പ്രധാനമന്ത്രിയുടെ ഓഫീസ്‌

പശ്ചിമ ബംഗാളിലെ ആരാംബാഗിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 01 MAR 2024 4:14PM by PIB Thiruvananthpuram

താരകേശ്വർ മഹാദേവ് കീ ജയ്!

താരക് ബം! ബോൽ ബം!

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശാന്തനു ഠാക്കുർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, എംപിമാരായ അപരൂപ പോദാർ ജി, ശുകാന്ത മജുംദാർ ജി, സൗമിത്ര ഖാൻ ജി, മറ്റു വിശിഷ്ടവ്യക്തികളേ, മഹതികളേ, മഹാന്മാരേ!

21-ാം നൂറ്റാണ്ടിലെ ഭാരതം അതിവേഗം മുന്നേറുകയാണ്. 2047-ഓടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം നാം കൂട്ടായി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തിനാണു നാം മുൻഗണന നൽകുന്നത്. അവരുടെ ക്ഷേമം ലക്ഷ്യമാക്കി ഞങ്ങൾ തുടർച്ചയായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ നല്ല ഫലങ്ങൾ ഇന്നു ലോകത്തിനു വ്യക്തമാണ്. കഴിഞ്ഞ ദശകത്തിൽ നമ്മുടെ രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി. നമ്മുടെ ഗവണ്മെന്റിന്റെ ദിശ, നയങ്ങൾ, തീരുമാനങ്ങൾ, അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ എന്നിവ ഭദ്രവും ഫലപ്രദവുമാണെന്ന് ഇതു തെളിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നു പശ്ചിമ ബംഗാളിന്റെ വികസനത്തിനായി 7000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു. റെയിൽ, തുറമുഖം, പെട്രോളിയം, ജലവൈദ്യുത മേഖലകളിലെ സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിലെ റെയിൽവേയുടെ ആധുനികവൽക്കരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ അതേ വേഗത്തിലാണു പുരോഗമിക്കുന്നതെന്ന് ഉറപ്പാക്കാനാണു ഞങ്ങളുടെ ശ്രമം. ഇന്ന് അനാച്ഛാദനംചെയ്ത പദ്ധതികളിൽ, ഝാർഗ്രാം-സൽഗാഝരി മൂന്നാം പാത റെയിൽ ഗതാഗതം ഗണ്യമായി വർധിപ്പിക്കുകയും മേഖലയിലെ വ്യവസായങ്ങളുടെയും വിനോദസഞ്ചാരത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, സോണ്ഡലിയ-ചമ്പാപുകുർ, ഡാങ്കുനി-ഭട്ടനഗർ-ബാൽട്ടികുരി റെയിൽ പാതകൾ ഇരട്ടിപ്പിക്കുന്നത് ഈ പാതകളിലൂടെയുള്ള ട്രെയിൻ ഗതാഗതം വർധിപ്പിക്കും. ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത്, ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിന്റെ വിപുലീകരണവും മൂന്ന് അനുബന്ധപദ്ധതികളും നടന്നുവരുന്നു, ഈ ഉദ്യമങ്ങളിൽ കേന്ദ്ര ഗവണ്മെന്റ് 1000 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു.

സുഹൃത്തുക്കളേ,

പരിസ്ഥിതിസംരക്ഷണവുമായി വികസനം എങ്ങനെ സമന്വയിപ്പിക്കാമെന്നു ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തു. ഹൽദിയയിൽനിന്നു ബറൗനിയിലേക്കുള്ള 500 കിലോമീറ്ററിലധികം നീളമുള്ള അസംസ്കൃത എണ്ണ പൈപ്പ്‌ലൈൻ ഇതിന്റെ പ്രധാന ഉദാഹരണമാണ്. ഈ പൈപ്പ്‌ലൈൻ ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മൂന്നു വ്യത്യസ്ത എണ്ണശുദ്ധീകരണശാലകളിലേക്ക് അസംസ്കൃത എണ്ണ കാര്യക്ഷമമായി എത്തിക്കാൻ സഹായിക്കും. ഇതു ചെലവും പാരിസ്ഥിതിക ആശങ്കകളും കുറയ്ക്കുന്നു. ഇന്നു പശ്ചിമ മേദിനിപുരിലെ എൽപിജി ബോട്ടിലിങ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതു യുവാക്കൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എൽപിജിയുടെ ആവശ്യകതയെ അഭിസംബോധനയും ചെയ്യും. കൂടാതെ, ഹുഗ്ലി നദിയിലെ മലിനീകരണം ലഘൂകരിക്കാനും ഹൗറ, കമർഹാട്ടി, ബാരാനഗർ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങൾക്കു പ്രയോജനം ചെയ്യാനും ലക്ഷ്യമിട്ടാണു മലിനജല സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നത്.

സുഹൃത്തുക്കളേ,

ഏതൊരു സംസ്ഥാനത്തും അടിസ്ഥാനസൗകര്യപദ്ധതി ആരംഭിക്കുമ്പോൾ, അതു പ്രാദേശിക ജനങ്ങൾക്കു പുരോഗതിയുടെ നിരവധി പാതകൾ തുറന്നുകൊടുക്കുന്നു. ഈ വർഷം, പശ്ചിമ ബംഗാളിലെ റെയിൽവേ വികസനത്തിനായി ഇന്ത്യാ ഗവണ്മെന്റ് 13,000 കോടി രൂപയിലധികം ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഇത് 2014നു മുമ്പുള്ളത‌ിനേക്കാൾ മൂന്നു മടങ്ങു കൂടുതലാണ്. റെയിൽവേ പാതകളുടെ വൈദ്യുതവൽക്കരണം വേഗത്തിലാക്കുക, യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുക എന്നിവയാണു ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ ദശകത്തിൽ, മുമ്പു മുടങ്ങിക്കിടന്ന നിരവധി റെയിൽവേ പദ്ധതികൾ പശ്ചിമ ബംഗാളിൽ വിജയകരമായി പൂർത്തിയാക്കി. മാത്രമല്ല, ബംഗാളിലെ 3000 കിലോമീറ്ററിലധികം റെയിൽവേ പാതകൾ ഇക്കാലയളവിൽ വൈദ്യുതവൽക്കരിച്ചു. പശ്ചിമ ബംഗാളിലെ നൂറോളം റെയിൽവേ സ്റ്റേഷനുകൾ നിലവിൽ അമൃതഭാരതസ്റ്റേഷൻ പദ്ധതിക്കുകീഴിൽ പുനർവികസിപ്പിക്കുന്നു. ഇതു റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള സമഗ്രമായ ശ്രമത്തെ സൂചിപ്പിക്കുന്നു. താരകേശ്വർ റെയിൽവേ സ്റ്റേഷൻ അമൃത് സ്റ്റേഷനാക്കി മാറ്റി. കൂടാതെ, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ 150-ലധികം പുതിയ ട്രെയിൻ സർവീസുകൾ അവതരിപ്പിച്ചു. ബംഗാളിലെ യാത്രക്കാർക്കു പുത്തൻ യാത്രാനുഭവം സമ്മാനിച്ച 5 പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ പ്രവർത്തനം ആരംഭിച്ചതും ഇതിൽ ഉൾപ്പെടുന്നു.

സുഹൃത്തുക്കളേ,

പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സഹകരണത്തോടെ, വികസിത ഭാരതം എന്ന കാഴ്ചപ്പാടു നാം നിറവേറ്റുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ന് അവതരിപ്പിച്ച പദ്ധതികൾക്കു പശ്ചിമ ബംഗാളിലെ ജനങ്ങളെ ഒരിക്കൽകൂടി ഞാൻ അഭിനന്ദിക്കുന്നു. ഈ ഗവണ്മെന്റ് പരിപാടി ഇപ്പോൾ അവസാനിക്കും, അടുത്ത പത്തുമിനിറ്റിനുള്ളിൽ ഞാൻ പുറത്തേക്കു പോകും. തുറസ്സായ ഇടത്തുനിന്നു സംസാരിക്കുന്നതിന് അതിന്റേതായ മനോഹാരിതയുണ്ട്. ഇന്ന് എനിക്കു ധാരാളം കാര്യങ്ങൾ സംസാരിക്കാനുണ്ട്. എന്നിരുന്നാലും, ആ പ്ലാറ്റ്‌ഫോമിനായി ഞാൻ എന്റെ അഭിപ്രായങ്ങൾ നീക്കിവയ്ക്കുന്നു. എല്ലാ വികസനസംരംഭങ്ങൾക്കും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിരവധി വ്യക്തികൾ പുറത്തു കാത്തിരിക്കുന്നതിനാൽ, ഞാൻ നിങ്ങളോടു വിടപറയുന്നു. നമസ്കാരം.

--NS--



(Release ID: 2014562) Visitor Counter : 31