പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
മഹാനായ ആത്മീയ ഗുരുവിനോടുള്ള ആദരസൂചകമായി സ്മരണിക സ്റ്റാമ്പും നാണയവും പുറത്തിറക്കി
“കൃഷ്ണനോടുള്ള സ്‌നേഹത്തിന്റെ അടിത്തറയായിരുന്നു ചൈതന്യ മഹാപ്രഭു. ആത്മീയതയും ധ്യാനവും അദ്ദേഹം ജനങ്ങള്‍ക്ക് പ്രാപ്യമാക്കി”
“നമ്മുടെ ഋഷിമാര്‍ നല്‍കിയ മഹത്തായ തത്വശാസ്ത്രമാണ് ഭക്തി. ഇത് നിരാശയല്ല, പ്രതീക്ഷയും ആത്മവിശ്വാസവുമാണ്. ഭക്തി ഭയമല്ല, ഉത്സാഹമാണ്”
“നമ്മുടെ ഭക്തിമാര്‍ഗ സന്ന്യാസിമാര്‍ സ്വാതന്ത്ര്യസമരത്തില്‍ മാത്രമല്ല, വെല്ലുവിളി നിറഞ്ഞ എല്ലാ ഘട്ടങ്ങളിലൂടെയും രാഷ്ട്രത്തെ നയിക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്ക് വഹിച്ചിട്ടുണ്ട്”
“ഞങ്ങള്‍ രാജ്യത്തെ 'ദേവ്' ആയി കണക്കാക്കുകയും 'ദേവ് സേ ദേശ്' എന്ന കാഴ്ചപ്പാടോടെ നീങ്ങുകയും ചെയ്യുന്നു”
“നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ തത്വത്തില്‍ വിഭജനത്തിന് ഇടമില്ല”
“'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്നത് ഇന്ത്യയുടെ ആത്മീയ വിശ്വാസമാണ്”
“ആത്മീയതയില്‍ നിന്നും ബൗദ്ധികതയില്‍ നിന്നുമുളവാകുന്ന നിരന്തരമായ ഊര്‍ജത്തിന്റെ ഉറവിടമാണ് ബംഗാള്‍”
Posted On:
08 FEB 2024 3:07PM by PIB Thiruvananthpuram
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.
സദസിനെ അഭിസംബോധന ചെയ്യവെ, നിരവധി മഹാന്മാരായ സന്ന്യാസിമാരുടെ സാന്നിധ്യത്താല്‍ ഭാരത മണ്ഡപത്തിന്റെ പ്രൗഢി പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭഗവാന്‍ ബസേശ്വരന്റെ 'അനുഭവ് മണ്ഡപ'ത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മണ്ഡപത്തിന്റെ ആശയമെന്നും അറിയിച്ചു. പ്രാചീന ഭാരതത്തിലെ ആത്മീയ ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ക്ഷേമത്തിന്റെ വിശ്വാസത്തിന്റെയും തീരുമാനത്തിന്റെയും ഊര്‍ജ കേന്ദ്രമായിരുന്നു 'അനുഭവ് മണ്ഡപം'. “ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ സമാനമായ ഊര്‍ജം ഇന്ന് ഭാരത് മണ്ഡപത്തിലും കാണാനാകും” - പ്രധാനമന്ത്രി പറഞ്ഞു.
'ഭാരത് മണ്ഡപത്തെ' ഇന്ത്യയുടെ ആധുനിക കഴിവുകളുടെയും പുരാതന വേരുകളുടെയും കേന്ദ്രമാക്കി മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ ശ്രദ്ധ ഉണ്ടാവുമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, നവ ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയേയും അനുസ്മരിച്ചു. 'ഇന്ന്, ഈ വേദി ലോക വൈഷ്ണവ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നു', ആധുനികതയെ സ്വാഗതം ചെയ്യുന്നതും സ്വത്വം അഭിമാനകരമാവുകയും ചെയ്യുന്ന വികസനത്തിന്റെയും പൈതൃകത്തിന്റെയും സമന്വയമായ നവ ഭാരതത്തിന്റെ ചിത്രമാണ് ഇത് അവതരിപ്പിക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. മഹത്തായ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തുകയും ഭഗവാന്‍ കൃഷ്ണനെ വണങ്ങുകയും ചെയ്തു. ശ്രീല പ്രഭുപാദ ജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
അയോധ്യാ ധാമിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ പശ്ചാത്തലത്തിലാണ് ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ മുഖത്തെ സന്തോഷം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ബൃഹത്തായ യാഗം പൂര്‍ത്തീകരിച്ചത് സന്ന്യാസിമാരുടെ അനുഗ്രഹമാണെന്ന് കൂട്ടിച്ചേര്‍ത്തു.
ഭക്തിയുടെ ആനന്ദം അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് ചൈതന്യ മഹാപ്രഭുവിന്റെ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി കൃതജ്ഞത അര്‍പ്പിച്ചു. “കൃഷ്ണനോടുള്ള സ്‌നേഹത്തിന്റെ ചവിട്ടുപടിയായിരുന്നു ചൈതന്യ മഹാപ്രഭു. അദ്ദേഹം ആത്മീയതയും ധ്യാനവും ജനങ്ങള്‍ക്ക് പ്രാപ്യമാക്കി” - സന്തോഷത്തിലൂടെ ദൈവത്തിലേക്കെത്താനുള്ള വഴി ചൈതന്യ മഹാപ്രഭു കാണിച്ചുതന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഭക്തിപൂര്‍ണമായി ജീവിച്ചിട്ടും ഒരു ശൂന്യതയും അകലവും ഉണ്ടെന്ന് തോന്നിയ വ്യക്തിപരമായ അനുഭവം പ്രധാനമന്ത്രി അനുസ്മരിച്ചു. ഭജനകള്‍ പാടുന്നതിന്റെ സന്തോഷമാണ് ആ നിമിഷത്തില്‍ പൂര്‍ണ്ണമായി മുഴുകാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യ പ്രഭുവിന്റെ പാരമ്പര്യത്തിന്റെ ശക്തി തനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. കീര്‍ത്തനം നടക്കുമ്പോള്‍ പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു ഭക്തന്‍ എന്ന നിലയിലാണ് താന്‍ കൈയടിക്കുന്നത്. 'ചൈതന്യ മഹാപ്രഭു കൃഷ്ണ ലീലയുടെ ഗാനരചനയും ജീവിതത്തെ മനസ്സിലാക്കുന്നതിനുള്ള അവയുടെ പ്രാധാന്യവും വിശദീകരിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ചൈതന്യ മഹാപ്രഭുവിനെപ്പോലുള്ള വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാലത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നു', ശ്രീല പ്രഭുപാദ ജി ഈ വിശ്വാസത്തിന്റെ പ്രതിരൂപമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധ്യാനത്തിലൂടെ എന്തും എങ്ങനെയും നേടാമെന്നും ശ്രീല പ്രഭുപാദ ജിയുടെ ജീവിതം നമ്മെ പഠിപ്പിച്ചുവെന്നും അത്തരത്തിൽ എല്ലാവരുടെയും ക്ഷേമത്തിലേക്കുള്ള പാതയെ പ്രകാശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളപ്പോൾ തന്നെ ശ്രീല പ്രഭുപാദ ജി സംസ്‌കൃതം, വ്യാകരണം, വേദങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയെന്നും ഗീത മനഃപാഠമാക്കിയിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജ്യോതിശാസ്ത്ര ഗണിതശാസ്ത്രത്തില്‍ സൂര്യ സിദ്ധാന്ത ഗ്രന്ഥത്തെ വിവരിക്കുകയും സിദ്ധാന്ത സരസ്വതിയുടെ ബിരുദം നേടുകയും ചെയ്ത ശ്രീല പ്രഭുപാദര്‍ 24-ാം വയസ്സില്‍ സംസ്‌കൃത പാഠശാലയും ആരംഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീല പ്രഭുപാദര്‍ നൂറിലധികം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തരത്തില്‍, ജ്ഞാന മാര്‍ഗവും ഭക്തി മാര്‍ഗവും (അറിവിന്റെയും അര്‍പ്പണബോധത്തിന്റെയും പാത) ജീവിതവുമായുള്ള സന്തുലിതാവസ്ഥ ശ്രീല പ്രഭുപാദര്‍ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജി വിളിച്ചോതുന്ന അഹിംസയുടെയും സ്നേഹത്തിന്റെയും വൈഷ്ണവ ഭാവം പ്രചരിപ്പിക്കാനാണ് ശ്രീല പ്രഭുപാദ സ്വാമി പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വൈഷ്ണവ് ഭാവുമായുള്ള ഗുജറാത്തിന്റെ ബന്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ശ്രീകൃഷ്ണന്റെ ലീലകളെക്കുറിച്ചും മീരാ ബായി ദൈവത്തില്‍ മുഴുകിയതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത് കൃഷ്ണനെയും ചൈതന്യ മഹാപ്രഭുവിന്റെ പാരമ്പര്യത്തെയും എന്റെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാക്കി മാറ്റി- പ്രധാനമന്ത്രി പറഞ്ഞു.
2016-ൽ ഗൗഡിയ മിഷന്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യയുടെ ആത്മീയ ബോധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. വേരുകളുടെ പ്രാധാന്യത്തിന് അടിവരയിട്ട അദ്ദേഹം, കഴിവുകളും ശക്തികളും മറക്കുക എന്നതാണ് ഒരാളുടെ വേരുകളിൽനിന്ന് അകലുന്നതിന്റെ ഏറ്റവും വലിയ പ്രകടനമെന്ന് പറഞ്ഞു. ഭക്തിയുടെ മഹത്തായ പാരമ്പര്യത്തിലും ഇത് സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഭക്തി, യുക്തിബോധം, ആധുനികത എന്നിവ പരസ്പരവിരുദ്ധമായാണ് പലരും കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ ഋഷിമാർ നൽകിയ മഹത്തായ തത്വശാസ്ത്രമാണ് ഭക്തി. ഇത് നിരാശയല്ല, പ്രത്യാശയും ആത്മവിശ്വാസവുമാണ്. ഭക്തി ഭയമല്ല, ഉത്സാഹമാണ്.” – അദ്ദേഹം പറഞ്ഞു. ഭക്തി പരാജയമല്ലെന്നും സ്വാധീനത്തിനുള്ള ദൃഢനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം വിജയം നേടുകയും മനുഷ്യത്വത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് ഭക്തിയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മനോഭാവം കാരണം ഇന്ത്യ ഒരിക്കലും തങ്ങളുടെ അതിർത്തി വിപുലീകരണത്തിനായി മറ്റുള്ളവരെ ആക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിയുടെ മഹത്വത്തിലേക്ക് ജനങ്ങളെ വീണ്ടും പരിചയപ്പെടുത്തിയതിന് അദ്ദേഹം സന്ന്യാസിമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. “ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്, ‘അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനം’ എന്ന പ്രതിജ്ഞയെടുത്തുകൊണ്ട് രാജ്യം സന്ന്യാസിമാരുടെ ദൃഢനിശ്ചയം മുന്നോട്ട് കൊണ്ടുപോകുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരികവും സാമൂഹികവുമായ അടിസ്ഥാന ഘടകങ്ങളില്‍ ആത്മീയ നേതാക്കള്‍ക്കുളള സുപ്രധാന സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും അതിന്റെ ദേശീയ ധാര്‍മ്മികത രൂപപ്പെടുത്തുന്നതിലും അവരുടെ നിര്‍ണായക പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.'' ഭക്തി മാര്‍ഗത്തിലുള്ള നമ്മുടെ സന്യാസിമാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ മാത്രമല്ല, എല്ലാ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയും രാജ്യത്തെ നയിക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രക്ഷുബ്ധമായ ചരിത്രത്തിലുടനീളം, വിവിധ തലങ്ങളില്‍ രാഷ്ട്രത്തിന് ദിശാബോധം നല്‍കുന്നതിനായി പ്രഗത്ഭരായ സന്യാസിമാരും ആത്മീയ നേതാക്കളും ഉയര്‍ന്നുവന്നിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. പ്രയാസകരമായ മധ്യകാലഘട്ടത്തില്‍ വിശുദ്ധരുടെ പങ്കിനെ അദ്ദേഹം അടിവരയിട്ടു. "പരമമായ ശക്തിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നതിലാണ് യഥാര്‍ത്ഥ സമര്‍പ്പണം നിലകൊള്ളുന്നതെന്ന് സന്ന്യാസിമാര്‍ നമ്മെ പഠിപ്പിച്ചു. നൂറ്റാണ്ടുകളുടെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും അവര്‍ നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു." "സത്യത്തിനു വേണ്ടി എല്ലാം ത്യജിക്കുമ്പോള്‍, അസത്യം അനിവാര്യമായും മങ്ങുകയും സത്യം ജയിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം അവരുടെ തത്വങ്ങളിലൂടെ നമ്മില്‍ പുനഃസ്ഥാപിച്ചു. അതിനാല്‍, സത്യത്തിന്റെ വിജയം അനിവാര്യമാണ് - നമ്മള്‍ പറയുന്നതുപോലെ, 'സത്യമേവ ജയതേ'," പ്രധാന മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് സ്വാമി വിവേകാനന്ദനെയും ശ്രീല പ്രഭുപാദനെയും പോലെയുള്ള ആത്മീയ പ്രഗത്ഭര്‍ ജനങ്ങളില്‍ അതിരുകളില്ലാത്ത ഊര്‍ജം പകര്‍ന്നു അവരെ നീതിയുടെ പാതയിലേക്ക് നയിച്ചതായി പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. നേതാജി സുഭാഷ്, മഹാമന മാളവ്യ തുടങ്ങിയ വ്യക്തികള്‍ ശ്രീല പ്രഭുപാദയില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടിയെന്ന് അദ്ദേഹം പറഞ്ഞു.
ത്യാഗത്തിലൂടെ സഹിക്കാനും അനശ്വരമായി നിലനില്‍ക്കാനുമുള്ള ആത്മവിശ്വാസം ഭക്തി യോഗയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''ഇന്ന്, അതേ ആത്മവിശ്വാസത്തോടും ഭക്തിയോടും കൂടി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഒരു ആത്മീയ യാത്ര ആരംഭിച്ചിരിക്കുന്നു, ഇത് നമ്മുടെ രാഷ്ട്രത്തിന് സമൃദ്ധിയുടെ യുഗത്തിന് തുടക്കമിട്ടു. ഞങ്ങള്‍ രാജ്യത്തെ 'ദേവൻ' ആയി കണക്കാക്കുകയും 'ദേവ് സേ ദേശ്' എന്ന കാഴ്ചപ്പാടോടെ നീങ്ങുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ശക്തിയും വൈവിധ്യവും പ്രയോജനപ്പെടുത്തി, രാജ്യത്തിന്റെ എല്ലാ കോണുകളും പുരോഗതിയുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ശ്രീ കൃഷ്ണന്‍ നമ്മെ പഠിപ്പിക്കുന്നത് പോലെ - 'എല്ലാ ജീവജാലങ്ങളുടെയും ഹൃദയങ്ങളില്‍ ഇരിക്കുന്ന ആത്മാവാണ് ഞാന്‍' - നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏകത്വത്തെ ഊന്നിപ്പറയുന്നു. നാനാത്വത്തിലെ ഈ ഏകത്വം ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. വിഭജനം അതിനുള്ളില്‍ ഒരു സ്ഥാനവും കണ്ടെത്തുന്നില്ല,' പ്രധാനമന്ത്രി പറഞ്ഞു. 'ലോകത്തെ സംബന്ധിച്ച്, ഒരു രാഷ്ട്രത്തിന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കാം, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' എന്നത് ഒരു ആത്മീയ വിശ്വാസമാണ്,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീല പ്രഭുപാദ ജിയുടെ ജീവിതം 'ഏക ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ഉദാഹരണമാണ്. പുരിയില്‍ ജനിച്ച അദ്ദേഹം ദക്ഷിണേന്ത്യയിലെ രാമാനുജാചാര്യ ജിയുടെ പാരമ്പര്യത്തില്‍ ദീക്ഷ സ്വീകരിച്ച് ബംഗാള്‍ ആത്മീയ യാത്രയുടെ കേന്ദ്രമായി കണ്ട് ബംഗാളില്‍ ആശ്രമം സ്ഥാപിച്ച് ചൈതന്യമഹാപ്രഭുവിന്റെ പാരമ്പര്യം തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ആത്മീയതയില്‍ നിന്നും ബൗദ്ധികതയില്‍ നിന്നുമുള്ള നിരന്തരമായ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് ബംഗാള്‍. , രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, ഗുരു രവീന്ദ്രനാഥ ടാഗോര്‍, രാജാ റാംമോഹന്‍ റോയ് തുടങ്ങിയ സന്യാസിമാരെ ബംഗാള്‍ രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വേഗവും പുരോഗതിയും ഇന്ന് എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ആധുനിക അടിസ്ഥാന സൗകര്യങ്ങളിലും ഹൈടെക് സേവനങ്ങളിലും വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ് നാമെന്നും പ്രധാനമന്ത്രി അടിവരയിട്ടു. 