പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും അവതരിപ്പിച്ചു
''ദൈവീകതയും വികസനവും ഒരുമിച്ച് അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്''
''അഭിലാഷങ്ങള്‍, പ്രത്യാശ, ആത്മവിശ്വാസം, നൂതനാശയങ്ങള്‍, അവസരങ്ങള്‍ എന്നിവയുടെ സമൃദ്ധിയെയാണ് ഇന്ത്യയുടെ SWOT വിശകലനം പ്രതിഫലിപ്പിക്കുക''
''വികസനം കാംക്ഷിക്കുന്ന ഇന്ത്യ അസ്ഥിരതയെക്കാള്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റിനെയാണ് ആഗ്രഹിക്കുന്നത്''
''ഉത്തരാഖണ്ഡ് ഗവണ്‍മെന്റും ഇന്ത്യാ ഗവണ്‍മെന്റും ഇരുകൂട്ടരുടെയും പരിശ്രമങ്ങളെ പരസ്പരം മെച്ചപ്പെടുത്തുന്നു''
'''മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നതിന് അനുസൃതമായി 'വെഡ് ഇന്‍ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിയ്ക്കണം''
''ഉത്തരാഖണ്ഡിലെ മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ കരുത്ത് ഒരു വലിയ വിപണി സൃഷ്ടിക്കുന്നു''
'''തദ്ദേശീയതയ്ക്കായുള്ള ശബ്ദം, ആഗോളതയ്ക്കായുള്ള തദ്ദേശീയത' എന്ന നമ്മുടെ ആശയത്തെ ഹൗസ് ഓഫ് ഹിമാലയാസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നു''
''രണ്ട് കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു''
''ഇതാണ് സമയം, ശരിയായ സമയം. ഇത് ഇന്ത്യയുടെ സമയമാണ്''
Posted On:
08 DEC 2023 1:55PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ശ്രീ മോദി പ്രദര്‍ശനം നടന്നുകാണുകയും ഗ്രൗണ്ട് ബേക്കിംഗ് വാൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ''സമാധാനത്തിലൂടെ സമൃദ്ധി'' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
വ്യവസായ പ്രമുഖരും ചടങ്ങില്‍ തങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ഉത്തരാഖണ്ഡ് സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾക്ക് ഏറ്റവും ആകര്‍ഷകമായ സ്ഥലമായി മാറിയിരിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ഡയറക്ടറും അഗ്രോ, ഓയില്‍ ആന്‍ഡ് ഗ്യാസ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ പ്രണവ് അദാനി പറഞ്ഞു. ഏകജാലക അനുമതി, അധികമല്ലാത്ത ഭൂമി വില, താങ്ങാനാവുന്ന വൈദ്യുതിയും കാര്യക്ഷമമായ വിതരണവും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യശേഷി, ദേശീയ തലസ്ഥാനത്തോടുള്ള സാമീപ്യം, വളരെ സ്ഥിരതയുള്ള ക്രമസമാധാന അന്തരീക്ഷം എന്നിവയുടെ കൂടിച്ചേരലും വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള സംസ്ഥാനത്തിന്റെ സമീപനവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാനുമുള്ള തന്റെ പദ്ധതികളെക്കുറിച്ചും ശ്രീ അദാനി വിശദീകരിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ അദ്ദേഹം, ഇന്ത്യയിലെ ജനങ്ങള്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വിശ്വാസവും പ്രതീക്ഷയും അദ്ദേഹത്തില്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കേദാര്‍നാഥിന്റെയും ബദരീനാഥിന്റെയും വികസന പദ്ധതികളുടെ സമയത്ത് തനിക്കുണ്ടായ അനുഭവം ഉയര്‍ത്തിക്കാട്ടികൊണ്ട് ഉത്തരാഖണ്ഡ് സംസ്ഥാനവുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ച് ജെ.എസ്.ഡബ്ല്യു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ സജ്ജന്‍ ജിന്‍ഡാല്‍ സംസാരിച്ചു. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം, ജി.ഡി.പി വളര്‍ച്ചയുടെ മാനദണ്ഡങ്ങള്‍ പരാമര്‍ശിക്കുകയും ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ആഗോള സൂപ്പര്‍ പവര്‍ ആകാനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് നേതൃത്വം നൽകുന്നതിന് ശ്രീ ജിനാല്‍ പ്രധാനമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ കൂടുതൽ നന്നായി ബന്ധിപ്പിക്കുന്നതിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലും അദ്ദേഹം പരാമര്‍ശിച്ചു. ഉത്തരാഖണ്ഡില്‍ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതി വിശദീകരിച്ച അദ്ദേഹം, നവംബറില്‍ തുടക്കം കുറിച്ച 'ക്ലീന്‍ കേദാര്‍നാഥ്' പദ്ധതിയെ കുറിച്ചും സംസാരിച്ചു. ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ വികസന യാത്രയില്‍ കമ്പനിയുടെ പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.
ജി20 ഉച്ചകോടിയുടെ വിജയത്തെ അനുസ്മരിച്ച ഐ.ടി.സിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ സഞ്ജീവ് പുരി, പ്രധാനമന്ത്രിയുടെ ആഗോള രാഷ്ട്രതന്ത്രത്തെയും ഗ്ലോബല്‍ സൗത്തിനായുള്ള അദ്ദേഹത്തിന്റെ വാദത്തേയും പ്രശംസിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൈക്കൊണ്ടിട്ടുള്ള ലക്ഷ്യബോധത്തോടെയുള്ള ഒരു കൂട്ടം നയ സംരംഭങ്ങളാണ് ബഹുമുഖ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്തില്‍ ഇന്ത്യയെ അനുകൂലമായി പ്രതിഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയിലെ പല മേഖലകളുടെയും പരിവര്‍ത്തനവും ജി.ഡി.പി സംഖ്യകളും ഇതിന് തെളിവാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഈ ദശാബ്ദം ഇന്ത്യയുടേതാകുന്ന ഒരു സാഹചര്യം നമ്മുടെ നേതൃനിര സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ പറയുന്നു, ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് - അദ്ദേഹം പറഞ്ഞു.
വികസിത ഭാരതത്തിന്റെ ദര്‍ശകനായും ഇന്ത്യയിലെ 140 കോടി പൗരന്മാരുടെയും അതോടൊപ്പം ലോകത്തിന്റെയും കുടുംബാംഗമായും, പതഞ്ജലിയുടെ സ്ഥാപകനും യോഗാ ഗുരുവുമായ ശ്രീ ബാബ രാംദേവ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള പതഞ്ജലിയുടെ സംഭാവനകളെ പരാമര്‍ശിക്കുകയും ചെയ്തു. 10,000 കോടിയിലധികം രൂപയുടെ ഭാവി നിക്ഷേപങ്ങളും വരും കാലങ്ങളില്‍ 10,000-ത്തിലധികം തൊഴിലവസരങ്ങളും പ്രധാനമന്ത്രിക്ക് അദ്ദേഹം ഉറപ്പ് നല്‍കി. നവഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛാശക്തിയെയും അദ്ദേഹം പ്രശംസിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം സംസ്ഥാനത്ത് യൂണിറ്റുകൾ സ്ഥാപിക്കാന്‍ കോര്‍പ്പറേറ്റ് ഹൗസുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലുണ്ടായ വികസനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാനും വികസിത് ഭാരത് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന് കരുത്തുപകരാന്‍ അദ്ദേഹം നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ വികസനത്തിന് ദിശാബോധവും കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും നല്‍കിയതിന് എമ്മാര്‍ ഇന്ത്യ സി.ഇ.ഒ ശ്രീ കല്യാൺ ചക്രബര്‍ത്തി പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള യാത്രയില്‍ പങ്കാളിയാകാനുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു. ഇന്ത്യ-യു.എ.ഇ ബന്ധത്തിലെ പുതിയ ഉണര്‍വ് അദ്ദേഹം ചൂണ്ടിക്കാട്ടി. എമ്മാറിന്റെ ആസ്ഥാനം യു.എ.ഇയിലാണ്. ആഗോള വീക്ഷണത്തില്‍ ഇന്ത്യയോടുവന്ന ഗുണപരമായ മാറ്റവും ശ്രീ കല്യാൺ ചക്രബര്‍ത്തി ഉയര്‍ത്തിക്കാട്ടി. വ്യാവസായിക ലോകത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ജി.എസ്.ടി, ഫിന്‍ടെക് വിപ്ലവം തുടങ്ങിയ നിരവധി നയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
ദീരഘവീക്ഷണത്തോടെയുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത ടി.വി.എസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ചെയര്‍മാന്‍ ശ്രീ ആര്‍ ദിനേശ്, ആവര്‍ത്തിച്ചു. ഉത്തരാഖണ്ഡിന്റെ വളര്‍ച്ചാ ചരിത്രത്തില്‍ സ്ഥാപനത്തിന്റെ സംഭാവനകള്‍ പരാമര്‍ശിച്ച അദ്ദേഹം ടയര്‍, ഓട്ടോ ഘടകങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്‌സ്, ഓട്ടോ മേഖലയിലെ സേവനങ്ങള്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു. നിര്‍മ്മാണ മേഖലയിലും വെയര്‍ഹൗസിംഗ് ശേഷിയിലും കൂടുതല്‍ നിക്ഷേപം നടത്താനും അതുവഴി കുടുംബ കമ്പനികളിലെല്ലാമായി 7,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള കമ്പനിയുടെ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. മാറിക്കൊണ്ടിരിക്കുന്ന നിലവിലെ ലോക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡിജിറ്റല്‍, സുസ്ഥിര പരിവര്‍ത്തനത്തില്‍ സാമ്പത്തിക പിന്തുണയും നൈപുണ്യവും നല്‍കിക്കൊണ്ട് വാഹന വിപണി മേഖലയിലെ പങ്കാളികളെ കൈപിടിച്ചുയര്‍ത്താനുള്ള കമ്പനിയുടെ സന്നദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സി.ഐ.ഐ യുടെ പ്രസിഡന്റ് എന്ന നിലയില്‍, 1 ലക്ഷത്തിലധികം ആളുകള്‍ക്ക് കൗണ്‍സിലിംഗും പിന്തുണയും നല്‍കുന്നതിനായി 10 മോഡല്‍ കരിയര്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം അറിയിച്ചു. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് മേഖലകളില്‍ 10,000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ള സ്‌പെഷ്യാലിറ്റി മള്‍ട്ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്നും അദ്ദേഹം അറിയിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേവഭൂമിയായ ഉത്തരാഖണ്ഡിലെത്താനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയും നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്റെ ദശാബ്ദമാണെന്ന തന്റെ പ്രസ്താവന ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രസ്താവന ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകുന്നത് സംതൃപ്തി നല്‍കുന്ന കാര്യമാണെന്ന് ശ്രീ മോദി പറഞ്ഞു. സിൽക്യാരയിലെ തുരങ്കത്തില്‍ നിന്ന് തൊഴിലാളികളെ പുറത്തെത്തിച്ച വിജയകരമായ രക്ഷാപ്രവര്‍ത്തന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെയും പങ്കാളികളായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഉത്തരാഖണ്ഡുമായുള്ള തന്റെ അടുത്ത ബന്ധം ആവര്‍ത്തിച്ച പ്രധാനമന്ത്രി, ദൈവികതയും വികസനവും ഒരേസമയം അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്ന് പറഞ്ഞു. തൻ്റെ ചിന്തകൾ കൂടുതല്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി തന്റെ തന്നെ ഒരു കവിതയും ചൊല്ലി.
