പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 FEB 2024 3:10PM by PIB Thiruvananthpuram

ബഹുമാന്യരേ, മഹതികളേ മാന്യ വ്യക്തിത്വങ്ങളേ, നമസ്‌കാരം.

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. IEA അതിന്റെ സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ നാഴികക്കല്ലിന് അഭിനന്ദനങ്ങള്‍. ഈ മീറ്റിംഗില്‍ സഹ-അധ്യക്ഷനാക്കിയതിന് അയര്‍ലന്‍ഡിനും ഫ്രാന്‍സിനും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ഊര്‍ജ സുരക്ഷയും സുസ്ഥിരതയും ആവശ്യമാണ്. ഒരു ദശാബ്ദത്തിനുള്ളില്‍, 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഞങ്ങള്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് എത്തി. ഇതേ കാലയളവില്‍ നമ്മുടെ സൗരോര്‍ജ്ജ ശേഷി ഇരുപത്തിയാറിരട്ടി വര്‍ധിച്ചു! നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷിയും ഇരട്ടിയായി. ഈ വിഷയത്തില്‍ പാരീസ് പ്രതിബദ്ധത സമയപരിധിക്ക് മുമ്പേ ഞങ്ങള്‍ മറികടന്നു.

സുഹൃത്തുക്കളേ,

ആഗോള ജനസംഖ്യയുടെ 17% ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപയോഗ സംരംഭങ്ങളില്‍ ചിലത് ഞങ്ങള്‍ നടത്തുന്നുണ്ട്. എന്നിട്ടും, നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ ആഗോള മൊത്തത്തില്‍ 4% മാത്രമാണ്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടേത് ഒരു കൂട്ടായ, സജീവമായ സമീപനമാണ്. ആഗോള സൗരോര്‍ജ കൂട്ടായ്മ പോലുള്ള സംരംഭങ്ങള്‍ക്ക് ഇന്ത്യ ഇതിനകം നേതൃത്വം നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ മിഷന്‍ ലൈഫ് ഒരു കൂട്ടായ സ്വാധീനത്തിനായി പ്ലാനറ്റ് അനുകൂല ജീവിതശൈലി തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 'കുറയ്ക്കുക, പുനരുപയോഗിക്കുക, പുന:ചംക്രമണം ചെയ്യുക' എന്നത് ഇന്ത്യയുടെ പരമ്പരാഗത ജീവിതരീതിയുടെ ഭാഗമാണ്. ഇന്ത്യയുടെ ജി 20 അധ്യക്ഷതയും ഈ രംഗത്ത് കാര്യമായ നടപടി സ്വീകരിച്ചു. ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിച്ചത് ശ്രദ്ധേയമായ ഒന്നായിരുന്നു. ഈ സംരംഭത്തിന് നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ IEA യോട് നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ഉള്‍ക്കൊള്ളല്‍ എന്നത് ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യതയും കഴിവും വര്‍ദ്ധിപ്പിക്കുന്നു. 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ പ്രതിഭയും സാങ്കേതികവിദ്യയും നൂതനത്വവും മുന്നോട്ട് കൊണ്ടുവരുന്നു. ഓരോ ദൗത്യത്തിനും വേഗതയും അളവും ഗുണനിലവാരവും ഞങ്ങള്‍ കൊണ്ടുവരുന്നു. അതില്‍ ഇന്ത്യ വലിയ പങ്ക് വഹിക്കുമ്പോള്‍ IEAയ്ക്ക് നേട്ടമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. IEA യുടെ മന്ത്രിതല യോഗത്തിന്റെ വിജയത്തിനായി ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പുതിയവ രൂപീകരിക്കുന്നതിനും ഈ പ്ലാറ്റ്ഫോം നമുക്ക് പ്രയോജനപ്പെടുത്താം. നമുക്ക് വൃത്തിയുള്ളതും പച്ചപ്പുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാം.

നന്ദി

വളരെ നന്ദി.

--NK--



(Release ID: 2005915) Visitor Counter : 56