'ഞങ്ങള്‍ പല മേഖലകളിലും വലിയ രാജ്യങ്ങളെപ്പോലും മറികടക്കുകയാണെന്നും ഇന്ത്യക്കാര്‍ നേതൃത്വപരമായ റോളുകള്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ വീടുകളിലും യോഗ എത്തുന്നുണ്ടെന്നും ആയുര്‍വേദത്തിലും പ്രകൃതിചികിത്സയിലുമുള്ള വിശ്വാസം വര്‍ധിച്ചുവരികയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. കാഴ്ച്ചപ്പാടിലുണ്ടായ മാറ്റത്തിന് ഇന്ത്യന്‍ യുവാക്കളുടെ ഊര്‍ജത്തെ പ്രകീര്‍ത്തിച്ച ശ്രീ മോദി അവര്‍ അറിവും ഗവേഷണവും ഒരുമിച്ച് കൊണ്ടുപോവുകയാണെന്നും പറഞ്ഞു. 'നമ്മുടെ പുതിയ തലമുറ നമ്മുടെ സംസ്‌കാരത്തെ അഭിമാനത്തോടെ ശിരസിലേറ്റുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ യുവാക്കള്‍ ആത്മീയതയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും രണ്ടിനും അവര്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. തല്‍ഫലമായി, കാശി, അയോധ്യ തുടങ്ങിയ തീര്‍ഥാടനങ്ങളില്‍ ധാരാളം യുവാക്കളെ കാണാനാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ യുവതലമുറയുടെ അവബോധത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഒരു രാജ്യം ചന്ദ്രയാന്‍ നിര്‍മ്മിക്കുന്നതും ചന്ദ്രശേഖര്‍ മഹാദേവ് ധാമിനെ പ്രകാശിപ്പിക്കുന്നതും സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "യുവാക്കള്‍ രാജ്യത്തെ നയിക്കുമ്പോള്‍, അതിന് ചന്ദ്രനില്‍ ഒരു റോവര്‍ ഇറക്കാനും ലാന്‍ഡിംഗ് സ്ഥലത്തിന് 'ശിവശക്തി' എന്ന് പേരിട്ട് പാരമ്പര്യങ്ങളെ പോഷിപ്പിക്കാനും കഴിയും. ഇപ്പോള്‍ രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകളും ഓടും, വൃന്ദാവന്‍, മഥുര, അയോധ്യ എന്നിവയും പുനരുജ്ജീവിപ്പിക്കപ്പെടും, ''അദ്ദേഹം പറഞ്ഞു. നമാമി ഗംഗേ പദ്ധതിക്ക് കീഴില്‍ ബംഗാളിലെ മായാപൂരില്‍ ഗംഗാ ഘട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതായും സന്തോഷവാനായ പ്രധാനമന്ത്രി അറിയിച്ചു.
വികസനവും പൈതൃകവും തമ്മിലുള്ള ഐക്യം അമൃത് കാലിന്റെ 25 വര്‍ഷത്തേക്ക് തുടരുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 'സന്യാസിമാരുടെ അനുഗ്രഹത്തോടെ, ഞങ്ങള്‍ ഒരു വികസിത് ഭാരതം നിര്‍മ്മിക്കും, നമ്മുടെ ആത്മീയത മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും', ശ്രീ മോദി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, ശ്രീമതി മീനാക്ഷി ലേഖി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഗൗഡിയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ തത്വങ്ങളും വൈഷ്ണവരുടെ സമ്പന്നമായ ആത്മീയ പൈതൃകവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ ഗൗഡിയ മിഷന്‍ ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് അതിനെ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു.
***
--NK--
(Release ID: 2004116)
Visitor Counter : 97
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada