത്തുകയും ചെയ്യുക-ഇതാണ് കോണ്‍ഗ്രസിന്റെ തൊഴില്‍ സംസ്‌കാരം. അത്തരം നയങ്ങള്‍ അവരുടെ സമീപനത്തെയും പെരുമാറ്റത്തെയും നിര്‍വചിക്കുന്നു.
സുഹൃത്തുക്കളെ,
സെല ടണല്‍ നേരത്തെ നിര്‍മ്മിക്കാമായിരുന്നു, കഴിയുമായിരുന്നില്ലേ ? എന്നാല്‍, കോണ്‍ഗ്രസിന്റെ മുന്‍ഗണനകളും ചിന്തകളും വ്യത്യസ്തമായിരുന്നു. പാര്‍ലമെന്റില്‍ കുറച്ച് സീറ്റുകള്‍ മാത്രമുള്ള അവര്‍ക്കായി എന്തിനാണ് ഇത്രയധികം പരിശ്രമവും നിക്ഷേപവും നടത്തുന്നതെന്ന് അവര്‍ ചോദിച്ചു. മറുവശത്ത് മോദിയുടെ പ്രവര്‍ത്തനങ്ങളാകട്ടെ, പാര്‍ലമെന്ററി പ്രാതിനിധ്യത്തിലല്ല, മറിച്ച് രാജ്യത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ശക്തമായ കേന്ദ്രഗവണ്‍മെന്റായ, ഞങ്ങള്‍ ഈ തുരങ്കം നിര്‍മ്മിച്ചു. ഇവിടെ നടക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ 13,000 അടി ഉയരത്തിലുള്ള ഈ തുരങ്കം സന്ദര്‍ശിക്കാന്‍ നമ്മുടെ രാജ്യത്തെ യുവജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ ഇന്ന് സെലയില്‍ എത്തുന്നതില്‍ നിന്ന് എന്നെ തടയുന്നുവെങ്കിലും, എന്റെ മൂന്നാം ടേമില്‍ തുരങ്കം സന്ദര്‍ശിക്കുമെന്നും നിങ്ങളെ എല്ലാവരെയും വീണ്ടും കാണുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ തുരങ്കം നമ്മുടെ തവാങ്ങിലെ ജനങ്ങള്‍ക്ക് എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കല്‍ നല്‍കുന്നു, ഇത് പ്രദേശവാസികള്‍ക്ക് ഗതാഗതം സുഗമമാക്കുകയും, അരുണാചലിലെ ടൂറിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി തുരങ്ക പദ്ധതികള്‍ ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്.
കോണ്‍ഗ്രസ് അതിര്‍ത്തി ഗ്രാമങ്ങളെ അവഗണിച്ചു, അവയെ രാജ്യത്തിന്റെ അവസാന ഗ്രാമങ്ങളായി മുദ്രകുത്തി അവരെ സ്വയം പ്രതിരോധത്തിന് വിട്ടുകൊടുത്തു. ഈ ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങളായി കാണുന്നതിനുപകരം നമ്മുടെ രാജ്യത്തിന്റെ മുന്‍നിരയായി ഞങ്ങള്‍ വീക്ഷിക്കുകയും വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു. ഏകദേശം 125 അതിര്‍ത്തി ഗ്രാമങ്ങള്‍ക്കായി റോഡ് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്, കൂടാതെ 150 ലധികം ഗ്രാമങ്ങളില്‍ തൊഴിലും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കും തറക്കല്ലിട്ടു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി ഞങ്ങള്‍ പ്രധാനമന്ത്രി ജന്മന്‍ യോജന അവതരിപ്പിക്കുകയും, മണിപ്പൂരിലെ അവരുടെ സെറ്റില്‍മെന്റുകളില്‍ അംഗന്‍വാടികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. കൂടാതെ, ത്രിപുരയിലെ സബ്‌റൂം ലാന്‍ഡ് തുറമുഖത്തിന്റെ ഉദ്ഘാടനം വടക്കുകിഴക്കന്‍ മേഖലയിലെ വ്യാപാരം സുഗമമാക്കുന്ന ഒരു പുതിയ ട്രാന്‍സിറ്റ് റൂട്ടും സ്ഥാപിക്കും.

സുഹൃത്തുക്കളെ,
ജീവിതം മെച്ചപ്പെടുത്തുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും ബന്ധിപ്പിക്കലും വൈദ്യുതിയും നിര്‍ണായകമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ വടക്കു കിഴക്കന്‍ മേഖലയില്‍ ഏഴു പതിറ്റാണ്ടിനിടെ 10,000 കിലോമീറ്റര്‍ ദേശീയ പാത മാത്രമാണ് നിര്‍മ്മിച്ചത്. ഈ കണക്ക് ഓര്‍ക്കുക. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 6,000 കിലോമീറ്ററിലധികം ദേശീയ പാതകള്‍ നിര്‍മ്മിക്കപ്പെട്ടു. 7 പതിറ്റാണ്ടില്‍ ചെയ്തതിന്റെ അത്രയും ജോലികള്‍ ഒരു ദശകത്തില്‍ ഞാന്‍ ചെയ്തു. അതുപോലെ, വടക്കുകിഴക്കന്‍ മേഖലയില്‍ 2014 മുതല്‍ ഏകദേശം 2,000 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുകയും വൈദ്യുതി മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. അരുണാചലിലെ ദിബാംഗ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതിയുടെയും ത്രിപുരയില്‍ ഒരു സൗരോര്‍ജ്ജ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു. ഏറ്റവും നീളം കൂടിയ പാലത്തിന് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനത്തിന് മറ്റൊരു നേട്ടം കൂടി കുറിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായി ദിബാംഗ് അണക്കെട്ട് ഉടന്‍ തന്നെ മാറും.
സുഹൃത്തുക്കളെ,
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഓരോ ഇഷ്ടികയും വെച്ചുകൊണ്ട് യുവജനങ്ങളുടെ ശോഭനമായ ഭാവിക്കായി മോദി രാവും പകലും അശ്രാന്തമായി പരിശ്രമിക്കുമ്പോള്‍, മോദി ജീ, ഇത്ര കഠിനാധ്വാനം ചെയ്യരുത് എന്ന് എന്നോട് നിരന്തരം പറയുന്നവരുണ്ട്. അരുണാചല്‍ പ്രദേശ്, അസം, ബംഗാള്‍, ഉത്തര്‍പ്രദേശ്- എന്ന് നാലു സംസ്ഥാനങ്ങളില്‍ ഇന്ന് ഒരേ ദിവസം കൊണ്ട് പരിപാടികള്‍ക്ക് തുടക്കംകുറിയ്ക്കുകയാണ്. എന്റെ ശ്രമങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ സഖ്യത്തിലെ കുടുംബവാഴ്ച നേതാക്കള്‍ മോദിക്കെതിരായ ആക്രമണം ശക്തമാക്കുന്നത് തുടരുകയാണ്. ''ആരാണ് മോദിയുടെ കുടുംബം'' എന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്. വിമര്‍ശകരേ, ശ്രദ്ധയോടെ കേള്‍ക്കുക, അരുണാചല്‍ മലനിരകളില്‍ താമസിക്കുന്ന ഓരോ കുടുംബവും ഇത് മോദിയുടെ കുടുംബമാണ് എന്ന് പ്രഖ്യാപിക്കുന്നു. ഈ കുടുംബവാഴ്ച നേതാക്കള്‍ സ്വന്തം കുടുംബങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നു, വോട്ടുകള്‍ക്ക് കുറയാന്‍ സാദ്ധ്യതയുള്ള മേഖലകളെ അവഗണിച്ചു. ദശാബ്ദങ്ങളായി, രാജ്യത്തെ കുടുംബാധിപത്യ ഗവണ്‍മെന്റുകള്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന് തടസ്സമായി. പാര്‍ലമെന്റിലേക്ക് വടക്കുകിഴക്ക് കുറച്ച് അംഗങ്ങളെ മാത്രം അയക്കുന്നതിനാല്‍, നിങ്ങളുടെ കുട്ടികളുടെ ക്ഷേമവും ഭാവിയും അവഗണിച്ച് കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ സഖ്യം ഈ പ്രദേശത്തെ അവഗണിച്ചു. അവര്‍ സ്വന്തം കുട്ടികളുടെ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, നിങ്ങളുടെ കുട്ടികള്‍ നേരിടുന്ന പോരാട്ടങ്ങളില്‍ അവര്‍ നിസ്സംഗത പാലിച്ചു. നിങ്ങളുടെ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അവര്‍ ഒരിക്കലും ശ്രദ്ധിക്കില്ല. എന്നാല്‍, മോദിയെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയും കുടുംബവും അദ്ദേഹത്തിന്റെ കുടുംബത്തിന് സമാനമാണ്. പക്കാ വീടുകള്‍, സൗജന്യ റേഷന്‍, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ശുചിത്വം, ഗ്യാസ് കണക്ഷനുകള്‍, ആരോഗ്യ സംരക്ഷണം, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്നതുവരെ മോദി വിശ്രമിക്കില്ല. ഇന്ന്, അവര്‍ മോദിയുടെ കുടുംബത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, ''ഞാന്‍ മോദിയുടെ കുടുംബമാണ്!'' ''ഞാന്‍ മോദിയുടെ കുടുംബമാണ്!'' എന്നുപറഞ്ഞാണ് രാജ്യം പ്രതികരിക്കുന്നത്. അരുണാചലിലെ എന്റെ സഹോദരങ്ങളുടെ പ്രതിധ്വനിപോലെ,

എന്റെ കുടുംബാംഗങ്ങളെ,
നിങ്ങളുടെ സ്വപ്‌നം എന്തായാലും അത് മോദിയുടെ പ്രതിജ്ഞയാണ്. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ഇവിടെയുള്ള നിങ്ങളുടെ അതിശക്തമായ സാന്നിദ്ധ്യം അങ്ങേയറ്റം വിലമതിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയിലുടനീളമുള്ള ശ്രദ്ധേയമായ വികസന സംരംഭങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വികസനത്തിന്റെ ഈ ആഘോഷത്തില്‍ നമ്മള്‍ ആഹ്ലാദിക്കുമ്പോള്‍, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും അവരുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് സെല ടണലിനായുള്ള നമ്മുടെ കൂട്ടായ ആഘോഷത്തിന്റെയും വികസനത്തില്‍ നാം നടത്തുന്ന മുന്നേറ്റങ്ങളുടെയും പ്രതീകമാകുന്നു. ചുറ്റും നോക്കൂ... എന്തൊരു ഗംഭീരമായ കാഴ്ച! നന്നായി ചെയ്തു! ഇത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റെയും ശക്തിയുടെയും അടയാളമാകട്ടെ. നിങ്ങള്‍ എല്ലാവരും മൊബൈല്‍ ഫോണുകള്‍ എടുത്ത് ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കുക. വികസനത്തിന്റെ ഈ ആഘോഷത്തില്‍ നമുക്കെല്ലാവര്‍ക്കും ഒന്നിക്കാം. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കി ഞങ്ങളോടൊപ്പം ചേരാന്‍ വടക്കുകിഴക്കിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാരെ, ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒരുമിച്ച്, നമുക്ക് ഉറക്കെ പറയാം:
ഭാരത് മാതാ കീ ജയ്!
ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കികൊണ്ടു പറയുക-
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി.
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

NS



(Release ID: 2015194) Visitor Counter : 45