ചടങ്ങില്‍ സന്നിഹിതരായ നിക്ഷേപകരെ വ്യവസായത്തിന്റെ പ്രമാണിമാർ എന്ന് പരാമര്‍ശിച്ചുകൊണ്ട്, ബഹുരാഷ്ട്ര കുത്തകകള്‍ നടത്തിയ SWOT (ശക്തികള്‍, ബലഹീനതകള്‍, അവസരങ്ങള്‍, ഭീഷണികള്‍ എന്നിവയെ ആണ് ഇതിലെ ഓരോ അക്ഷരവും സൂചിപ്പിക്കുന്നത്. വ്യവസായത്തിന്റെ ഈ നാല് വശങ്ങളെ വിലയിരുത്തുന്നതിനുള്ള ഒരു സാങ്കേതികതയാണ് SWOT വിശകലനം) വിശകലനത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ സംരംഭത്തിന് രാജ്യത്തിന്റെ പ്രകടന മികവുമായി ബന്ധപ്പെടുത്തി കൂടുതൽ ഊന്നല്‍ നല്‍കി. SWOT വിശകലനത്തിന്റെ ഫലങ്ങള്‍ രാജ്യത്തെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും ആത്മവിശ്വാസത്തിന്റെയും പുതുമകളുടെയും അവസരങ്ങളുടെയും സമൃദ്ധിയെ സൂചിപ്പിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നയങ്ങളാല്‍ നയിക്കപ്പെടുന്ന ഭരണത്തിന്റെ സൂചകങ്ങളും രാഷ്ട്രീയ സ്ഥിരതയ്ക്കായുള്ള പൗരന്മാരുടെ ദൃഢനിശ്ചയവും അദ്ദേഹം പരാമര്‍ശിച്ചു. ''അസ്ഥിരതയെക്കാള്‍ സുസ്ഥിരമായ ഗവണ്‍മെന്റിനെയാണ് വികസനേച്ഛയുള്ള ഇന്ത്യ ആഗ്രഹിക്കുന്നത്'', അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു ശ്രദ്ധ ക്ഷണിവച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നല്ല ഭരണത്തിന്റെയും അതിന്റെ ട്രാക്ക് റെക്കോര്‍ഡിന്റെയും അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. കൊവിഡ് മഹാമാരിയും അസ്ഥിരമായ ഭൗമ-രാഷ്ട്രീയ സാഹചര്യവും പരിഗണിക്കാതെ റെക്കോര്‍ഡ് വേഗത്തില്‍ മുന്നേറാനുള്ള രാജ്യത്തിന്റെ കഴിവിനെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ''കൊറോണ വാക്സിനോ സാമ്പത്തിക നയങ്ങളോ ആകട്ടെ, ഇന്ത്യക്ക് സ്വന്തം കഴിവുകളിലും നയങ്ങളിലും വിശ്വാസമുണ്ടായിരുന്നു,'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തല്‍ഫലമായി, ലോകത്തിലെ മറ്റ് വലിയ സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ സ്വന്തമായി ഒരു തലത്തിലാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഈ ശക്തിയുടെ നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരട്ട പ്രയത്‌നങ്ങള്‍ എല്ലായിടത്തും ദൃശ്യമാകുന്ന ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രാദേശിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍, കേന്ദ്ര ഗവണ്‍മെന്റ് ഉത്തരാഖണ്ഡില്‍ അഭൂതപൂര്‍വമായ നിക്ഷേപം നടത്തുകയാണ്. ഗവണ്‍മെന്റിന്റെ രണ്ട് തലങ്ങളും പരസ്പരം പരിശ്രമം മെച്ചപ്പെടുത്തുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ചാർധാമിലേക്ക് നീളുന്ന പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഡല്‍ഹി-ഡെറാഡൂണ്‍ ദൂരം രണ്ടര മണിക്കൂറായി കുറയ്ക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡെറാഡൂണും പന്ത്നഗര്‍ വിമാനത്താവളവും വിപുലീകരിക്കുന്നത് വ്യോമ ഗതാഗതം ശക്തിപ്പെടുത്തും. സംസ്ഥാനത്ത് ഹെലി-ടാക്സി സേവനങ്ങള്‍ വിപുലീകരിക്കുകയും റെയില്‍വേ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം കൃഷി, വ്യവസായം, ചരക്കു ഗതാഗതം, സംഭരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പരിമിതമായ പ്രവേശനം അനുവദിച്ച മുന്‍ ഗവണ്‍മെന്റുകളുടെ സമീപനത്തിന് വിരുദ്ധമായി, അതിര്‍ത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യ ഗ്രാമമായി വികസിപ്പിക്കാനുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി അടിവരയിട്ടു. വികസന മാനദണ്ഡങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന വികസനേച്ഛയുള്ള ജില്ലകളെയും വികസനേച്ഛയുള്ള ബ്ലോക്ക് പ്രോഗ്രാമിനെയും അദ്ദേഹം പരാമര്‍ശിച്ചു. ശ്രീ മോദി ഉത്തരാഖണ്ഡിന്റെ ഉപയോഗിക്കപ്പെടാത്ത സാധ്യതകള്‍ എടുത്തുകാണിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ കൊയ്ത ഉത്തരാഖണ്ഡിലെ ടൂറിസം മേഖലയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഇന്ത്യ സന്ദര്‍ശിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകൾ കാണിക്കുന്ന ആവേശം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികളെ പ്രകൃതിയെയും ഇന്ത്യയുടെ പൈതൃകത്തെയും പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള തീം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അദ്ദേഹം അറിയിച്ചു. പ്രകൃതിയും സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊള്ളുന്ന ഉത്തരാഖണ്ഡ് ഒരു ബ്രാന്‍ഡായി ഉയര്‍ന്നുവരാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. യോഗ, ആയുര്‍വേദം, തീര്‍ത്ഥ, സാഹസിക കായിക മേഖലകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം നിക്ഷേപകരോട് ഊന്നിപ്പറഞ്ഞു. 'മെയ്ക്ക് ഇൻ ഇന്ത്യ' മാതൃകയില്‍ 'വെഡ് ഇന്‍ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് തുടക്കമിടാന്‍ രാജ്യത്തെ സമ്പന്നരോടും യുവാക്കളോടും പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ ഒരു വിവാഹ ചടങ്ങെങ്കിലും നടത്താനും സംഘടിപ്പിക്കാനും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ''ഉത്തരാഖണ്ഡില്‍ 1 വര്‍ഷത്തിനുള്ളില്‍ 5000 വിവാഹങ്ങള്‍ നടന്നാൽപ്പോലും, ഒരു പുതിയ അടിസ്ഥാന സൗകര്യം നിലവില്‍ വരികയും സംസ്ഥാനത്തെ, ലോകത്തിന് ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി മാറ്റുകയും ചെയ്യും'', ഏത് ദൃഢനിശ്ചയവും നേടിയെടുക്കാനുള്ള ഇന്ത്യയുടെ കഴിവിനെ എടുത്തുകാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മാറ്റത്തിന്റെ ശക്തമായ കാറ്റാണ് ഇന്ത്യയില്‍ വീശുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അഭിലാഷത്തിൻ്റെ ഒരു ഇന്ത്യ സൃഷ്ടിക്കപ്പെട്ടു. മുമ്പ് അവശരായിരുന്ന ജനസംഖ്യയുടെ വലിയൊരു ഭാഗം ഇപ്പോൾ പദ്ധതികളുമായും അവസരങ്ങളുമായും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ കോടിക്കണക്കിന് ആളുകള്‍ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പ് നല്‍കുന്നു. നവ മധ്യവര്‍ഗ്ഗവും മധ്യവര്‍ഗവും കൂടുതല്‍ പണം ചിലവഴിക്കുന്നു. ''ഇന്ത്യയുടെ മധ്യവര്‍ഗത്തിന്റെ സാധ്യതകള്‍ നമ്മള്‍ മനസ്സിലാക്കണം. ഉത്തരാഖണ്ഡിലെ സമൂഹത്തിന്റെ ഈ ശക്തി നിങ്ങള്‍ക്കായി ഒരു വലിയ വിപണി സൃഷ്ടിക്കുന്നു," ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ഹൗസ് ഓഫ് ഹിമാലയാസ് ബ്രാന്‍ഡ് ആരംഭിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്‍മെന്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഉത്തരാഖണ്ഡിലെ പ്രാദേശിക ഉല്‍പന്നങ്ങള്‍ വിദേശ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള നൂതനമായ ശ്രമമാണിതെന്നും പറഞ്ഞു. 'ഹൗസ് ഓഫ് ഹിമാലയാസ് 'തദ്ദേശീയതയ്ക്കായുള്ള ശബ്ദം; ആഗോളതയ്ക്കായുള്ള തദ്ദേശീയത' എന്ന നമ്മുടെ ആശയം കൂടുതല്‍ ശക്തിപ്പെടുത്തുന്നു', ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജില്ലകളില്‍ നിന്നും ബ്ലോക്കുകളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ ആഗോളമാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിലകൂടിയ കളിമണ്‍ പാത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പ്രത്യേക രീതിയില്‍ ഉണ്ടാക്കി അവതരിപ്പിക്കുന്നത് അദ്ദേഹം ഉദാഹരണമായി പറഞ്ഞു. പരമ്പരാഗതമായി ഇത്തരം നിരവധി മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ വിശ്വകർമകളുടെ വൈദഗ്ധ്യവും കരകൗശലവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രാദേശിക ഉല്‍പന്നങ്ങളുടെ ആഗോള വിപണി കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറയുകയും വിവിധ ജില്ലകളിലെ അത്തരം ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയും ചെയ്തു. വനിതാ സ്വയം സഹായ സംഘങ്ങളുമായും എഫ്പിഒകളുമായും ഇടപഴകുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. 'ഇത് തദ്ദേശീയതയെ ആഗോളമാക്കുന്നതിനുള്ള ഒരു മികച്ച പങ്കാളിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്പതി ദീദി അഭിയാനെ ഉയര്‍ത്തിക്കാട്ടി, രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ നിന്ന് രണ്ട് കോടി ലക്ഷപതി ദീദിമാരെ സൃഷ്ടിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഹൗസ് ഓഫ് ഹിമാലയ ബ്രാന്‍ഡ് ആരംഭിക്കുന്നതോടെ ഈ സംരംഭത്തിന് ആക്കം കൂടുമെന്നും പറഞ്ഞു. ഈ സംരംഭം ആരംഭിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സ്വഭാവം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചെങ്കോട്ടയില്‍ നിന്നുള്ള തന്റെ ആഹ്വാനത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി എല്ലാവരേയും ഉദ്‌ബോധിപ്പിച്ചു, ''നാം എന്തു ചെയ്താലും അത് ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം. നമ്മുടെ മാനദണ്ഡങ്ങള്‍ ലോകം പാലിക്കണം. സീറോ ഇംപാക്ട്, സീറോ ഡിഫെക്റ്റ് എന്ന തത്വത്തിലായിരിക്കണം നമ്മുടെ നിര്‍മ്മാണം. കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദനം എങ്ങനെ വര്‍ധിപ്പിക്കാം എന്നതിലാണ് നമ്മള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിര്‍ണായക മേഖലകള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രമേയമാണ് പിഎല്‍ഐ പ്രചാരണങ്ങള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിക്ഷേപത്തിലൂടെ പ്രാദേശിക വിതരണ ശൃംഖലകളെയും എംഎസ്എംഇകളെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിലകുറഞ്ഞ കയറ്റുമതി, ശേഷി വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുക എന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയത്തിന്റെ 15 ലക്ഷം കോടിയുടെ ഇറക്കുമതി ബില്ലും കല്‍ക്കരിയുടെ 4 ലക്ഷം കോടിയുടെ ഇറക്കുമതി ബില്ലും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യ ഇന്നും 15,000 കോടി രൂപയുടെ പയറുവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
തിന പോലെയുള്ള പോഷകസമൃദ്ധമായ ഭക്ഷണത്താല്‍ ഇന്ത്യ സമ്പന്നമായിരിക്കെ, പോഷകാഹാരത്തിന്റെ പേരില്‍ എത്തുന്ന പായ്ക്ക് ചെയ്ത ഭക്ഷണത്തിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ആയുഷുമായി ബന്ധപ്പെട്ട ജൈവ ഭക്ഷണത്തിന്റെ സാധ്യതകളും സംസ്ഥാനത്തെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അവ നല്‍കുന്ന അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍പ്പോലും, ആഗോള വിപണിയില്‍ പ്രവേശിക്കാന്‍ പ്രാദേശിക ഉല്‍പ്പന്നത്തെ സഹായിക്കാന്‍ അദ്ദേഹം സമ്മേളനത്തോട് ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കും കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും അഭൂതപൂര്‍വമായ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും', സുസ്ഥിരമായ ഗവണ്‍മെന്റ്, പിന്തുണ നല്‍കുന്ന നയ സംവിധാനം, പരിഷ്‌കരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും മാനസികാവസ്ഥ, വികസനത്തിലുള്ള ആത്മവിശ്വാസം എന്നിവയുടെ സംയോജനത്തിന് അംഗീകാരം നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ''ഇതാണ് സമയം, ശരിയായ സമയം. ഇത് ഇന്ത്യയുടെ സമയമാണ്'', ഉത്തരാഖണ്ഡിനൊപ്പം നടക്കാനും അതിന്റെ വികസന യാത്രയില്‍ പങ്കാളികളാകാനും നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്‌കര്‍ സിംഗ് ധാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള ചുവടുവെപ്പാണ്. 2023 ഡിസംബര്‍ 8, 9 തീയതികളില്‍ 'സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്' എന്ന പ്രമേയവുമായി രണ്ട് ദിവസത്തെ ഉച്ചകോടി നടക്കും.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിക്ഷേപകരും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
SK
(Release ID: 1984126)
Visitor Counter : 74
Read this release in:
Kannada
,
Odia
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil