പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള 2 ലക്ഷത്തോളം ഗോത്രവര്‍ഗ വനിതകള്‍ക്ക് ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു വിതരണം ചെയ്തു.

സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' വിതരണം ചെയ്തു

പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജനയ്ക്ക് കീഴില്‍ 559 ഗ്രാമങ്ങള്‍ക്കായി 55.9 കോടി രൂപ കൈമാറി.

രത്ലാം, മേഘ്നഗര്‍ റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിട്ടു

റോഡ്-റെയില്‍-വൈദ്യുതി-ജല മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

Posted On: 11 FEB 2024 7:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ ഈ വികസന പദ്ധതികള്‍ ഈ പ്രദേശത്തെ നിരവധി ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതികള്‍ ജലവിതരണവും കുടിവെള്ള വിതരണവും ശക്തിപ്പെടുത്തുകയും മധ്യപ്രദേശിലെ റോഡ്, റെയില്‍, വൈദ്യുതി, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുകയും ചെയ്യും. പ്രത്യേകമായി പിന്നോക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ നിന്നുള്ള 2 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' (അവകാശ രേഖ) വിതരണം ചെയ്തു, കൂടാതെ 559 പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന ഗ്രാമങ്ങള്‍ക്ക് 55.9 കോടി രൂപ കൈമാറി.

അന്ത്യോദയ എന്ന കാഴ്ചപ്പാടാണ്  പ്രധാനമന്ത്രി കൈക്കൊണ്ട സംരംഭങ്ങള്‍ക്കു വഴികാട്ടിയായത്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും വികസനത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത ഗോത്ര സമൂഹത്തിലേക്ക് ഈ നേട്ടങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്ന്. ഇതോടനുബന്ധിച്ച്, പ്രദേശത്തു ധാരാളമായി വസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി സംരംഭങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

രണ്ട് ലക്ഷത്തോളം വരുന്ന വനിതാ ഗുണഭോക്താക്കള്‍ക്ക് ആഹാര്‍ അനുദാന്‍ യോജനയ്ക്ക് കീഴിലുള്ള ആഹാര്‍ അനുദാന്റെ പ്രതിമാസ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. ഈ പദ്ധതി പ്രകാരം, മധ്യപ്രദേശില്‍ പ്രത്യേകമായി പിന്നാക്കം നില്‍ക്കുന്ന വിവിധ ഗോത്രങ്ങളിലെ സ്ത്രീകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ നല്‍കും.

സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' (അവകാശരേഖ) വിതരണം ചെയ്തു. ഇത് ജനങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ അവകാശത്തിന് രേഖാമൂലമുള്ള  തെളിവുകള്‍ നല്‍കും.

പ്രധാനമന്ത്രി ആദര്‍ശ് ഗ്രാമ യോജനയ്ക്ക് കീഴില്‍ 559 ഗ്രാമങ്ങള്‍ക്കായി 55.9 കോടി രൂപയും അദ്ദേഹം കൈമാറി. അങ്കണവാടി കെട്ടിടങ്ങള്‍, ന്യായവിലക്കടകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകളിലെ അധിക മുറികള്‍, ആന്തരിക റോഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കും.

ഝാബുവയില്‍ 'സിഎം റൈസ് സ്‌കൂളി'ന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ക്ലാസുകള്‍, ഇ ലൈബ്രറി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ സാങ്കേതിക വിദ്യ സംയോജിപ്പിക്കും. സംസ്ഥാനത്തെ ഗോത്രവര്‍ഗ പ്രാമുഖ്യമുള്ള ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് സേവനം നല്‍കുന്ന താന്തിയ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

മദ്ധ്യപ്രദേശിലെ ജലവിതരണവും കുടിവെള്ളത്തിനുള്ള കരുതല്‍ നടപടികളും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ധാര്‍ - രത്‌ലാമിലെ ആയിരത്തിലധികം ഗ്രാമങ്ങള്‍ക്കുള്ള കുടിവെള്ള വിതരണ പദ്ധതിയായ തലവഡ പദ്ധതി, മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലായി 50,000-ത്തിലധികം നഗര കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) 2.0-ന് കീഴിലുള്ള 14 നഗര ജലവിതരണ പദ്ധതികളും തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ജാബുവയിലെ 50 ഗ്രാമപഞ്ചായത്തുകളിലെ 11,000 ത്തോളം കുടുംബങ്ങള്‍ക്ക് ടാപ്പ് വെള്ളം നല്‍കുന്ന 'നല്‍ ജല്‍ യോജന'യും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. രത്‌ലം റെയില്‍വേ സ്‌റ്റേഷന്റെയും മേഘ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും ഇതില്‍ ഉള്‍പ്പെടുന്നു. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴിലാണ് ഈ സ്‌റ്റേഷനുകള്‍ പുനര്‍ വികസിപ്പിക്കുന്നത്. ഇന്‍ഡോര്‍-ദേവാസ്-ഉജ്ജയിന്‍ സി ക്യാബിന്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി; യാര്‍ഡ് നവീകരണത്തോടെയുള്ള ഇറ്റാര്‍സി- നോര്‍ത്ത് - സൗത്ത് ഗ്രേഡ് സെപ്പറേറ്റര്‍; ബര്‍ഖേര-ബുദ്‌നി-ഇറ്റാര്‍സി എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ലൈന്‍ എന്നിവ രാജ്യത്തിന് സമര്‍പ്പിച്ച റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പാസഞ്ചര്‍, ഗുഡ്‌സ് ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും.
എന്‍.എച്ച് 47ലെ ഹാര്‍ദ്രാ-ബേടു (പാക്കേജ് 1)ലെ 0.00 കിലോമീറ്റര്‍ മുതല്‍ 30.00 കി.മി (ഹാര്‍ദ്ര-തെമാഗാവണ്‍) വരെയുള്ള നാലുവരിപാത; എന്‍.എച്ച് 752 ഡിയുടെ ഉജ്ജയിന്‍ ദേവാസ് വിഭാഗം; എന്‍.എച്ച് 47ന്റെ ഇന്‍ഡോര്‍-ഗുജറാത്ത് എം.പി. അതിര്‍ത്തി വിഭാഗത്തിലെ നാലുവരി (16 കി.മീ.)പാത, എന്‍.എച്ച് 47ലെ ഹര്‍ദ-ബെതുലിലെ ചിച്ചോളി-ബെതുല്‍ (പാക്കേജ്-3) നാലുവരിപ്പാത; എന്‍.എച്ച് 552ജിയിലെ ഉജ്ജയിന്‍ ജലവാര്‍ വിഭാഗവും ഉള്‍പ്പെടെ മദ്ധ്യപ്രദേശിലെ 3275 കോടിയിലധികം രൂപയുടെ വിവിധ റോഡ് വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ പദ്ധതികള്‍ റോഡ് ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.
ഇവയ്ക്ക് പുറമെ, വേസ്റ്റ് ഡംപ്‌സൈറ്റ് റെമഡിയേഷന്‍, വൈദ്യുത സബ്‌സ്‌റ്റേഷന്‍ തുടങ്ങിയ മറ്റ് വികസന മുന്‍കൈകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
മദ്ധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹന്‍ യാദവ്, കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ട എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
--NK--

 



(Release ID: 2005097) Visitor Counter : 68