മന്ത്രിസഭ
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള 300 രൂപ സബ്‌സിഡി തുടരുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
10.27 കോടി പിഎംയുവൈ ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് സബ്‌സിഡി ലഭിക്കും
2024-25 ലെ മൊത്തം ചെലവ് 12,000 കോടി രൂപ
Posted On:
07 MAR 2024 7:44PM by PIB Thiruvananthpuram
പ്രധാൻമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ 14.2 കിലോ സിലിണ്ടറിന് ഒരു വർഷം 12 റീഫില്ലുകൾ വരെ സിലണ്ടർ ഒന്നിന് 300 രൂപ (5 കിലോ സിലിണ്ടറിന് ആനുപാതികമായി) സബ്‌സിഡി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2024 മാർച്ച് 1 ലെ കണക്കനുസരിച്ച് രാജ്യത്ത് 10.27 കോടിയിലധികം പിഎംയുവൈ ഗുണഭോക്താക്കൾ ഉണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം ചെലവ് 12,000 കോടി രൂപയായിരിക്കും. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് എത്തിക്കും.
ഗ്രാമീണരും , ദരിദ്രരുമായ പാവപ്പെട്ട കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾക്ക് ഡെപ്പോസിറ്റ് രഹിത എൽപിജി കണക്ഷനുകൾ വഴി ശുദ്ധമായ പാചക ഇന്ധനമായ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പിഎംയുവൈ ഗുണഭോക്താക്കളെ എൽപിജിയുടെ അന്താരാഷ്‌ട്ര വിലയിലെ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പിഎംയുവൈ ഉപഭോക്താക്കൾക്ക് എൽപിജി കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും അതുവഴി എൽപിജിയുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2022 മെയ് മാസത്തിൽ തുടക്കമെന്ന നിലയിൽ പിഎംയുവൈ ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 റീഫില്ലുകൾക്ക് (5 കിലോ കണക്ഷനുകൾക്ക് ആനുപാതികമായി റേറ്റുചെയ്‌തിരിക്കുന്നു) ഓരോ 14.2 കിലോ സിലിണ്ടറിനും 200 രൂപ സബ്സിഡിയാണ് അനുവദിച്ചത്. തുടർന്ന് 2023 ഒക്ടോബറിൽ സബ്‌സിഡി 300 രൂപയായി വർധിപ്പിച്ചു (5 കി.ഗ്രാം കണക്ഷനുകൾക്ക് ആനുപാതികമായി). 01.02.2024 ലെ കണക്കനുസരിച്ച്, പിഎംയുവൈ ഉപഭോക്താക്കൾക്ക് ഗാർഹിക എൽപിജിയുടെ യഥാർത്ഥ വില ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 603 രൂപയാണ്.
പിഎംയുവൈ ഉപഭോക്താക്കളുടെ ശരാശരി എൽപിജി ഉപഭോഗം 2019-20 ലെ 3.01 റീഫില്ലുകളിൽ നിന്ന് 29 ശതമാനം വർധിച്ച് 2023-24 വർഷത്തിൽ (2024 ജനുവരി വരെ) 3.87 റീഫില്ലുകളായി. എല്ലാ പിഎംയുവൈ ഗുണഭോക്താക്കൾക്കും ഈ നിശ്ചിത സബ്‌സിഡിക്ക് അർഹതയുണ്ട്.
SK
(Release ID: 2012474)
Visitor Counter : 111
Read this release in:
Bengali
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu