പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘നിങ്ങളാണ് നിങ്ങളുടെ ഗ്രാമത്തിലെ മോദി’, മേഘാലയ റി ഭോയിലെ സില്‍മെ മറാക്കിനോട് പ്രധാനമന്ത്രി

Posted On: 18 JAN 2024 3:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്രാ’ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ ആശയവിനിമയം നടത്തി.

രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

മേഘാലയയിലെ റി ഭോയിയില്‍ നിന്നുള്ള ശ്രീമതി സില്‍മെ മറാക്കിന്റെ ജീവിതം, അവര്‍ തന്റെ ചെറിയ കടയില്‍ നിന്ന് ഒരു സ്വയംസഹായസംഘത്തിലേക്ക് ക്രമേണ ഉയർത്തിയപ്പോൾ മികച്ച വഴിത്തിരിവിലെത്തി. അവര്‍ തന്റെ നാട്ടിലെ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളായി സംഘടിക്കാന്‍ പിന്തുണയ്ക്കുകയും 50-ലധികം സ്വയംസഹായസംഘങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്തു. പിഎം കിസാന്‍ സമ്മാന്‍ നിധി, ബീമ, മറ്റ് പദ്ധതികള്‍ എന്നിവയുടെ ഗുണഭോക്താവാണ് അവര്‍.

തന്റെ ജോലികള്‍ വിപുലപ്പെടുന്നതിന്റെ ഭാഗമായി ശ്രീമതി സില്‍മെ അടുത്തിടെ ഒരു സ്‌കൂട്ടി വാങ്ങി. അവള്‍ തന്റെ ബ്ലോക്കില്‍ ഉപഭോക്തൃ സേവന കേന്ദ്രം നടത്തുകയും ഗവണ്‍മെന്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷ്യ സംസ്‌കരണത്തിലും ബേക്കറിയിലും അവരുടെ സംഘം സജീവമാണ്. അവരുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ബഹുമാനാർഥം കരഘോഷം മുഴക്കുകയും ചെയ്തു.

ഗവണ്‍മെന്റ് പദ്ധതികളുമായുള്ള അവരുടെ അനുഭവപരിചയവും ഹിന്ദി ഭാഷയിലെ മികച്ച പ്രാവീണ്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി “നിങ്ങള്‍ വളരെ പ്രാവീണ്യമുള്ള വ്യക്തിയാണ്; ഒരുപക്ഷേ എന്നെക്കാള്‍ മികച്ച നിലയിൽ” എന്നും പറഞ്ഞു. അവരുടെ സാമൂഹിക സേവന മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “നിങ്ങളെപ്പോലുള്ളവരുടെ അര്‍പ്പണബോധമാണ് ഗവണ്‍മെന്റ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എല്ലാ പൗരന്മാരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ നിശ്ചയത്തിന് പിന്നിലെ ശക്തി. ആപ് ജൈസേ ലോഗോന്‍ സേ മേരാ കാം ബഹുത് ആസാന്‍ ഹോ ജാതാ ഹൈ. ആപ് ഹി ഗാവ് കി മോദി ഹോ - നിങ്ങളെപ്പോലുള്ളവര്‍ എന്റെ ജോലി വളരെ എളുപ്പമാക്കുന്നു. നിങ്ങളാണ് നിങ്ങളുടെ ഗ്രാമത്തിലെ മോദി” - പ്രധാനമന്ത്രി പറഞ്ഞു.

--NK--



(Release ID: 1997489) Visitor Counter : 55