പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍, ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്സൈറ്റ് തുടങ്ങി വിവിധ സാങ്കേതിക സംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു
''ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ സുപ്രീം കോടതി ശക്തിപ്പെടുത്തി''
''ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ ശോഭനമായ നാളത്തെ ഇന്ത്യയുടെ അടിത്തറയാകും''
''ഇന്ത്യയില്‍ ഇന്ന് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ശോഭനമായ നാളത്തെ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തും''
''നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്, അതിനായുള്ള മാധ്യമമാണ് ഇന്ത്യയുടെ സുപ്രീം കോടതി''
''രാജ്യത്ത് നീതി സുഗമമാക്കുന്നതിനുള്ള ചീഫ് ജസ്റ്റിസിന്റെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു''
''2014 ന് ശേഷം രാജ്യത്തെ കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 7000 കോടി രൂപ വിതരണം ചെയ്തു''
''സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിനായി കഴിഞ്ഞയാഴ്ച 800 കോടി രൂപ അനുവദിച്ചു''
''ശക്തമായ നീതിന്യായ വ്യവസ്ഥയാണ് വികസിത ഭാരതത്തിന്റെ പ്രധാന അടിത്തറ''
''ഇ-കോടതി മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി ഫണ്ട് അധികമായി ഉണ്ടാകും''
''നിലവിലെ സാഹചര്യത്തിനും മികച്ച രീതികള്‍ക്കും അനുസൃതമായി നിയമങ്ങള്‍ ആധുനികവത്കരിക്കുന്നതിന് സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു''
''പഴയ നിയമങ്ങളില്‍ നിന്ന് പുതിയവയിലേക്കുള്ള മാറ്റം തടസ്സമില്ലാത്തതായിരിക്കണം''
''ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ലഭിച്ച പത്മ ബഹുമതി നമുക്ക് അഭിമാനകരമാണ്''
Posted On:
28 JAN 2024 2:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഡല്‍ഹിയിലെ സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ് സി ആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ സുപ്രീം കോടതി ഇന്ന് 75-ാം വര്‍ഷത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ സന്നിഹിതരായതിന് നന്ദി അറിയിക്കുകയും രണ്ട് ദിവസം മുമ്പ് 75-ാം വര്‍ഷത്തിലേക്ക് കടന്ന ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയില്‍ അധിഷ്ഠിതമായ സ്വതന്ത്ര ഇന്ത്യയാണ് സ്വപ്നം കണ്ടതെന്നും ഈ തത്വങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി തുടര്‍ച്ചയായി ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യമോ വ്യക്തിസ്വാതന്ത്ര്യമോ സാമൂഹിക നീതിയോ ആകട്ടെ, ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത് സുപ്രീം കോടതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിഗത അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നാഴികക്കല്ലായ വിധിന്യായങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിന് പുതിയ ദിശാബോധം നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗവണ്‍മെന്റിന്റെ എല്ലാ ശാഖകള്‍ക്കും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങളുടെ അളവുകോലുകള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നാളത്തെ ഊര്‍ജ്ജസ്വലമായ ഇന്ത്യയുടെ അടിത്തറയായിരിക്കുമെന്നും പറഞ്ഞു. ''ഇന്ന് രൂപീകരിക്കുന്ന നിയമങ്ങള്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയെ ശക്തിപ്പെടുത്തുമെന്നും'' പ്രധാനമന്ത്രി പറഞ്ഞു.
ആഗോള ഭൗമരാഷ്ട്രീയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിക്കിടയില്‍, ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലാണെന്നും രാജ്യത്തിലുള്ള വിശ്വാസം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ വഴിയില്‍ വരുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കുകയും, ജീവിതം സുഗമമാക്കല്‍, വ്യാപാരം സുഗമമാക്കല്‍, യാത്ര, ആശയവിനിമയം, നീതി സുഗമമാക്കല്‍ എന്നിവ രാജ്യത്തിന്റെ പ്രധാന മുന്‍ഗണനകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. ഇന്ത്യയുടെ സുപ്രീം കോടതി അതിന്റെ മാധ്യമമാണ്'' - ശ്രീ മോദി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നതും നയിക്കുന്നതും ഇന്ത്യയുടെ സുപ്രീം കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സുപ്രീം കോടതിയെ വിദൂര ഭാഗങ്ങളില്‍ പ്രാപ്യമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണന ചൂണ്ടിക്കാട്ടുകയും ഇ-കോടതി മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. മൂന്നാം ഘട്ടത്തിനുള്ള ഫണ്ട് വിഹിതം രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി വര്‍ധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ കോടതികളുടെയും ഡിജിറ്റല്‍വല്‍ക്കരണം ചീഫ് ജസ്റ്റിസ് നേരിട്ടു നിരീക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുപറഞ്ഞ പ്രധാനമന്ത്രി, 2014ന് ശേഷം ഇതിനകം ഇതിനായി 7000 കോടിയിലധികം രൂപ വിതരണം ചെയ്തതായും അറിയിച്ചു. നിലവിലെ സുപ്രീം കോടതി കെട്ടിടത്തിന്റെ പ്രശ്‌നങ്ങള്‍ അംഗീകരിച്ച പ്രധാനമന്ത്രി മോദി, സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് കഴിഞ്ഞ ആഴ്ച 800 കോടി രൂപയുടെ അനുമതി നല്‍കിയതായും സമ്മേളനത്തെ അറിയിക്കുകയും ചെയ്തു.
ഇന്ന് ആരംഭിച്ച സുപ്രിംകോടതിയുടെ ഡിജിറ്റല്‍ സംരംഭങ്ങളെ കുറിച്ച് വിവരിച്ച പ്രധാനമന്ത്രി, തീരുമാനങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നതിലും സുപ്രീം കോടതി വിധി പ്രാദേശിക ഭാഷയില്‍ പരിഭാഷപ്പെടുത്തുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിലും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്തെ മറ്റ് കോടതികളിലും സമാനമായ സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
നീതി സുഗമമാക്കുന്നതിന് സാങ്കേതികവിദ്യ സഹായകമാകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ അവസരമെന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ തന്റെ പ്രസംഗം തത്സമയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും ഭാഷിണി ആപ്പ് വഴി അത് കേള്‍ക്കാമെന്നും അറിയിച്ചു. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ അത് സാങ്കേതികവിദ്യാ ഉപയോഗം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കോടതികളില്‍ പോലും, സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിന് സമാനമായ സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നന്നായി മനസ്സിലാക്കുന്നതിനായി നിയമങ്ങള്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കുന്നതിനുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസ്മരിച്ച ശ്രീ മോദി കോടതി വിധികളും ഉത്തരവുകളും തയ്യാറാക്കുന്നതിനും സമാനമായ ഒരു സമീപനം സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
നമ്മുടെ നിയമ ചട്ടക്കൂടിലെ ഇന്ത്യന്‍ മൂല്യങ്ങളുടെയും ആധുനികതയുടെയും സത്തയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ നിയമങ്ങളിലും ഇന്ത്യന്‍ ധാര്‍മ്മികതയും സമകാലിക സമ്പ്രദായങ്ങളും പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ''ഇന്ത്യന്‍ മൂല്യങ്ങളുടെയും ആധുനികതയുടെയും സമന്വയം നമ്മുടെ നിയമ ചട്ടങ്ങളിലും ഒരുപോലെ അനിവാര്യമാണ്'' അദ്ദേഹം പ്രസ്താവിച്ചു. ''നിലവിലെ സാഹചര്യത്തിനും മികച്ച സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി നിയമങ്ങള്‍ നവീകരിക്കുന്നതിന് ഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിക്കുകയാണ്'' പ്രധാനമന്ത്രി മോദി തുടര്‍ന്നു പറഞ്ഞു.
കാലഹരണപ്പെട്ട കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ പുതിയ നിയമനിര്‍മ്മാണങ്ങള്‍ അവതരിപ്പിക്കുന്നതിലുമുള്ള ഗവണ്‍മെന്റിന്റെ മുന്‍കൈകള്‍ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. ''ഈ മാറ്റങ്ങളിലൂടെ, നമ്മുടെ നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു'' അദ്ദേഹം തറപ്പിച്ചുപറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ''പഴയ നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള മാറ്റം തടസ്സമില്ലാത്തതായിരിക്കണം, അത് അത്യന്താപേക്ഷിതമാണ്'' എന്നും ചൂണ്ടിക്കാട്ടി. പരിവര്‍ത്തനം സുഗമമാക്കുന്നതിന് ഇക്കാര്യത്തില്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍കൈകള്‍ക്ക് തുടക്കംകുറിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പങ്കാളികളുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി മോദി സുപ്രീം കോടതിയോടും അഭ്യര്‍ത്ഥിച്ചു.
