പരിസ്ഥിതി, വനം മന്ത്രാലയം

മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും - കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്

Posted On: 22 FEB 2024 9:05AM by PIB Thiruvananthpuram

കൽപറ്റ - വയനാട്ടിൽ കടുവയുടെയും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് സന്ദർശിച്ചു. രണ്ടു ദിവസത്തെ വയനാട് സന്ദർശനത്തിനായി ബംഗളൂരുവിൽ നിന്നെത്തിയ മന്ത്രി കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് നേരിട്ട് വരികയായിരുന്നു.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടകൊല്ലിയിലെ പ്രജിഷ്, ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കത്തെ വി. പി. പോൾ , മാനന്തവാടിയിലെ അജീഷ് പടമല എന്നിവരുടെ വീടുകളാണ് മന്ത്രി   സന്ദർശിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം അവർക്കും പ്രദേശവാസികൾക്കും പറയാനുള്ളത് കേൾക്കുകയും ചെയ്തു.

മനുഷ്യ-മൃഗ സംഘർഷം ഈ മേഖലയിലെ പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ശാസ്ത്രജ്ഞർക്കും രാഷ്ടിയമായും, ഭരണപരമായും എല്ലാ പിൻതുണയും സർക്കാർ നൽകും. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കർണ്ണാടക, കേരളം എന്നീ രണ്ടു സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നതിനാൽ രണ്ടു സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്.

ഫെബ്രുവരി 22 ന് പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരേയും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒ കളേയും കാണുന്നുണ്ട്, മന്ത്രി കൂട്ടി ചേർത്തു. ആ കൂടികാഴ്ചയ്ക്കു ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാം   എന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയും മനുഷ്യ ജീവനും ഒരുപോലെ പ്രധാനപ്പെട്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണന്ന പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപാടാണ് ഞങ്ങളെ നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങൾ സഹതാപം അർഹിക്കുന്നുവെങ്കിലും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യജീവൻ സംരക്ഷിക്കണം. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാരിൻ്റെ സഹായധനം കൃത്യമായും എത്തേണ്ടവരിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

********



(Release ID: 2007905) Visitor Counter : 67