പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവി മുംബൈയില്‍ വികസന പദ്ധതികളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 12 JAN 2024 8:27PM by PIB Thiruvananthpuram

മുംബൈയിലും മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലും നിന്നായി സന്നിഹിതരായ വലിയ ആള്‍ക്കൂട്ടത്തിലെ എല്ലാവര്‍ക്കും എന്റെ ആശംസകള്‍!

മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കുമൊപ്പം ഒരു 'വികസിത ഭാരത' ദൃഢനിശ്ചയത്തിന് ഇന്ന് വളരെ പ്രാധാന്യമേറിയതും ചരിത്രപരവുമായ ദിവസമാണ്. പുരോഗതിയുടെ ഈ ആഘോഷം മുംബൈയില്‍ നടക്കുമ്പോള്‍ അതിന്റെ ഫലം രാജ്യമാകെ പ്രകടമാകുന്നുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലങ്ങളിലൊന്നായ അടല്‍ സേതു രാജ്യത്തിന് ലഭിച്ചിരിക്കുന്നു. ഭാരതത്തിന്റെ വികസനത്തിനായി കടലുകളെപ്പോലും നേരിടാമെന്നും തിരമാലകളെ കീഴടക്കാമെന്നും ഉള്ള നമ്മുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണിത്. നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് പിറന്ന വിജയത്തിന്റെ തെളിവാണ് ഇന്നത്തെ ഈ സംഭവം.

2016 ഡിസംബര്‍ 24ന് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്-അടല്‍ സേതുവിന്റെ തറക്കല്ലിടല്‍ ചടങ്ങിനായി ഇവിടെ വന്നത് എനിക്ക് മറക്കാന്‍ കഴിയില്ല. അന്നു ഛത്രപതി ശിവാജി മഹാരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ 'എഴുതിവെച്ചോളൂ, രാജ്യം മാറും, രാജ്യം പുരോഗമിക്കും' എന്നു പറഞ്ഞിരുന്നു. വര്‍ഷങ്ങളോളം പദ്ധതികള്‍ വൈകിപ്പിക്കുന്ന ശീലം വളര്‍ന്നുവന്ന ഒരു വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ബാക്കിയില്ല. വലിയ പദ്ധതികള്‍ തങ്ങളുടെ ജീവിതകാലത്ത് പൂര്‍ത്തിയാകില്ലെന്ന് അവര്‍ കരുതി; അത് വളരെ ബുദ്ധിമുട്ടുള്ളതായി കണക്കാക്കപ്പെട്ടു. അതുകൊണ്ടാണ് അന്ന് എഴുതിവെച്ചോളൂ, രാജ്യം മാറും, തീര്‍ച്ചയായും മാറുമെന്നു ഞാന്‍ പറഞ്ഞത്. ഇതായിരുന്നു അന്നത്തെ മോദിയുടെ ഉറപ്പ്. ഇന്ന്, ഛത്രപതി ശിവാജി മഹാരാജിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, മുംബ്രാ ദേവിക്കും സിദ്ധിവിനായക് ജിക്കും ആദരം അര്‍പ്പിച്ചുകൊണ്ട്, ഞാന്‍ ഈ അടല്‍ സേതു മുംബൈയിലെ ജനങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

കോവിഡ്-19 പ്രതിസന്ധിക്കിടയിലും മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പൂര്‍ത്തീകരിച്ചത് വലിയ നേട്ടമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തറക്കല്ലിടലും ഉദ്ഘാടനവും ഒരു ദിവസത്തെ പരിപാടി മാത്രമല്ല. അത് മാധ്യമ വാര്‍ത്തയ്ക്കു വേണ്ടിയോ പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതിനോ അല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ പദ്ധതിയും ഭാരതത്തിന്റെ നവനിര്‍മ്മാണത്തിനുള്ള ഉപാധികളാണ്. ഓരോ ഇഷ്ടികകൊണ്ടും ഉയരമുള്ള ഒരു കെട്ടിടം പണിയുന്നതുപോലെ, സമൃദ്ധമായ ഒരു ഭാരതത്തിന്റെ മഹത്തായ ഘടന ഓരോ പദ്ധതിയിലും നിര്‍മ്മിക്കപ്പെടുന്നു.

സുഹൃത്തുക്കളെ,
മുംബൈയുടേതും മഹാരാഷ്ട്രയുടേതും ഉള്‍പ്പെടെ രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 33,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമോ അല്ലെങ്കില്‍ തറക്കല്ലിടലോ ആണ് ഇന്നു നടന്നത്. ഈ പദ്ധതികള്‍ റോഡുകള്‍, റെയില്‍വേ, മെട്രോ, വെള്ളം തുടങ്ങിയ സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ബിസിനസ് ലോകത്തെ ശക്തിപ്പെടുത്തുന്ന ആധുനിക 'ഭാരത് രത്നം', 'നെസ്റ്റ് 1' കെട്ടിടങ്ങളും ഇന്ന് മുംബൈയ്ക്ക് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആദ്യമായി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴാണ് ഈ പദ്ധതികളില്‍ ഭൂരിഭാഗവും ആരംഭിച്ചത്. അതിനാല്‍, ഈ ഫലങ്ങളിലേക്ക് നയിച്ച ദേവേന്ദ്ര ജി, ഏകനാഥ് ഷിന്‍ഡെ ജി, അജിത് പവാര്‍ ജി എന്നിവരെയും മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ന് മഹാരാഷ്ട്രയിലെ സഹോദരിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത്രയധികം സ്ത്രീകളുടെ സാന്നിധ്യവും ഈ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹങ്ങളും എന്നതിനെക്കാള്‍ വലിയ ഭാഗ്യം എന്താണുള്ളത്? മോദി ഉറപ്പുനല്‍കിയ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ശാക്തീകരണവും മഹാരാഷ്ട്ര ഗവണ്‍മെന്റ് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നു. മുഖ്യമന്ത്രി മഹിളാ സശക്തികരണ്‍ അഭിയാന്‍, നാരീശക്തി ദൂത് ആപ്പ്, ലെക് ലഡ്കി യോജന എന്നിവ ഈ ദിശയിലുള്ള പ്രശംസനീയമായ ശ്രമങ്ങളാണ്. ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളും ഈ പരിപാടിയില്‍ നമ്മെ അനുഗ്രഹിക്കുന്നതിനു വലിയ തോതില്‍ വന്നിട്ടുണ്ട്. ഭാരതത്തിന്റെ 'നാരീശക്തി' ഒരു 'വികസിത ഭാരതം' നിര്‍മ്മിക്കുന്നതിന് മുന്നോട്ട് വരികയും നയിക്കുകയും സംഭാവന അര്‍പ്പിക്കുകയും ചെയ്യേണ്ടത് ഒരുപോലെ അത്യാവശ്യമാണ്.

അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും വഴിയിലെ എല്ലാ തടസ്സങ്ങളും നീക്കാനും അവരുടെ ജീവിതം എളുപ്പമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നു. ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകള്‍, ആയുഷ്മാന്‍ യോജന പ്രകാരമുള്ള സൗജന്യ ചികിത്സ, ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള നല്ല വീടുകള്‍, സ്ത്രീകളുടെ പേരിലുള്ള സ്വത്ത് രജിസ്ട്രി, ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6,000 രൂപ നിക്ഷേപിക്കുക, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി 26 ആഴ്ച അവധി നല്‍കുക, സുകന്യ സമൃദ്ധി അക്കൗണ്ടുകളിലൂടെ കൂടുതല്‍ പലിശ നല്‍കുക - ഞങ്ങളുടെ ഗവണ്‍മെന്റ് സ്ത്രീകളുടെ എല്ലാ ആശങ്കകളും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നു, അതാണ് ഞങ്ങളുടെ പ്രധാന ഗ്യാരണ്ടി. ഇന്ന് ആരംഭിക്കുന്ന പദ്ധതികളും ഈ ദിശയിലുള്ള സുപ്രധാന ചുവടുകളാണ്.

എന്റെ കുടുംബാംഗങ്ങളെ,
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്തുടനീളമുള്ള ചര്‍ച്ചകള്‍ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്-അടല്‍ സേതുവിനെ ചുറ്റിപ്പറ്റിയാണ്. അടല്‍ സേതു കാണുന്ന ആര്‍ക്കും, അതിന്റെ ചിത്രങ്ങള്‍ കാണുന്ന ആര്‍ക്കും അഭിമാനം തോന്നും. ചിലര്‍ അതിന്റെ ഗാംഭീര്യത്തില്‍ ആകൃഷ്ടരാണെങ്കില്‍ ചിലര്‍ കടലുകള്‍ക്കിടയിലുള്ള അതിന്റെ ഗംഭീരമായ പ്രതിച്ഛായയില്‍ മയങ്ങുന്നു. ചിലര്‍ അതിന്റെ എഞ്ചിനീയറിങ്ങില്‍ മതിപ്പുളവാക്കുന്നു. അതിന് ഉപയോഗിച്ചിരിക്കുന്ന കമ്പിയുടെ അളവ് കണക്കാക്കിയാല്‍ ഒരാള്‍ക്ക് ഭൂമിയെ രണ്ടുതവണ വലംവെക്കാം. ഈ പദ്ധതിയില്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെയും ഉരുക്കിന്റെയും അളവ് ഉപയോഗിച്ച് 4 ഹൗറ പാലങ്ങളും 6 സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടികളും നിര്‍മ്മിക്കാന്‍ കഴിയും. മുംബൈയും റായ്ഗഢും തമ്മിലുള്ള ദൂരം കുറഞ്ഞതില്‍ ചിലര്‍ സന്തോഷിക്കുന്നു. മണിക്കൂറുകള്‍ എടുത്തിരുന്ന യാത്ര ഇനി മിനിറ്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാം. ഇത് പൂനെയെയും ഗോവയെയും മുംബൈയോട് അടുപ്പിക്കും. ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു നല്‍കിയ സഹായത്തിന് ഞാന്‍ ജപ്പാന്‍ ഗവണ്‍മെന്റിനോട് പ്രത്യേകം നന്ദിയുള്ളവനാണ്. ഇന്ന്, എന്റെ പ്രിയ സുഹൃത്ത്, അന്തരിച്ച ഷിന്‍സോ ആബെയെ ഞാന്‍ ഓര്‍ക്കുന്നു. ഈ പാലത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ രണ്ടുപേരും തീരുമാനമെടുത്തിരുന്നു എന്നതും ഓര്‍ക്കുന്നു.

പക്ഷേ, സുഹൃത്തുക്കളേ, അടല്‍ സേതുവിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് പരിമിതപ്പെടുത്താനാവില്ല. 2014-ല്‍ രാജ്യം മുഴുവന്‍ ആഹ്വാനം ചെയ്ത, ഭാരതത്തിന്റെ അഭിലാഷത്തിന്റെ വിജയകരമായ വിളംബരമാണ് അടല്‍ സേതു. തിരഞ്ഞെടുപ്പ് വേളയില്‍ എനിക്ക് ചുമതല ലഭിച്ചപ്പോള്‍, 2014ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുമ്പ് ഞാന്‍ റായ്ഗഡ് കോട്ട സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍, ഛത്രപതി ശിവാജി മഹാരാജിന്റെ സ്മാരകത്തിന് മുന്നില്‍ ഞാന്‍ കുറച്ച് നിമിഷങ്ങള്‍ ചിലവഴിച്ചു. ദൃഢനിശ്ചയങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനുള്ള ആ ശക്തി, ജനശക്തിയെ ദേശീയ ശക്തിയാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണം എന്നിവയെല്ലാം എന്റെ കണ്‍മുന്നില്‍ അനുഗ്രഹമായി വന്നു. ആ സംഭവം നടന്നിട്ട് 10 വര്‍ഷം കഴിഞ്ഞു. ഈ കാലത്തിനിടെ, രാജ്യം അതിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതും അതിന്റെ ദൃഢനിശ്ചയങ്ങള്‍ നേട്ടങ്ങളായി മാറുന്നതും കണ്ടു. ആ വികാരത്തിന്റെ പ്രതിഫലനമാണ് അടല്‍ സേതു.

അതു യുവാക്കള്‍ക്ക് പുതിയ ആത്മവിശ്വാസം പകരുന്നു. അവര്‍ക്ക് മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പാത അടല്‍ സേതു പോലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെ രൂപപ്പെടുന്നു. അടല്‍ സേതു 'വികസിത ഭാരത'ത്തിന്റെ ഒരു ചിത്രമാണ്. ഒരു 'വികസിത ഭാരതം' എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു നേര്‍ക്കാഴ്ച ഇത് പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും സൗകര്യങ്ങള്‍, എല്ലാവര്‍ക്കും അഭിവൃദ്ധി, വേഗതയും പുരോഗതിയും എന്നിവ 'വികസിത ഭാരത'ത്തില്‍ ഉണ്ടാകും. ദൂരങ്ങള്‍ കുറയും, രാജ്യത്തിന്റെ എല്ലാ കോണുകളും 'വികസിത ഭാരത'വുമായി ബന്ധിപ്പിക്കപ്പെടും. അത് ജീവിതമായാലും ഉപജീവനമായാലും എല്ലാം തടസ്സങ്ങളില്ലാതെ നിരന്തരം മുന്നോട്ട് പോകും. ഇതാണ് അടല്‍ സേതുവിന്റെ സന്ദേശം.

എന്റെ കുടുംബാംഗങ്ങളെ,
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഭാരതം കാര്യമായ പരിവര്‍ത്തനത്തിന് വിധേയമായി. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു ദശാബ്ദം മുമ്പുള്ള ഭാരതത്തെ ഓര്‍ക്കുമ്പോള്‍ മാറിയ ഭാരതത്തിന്റെ ചിത്രം വ്യക്തമാകും. പത്ത് വര്‍ഷം മുമ്പ്, ആയിരക്കണക്കിന് കോടികളുടെ വലിയ അഴിമതികളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ഇന്ന്, സംഭാഷണങ്ങള്‍ ശതകോടിക്കണക്കിന് രൂപയുടെ മെഗാ പദ്ധതികളുടെ പൂര്‍ത്തീകരണത്തെ കേന്ദ്രീകരിക്കുന്നു. സദ്ഭരണത്തോടുള്ള പ്രതിബദ്ധത രാജ്യത്തുടനീളം പ്രകടമാണ്.

വടക്കുകിഴക്കന്‍ മേഖലയിലെ ഭൂപന്‍ ഹസാരിക സേതു, ബോഗിബീല്‍ പാലം തുടങ്ങിയ മെഗാ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. അടല്‍ ടണല്‍, ചെനാബ് പാലം തുടങ്ങിയ പദ്ധതികള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിവേഗ പാതകള്‍ ഒന്നിനുപുറകെ ഒന്നായി നിര്‍മ്മിക്കപ്പെടുന്നു. ഭാരതത്തില്‍ ആധുനികവും കേമവുമായ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മ്മിക്കപ്പെടുന്നു. കിഴക്കന്‍, പടിഞ്ഞാറന്‍ ചരക്ക് ഇടനാഴികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചിത്രം മാറ്റാന്‍ പോകുന്നു. വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകള്‍ സാധാരണക്കാര്‍ക്ക് യാത്ര എളുപ്പവും പുതുമയേറിയതുമാക്കുന്നു. ഇപ്പോള്‍, ഓരോ ആഴ്ചയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ പുതിയ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.

സുഹൃത്തുക്കളെ,
ഈ വര്‍ഷങ്ങളില്‍, മഹാരാഷ്ട്രയിലെ മുംബൈയില്‍ നിരവധി വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയോ അല്ലെങ്കില്‍ ഉടന്‍ പൂര്‍ത്തീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാര്‍ഗ് ഉദ്ഘാടനം ചെയ്തു. നവി മുംബൈ വിമാനത്താവളം, തീരദേശ റോഡ് തുടങ്ങിയ പദ്ധതികളുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. തീരദേശ റോഡ് പദ്ധതി മുംബൈയിലെ കണക്ടിവിറ്റിയില്‍ വിപ്ലവം സൃഷ്ടിക്കും. ഓറഞ്ച് ഗേറ്റ്, ഈസ്റ്റേണ്‍ ഫ്രീവേ, മറൈന്‍ ഡ്രൈവിലെ ഭൂഗര്‍ഭ തുരങ്കം എന്നിവ മുംബൈയിലെ യാത്രാസുഖം വര്‍ദ്ധിപ്പിക്കും.

വരും വര്‍ഷങ്ങളില്‍ മുംബൈയില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കാനൊരുങ്ങുകയാണ്. ഡല്‍ഹി-മുംബൈ സാമ്പത്തിക ഇടനാഴി മഹാരാഷ്ട്രയെ മധ്യ, ഉത്തര ഇന്ത്യയുമായി ബന്ധിപ്പിക്കും. മഹാരാഷ്ട്രയെ തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈന്‍ ശൃംഖലകള്‍ സ്ഥാപിക്കുന്നു. കൂടാതെ, എണ്ണ, വാതക പൈപ്പ്ലൈനുകള്‍, ഔറംഗബാദ് വ്യവസായ നഗരം, നവി മുംബൈ വിമാനത്താവളം, ശേന്ദ്ര-ബിഡ്കിന്‍ വ്യവസായ പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ മഹാരാഷ്ട്രയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന സുപ്രധാന സംരംഭങ്ങളാണ്.

എന്റെ കുടുംബാംഗങ്ങളെ,
നികുതിദായകരുടെ പണം എങ്ങനെയാണ് രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കുന്നത് എന്നതിന് ഇന്ന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുന്നു. എന്നിരുന്നാലും, പതിറ്റാണ്ടുകളായി, രാജ്യം ഭരിക്കുന്നവര്‍ സമയമോ നികുതിദായകരുടെ പണമോ ഗൗരവത്തോടെ കണ്ടില്ല. തല്‍ഫലമായി, മുന്‍കാലങ്ങളില്‍ ഒന്നുകില്‍ പദ്ധതികള്‍ പൂര്‍ത്തിയായില്ല, അല്ലെങ്കില്‍ നിര്‍മാണം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. മഹാരാഷ്ട്ര ഇത്തരം നിരവധി പദ്ധതികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നില്‍വന്‍ഡെ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് നമ്മുടെ ഗവണ്‍മെന്റ്ണ്. യുറാന്‍-ഖര്‍വ കോപാര്‍ റെയില്‍ ലൈന്‍ പദ്ധതി ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചു, ഇതു ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കി. നവി മുംബൈ മെട്രോ പദ്ധതിയും ദീര്‍ഘകാലത്തേക്ക് കാലതാമസം നേരിട്ടിരുന്നു, എന്നാല്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ രൂപീകരണത്തിന് ശേഷം പുരോഗതി കൈവരിച്ചു, ഇപ്പോള്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി.

അടല്‍ സേതുവിന്റെ ആസൂത്രണം പോലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം ഇത് വളരെക്കാലത്തെ ആവശ്യമായിരുന്നു, പക്ഷേ അത് പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കാണ് ഉണ്ടായത്. ബാന്ദ്ര-വര്‍ളി സീ ലിങ്ക് പദ്ധതി അടല്‍ സേതുവിനേക്കാള്‍ അഞ്ചിരട്ടി ചെറുതാണെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇത് പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷത്തിലേറെ സമയമെടുത്തു, ബജറ്റ് നാലോ അഞ്ചോ തവണ വര്‍ദ്ധിപ്പിച്ചു. അക്കാലത്ത് ഭരണം നടത്തിയിരുന്നവരുടെ പ്രവര്‍ത്തനരീതി ഇതായിരുന്നു.

സുഹൃത്തുക്കളെ,
അടല്‍ സേതു പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സൗകര്യം പ്രദാനം ചെയ്യുക മാത്രമല്ല കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ നിര്‍മ്മാണ സമയത്ത് ഏകദേശം 17,000 തൊഴിലാളികളും 1,500 എന്‍ജിനീയര്‍മാരും നേരിട്ട് ജോലി ചെയ്തിരുന്നു. കൂടാതെ, ഗതാഗതവും മറ്റ് മേഖലകളുമായി ബന്ധപ്പെട്ട ബിസിനസുകള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇത് മേഖലയിലുടനീളമുള്ള വിവിധ ബിസിനസുകളെ ഉത്തേജിപ്പിക്കുകയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും ജീവിത സൗകര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

എന്റെ കുടുംബാംഗങ്ങളെ,
ഇന്ന് ഭാരതത്തിന്റെ വികസനം ഒരേസമയം രണ്ട് പാതകളിലൂടെയാണ് നടക്കുന്നത്. ഒരു വശത്ത്, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വന്‍ പദ്ധതികള്‍ നടക്കുന്നു, മറുവശത്ത്, രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്‍കിട പദ്ധതികള്‍ നടക്കുന്നു. അടല്‍ പെന്‍ഷന്‍ യോജന പോലുള്ള പദ്ധതികളും അടല്‍ സേതു പോലുള്ള നിര്‍മാണ പദ്ധതികളും ഞങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ ആയുഷ്മാന്‍ ഭാരത് യോജന നടപ്പിലാക്കുകയും വന്ദേ ഭാരത്, അമൃത് ഭാരത് തുടങ്ങിയ തീവണ്ടികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വാഗ്ദാനം ചെയ്യുന്നു കൂടാതെ പ്രധാനമന്ത്രി ഗതിശക്തി സൃഷ്ടിക്കുന്നു. ഇന്നത്തെ ഭാരതം എങ്ങനെയാണ് ഇതെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്നത്? ലക്ഷ്യവും സമര്‍പ്പണവും എന്നാണ് ഉത്തരം. നമ്മുടെ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇന്ന്, ഗവണ്‍മെന്റിന്റെ സമര്‍പ്പണം രാഷ്ട്രത്തോടും പൗരന്മാരോടും മാത്രമാണ്. ഞങ്ങളുടെ ഉദ്ദേശ്യത്തിനും അര്‍പ്പണബോധത്തിനും അനുസരിച്ചു ഞങ്ങളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നു.

ദീര്‍ഘകാലം രാജ്യം ഭരിച്ചവരുടെ ഉദ്ദേശ്യവും അര്‍പ്പണബോധവും എപ്പോഴും സംശയാസ്പദമാണ്. അധികാരം നേടാനും വോട്ട് ബാങ്ക് ഉണ്ടാക്കാനും ഖജനാവ് നിറയ്ക്കാനും മാത്രമായിരുന്നു അവരുടെ ഉദ്ദേശം. അവരുടെ സമര്‍പ്പണം പൗരന്മാരോടല്ല, മറിച്ച് അവരുടെ കുടുംബങ്ങളുടെ പുരോഗതിയോടു മാത്രമായിരുന്നു. അതിനാല്‍, അവര്‍ക്ക് 'വികസിത ഭാരത'ത്തെക്കുറിച്ച് ചിന്തിക്കാനോ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ലക്ഷ്യങ്ങള്‍ സ്ഥാപിക്കാനോ കഴിഞ്ഞില്ല. ഇത് രാജ്യത്തിനുണ്ടാക്കിയ നാശനഷ്ടങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഞാനൊരു കണക്ക് പറയട്ടെ: 2014-ന് മുമ്പുള്ള പത്ത് വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 12 ലക്ഷം കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനു വിപരീതമായി നമ്മുടെ ഗവണ്‍മെന്റ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 44 ലക്ഷം കോടി രൂപ അനുവദിച്ചു. അതുകൊണ്ടാണ് രാജ്യത്തുടനീളം ഇത്തരം സുപ്രധാന പദ്ധതികള്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കേന്ദ്ര ഗവണ്‍മെന്റ് ഏകദേശം 8 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയോ അല്ലെങ്കില് പ്രവൃത്തി നടത്തിവരികയോ ആണ്. ഈ തുക വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

സുഹൃത്തുക്കളെ,
ഇന്ന്, പൂര്‍ണത ഉറപ്പാക്കാനുള്ള ഒരു ദൗത്യത്തിലാണ് ഞങ്ങള്‍- അതായത്, രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ 100% ലഭ്യത. വികസിത ഭാരത സങ്കല്‍പ യാത്രയ്ക്കു കീഴില്‍, മോദിയുടെ ഉറപ്പുള്ള വാഹനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുകയാണ്. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നിടത്താണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പരമാവധി പ്രയോജനം ലഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വരുമാനം എന്നിവയുള്‍പ്പെടെ എല്ലാ പദ്ധതികളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയിട്ടുണ്ട്. പിഎം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ക്ക് 80% വിലക്കിഴിവ് നല്‍കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് നല്ല വീട് നല്‍കുമെന്നതാണ് മോദിയുടെ ഉറപ്പ്. ഇതുവരെ പരിഗണിക്കപ്പെടാത്തവര്‍ക്ക് ആദ്യമായി ബാങ്കുകളുടെ സഹായം ലഭിക്കുന്നു. പ്രധാനമന്ത്രി സ്വനിധി യോജന മുംബൈയിലെ ആയിരക്കണക്കിന് തെരുവു കച്ചവടക്കാരായ സഹോദരീസഹോദരന്‍മാര്‍ക്ക് പ്രയോജനം ചെയ്തു. നമ്മുടെ ഗവണ്‍മെന്റ് വനിതാ സ്വയംസഹായ സംഘങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഞങ്ങള്‍ ഞങ്ങളുടെ നിരവധി സഹോദരിമാരെ 'ലക്ഷപതി ദീദികള്‍' ആക്കി. ഇനി, വരും വര്‍ഷങ്ങളില്‍ 2 കോടി സ്ത്രീകളെ 'ലക്ഷപതി ദീദി' ആക്കാനാണ് എന്റെ ദൃഢനിശ്ചയം. ഈ കണക്ക് കേട്ട് ചിലര്‍ ആശ്ചര്യപ്പെട്ടേക്കാം, എന്നാല്‍ എന്റെ ലക്ഷ്യം 2 കോടി സ്ത്രീകളെ 'ലക്ഷപതി ദീദി' ആക്കുക എന്നതാണ്.

സ്ത്രീ ശാക്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പുതിയ പ്രചാരണത്തിന് മഹാരാഷ്ട്രയിലെ എന്‍ഡിഎ ഗവണ്‍മെന്റ് തുടക്കമിട്ടു. മുഖ്യമന്ത്രി മഹിളാ സശക്തീകരണ്‍ അഭിയാനും നാരി ശക്തി ദൂത് അഭിയാനും സ്ത്രീകളുടെ വികസനം ത്വരിതപ്പെടുത്തും. മഹാരാഷ്ട്രയുടെ വികസനത്തിനായി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് അതേ സമര്‍പ്പണത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. 'വികസിത ഭാരത'ത്തിന്റെ ശക്തമായ സ്തംഭമായി മഹാരാഷ്ട്ര മാറുന്നുവെന്ന് ഉറപ്പാക്കാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും.

ഒരിക്കല്‍ കൂടി, ഈ പുതിയ പദ്ധതികള്‍ക്ക് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച അമ്മമാരെയും സഹോദരിമാരെയും ഞാന്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു.

വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ഥ പ്രസംഗം.

 

NK


(Release ID: 1997192) Visitor Counter : 104