വികസിത ഭാരതത്തിന്റെ ആണിക്കല്ലെന്ന നിലയില്‍ ശക്തമായ നീതിന്യായ വ്യവസ്ഥയുടെ നിര്‍ണായക പങ്ക് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. വിശ്വസനീയമായ ഒരു നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ എടുത്തുപറഞ്ഞ്, തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം കുറയ്ക്കുകയും അതുവഴി ജുഡീഷ്യറിയില്‍ നിന്നുള്ള അനാവശ്യ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്തതില്‍ ജന വിശ്വാസ ബില്ലിന്റെ നിയമനിര്‍മ്മാണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യസ്ഥതയിലൂടെ ബദല്‍ തര്‍ക്കപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു, ഇത്, പ്രത്യേകിച്ചും കീഴ്‌ക്കോടതികളില്‍ ഭാരം ലഘൂകരിക്കാന്‍ സഹായിച്ചു.
2047-ഓടെ വികസിത ഭാരതം എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള എല്ലാ പൗരന്മാരുടെയും കൂട്ടുത്തരവാദിത്തം പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുപ്രീം കോടതി വഹിക്കുന്ന സുപ്രധാന പങ്കിനെ അതിന്റെ 75-ാം വാര്‍ഷികത്തില്‍ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്. എം.ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കിയതിനെ പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ഈ അവസരത്തില്‍ അഭിമാനിക്കുകയും ചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായ്, അറ്റോര്‍ണി ജനറല്‍ ശ്രീ ആര്‍ വെങ്കിട്ടരമണി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ ആദിഷ് സി അഗര്‍വാള്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീ മനന്‍ കുമാര്‍ മിശ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ്സിആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്ക് സുപ്രീം കോടതിയുടെ എഴുപത്തിയഞ്ചാം വര്‍ഷം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (എസ് സി ആര്‍) സുപ്രീം കോടതി വിധികള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായും ഇലക്ട്രോണിക് രൂപത്തിലും ലഭ്യമാക്കും. 36,308 കേസുകള്‍ ഉള്‍ക്കൊള്ളുന്ന 1950 മുതലുള്ള സുപ്രീം കോടതി റിപ്പോര്‍ട്ടുകളുടെ മുഴുവന്‍ 519 വാല്യങ്ങളും ഒരു രൂപത്തിലും ബുക്ക്മാര്‍ക്ക് ചെയ്തതും ഉപയോക്തൃ സൗഹൃദപരമായും എല്ലാവര്‍ക്കും പ്രാപ്യമാകുന്ന വിധത്തിലും ലഭ്യമാകും എന്നതാണ് ഡിജിറ്റല്‍ എസ്സിആറിന്റെ പ്രധാന സവിശേഷതകള്‍.
ഇലക്ട്രോണിക് രൂപത്തില്‍ ജില്ലാ കോടതികളിലെ ജഡ്ജിമാര്‍ക്ക് കോടതി രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ഇ-കോടതി പദ്ധതിക്കു കീഴിലുള്ള സമീപകാല സംരംഭമാണ് ഡിജിറ്റല്‍ കോര്‍ട്ട്‌സ് 2.0 ആപ്ലിക്കേഷന്‍. തത്സമയ അടിസ്ഥാനത്തില്‍ സംഭാഷണം എഴുത്തിലേക്കേു മാറ്റുന്നതിനുള്ള നിര്‍മിതബുദ്ധി (എഐ) ഉപയോഗവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുപ്രീം കോടതിയുടെ പുതിയ വെബ്സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ വെബ്സൈറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും ദ്വിഭാഷാ രൂപത്തിലായിരിക്കും. കൂടാതെ ഉപയോക്തൃ സൗഹൃദ ഇന്റര്‍ഫേസ് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുകയുമാണ്.
--NS--
(Release ID: 2000201)
Visitor Counter : 117
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu