പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു


'ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരങ്ങളിലൂടെ ശ്രീരാമനോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു'

'ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിർവരമ്പുകൾ ഭേദിച്ച്, എല്ലാവരെയും ബന്ധപ്പെട്ടിരിക്കുന്നു'

'ഓസ്ട്രേലിയ, കംബോഡിയ, അമേരിക്ക, ന്യൂസിലാന്‍ഡ് എന്നിങ്ങനെ ലോകത്തിലെ പല രാജ്യങ്ങളും ശ്രീരാമന്റെ മഹത്തായ ജീവിത കഥയെപ്പറ്റി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്'

'ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും'

Posted On: 18 JAN 2024 3:49PM by PIB Thiruvananthpuram

ന്യൂഡല്‍ഹി,18 ജനുവരി 2024:

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.

'' കത്തുകളോ സുപ്രധാന രേഖകളോ അയക്കാനാണ് ഈ സ്റ്റാമ്പുകള്‍ കവറുകളില്‍ ഒട്ടിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ അവ മറ്റൊരു ലക്ഷ്യവും നിറവേറ്റുന്നു: വരും തലമുറകള്‍ക്ക് ചരിത്ര സംഭവങ്ങള്‍ കൈമാറുന്നതിനുള്ള മാധ്യമമായും തപാല്‍ സ്റ്റാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.  അതിനാല്‍, ഒരാള്‍ക്ക് നിങ്ങള്‍ തപാല്‍ സ്റ്റാമ്പ് പതിച്ച ഒരു കത്തോ വസ്തുവോ അയയ്ക്കുമ്പോഴെല്ലാം, നിങ്ങള്‍ അവര്‍ക്ക് ചരിത്രത്തിന്റെ ഒരു ഏട് കൂടിയാണ് അയയ്ക്കുന്നത്. ഈ തുണ്ടുകള്‍ വെറും കടലാസ് കഷണങ്ങൾ മാത്രമല്ല, ചരിത്ര പുസ്തകങ്ങളുടെയും പുരാവസ്തുക്കളുടെയും ചരിത്രപരമായ സ്ഥലങ്ങളുടെയും ഒരു ചെറിയ രൂപം കൂടിയാണ്.

ശ്രീരാമനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പഠിക്കാന്‍ നമ്മുടെ യുവതലമുറയെ ഈ സ്മരണിക സ്റ്റാമ്പുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമനോടുള്ള ഭക്തി ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്, 'നല്ലതു സംഭവിക്കുകയും നല്ലതല്ലാത്തതു സംഭവിക്കാതിരിക്കുകയുമാണ് വേണ്ടത്', എന്ന ജനപ്രിയ ശ്ലോകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി ഒരു ആഗ്രഹം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 'സൂര്യവംശി' ആയ രാമന്റെ പ്രതീകമായ സൂര്യന്‍, 'സരയൂ' നദി, ക്ഷേത്രത്തിന്റെ ആന്തരിക വാസ്തുവിദ്യ എന്നിവയും ഈ സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. സൂര്യന്‍ രാജ്യത്ത് പുതിയ വെളിച്ചത്തിന്റെ സന്ദേശം നല്‍കുമ്പോള്‍, രാമന്റെ അനുഗ്രഹത്താല്‍ രാജ്യം എപ്പോഴും ചലനാത്മകമായി നിലനില്‍ക്കുമെന്ന് സരയുവിന്റെ ചിത്രം സൂചിപ്പിക്കുന്നു.

രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനൊപ്പമുള്ള സന്യാസിമാരെയും,  സ്റ്റാമ്പുകള്‍ കൊണ്ടുവരുന്ന തപാല്‍ വകുപ്പിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിരുകള്‍ക്കപ്പുറമാണെന്നും അവിടെയുള്ള ഓരോ വ്യക്തികളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഏത് ദുർഘട സമയങ്ങളിലും സ്നേഹം, ത്യാഗം, ഐക്യം, ധൈര്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്ന രാമായണം മനുഷ്യരാശിയെ മുഴുവന്‍ ബന്ധിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് രാമായണം എക്കാലത്തും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലനിന്നത്. ശ്രീരാമനെയും സീതാ മാതാവിനെയും രാമായണത്തെയും ലോകമെമ്പാടും എത്ര അഭിമാനത്തോടെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണ് ഇന്ന് പുറത്തിറക്കിയ ഈ പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ഓസ്ട്രേലിയ, കംബോഡിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഇന്തോനേഷ്യ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, തായ്ലന്‍ഡ്, ഗയാന, സിംഗപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ശ്രീരാമന്റെ മഹത്തായ ജീവിതകഥയെ ആസ്പദമാക്കി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജാനകി മാതാവിന്റെ കഥകളും ഉള്‍പ്പെടുത്തി പുതുതായി പുറത്തിറക്കിയ ആല്‍ബം അവരുടെ ജീവിതത്തിലേക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ശ്രീരാമന്‍ എങ്ങനെ ഒരു മഹത്തായ ബിംബമാണെന്നും ആധുനിക കാലത്തെ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വം എങ്ങനെ വിലമതിക്കപ്പെടുന്നുവെന്നും ഇത് നമ്മോട് പറയും.

മഹര്‍ഷി വാല്‍മീകിയുടെ വചനങ്ങൾ ഇന്നും അനശ്വരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'യാവത് സ്ഥാസ്യന്തി ഗിരയഃ, സരിതശ്ച മഹിതലേ. താവത് രാമായണകഥാ, ലോകേഷു പ്രചാരിഷ്യതി'. - ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. അത്രയ്ക്ക് മഹത്തരമാണ് ശ്രീരാമന്റെ വ്യക്തിത്വം, - പ്രധാനമന്ത്രി പറഞ്ഞു.

 

 

 

***

--NK--



(Release ID: 1997545) Visitor Counter : 76