പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 09 FEB 2024 11:09PM by PIB Thiruvananthpuram

ഗയാന പ്രധാനമന്ത്രി, ശ്രീ. മാര്‍ക്ക് ഫിലിപ്പ്, ശ്രീ വിനീത് ജെയിന്‍ ജി, വ്യവസായ പ്രമുഖര്‍, സി ഇ ഒമാര്‍, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ,

സുഹൃത്തുക്കളേ, ഈ വര്‍ഷത്തെ ഉച്ചകോടിക്കായി ഗ്ലോബല്‍ ബിസിനസ് സമ്മിറ്റിന്റെ ടീം വളരെ പ്രധാനപ്പെട്ട ഒരു പ്രമേയം തിരഞ്ഞെടുത്തു. ഈ പ്രമേയം തന്നെ വളരെ പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. തടസ്സം, വികസനം, വൈവിധ്യവല്‍ക്കരണം എന്നിവ ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദങ്ങളാണ്. തടസ്സം, വികസനം, വൈവിധ്യവല്‍ക്കരണം എന്നിവ ചര്‍ച്ചചെയ്യുമ്പോള്‍, ഇത് ഭാരതത്തിന്റെ സമയമാണെന്ന് എല്ലാവരും സമ്മതിക്കുന്നു - ഇത് ഇന്ത്യയുടെ സമയമാണ്. ലോകത്തിന് ഭാരതത്തിലുള്ള വിശ്വാസം തുടര്‍ച്ചയായി വളരുകയാണ്.  ദാവോസില്‍ പോലും ഭാരതത്തോടുള്ള അഭൂതപൂര്‍വമായ ആവേശം നാം കണ്ടു. അത് ഏതാണ്ട് കുംഭോത്സവത്തിന്റെ ഒത്തുചേരലിന് സമാനമായിരുന്നു. പക്ഷേ ഗംഗയിലെ ജലമല്ല മറ്റെന്തോ ആണ് അവിടെ ഒഴുകുന്നത് എന്നു മാത്രം. ദാവോസില്‍ പോലും ഭാരതത്തോട് മുന്‍പ് ഒരിക്കലും കാണാത്ത വിധമുള്ള ആവേശമാണ് കണ്ടത്. ഭാരതം അഭൂതപൂര്‍വമായ സാമ്പത്തിക വിജയഗാഥയാണെന്ന് ആരോ പറഞ്ഞു. ദാവോസില്‍ പറഞ്ഞ കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍ ഏറ്റുപറഞ്ഞു. ഭാരതത്തിന്റെ ഡിജിറ്റല്‍, ഭൗതിക അടിസ്ഥാന സൗകര്യ റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലാണെന്ന് ആരോ പറഞ്ഞു. ഭാരതത്തിന്റെ ആധിപത്യം അനുഭവിക്കാത്ത ഒരിടവും ഇപ്പോള്‍ ലോകത്ത് ഇല്ലെന്ന് ഒരു പ്രമുഖന്‍ പറഞ്ഞു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭാരതത്തിന്റെ കഴിവുകളെ ഒരു 'രോക്ഷാകുലനായ കാള'യോട് പോലും താരതമ്യം ചെയ്തു. ഭാരതം 10 വര്‍ഷം കൊണ്ട് രൂപാന്തരം പ്രാപിച്ചുവെന്ന ഒരു ചര്‍ച്ച ഇന്ന് ലോകത്തിലെ എല്ലാ വികസന വിദഗ്ധ ഗ്രൂപ്പുകളിലും ഉണ്ട്. ഒപ്പം വിനീത് ജിയും പല കാര്യങ്ങളും പരാമര്‍ശിച്ചു. ലോകത്തിന് ഇന്ന് ഭാരതത്തില്‍ എത്രമാത്രം വിശ്വാസമുണ്ടെന്ന് ഈ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ കഴിവുകളെക്കുറിച്ച് ലോകത്ത് ഇത്രയും പോസിറ്റീവ് വികാരം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പറഞ്ഞത് - ''ഇതാണ് സമയം, ശരിയായ സമയം''.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തിന്റെയും വികസന യാത്രയില്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്പോള്‍, ആ രാജ്യം വരും നൂറ്റാണ്ടുകള്‍ക്കായി ശക്തമാകുന്ന ഒരു കാലഘട്ടം വരുന്നു. ഇന്ന് ഭാരതത്തിനായി ആ സമയം വന്നതായി ഞാന്‍ കാണുന്നു. ഞാന്‍ ആയിരം വര്‍ഷത്തെക്കുറിച്ച് പറയുമ്പോള്‍, ഞാന്‍ അത് വളരെ വിവേകത്തോടെയാണ് ചെയ്യുന്നത്.  ഒരാള്‍ ആയിരം വാക്കുകള്‍ കേട്ടിട്ടില്ലെങ്കില്‍, അവന്‍ ആയിരം ദിവസം കേട്ടിട്ടില്ലെങ്കില്‍, ആയിരം വര്‍ഷങ്ങള്‍ അയാള്‍ക്ക് വളരെ നീണ്ടതായി തോന്നുന്നു, പക്ഷേ ഇതു കാണാന്‍ കഴിയുന്ന ചിലരുണ്ട്. ഈ കാലഘട്ടം - ഈ യുഗം - യഥാര്‍ത്ഥത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്താണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ 'വിര്‍ച്യുസ് സൈക്കിള്‍' തുടങ്ങി. നമ്മുടെ വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും നമ്മുടെ ധനക്കമ്മി കുറയുകയും ചെയ്യുന്ന സമയമാണിത്. നമ്മുടെ കയറ്റുമതി കൂടുകയും കറന്റ് അക്കൗണ്ട് കമ്മി കുറയുകയും ചെയ്യുന്ന സമയമാണിത്. നമ്മുടെ ഉല്‍പ്പാദന നിക്ഷേപം റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നതും പണപ്പെരുപ്പം നിയന്ത്രണവിധേയവുമായ സമയമാണിത്. അവസരങ്ങളും വരുമാനവും ഒരുപോലെ വര്‍ദ്ധിക്കുകയും ദാരിദ്ര്യം കുറയുകയും ചെയ്യുന്ന കാലമാണിത്. ഉപഭോഗവും കോര്‍പ്പറേറ്റ് ലാഭവും വര്‍ധിക്കുന്ന സമയമാണിത്, ബാങ്ക് എന്‍ പി എകളില്‍ റെക്കോര്‍ഡ് കുറവുണ്ടായി. ഉത്പ്പാദനവും ഉത്പ്പാദനക്ഷമതയും ഒരുപോലെ വര്‍ധിക്കുന്ന കാലമാണിത്. നമ്മുടെ വിമര്‍ശകര്‍ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്ന സമയമാണിത്.

സുഹൃത്തുക്കളേ,

ഇത്തവണത്തെ ഇടക്കാല ബജറ്റിന് വിദഗ്ധരില്‍ നിന്നും മാധ്യമങ്ങളിലെ സുഹൃത്തുക്കളില്‍ നിന്നും വലിയ പ്രശംസയും ലഭിച്ചു. ഇതൊരു ജനകീയ ബജറ്റല്ലെന്നും ഇതും പ്രശംസയ്ക്ക് കാരണമാണെന്നും നിരവധി വിശകലന വിദഗ്ധര്‍ ഇതിനെ അഭിനന്ദിച്ചു. ഈ അവലോകനത്തിന് ഞാന്‍ അവരോട് നന്ദി പറയുന്നു. എന്നാല്‍ അവരുടെ വിലയിരുത്തലിലേക്ക് ചില പോയിന്റുകള്‍ കൂടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ചില അടിസ്ഥാന വശങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ബജറ്റിനെക്കുറിച്ചോ മൊത്തത്തിലുള്ള നയരൂപീകരണത്തെക്കുറിച്ചോ നിങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെങ്കില്‍, അതില്‍ ചില ആദ്യ തത്ത്വങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കും. ആ ആദ്യ തത്വങ്ങള്‍ ഇവയാണ് -- ഭദ്രത, സ്ഥിരത, തുടര്‍ച്ച, ഈ ബജറ്റും അതിന്റെ ഒരു വിപുലീകരിച്ച രൂപമാണ്.

സുഹൃത്തുക്കളേ,

ഒരാളെ പരിശോധനാ വിധേയനാക്കേണ്ടി വരുമ്പോള്‍, ബുദ്ധിമുട്ടുള്ളതോ വെല്ലുവിളി നിറഞ്ഞതോ ആയ സമയങ്ങളില്‍ മാത്രമേ അദ്ദേഹത്തെ പരിശോധിക്കാന്‍ കഴിയൂ. COVID-19 മഹാമാരിയും അതിനെ തുടര്‍ന്നുള്ള കാലഘട്ടവും ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ക്ക് ഒരു പ്രധാന പരീക്ഷണ ഘട്ടമായിരുന്നു. ആരോഗ്യവും സമ്പദ്വ്യവസ്ഥയും എന്ന ഇരട്ട വെല്ലുവിളിയെ എങ്ങനെ നേരിടണമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ലായിരുന്നു. ആ സമയത്ത് ... ആ ദിവസങ്ങള്‍ ഓര്‍ക്കുക, ഞാന്‍ ടെലിവിഷനില്‍ രാജ്യവുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍ ഓരോ നിമിഷവും ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ആ ആദ്യ ദിവസങ്ങളില്‍, ജീവന്‍ രക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞു, 'ജീവനുണ്ടെങ്കില്‍, ലോകമുണ്ട്.' നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ജീവന്‍ രക്ഷിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നതിനും ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനുമായി ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തി. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കി. ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വാക്സിനുകള്‍ ഓരോ ഇന്ത്യക്കാരനിലേക്കും വേഗത്തില്‍ എത്തുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഈ പ്രചാരണം ശക്തി പ്രാപിച്ചപ്പോള്‍ തന്നെ... ഞങ്ങള്‍ പറഞ്ഞു, 'ജീവനുണ്ട്, ലോകവുമുണ്ട്.'

ആരോഗ്യത്തിന്റെയും ഉപജീവനത്തിന്റെയും ആവശ്യങ്ങളെ ഞങ്ങള്‍ ഒരേസമയം അഭിസംബോധന ചെയ്തു. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ട് പണം അയച്ചു... വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഞങ്ങള്‍ സാമ്പത്തിക സഹായം നല്‍കി, കൃഷിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്തു. ദുരന്തത്തെ അവസരമാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്റെ മാധ്യമ സഹപ്രവര്‍ത്തകര്‍ക്ക് അന്നത്തെ പത്രങ്ങള്‍ പരിശോധിക്കാം... അക്കാലത്ത് പണം അച്ചടിക്കാനും കറന്‍സി നോട്ടുകള്‍ ഇറക്കാനും ഡിമാന്‍ഡ് കൂടാനും വന്‍കിട വ്യവസായികളെ സഹായിക്കാനുമൊക്കെയായിരുന്നു പല പ്രമുഖരുടെയും അഭിപ്രായം. വ്യവസായ സ്ഥാപനങ്ങളിലെ ആളുകള്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും, അവര്‍ ഇന്നും അത് ചെയ്യും. നൊബേല്‍ സമ്മാന ജേതാക്കള്‍ പോലും എന്നോട് പറയുന്നത് ഇതുതന്നെയായിരുന്നു, എല്ലായിടത്തും ഇതായിരുന്നു ട്രെന്‍ഡ്. ലോകമെമ്പാടുമുള്ള പല സര്‍ക്കാരുകളും ഈ പാത സ്വീകരിച്ചു. എന്നാല്‍ ഈ നടപടിയില്‍ നിന്ന് നല്ലതൊന്നും ഉണ്ടായില്ല. എന്നിരുന്നാലും, നമ്മുടെ സ്വന്തം തീരുമാനങ്ങള്‍ക്കനുസൃതമായി നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നയിക്കാനും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ആ രാജ്യങ്ങളുടെ അവസ്ഥ. അവര്‍ തിരഞ്ഞെടുത്ത വഴിയുടെ പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴും ഉണ്ട്. ഞങ്ങളെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പല ശ്രമങ്ങളും നടത്തി. ലോകം പറയുന്നതും ലോകം ചെയ്യുന്നതും പിന്തുടരാനുള്ള വളരെ എളുപ്പമുള്ള ഒരു നടപടി കൂടിയായിരുന്നു അത്. പക്ഷേ, അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു... ഞങ്ങള്‍ക്ക് മനസ്സിലായി... ഞങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഞങ്ങളുടെ വിവേചനാധികാരത്തില്‍ ഞങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തു. അതിന്റെ ഫലമാണ് ഇന്ന് നമ്മുടെ ചുവടുകളെ ലോകം വാഴ്ത്തുന്നത്. ലോകം അതിനെ അഭിനന്ദിക്കുന്നു. ചോദ്യം ചെയ്യപ്പെട്ട നയങ്ങള്‍ കാര്യക്ഷമമായി മാറി. അതുകൊണ്ടാണ് ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ഇന്ന് ശക്തമായ നിലയിലായത്.

സുഹൃത്തുക്കളേ,

ഞങ്ങള്‍ ഒരു ക്ഷേമരാഷ്ട്രമാണ്. സാധാരണക്കാരന്റെ ജീവിതം സുഗമമാക്കുക, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങള്‍ പുതിയ സ്‌കീമുകള്‍ സൃഷ്ടിച്ചു, എന്നാല്‍ ഈ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ള എല്ലാ ഗുണഭോക്താവിലും എത്തുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

വര്‍ത്തമാനകാലത്ത് മാത്രമല്ല, രാജ്യത്തിന്റെ ഭാവിയിലും ഞങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, നമ്മുടെ സര്‍ക്കാരിന്റെ ഓരോ ബജറ്റിലും നാല് പ്രധാന ഘടകങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കും. ഒന്നാമത്തേത് - മൂലധനച്ചെലവിന്റെ രൂപത്തില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനച്ചെലവ്, രണ്ടാമത്തേത് - ക്ഷേമപദ്ധതികളിലെ അഭൂതപൂര്‍വമായ നിക്ഷേപം, മൂന്നാമത് - പാഴ്‌ച്ചെലവുകള്‍ക്ക് മേലുള്ള നിയന്ത്രണം, നാലാമത് - സാമ്പത്തിക അച്ചടക്കം. ഈ നാല് വശങ്ങളും ഞങ്ങള്‍ സന്തുലിതമാക്കി, അവയിലെല്ലാം ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ട്. ചിലര്‍ ഇന്ന് ഞങ്ങളോട് ചോദിക്കുന്നു, ഞങ്ങള്‍ അത് എങ്ങനെ ചെയ്തുവെന്ന്. ഈ ചോദ്യത്തോട് എനിക്ക് പല തരത്തില്‍ പ്രതികരിക്കാന്‍ കഴിയും, ഒരു പ്രധാന മാര്‍ഗ്ഗം 'മിച്ചം പിടിച്ച പണം സമ്പാദിച്ച പണമാണ്' എന്ന മന്ത്രം. പ്രോജക്റ്റുകള്‍ വേഗത്തിലും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിലൂടെ, രാജ്യത്തിനായി ഞങ്ങള്‍ ഗണ്യമായ തുക ലാഭിച്ചു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം തരാം. ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി 2008-ലാണ് ആരംഭിച്ചത്. മുന്‍ സര്‍ക്കാര്‍ അതിവേഗം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അതിന്റെ ചെലവ് 16,500 കോടി രൂപയാകുമായിരുന്നു. എന്നിരുന്നാലും, ഇത് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി, അപ്പോഴേക്കും അതിന്റെ ചെലവ് 50,000 കോടി രൂപയായി ഉയര്‍ന്നു. അതുപോലെ അസമിലെ ബോഗിബീല്‍ പാലവും നിങ്ങള്‍ക്ക് പരിചിതമാണ്. 1998 ല്‍ ആരംഭിച്ച ഇത് 1100 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും; വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ (അധികാരത്തില്‍) വന്നപ്പോള്‍, ഞങ്ങള്‍ അത് വേഗത്തിലാക്കി. 1998 മുതല്‍ അത് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഞങ്ങള്‍ അത് 2018-ല്‍ പൂര്‍ത്തിയാക്കി. എന്നിട്ടും, 1100 കോടി രൂപയുടെ പദ്ധതി അവസാനിച്ചത് 5000 കോടി രൂപയിലധികം ചെലവാക്കിയാണ്! അത്തരം നിരവധി പദ്ധതികള്‍ എനിക്ക് എണ്ണാന്‍ കഴിയും. നേരത്തെ പാഴാക്കുന്ന പണം, ആരുടെ പണമായിരുന്നു? ആ പണം ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പോക്കറ്റില്‍ നിന്നല്ല; അത് രാജ്യത്തിന്റെ പണമായിരുന്നു, നികുതിദായകരുടെ പണമായിരുന്നു, നിങ്ങളുടെ പണമായിരുന്നു. നികുതിദായകരുടെ പണത്തോട് ഞങ്ങള്‍ ബഹുമാനം കാണിച്ചു, പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രയോഗിക്കുകയും ചെയ്തു. എത്ര പെട്ടെന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചതെന്ന് നോക്കൂ. അത് കര്‍ത്തവ്യ പാതയോ മുംബൈയിലെ അടല്‍ സേതുവോ ആകട്ടെ, അവയുടെ നിര്‍മ്മാണത്തിന്റെ വേഗതയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് രാജ്യം പറയുന്നത് - മോദി പദ്ധതിയുടെ തറക്കല്ലിടുന്നു, മോദിയും ഉദ്ഘാടനം ചെയ്യുന്നു.


സുഹൃത്തുക്കളേ,

സംവിധാനത്തില്‍ സുതാര്യത കൊണ്ടുവന്നും സാങ്കേതികവിദ്യ ഉപയോഗിച്ചും നമ്മുടെ സര്‍ക്കാര്‍ രാജ്യത്തിന്റെ പണം ലാഭിച്ചു. നിങ്ങള്‍ക്ക് ഊഹിക്കാം... കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലം മുതല്‍ പത്രങ്ങളില്‍ 10 കോടി വ്യാജ ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നു... തട്ടിപ്പ് ഗുണഭോക്താക്കളായ 10 കോടി പേരുകള്‍ വര്‍ഷങ്ങളോളം തുടര്‍ന്നുവെന്ന് കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും... ഗുണഭോക്താക്കള്‍ ആര്‍. ഒരിക്കലും ജനിച്ചിട്ടില്ല! ഒരിക്കലും ജനിക്കാത്ത വിധവകള്‍ ഉണ്ടായിരുന്നു. പത്തു കോടി! അത്തരം 10 കോടി വ്യാജ പേരുകള്‍ ഞങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഞങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം ആരംഭിച്ചു. പണത്തിന്റെ ചോര്‍ച്ച ഞങ്ങള്‍ തടഞ്ഞു. ഒരിക്കല്‍ ഒരു പ്രധാനമന്ത്രി പറഞ്ഞു, 1 രൂപ (കേന്ദ്രത്തില്‍ നിന്ന്) അനുവദിച്ചാല്‍ 15 പൈസ മാത്രമേ ഗുണഭോക്താവിന് ലഭിക്കൂ. ഞങ്ങള്‍ ഡയറക്ട് ട്രാന്‍സ്ഫര്‍ നടപ്പിലാക്കി, ഇന്ന് 1 രൂപ (കേന്ദ്രം) അനുവദിച്ചാല്‍, 100 പൈസ (ഗുണഭോക്താക്കള്‍ക്ക്), 99 (പൈസ) പോലും ഇല്ല. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീമിന്റെ ഫലം രാജ്യത്ത് തെറ്റായ കൈകളിലേക്ക് പോകുന്നതില്‍ നിന്ന് ഏകദേശം 3 ലക്ഷം കോടി രൂപ ലാഭിച്ചു എന്നതാണ്. സര്‍ക്കാര്‍ സംഭരണത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ഞങ്ങളുടെ സര്‍ക്കാര്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജിഇഎം) പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. GeM സമയം ലാഭിക്കുക മാത്രമല്ല, സംഭരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. പലരും അതിലൂടെ ഇന്ന് വിതരണക്കാരായി മാറിയിട്ടുണ്ട്. ഏകദേശം 65,000 കോടി രൂപയാണ് ജിഇഎമ്മിലൂടെ ലാഭിച്ചത്. 65,000 കോടി രൂപയുടെ ലാഭം! എണ്ണ സംഭരണം ഞങ്ങള്‍ വൈവിധ്യവത്കരിക്കുകയും 25,000 കോടി രൂപ ലാഭിക്കുകയും ചെയ്തു. ഈ തീരുമാനത്തില്‍ നിന്ന് നിങ്ങള്‍ ദിവസവും പ്രയോജനം നേടുന്നു. കഴിഞ്ഞ വര്‍ഷം പെട്രോളില്‍ എത്തനോള്‍ കലര്‍ത്തി 24,000 കോടി രൂപ ലാഭിച്ചു. മാത്രവുമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വൃത്തിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന 'സ്വച്ഛതാ അഭിയാന്‍' (ശുചിത്വ കാമ്പയിന്‍) ചിലര്‍ കളിയാക്കുന്നു. ശുചീകരണ യജ്ഞത്തിന്‍ കീഴില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ സര്‍ക്കാര്‍ കെട്ടിടങ്ങളിലെ അവശിഷ്ടങ്ങള്‍ വിറ്റ് ഞാന്‍ 1100 കോടി രൂപ സമ്പാദിച്ചു.

സുഹൃത്തുക്കളേ,

രാജ്യത്തെ പൗരന്മാര്‍ക്ക് പണം ലാഭിക്കുന്ന വിധത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്. ജല്‍ ജീവന്‍ മിഷന്‍ മൂലം പാവപ്പെട്ടവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഇന്ന് സാധ്യമായി. തല്‍ഫലമായി, അവരുടെ രോഗങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ പാവപ്പെട്ടവരെ ഒരു ലക്ഷം കോടി രൂപ ചെലവില്‍ നിന്ന് രക്ഷിക്കുകയും അവരുടെ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. പി എം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ക്ക് 80% കിഴിവ്, നമ്മുടെ രാജ്യത്ത് ഡിസ്‌കൗണ്ടുകള്‍ വളരെ പ്രധാനമാണ്. എത്ര നല്ല സ്റ്റോര്‍ ആയാലും സാധനം ആയാലും തൊട്ടടുത്ത് 10% ഡിസ്‌കൗണ്ട് ഉണ്ടെങ്കില്‍ എല്ലാ സ്ത്രീകളും അവിടെ പോകും. 80% കിഴിവോടെ, രാജ്യത്തെ ഇടത്തരക്കാര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഞങ്ങള്‍ മരുന്നുകള്‍ നല്‍കുന്നു. 80% കിഴിവ് ലഭിച്ചതിനാല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയവര്‍് 30,000 കോടി രൂപ ലാഭിച്ചു.

സുഹൃത്തുക്കളേ,

ഇപ്പോഴത്തെ തലമുറയോട് മാത്രമല്ല, വരും തലമുറകളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്. എന്റെ ദൈനംദിന ജീവിതം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


സുഹൃത്തുക്കളേ,

കുറച്ച് അധിക വോട്ടുകള്‍ നേടുന്നതിനായി ഖജനാവ് കാലിയാക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് ഞാന്‍ വളരെ അകലെയാണ്. അതിനാല്‍, ഞങ്ങളുടെ നയങ്ങളിലും തീരുമാനങ്ങളിലും ഞങ്ങള്‍ സാമ്പത്തിക മാനേജ്‌മെന്റിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം പറയാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം താങ്കള്‍ക്ക് അറിയാമല്ലോ. ആ സമീപനം രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. എന്റെ സമീപനം അവരില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ സര്‍ക്കാര്‍ ഒരു കോടി വീടുകള്‍ക്കായി റൂഫ്ടോപ്പ് സോളാര്‍ സ്‌കീം അവതരിപ്പിച്ചതായി നിങ്ങള്‍ക്കറിയാം. ഈ പദ്ധതിയിലൂടെ ആളുകള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അവരുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യമായി കുറയ്ക്കാനും അധിക വൈദ്യുതി വിറ്റ് പണം സമ്പാദിക്കാനും കഴിയും. ഉജാല (എല്ലാവര്‍ക്കും താങ്ങാനാവുന്ന എല്‍ഇഡി നല്‍കുന്ന ഉന്നത്ത് ജ്യോതി) പദ്ധതി നടപ്പാക്കി, ഞങ്ങള്‍ വിലകുറഞ്ഞ എല്‍ഇഡി ബള്‍ബുകള്‍ നല്‍കി... മുന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 400 രൂപയ്ക്ക് എല്‍ഇഡി ബള്‍ബുകള്‍ ലഭ്യമായിരുന്നു. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്ഥിതി മാറി, എല്‍ഇഡി ബള്‍ബുകള്‍ 40-50 രൂപയ്ക്ക്, അതേ ഗുണനിലവാരത്തില്‍, അതേ കമ്പനിയില്‍ നിന്ന് ലഭിക്കാന്‍ തുടങ്ങി. എല്‍ഇഡി ബള്‍ബുകള്‍ മൂലം ജനങ്ങള്‍ തങ്ങളുടെ വൈദ്യുതി ബില്ലില്‍ 20,000 കോടിയോളം ലാഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

പരിചയസമ്പന്നരായ എത്രയോ പത്രപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. 'ഗരീബി ഹഠാവോ' (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം) മുദ്രാവാക്യങ്ങള്‍ ഏഴു പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് രാവും പകലും പ്രതിധ്വനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഈ മുദ്രാവാക്യങ്ങള്‍ക്കിടയില്‍, ദാരിദ്ര്യം ലഘൂകരിക്കപ്പെട്ടില്ല, എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ഉപദേശങ്ങള്‍ നല്‍കുന്ന ഒരു വ്യവസായം സൃഷ്ടിച്ചു. അവര്‍ അതില്‍ നിന്ന് സമ്പാദിച്ചു. അവര്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ തുനിഞ്ഞു. ഈ വ്യവസായത്തില്‍ നിന്നുള്ള ആളുകള്‍ ഓരോ തവണയും ദാരിദ്ര്യം ഇല്ലാതാക്കാന്‍ പുതിയ സൂത്രവാക്യങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു, സ്വയം കോടീശ്വരന്മാരായി, പക്ഷേ രാജ്യത്തിന് ദാരിദ്ര്യം ലഘൂകരിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങളോളം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സൂത്രവാക്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ നടന്നിരുന്നു, അതില്‍ വീഞ്ഞും ചീസും ഉണ്ടായിരുന്നു, ദരിദ്രര്‍ ദരിദ്രരായി തുടര്‍ന്നു. എന്നാല്‍, 2014ന് ശേഷം പാവപ്പെട്ടവന്റെ മകന്‍ പ്രധാനമന്ത്രിയായതോടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യവസായം പൂട്ടി. ദാരിദ്ര്യത്തില്‍ നിന്നാണ് ഞാന്‍ ഇവിടെയെത്തിയത്, അതിനാല്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടം എങ്ങനെയാണെന്ന് എനിക്കറിയാം. നമ്മുടെ ഗവണ്‍മെന്റ് ദാരിദ്ര്യത്തിനെതിരായ കാമ്പയിന്‍ ആരംഭിച്ചു. ഞങ്ങള്‍ എല്ലാ ദിശയിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി, അതിന്റെ ഫലമായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. നമ്മുടെ സര്‍ക്കാരിന്റെ നയങ്ങള്‍ ശരിയാണെന്നും നമ്മുടെ സര്‍ക്കാരിന്റെ ദിശ ശരിയാണെന്നും ഇത് കാണിക്കുന്നു. ഈ ദിശയില്‍ മുന്നോട്ട് പോകുമ്പോള്‍, രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കുകയും നമ്മുടെ രാജ്യത്തെ വികസിതമാക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

നമ്മുടെ ഭരണമാതൃക ഒരേസമയം രണ്ട് മേഖലകളില്‍ മുന്നേറുകയാണ്. ഒരു വശത്ത്, നമുക്ക് പാരമ്പര്യമായി ലഭിച്ച ഇരുപതാം നൂറ്റാണ്ടിലെ വെല്ലുവിളികളെ ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നു. മറുവശത്ത്, 21-ാം നൂറ്റാണ്ടിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ ഒരു ജോലിയും വളരെ ചെറുതായി കണക്കാക്കിയിട്ടില്ല. നേരെമറിച്ച്, ഞങ്ങള്‍ ഏറ്റവും വലിയ വെല്ലുവിളികളെപ്പോലും അഭിമുഖീകരിക്കുകയും അഭിലാഷ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്തു.  11 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള നമ്മുടെ സര്‍ക്കാര്‍, ബഹിരാകാശ മേഖലയിലും പുതിയ സാധ്യതകള്‍ സൃഷ്ടിച്ചു. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് 4 കോടി വീടുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പതിനായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകളും ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ സര്‍ക്കാര്‍ 300-ലധികം മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, ചരക്ക്, പ്രതിരോധ ഇടനാഴികളുടെ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ പതിനായിരത്തോളം ഇലക്ട്രിക് ബസുകളും ഞങ്ങള്‍ തുടങ്ങി. ഞങ്ങളുടെ സര്‍ക്കാര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുമ്പോള്‍, ഡിജിറ്റല്‍ ഇന്ത്യ, ഫിന്‍ടെക് സേവനങ്ങള്‍ എന്നിവയിലൂടെ ഞങ്ങള്‍ സൗകര്യങ്ങളുടെ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കി. 


സുഹൃത്തുക്കളേ,

രാജ്യത്തുടനീളമുള്ള ആദരണീയരായ ചിന്തകരും അന്താരാഷ്ട്ര സമൂഹത്തിലെയും ബിസിനസ് ലോകത്തെയും പ്രശസ്തരായ വ്യക്തികളും ഈ ഹാളില്‍ ഉണ്ട്. നിങ്ങളുടെ സ്ഥാപനത്തിന് നിങ്ങള്‍ എങ്ങനെയാണ് ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത്, വിജയത്തിന്റെ നിങ്ങളുടെ നിര്‍വ്വചനം എന്താണ്? 10-ല്‍ നിന്ന് 12, 13, അല്ലെങ്കില്‍ 15-ല്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം എവിടെയായിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചതെന്ന് പലരും പറയും. 5-10 ശതമാനം വളര്‍ച്ചയുണ്ടെങ്കില്‍, അത് പലപ്പോഴും നല്ലതായി കണക്കാക്കപ്പെടുന്നു. ഇതാണ് 'വര്‍ദ്ധിച്ചുവരുന്ന ചിന്തയുടെ ശാപം' എന്ന് ഞാന്‍ പറയും. നിങ്ങള്‍ സ്വയം പരിമിതപ്പെടുത്തുന്നതിനാല്‍ ഇത് തെറ്റാണ്. കാരണം നിങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസത്തോടെയല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നത്. ഞാന്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഓര്‍ക്കുന്നു; നമ്മുടെ ബ്യൂറോക്രസിയും ഈ ചിന്താഗതിയില്‍ കുടുങ്ങി. ബ്യൂറോക്രസിയെ ഈ ചിന്തയില്‍ നിന്ന് മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു, അങ്ങനെ രാജ്യം ഒരു പുതിയ ചിന്താഗതിയില്‍ മുന്നോട്ട് പോയി. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് വളരെ വേഗത്തിലും വലിയ തോതിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ സമീപനത്തിന്റെ ഫലങ്ങളാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ ചെയ്യാത്ത ജോലികള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള നിരവധി മേഖലകളുണ്ട്. അതായത്, 7 പതിറ്റാണ്ടിനെ 1 ദശാബ്ദമായി താരതമ്യം ചെയ്താല്‍... 2014 വരെ ഏകദേശം 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ക്ക് ഏഴു പതിറ്റാണ്ടിനിടെ വൈദ്യുതീകരണം നടത്തി. ഏഴു പതിറ്റാണ്ടിനിടെ 20,000 കിലോമീറ്റര്‍! ഞങ്ങളുടെ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍, 40,000 കിലോമീറ്ററിലധികം റെയില്‍വേ ലൈനുകള്‍ ഞങ്ങള്‍ വൈദ്യുതീകരിച്ചു. ഇനി പറയൂ, എന്തെങ്കിലും താരതമ്യമുണ്ടോ? ഞാന്‍ മെയ് മാസത്തെ കുറിച്ച് പറയുന്നില്ല (കാരണം തിരഞ്ഞെടുപ്പ് അപ്പോള്‍ നടക്കും). 2014 വരെ, ഏകദേശം 18,000 കിലോമീറ്റര്‍ നാല് പാതയോ അതില്‍ കൂടുതലോ ഉള്ള ദേശീയ പാതകള്‍ ഏഴ് പതിറ്റാണ്ടിനിടെ നിര്‍മ്മിച്ചു. 18,000 കിലോമീറ്റര്‍ മാത്രം! ഞങ്ങളുടെ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ ഞങ്ങള്‍ ഏകദേശം 30,000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിച്ചു. 70 വര്‍ഷം കൊണ്ട് 18,000 കിലോമീറ്ററും 10 വര്‍ഷം കൊണ്ട് 30,000 കിലോമീറ്ററും! വര്‍ദ്ധിച്ചുവരുന്ന ചിന്തയോടെ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ഞാന്‍ എവിടെ എത്തുമായിരുന്നു?

സുഹൃത്തുക്കളേ,

2014 വരെ, ഏഴു പതിറ്റാണ്ടിനുള്ളില്‍ 250 കിലോമീറ്ററില്‍ താഴെയുള്ള മെട്രോ റെയില്‍ ശൃംഖല ഭാരതത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, 650 കിലോമീറ്ററിലധികം പുതിയ മെട്രോ റെയില്‍ ശൃംഖല ഞങ്ങള്‍ നിര്‍മ്മിച്ചു. 2014 വരെ, ഏഴു പതിറ്റാണ്ടിനിടെ ഭാരതത്തിലെ ഏകദേശം 3.5 കോടി കുടുംബങ്ങളിലേക്ക് പൈപ്പ് ജല കണക്ഷനുകള്‍ എത്തി... ഏകദേശം 3.5 കോടി! ഞങ്ങള്‍ 2019-ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം ഗ്രാമപ്രദേശങ്ങളിലെ 10 കോടിയിലധികം കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ പൈപ്പ് വെള്ളം നല്‍കി.

സുഹൃത്തുക്കളേ,

2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍, അത് പിന്തുടരുന്ന നയങ്ങള്‍ കൊണ്ട് രാജ്യം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക നാശത്തിലേക്ക് നീങ്ങുകയായിരുന്നു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞങ്ങള്‍ ധവളപത്രം അവതരിപ്പിച്ചു. ഇന്ന് അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഇന്ന് ഇവിടെ ഇത്രയധികം പ്രേക്ഷകര്‍ ഉള്ളതിനാല്‍ ഞാനും എന്റെ ചിന്തകള്‍ പ്രകടിപ്പിക്കട്ടെ. ഇന്ന് ഞാന്‍ കൊണ്ടുവന്ന ഈ ധവളപത്രം 2014ലും കൊണ്ടുവരാമായിരുന്നു. എനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കണമെങ്കില്‍ 10 വര്‍ഷം മുമ്പ് ആ കണക്കുകള്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ 2014-ല്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാ കോണുകളില്‍ നിന്നും സമ്പദ്വ്യവസ്ഥ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. അഴിമതിയും നയപരമായ തളര്‍ച്ചയും മൂലം ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ആ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നെങ്കില്‍, ഒരു ചെറിയ തെറ്റായ സൂചന പോലും രാജ്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമായിരുന്നു. ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയും വീണ്ടെടുക്കല്‍ അസാധ്യമല്ലെന്ന് വിശ്വസിക്കുകയും ചെയ്യും. ഒരു രോഗി തനിക്ക് ഗുരുതരമായ രോഗമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍, അവന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോകുന്നു. രാജ്യത്തിനും ഇതുതന്നെ സംഭവിക്കുമായിരുന്നു.

എല്ലാം തുറന്നുകാട്ടുന്നത് രാഷ്ട്രീയമായി എനിക്ക് അനുയോജ്യമാകുമായിരുന്നു. രാഷ്ട്രീയം എന്നെ അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, പക്ഷേ ദേശീയ താല്‍പ്പര്യം എന്നെ അതിന് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിന്റെ പാത ഉപേക്ഷിച്ച് ദേശീയ താല്‍പ്പര്യത്തിന്റെ പാത തിരഞ്ഞെടുത്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, സ്ഥിതിഗതികള്‍ കൂടുതല്‍ ശക്തമാകുകയും, ഏത് ആക്രമണത്തെയും നേരിടാന്‍ ഞങ്ങള്‍ സജ്ജരായിരിക്കുകയും ചെയ്തപ്പോള്‍, ഞാന്‍ രാജ്യത്തോട് സത്യം പറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇന്നലെ പാര്‍ലമെന്റില്‍ ധവളപത്രം അവതരിപ്പിച്ചത്. അത് നോക്കിയാല്‍ അറിയാം നമ്മള്‍ എവിടെ ആയിരുന്നു എന്നും എത്രയോ പ്രതിസന്ധികള്‍ തരണം ചെയ്ത് ഇന്ന് എങ്ങനെ ഇവിടെ എത്തിയിരിക്കുന്നു എന്ന്.


സുഹൃത്തുക്കളേ,

ഇന്ന് നിങ്ങള്‍ ഭാരതത്തില്‍ പുരോഗതിയുടെ ഒരു പുതിയ ഉയരത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ (ഉടന്‍) എന്ന് വിനീത് ജി ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പിന്നെ ആര്‍ക്കും അതില്‍ ഒരു സംശയവും ഇല്ല. വിനീത് ജി വളരെ വിനയത്തോടെയാണ് സംസാരിക്കുന്നത്, അദ്ദേഹം വളരെ മൃദു മനോഭാവമുള്ള വ്യക്തിയാണ്. എങ്കിലും, നിങ്ങള്‍ക്കെല്ലാവര്‍ക്കും അതില്‍ വിശ്വാസമുണ്ട്. അതെ, ഞങ്ങള്‍ മൂന്നാം സ്ഥാനത്ത് എത്തും, എന്തുകൊണ്ട്? ഞാന്‍ അദ്ദേഹത്തിന്റെ അരികിലാണ് ഇരുന്നത്. ഞങ്ങളുടെ മൂന്നാം ടേമില്‍ നമ്മുടെ രാജ്യം ലോക സമ്പദ്വ്യവസ്ഥയിലെ മൂന്നാം സ്ഥാനത്തെത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. സുഹൃത്തുക്കളേ, ഇതിന് തയ്യാറാകൂ, ഞാന്‍ ഒന്നും മറച്ചുവെക്കുന്നില്ല. എല്ലാവര്‍ക്കും തയ്യാറെടുക്കാന്‍ ഞാന്‍ അവസരം നല്‍കുന്നു. എന്നാല്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഒരു രാഷ്ട്രീയക്കാരനായതിനാല്‍ ഞാന്‍ സംസാരിക്കുന്നു എന്നാണ്. പക്ഷെ ഇപ്പോള്‍ അനുഭവം കിട്ടിയതിനാല്‍ കാരണം കൂടാതെ സംസാരിക്കാറില്ല. അതുകൊണ്ടാണ് മൂന്നാം ടേമില്‍ ഇതിലും വലിയ തീരുമാനങ്ങള്‍ വരുമെന്ന് ഞാന്‍ പറയുന്നത്.

ഭാരതത്തിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ഓരോ ദിശയിലും ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കും, രാജ്യത്തെ എവിടേക്ക് കൊണ്ടുപോകും എന്നതിന്റെ മുഴുവന്‍ റോഡ്മാപ്പും ഞാന്‍ ചാര്‍ട്ട് ചെയ്യുന്നു. 15 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് എനിക്ക് വിവിധ മാര്‍ഗങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. 15 ലക്ഷത്തിലധികം ആളുകളുടെ നിര്‍ദ്ദേശങ്ങളില്‍ ഞാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. അതിനെക്കുറിച്ച് ഞാന്‍ മുമ്പ് ഒരു പ്രസ് നോട്ട് ഇറക്കിയിട്ടില്ല; ഇതാദ്യമായാണ് ഞാന്‍ അത് പരാമര്‍ശിക്കുന്നത്. അതിനായുളള ജോലി പുരോഗമിക്കുന്നു, അടുത്ത 20-30 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് അതിന്റെ അന്തിമരൂപം കൈക്കൊള്ളും. 'നയാ ഭാരതം' (പുതിയ ഇന്ത്യ) ഇതുപോലെ സൂപ്പര്‍ സ്പീഡില്‍ പ്രവര്‍ത്തിക്കും... ഇതാണ് മോദിയുടെ ഉറപ്പ്. ഈ ഉച്ചകോടിയില്‍ നല്ല ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരും, അത് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റോഡ്മാപ്പില്‍ നമ്മെ സഹായിക്കും. ഒരിക്കല്‍ കൂടി, ഈ പരിപാടിയില്‍ ഏവര്‍ക്കും എന്റെ ആശംസകള്‍.

വളരെ നന്ദി.

--NS--



(Release ID: 2006853) Visitor Counter : 35