പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യന്‍ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 28 JAN 2024 3:14PM by PIB Thiruvananthpuram

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജി, സുപ്രീം കോടതി ജഡ്ജിമാരെ, വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ അതിഥി ജഡ്ജിമാരെ, കേന്ദ്ര നിയമ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ ജി, അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി ജി, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ജി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് ഡോ. ആദിഷ് അഗര്‍വാല ജി, മറ്റ് പ്രമുഖരെ, മഹതികളെ, മാന്യരേ!

രണ്ട് ദിവസം മുമ്പ് ഇന്ത്യയുടെ ഭരണഘടന അതിന്റെ 75-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ 75-ാം വാര്‍ഷികത്തിന് തുടക്കം കുറിയ്ക്കുകയുമാണ്. ഈ ചരിത്ര സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്കിടയില്‍ സന്നിഹിതരായിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, എല്ലാ നിയമജ്ഞര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളെ,

ഭാരതത്തിന്റെ ഭരണഘടനാ ശില്‍പികള്‍ സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു സ്വതന്ത്ര ഭാരതമാണ് വിഭാവനം ചെയ്തത്. ഈ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമായിക്കോട്ടെ, വ്യക്തിസ്വാതന്ത്ര്യമാകട്ടെ, സാമൂഹിക നീതി ആകട്ടെ, ഭാരതത്തിന്റെ ചടുലമായ ജനാധിപത്യത്തെ സുപ്രിംകോടതി തുടര്‍ച്ചയായി ബലപ്പെടുത്തുന്നു. വ്യക്തിയവകാശങ്ങളെയും സംസാര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയെ ഗണ്യമായി സ്വാധീനിക്കുന്ന, നിരവധി സുപ്രധാന തീരുമാനങ്ങള്‍ ഏഴു പതിറ്റാണ്ടിലേറെയായി,
സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

നിലവില്‍, ഭാരതത്തിലെ എല്ലാ സ്ഥാപനങ്ങളും സംഘടനകളും, അത് എക്‌സിക്യൂട്ടീവോ ലെജിസ്ലേച്ചറോ ആകട്ടെ, അടുത്ത 25 വര്‍ഷത്തെ ലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭാവിയെ മുന്നില്‍കണ്ടുള്ള ഈ ചിന്താ സമീപനം രാജ്യത്ത് വലിയ പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നാളത്തെ ശോഭനമായ ഭാരതത്തെ രൂപപ്പെടുത്തും, ഇന്ന് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയെ ശക്തിപ്പെടുത്തും. മാറിക്കൊണ്ടിരിക്കുന്ന ആഗോള ഭൂപ്രകൃതിയില്‍, എല്ലാ കണ്ണുകളും ഭാരതത്തിലേക്കാണ്, ഭാരതത്തിലുള്ള വിശ്വാസം ലോകമെമ്പാടും വളരുകയാണ്. ഈ സാഹചര്യത്തില്‍, എല്ലാ അവസരങ്ങളും മുതലെടുക്കുകയും, ഒന്നും കൈവിട്ടുപോകാന്‍ അനുവദിക്കാതിരിക്കുകയും എന്നത് ഭാരതത്തിന് നിര്‍ണായകമാണ്. ജീവിതം സുഗമമാക്കുക, വ്യാപാരം സുഗമമാക്കുക, ഗതാഗതഗം സുഗമമാക്കുക, വാര്‍ത്താവിനിമയം സുഗമമാക്കുക, കൂടാരെ നീതി സുഗമമാക്കുക( ഈസ് ഓഫ് ലിവിംഗ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഈസ് ഓഫ് ട്രാവല്‍, ഈസ് കമ്മ്യൂണിക്കേഷന്‍, കൂടാതെ, പ്രധാനമായും ഈസ് ഓഫ് ജസ്റ്റിസ്)എന്നിവയാണ് ഇന്ന്, ഭാരതത്തിന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നത്. ഭാരതത്തിലെ ഓരോ പൗരനും സുഗമമായ നീതിക്ക് അര്‍ഹതയുണ്ട്, ഇത് നേടുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുന്നത് സുപ്രീം കോടതിയുമാണ്.

സുഹൃത്തുക്കളെ,

രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും സുപ്രീം കോടതി നല്‍കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളേയും നേതൃത്വത്തേയും ആശ്രയിച്ചിരിക്കുന്നു. ഓരോ ഇന്ത്യാക്കാരന്റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കോടതി ഭാരതത്തിന്റെ എല്ലാ കോണുകളിലും പ്രാപ്യമാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ലക്ഷ്യത്തോടെ, രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി കൂടുതല്‍ തുക അനുവദിച്ചുകൊണ്ട്, ഇ-കോടതി മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അടുത്തിടെ അംഗീകാരം കിട്ടി. ഇത് നിങ്ങളുടെ താല്‍പ്പര്യ വിഷയമാണ്; നിങ്ങള്‍ക്ക് അഭിനന്ദിക്കാം. ശ്രീ മനന്‍ മിശ്ര, ഇത് നിങ്ങള്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള കോടതികളുടെ ഡിജിറ്റല്‍വല്‍ക്കണം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ നിരീക്ഷിക്കുന്നു എന്ന വസ്തുതയെ ഞാന്‍ അഭിനന്ദിക്കുന്നു. നീതി സുഗമമാക്കുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 2014 മുതല്‍ 7,000 കോടിയിലധികം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. നിലവിലെ സുപ്രീം കോടതി കെട്ടിടത്തില്‍ നിങ്ങള്‍ എല്ലാവരും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് എനിക്ക് മനസിലാക്കാനായിട്ടുണ്ട്. സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് കഴിഞ്ഞയാഴ്ച 800 കോടി രൂപ ഗഗവണ്‍മെന്റ് അനുവദിച്ചു. പാഴ്‌ച്ചെലവാണെന്ന് കണക്കാക്കികൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെതിരെ നേരിടേണ്ടിവരുന്ന ചില വിമര്‍ശനങ്ങള്‍ക്ക് സമാനമായി ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയരില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളെ,
സുപ്രീം കോടതിയുടെ ചില ഡിജിറ്റല്‍ മുന്‍കൈകള്‍ അനാച്ഛാദനം ചെയ്യാനുള്ള അവസരവും ഇന്ന്, നിങ്ങള്‍ എനിക്ക് നല്‍കി. സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ ഇനി ഡിജിറ്റല്‍ രൂപത്തിലും പ്രാപ്യമാകുമെന്നതാണ് ഇപ്പോള്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ അര്‍ത്ഥമാക്കുന്നത്. പ്രാദേശിക ഭാഷകളിലേക്ക് സുപ്രീം കോടതി വിധികള്‍ വിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നത് നിരീക്ഷിക്കാനാകുന്നതിലും ഞാന്‍ സന്തുഷ്ടനാണ്. രാജ്യത്തെ മറ്റ് കോടതികളിലും ഇത്തരമൊരു സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

നീതി സുഗമമാക്കുന്നതിന് സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം എന്നതിന് ഈ പരിപാടി തന്നെ ഉദാഹരണമാണ്. ഞാന്‍ നടത്തുന്ന ഈ പ്രസംഗം തന്നെ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും, നിങ്ങളില്‍ ചിലര്‍ ഭാഷിണി ആപ്പ് വഴി അത് കേള്‍ക്കുകയും ചെയ്യുന്നു. ചില പ്രാരംഭ വെല്ലുവിളികള്‍ ഉണ്ടാകാമെങ്കിലും, സാങ്കേതികവിദ്യയുടെ ശ്രദ്ധേയമായ കഴിവുകളെ ഇത് ഉയര്‍ത്തിക്കാട്ടുന്നു. സമാനമായ സാങ്കേതികവിദ്യ നമ്മുടെ കോടതികളില്‍ ഉപയോഗിക്കുന്നത് സാധാരണ പൗരന്മാരുടെ ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ ഇല്ലാതാക്കും. കുറച്ച് കാലം മുമ്പ്, ലളിതമായ ഭാഷയില്‍ നിയമങ്ങള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ ഊന്നിപ്പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കോടതി ഉത്തരവുകള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

അമൃത് കാലിന്റെ കാലത്ത് നമ്മുടെ നിയമങ്ങളില്‍ ഭാരതീയതയുടെയും ആധുനികതയുടെയും അതേ സത്ത സന്നിവേശിപ്പിക്കേണ്ടത് ഒരുപോലെ നിര്‍ണ്ണായകമാണ്. നിലവിലെ സാഹചര്യങ്ങള്‍ക്കും മികച്ച സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി നിയമങ്ങള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. കാലഹരണപ്പെട്ട കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ അസാധുവാക്കിക്കൊണ്ട്, 'ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത', 'ഭാരതീയ ന്യായ സംഹിത', 'ഭാരതീയ സാക്ഷ്യ നിയമങ്ങള്‍' എന്നിവ ഗവണ്‍മെന്റ് അവതരിപ്പിച്ചു. ഈ മാറ്റങ്ങള്‍ കാരണം, നമ്മുടെ നിയമ, പോലീസിംഗ്, അന്വേഷണ സംവിധാനങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു, അത് വലിയൊരു പരിവര്‍ത്തനം കൊണ്ടുവരുന്നതാണ്. പുരാതന നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്ക് സുഗമമായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് സുഗമമാക്കുന്നതിന് ഗവണ്‍മെന്റ് ജീവനക്കാരുടെ പരിശീലനവും കാര്യശേഷി വര്‍ദ്ധിപ്പിക്കലും ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ എല്ലാ പങ്കാളികളുടേയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍കൈകളില്‍ മുഖ്യപങ്ക് വഹിക്കണമെന്ന് ഞാന്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനശിലയാണ് ശക്തമായ നീതിന്യായ വ്യവസ്ഥ. വിശ്വസനീയമായ ഒരു സംവിധാനം സ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഗവണ്‍മെന്റ് നിരന്തരം കൈക്കൊള്ളുന്നുണ്ട്, ജന്‍ വിശ്വാസ് ബില്‍ ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. നീതിന്യായ വ്യവസ്ഥയുടെ മേലുള്ള അനാവശ്യ ഭാരം ഭാവിയില്‍ ലഘൂകരിക്കാനും കെട്ടിക്കിടക്കുന്ന കേസുകളില്‍ പൂര്‍ത്തിയാകാത്തവയുടെ എണ്ണം (ബാക്ക്‌ലോഗ്)കുറയ്ക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. ബദല്‍ തര്‍ക്ക പരിഹാരത്തിനുള്ള മദ്ധ്യസ്ഥ നിയമത്തിനും ഗവണ്‍മെന്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്, അതുവഴി നമ്മുടെ നീതിന്യായവ്യവസ്ഥയുടെ, പ്രത്യേകിച്ച് സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ (കീഴ്‌കോടതികളുടെ) ഭാരം ലഘൂകരിക്കാനുമാകും.
സുഹൃത്തുക്കളെ,

2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. സുപ്രീം കോടതിയുടെ അടുത്ത 25 വര്‍ഷങ്ങത്തെ പങ്ക് ഈ യാത്രയില്‍ നിര്‍ണ്ണായകവും ക്രിയാത്മകവുമായ പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല. എനിക്ക് നല്‍കിയ ക്ഷണത്തിന് ഒരിക്കല്‍ കൂടി, ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഈ വര്‍ഷത്തെ പത്മ അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു വശത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയും ഏഷ്യയിലെ തന്നെ ആദ്യത്തെ മുസ്ലീം സുപ്രീം കോടതി ജഡ്ജിയുമായ ഫാത്തിമ ജിക്ക് ഞങ്ങള്‍ പത്മഭൂഷണ്‍ സമ്മാനിച്ചു. ഈ നേട്ടം എന്നില്‍ അപാരമായ അഭിമാനം നിറയ്ക്കുന്നു. വജ്രജൂബിലിക്ക് ഒരിക്കല്‍ കൂടി, ഞാന്‍ സുപ്രീം കോടതിയെ അഭിനന്ദിക്കുന്നു.

വളരെയധികം നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

--NS--


(Release ID: 2014500) Visitor Counter : 90