ന്യൂനപക്ഷകാര്യ മന്ത്രാലയം
കേന്ദ്ര വനിതാ-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും സൗദി അറേബ്യയിലെ ജിദ്ദയിൽ ഹജ്ജ്-ഉംറ സമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തിൽ പങ്കെടുത്തു
Posted On:
09 JAN 2024 2:39PM by PIB Thiruvananthpuram
കേന്ദ്ര വനിതാ-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതോദ്യോഗസ്ഥസംഘം സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയം ജിദ്ദയിൽ സംഘടിപ്പിച്ച ഹജ്ജ്-ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുത്തു. 07.01.2024ന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ്ജ് 2024നുള്ള ഉഭയകക്ഷി ഹജ്ജ് കരാർ ഒപ്പുവച്ച സൗദി അറേബ്യൻ സന്ദർശനത്തിന്റെ ഭാഗമായാണു സമ്മേളനത്തിൽ സംഘം പങ്കെടുത്തത്.
മികച്ച ആഗോള സമ്പ്രദായങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകിയ യോഗം, ഇന്ത്യൻ തീർഥാടകർക്കു ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്രദമാകുന്ന ആശയങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തു
2024ലെ ഹജ്ജ് വേളയിൽ ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനു കൂടുതൽ ഗാഢമായ സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ചു മക്ക മേഖല ഡെപ്യൂട്ടി ഗവർണറുമായും സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രിയുമായും ചർച്ച നടത്തി
ഹജ്ജ്-ഉംറ സമ്മേളനവും പ്രദർശനവും വർഷംതോറും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിപാടിയാണ്. ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും മൂന്നാം പതിപ്പാണ് 2024 ജനുവരി 8 മുതൽ 11 വരെ ജിദ്ദയിൽ സംഘടിപ്പിക്കുന്നത്. സുപ്രധാന തീരുമാനമെടുക്കുന്നവർ, വിദഗ്ധർ, പണ്ഡിതർ, ഗവേഷകർ എന്നിവരുടെ നേതൃത്വത്തിലുള്ള സെഷനുകൾ, ശിൽപ്പശാലകൾ, പരിശീലന സെമിനാറുകൾ എന്നിവ ആഗോള സമ്മേളനത്തിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഹജ്ജ്-ഉംറ മേഖലകളിൽ വ്യാപൃതരായിട്ടുള്ള 200ലധികം സ്വകാര്യ-പൊതു സ്ഥാപനങ്ങളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങളെക്കുറിച്ചു വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും, ഇന്ത്യൻ തീർഥാടകർക്കു ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന ആശയങ്ങളുടെയും വിവരങ്ങളുടെയും കൈമാറ്റം സുഗമമാക്കുകയും ചെയ്ത സമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തിൽ കേന്ദ്ര വനിതാ-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് ശ്രീമതി സ്മൃതി സുബിൻ ഇറാനി, ശ്രീ വി മുരളീധരൻ എന്നിവർ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജകുമാരനുമായി ചർച്ച നടത്തി. ചർച്ചയിൽ സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയും പങ്കെടുത്തു. 2024ലെ ഹജ്ജ് വേളയിൽ ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കു നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യയുമായി കൂടുതൽ ഗാഢമായ സഹകരണത്തിനും കൂട്ടായ പ്രവർത്തനത്തിനുമുള്ള സാധ്യതകളെക്കുറിച്ചു നേതാക്കൾ ചർച്ച ചെയ്തു.
--SK--
(Release ID: 1994612)
Visitor Counter : 107