പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ 2023-ലെ ജനജാതിയ ഗൗരവ് ദിവസ് ആഘോഷത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 15 NOV 2023 5:27PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ധര്‍തി ആഭ ഭഗവാന്‍ ബിര്‍സ മുണ്ട കീ-ജയ്!
ധര്‍തി ആഭ ഭഗവാന്‍ ബിര്‍സ മുണ്ട കീ-ജയ്!

ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജി, കേന്ദ്ര ഗവണ്‍മെന്റിലെ എന്റെ സഹമന്ത്രിമാര്‍, അര്‍ജുന്‍ മുണ്ട ജി, അന്നപൂര്‍ണാ ദേവി ജി, ഞങ്ങളുടെ ആദരണീയനായ ഗൈഡ് ശ്രീ കരിയ മുണ്ട ജി, എന്റെ പ്രിയ സുഹൃത്ത് ബാബുലാല്‍ മറാണ്ടി ജി, മറ്റ് വിശിഷ്ടാതിഥികളെ, ഝാര്‍ഖണ്ഡിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,

എല്ലാവര്‍ക്കും ജോഹര്‍ ആശംസകള്‍! ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമാണ്. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതുവില്‍ നിന്ന് അല്‍പസമയം മുമ്പ് ഞാന്‍ മടങ്ങിയെത്തിയതേ ഉള്ളൂ. അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്, എന്റെ നെറ്റിയില്‍ പുണ്യമായ മണ്ണ് പുരട്ടാന്‍ അവസരം ലഭിച്ചത് എനിക്ക് ഒരു പരമമായ ബഹുമതിയാണ്. ഭഗവാന്‍ ബിര്‍സ മുണ്ട സ്മാരക പാര്‍ക്കും സ്വാതന്ത്ര്യസമര സേനാനി മ്യൂസിയവും സന്ദര്‍ശിക്കാനും എനിക്ക് അവസരം ലഭിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം ഈ മ്യൂസിയം രാജ്യത്തിന് സമര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 'ജന്‍ജാതിയ ഗൗരവ് ദിവസ'ത്തില്‍  (ആദിവാസികളുടെ അഭിമാന ദിനം) എല്ലാ സഹ പൗരന്മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ഇന്ന്, ഏറെ ബഹുമാനപ്പെട്ട വ്യക്തികളും രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ ഝാര്‍ഖണ്ഡിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നു. അടല്‍ജിയുടെ ശ്രമഫലമായാണ് ഈ സംസ്ഥാനത്തിന്റെ രൂപീകരണം സാധ്യമായത്. 50,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ രാജ്യത്തിന്, പ്രത്യേകിച്ച് ഝാര്‍ഖണ്ഡിന്, സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനും കണക്റ്റിവിറ്റിക്കും കീഴില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് 100 ശതമാനം വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള സംസ്ഥാനങ്ങളിലൊന്നായി ഝാര്‍ഖണ്ഡ് മാറിയിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ഈ പദ്ധതികള്‍ക്കായി ജാര്‍ഖണ്ഡിലെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
ഗോത്രവര്‍ഗക്കാരുടെ അഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ കഥ ഓരോ പൗരനെയും പ്രചോദിപ്പിക്കുന്നു. ജാര്‍ഖണ്ഡിന്റെ എല്ലാ കോണുകളും അത്തരം മഹത്തായ വ്യക്തിത്വങ്ങളോടും അവരുടെ ധൈര്യത്തോടും അശ്രാന്ത പരിശ്രമങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. തിലക മാഞ്ചി, സിദ്ധു കന്‍ഹു, ചന്ദ് ഭൈരവ്, ഫുലോ ഝാനോ, നിലംബര്‍, പീതാംബര്‍, ജത്ര തന ഭഗത്, ആല്‍ബര്‍ട്ട് എക്ക തുടങ്ങിയ പ്രതിമകള്‍ ഈ നാടിന്റെ മഹത്വം വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യസമരം പരിശോധിക്കുമ്പോള്‍, ആ മുന്നേറ്റത്തില്‍ ഗോത്ര യോദ്ധാക്കള്‍ ചേരാതിരുന്നിട്ടുള്ള സംഭവം രാജ്യത്തിന്റെ ഒരു കോണിലും ഇല്ല. മംഗാര്‍ ധാമിലെ ഗോവിന്ദ് ഗുരുവിന്റെ സംഭാവന ആര്‍ക്കാണ് മറക്കാന്‍ കഴിയുക? മധ്യപ്രദേശില്‍ നിന്നുള്ള താന്തിയ ഭില്‍, ഭീമ നായക്, ഛത്തീസ്ഗഡില്‍ നിന്നുള്ള രക്തസാക്ഷി വീര്‍ നാരായണ്‍ സിംഗ്, വീര്‍ ഗുണ്ടാധൂര്‍, മണിപ്പൂരില്‍ നിന്നുള്ള റാണി ഗൈഡിന്‍ലിയു... തെലങ്കാനയില്‍ നിന്നുള്ള രാംജി ഗോണ്ട്, ആന്ധ്രാപ്രദേശിലെ ഗോത്രവര്‍ഗക്കാരെ പ്രചോദിപ്പിക്കുന്ന അല്ലൂരി സീതാരാമ രാജു, ഗോണ്ട്വാനയിലെ റാണി ദുര്‍ഗാവതി- നമ്മുടെ രാഷ്ട്രം ഇന്നും കടപ്പെട്ടിരിക്കുന്ന പ്രതിഭകളാണ് ഇവര്‍. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം ഈ വീരന്മാര്‍ക്ക് നീതി ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന അമൃത മഹോത്സവ വേളയില്‍, അത്തരം ധീരരായ സ്ത്രീപുരുഷന്മാരെ നാം ഓര്‍ക്കുകയും അവരുടെ ഓര്‍മ്മകള്‍ അടുത്ത തലമുറയിലേക്ക് എത്തിക്കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഝാര്‍ഖണ്ഡിലേക്കുള്ള വരവ് പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ എന്നെ സഹായിക്കുന്നു. ദരിദ്രര്‍ക്കുള്ള ഏറ്റവും വലിയ ശക്തിയായ ആയുഷ്മാന്‍ യോജനയുടെ സമാരംഭം ഇവിടെ ഝാര്‍ഖണ്ഡില്‍ ആരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുന്തിയില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കോടതി ഞാന്‍ ഉദ്ഘാടനം ചെയ്തു. ഝാര്‍ഖണ്ഡിലെ ഈ പുണ്യഭൂമിയില്‍ നിന്ന് ഒന്നല്ല, രണ്ടു ചരിത്രപരമായ പ്രചാരണങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' (വികസിത ഭാരത് ദൃഢനിശ്ചയ യാത്ര) ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള കരുത്തുറ്റ പാതയായി വര്‍ത്തിക്കും. 'പിഎം ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍' (പ്രധാനമന്ത്രി ഗോത്രവര്‍ഗ നീതി മഹാ പ്രചരണം) വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ആദിവാസി സമൂഹങ്ങളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. അത് അവര്‍ക്കു പ്രതിരോധമൊരുക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യും. ഈ രണ്ട് പദ്ധതികളും 'അമൃത് കാല'ത്തിലെ ഭാരതത്തിന്റെ വികസന യാത്രയ്ക്ക് പുതിയ ഊര്‍ജ്ജം പകരും.

എന്റെ കുടുംബാംഗങ്ങളെ,
ഗവണ്‍മെന്റിന്റെ തലപ്പത്ത്, ഗവണ്‍മെന്റിന്റെ തലവന്‍ എന്ന നിലയില്‍, ഞാന്‍ ചുമതല ഏറ്റെടുത്തിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. പൗരന്മാരുടെ അഭിലാഷങ്ങളെ അടുത്തറിയാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ഞാന്‍ ഇന്ന് നിങ്ങളുടെ മുന്‍പില്‍ ഒരു 'അമൃത മന്ത്രം' അവതരിപ്പിക്കുന്നു, അത് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ നാട്ടില്‍ നിന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത്. 'അമൃത് കാല'ത്തിന്റെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു വികസിത ഭാരതത്തിന്റെ മഹത്തായതും ദൈവികവുമായ ഘടന കെട്ടിപ്പടുക്കണമെങ്കില്‍, അതിന്റെ നാല് 'അമൃത സ്തംഭങ്ങള്‍' (തൂണുകള്‍) ശക്തിപ്പെടുത്തുകയും തുടര്‍ച്ചയായി ഉറപ്പിക്കുകയും വേണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഗവണ്‍മെന്റ് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ഈ നാല് 'അമൃത' സ്തംഭങ്ങളിലേക്ക് നിരന്തരമായ ശ്രദ്ധയോടെ കൂടുതല്‍ ഊര്‍ജ്ജം പകരേണ്ടതുണ്ട്. ഒരു വികസിത ഭാരതത്തിന്റെ ഈ നാല് 'അമൃത' സ്തംഭങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ.

എന്താണ് ഈ നാല് 'അമൃത' തൂണുകള്‍?
ആദ്യത്തെ 'അമൃത' സ്തംഭം: നമ്മുടെ ഭാരതത്തിലെ സ്ത്രീകള്‍- നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍, നമ്മുടെ 'നാരീശക്തി' (നമ്മുടെ സ്ത്രീകളുടെ ശക്തി).

രണ്ടാമത്തെ 'അമൃത' സ്തംഭം: ഭാരതത്തിലെ കര്‍ഷകര്‍- നമ്മുടെ കര്‍ഷക സഹോദരീ സഹോദരന്മാര്‍, കൃഷിയുമായി ബന്ധപ്പെട്ടവര്‍, അത് കന്നുകാലി വളര്‍ത്തലായാലും മീന്‍ വളര്‍ത്തലായാലും- നമ്മുടെ അന്ന ദാതാക്കള്‍.

മൂന്നാമത്തെ 'അമൃത' സ്തംഭം: ഭാരതത്തിന്റെ യുവതലമുറ- വരുന്ന 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന യുവശക്തി, ഭാരതത്തിന്റെ യുവതലമുറ.

നാലാമത്തെ 'അമൃത' സ്തംഭം: ഭാരതത്തിലെ മധ്യവര്‍ഗം- നവ-മധ്യവര്‍ഗം, കൂടാതെ ഭാരതത്തിലെ എന്റെ പാവപ്പെട്ട സഹോദരങ്ങളും സഹോദരിമാരും.

ഈ നാല് തൂണുകളും ബലപ്പെടുത്തുന്നത് ഒരു 'വികസിതം ഭാരതം' എന്ന രൂപശില്‍പത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തും. കഴിഞ്ഞ 10 വര്‍ഷമായി ഈ നാല് തൂണുകളും ശാക്തീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിനു മുമ്പൊരിക്കലും നടന്നിട്ടില്ലെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 130 ദശലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്ന് അംഗീകരിച്ചുകൊണ്ട് ഭാരതത്തിന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് എല്ലായിടത്തും പ്രബലമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭൂമിയില്‍ ഇത്രയും ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് കാരണമായ എന്ത് സുപ്രധാന മാറ്റങ്ങള്‍ സംഭവിച്ചു? 2014ല്‍, ഡല്‍ഹിയില്‍ ഗവണ്‍മെന്റിനെ നയിക്കാനുള്ള ചുമതല നിങ്ങള്‍ ഞങ്ങളെ ഏല്‍പ്പിച്ചപ്പോള്‍, അന്നുമുതല്‍ ഞങ്ങളുടെ 'സേവകാലം' (സേവനയുഗം) ആരംഭിച്ചു. ഞങ്ങള്‍ ഇവിടെയുള്ളത് ജനങ്ങളെ സേവിക്കാനാണ്. ഈ സേവന കാലയളവിനെക്കുറിച്ച് പറയുമ്പോള്‍, ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് ഭാരതത്തിലെ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. തങ്ങളുടെ ജീവിതം എന്നെങ്കിലും മാറുമെന്ന പ്രതീക്ഷ പോലും ഉപേക്ഷിച്ച നിലയിലായിരുന്നു ദരിദ്രരായ ദശലക്ഷക്കണക്കിനു വ്യക്തികള്‍. തങ്ങളെത്തന്നെ പരമാധികാരിയായി കണക്കാക്കുന്ന രീതിയിലായിരുന്നു മുന്‍ ഗവണ്‍മെന്റുകളുടെ നിലപാട്. എന്നിരുന്നാലും, അധികാര ബോധത്തോടെയല്ല, സേവകരെന്ന നിലയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗവണ്‍മെന്റിനെ നേരിട്ട് അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിച്ചുകൊണ്ട് ഏറ്റവും അകലെ നിര്‍ത്തപ്പെട്ടവരിലേക്ക് ഞങ്ങള്‍ എത്തി. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവര്‍ നമ്മുടെ ഗവണ്‍മെന്റില്‍ പിന്തുണയും കൂട്ടുകെട്ടും കണ്ടെത്തി. ഉദ്യോഗസ്ഥ സംവിധാനം അതേപടി തുടര്‍ന്നു, ജനങ്ങള്‍ ഒന്നുതന്നെ, ഫയലുകള്‍ ഒന്നുതന്നെ, നിയമങ്ങളും ചട്ടങ്ങളും ഒന്നുതന്നെയായിരുന്നു. എന്നിരുന്നാലും, ചിന്താഗതിയിലെ മാറ്റം ഫലത്തിനു പരിവര്‍ത്തനത്തിനു കാരണമായി. 2014ന് മുമ്പ് രാജ്യത്തെ ഗ്രാമങ്ങളിലെ ശുചിത്വത്തിന്റെ തോത് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്ന് നമ്മള്‍ 100 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നമ്മുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുന്നതിന് മുമ്പ് 50-55 ശതമാനം വീടുകളില്‍ മാത്രമാണ് എല്‍പിജി കണക്ഷന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഏതാണ്ട് 100 ശതമാനം വീടുകളിലും സ്ത്രീകള്‍ പുകയുടെ ഭാരത്തില്‍ നിന്ന് മോചിതരായിരിക്കുന്നു. തുടക്കത്തില്‍ രാജ്യത്തെ 55 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് ജീവന് രക്ഷാ വാക്‌സിനുകള്‍  ലഭ്യമായിരുന്നത്. ഇന്ന്, വാക്‌സിനേഷന്‍ ് ഏകദേശം 100 ശതമാനം പേര്‍ക്കും ലഭിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴു ദശാബ്ദങ്ങളില്‍ 17 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭിച്ചിരുന്നത്. 20 ശതമാനം പേര്‍ക്കു പോലും ലഭിച്ചിരുന്നില്ല. ജല്‍ ജീവന്‍ ദൗത്യത്തിന് നന്ദി, ഇത് ഇപ്പോള്‍ ഏകദേശം 70 ശതമാനം പേര്‍ക്കു വെള്ളം ലഭിക്കുന്നുണ്ട്.

അതുപോലെ സുഹൃത്തുക്കളെ,
അക്കാലത്ത് ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ ആരൊക്കെയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. തുടക്കത്തില്‍ ആനുകൂല്യം ലഭിച്ചവര്‍ ആരൊക്കെയാണ്? അത് സമ്പന്നരായിരുന്നു, ഗവണ്‍മെന്റില്‍ സ്വാധീനവും അംഗീകാരവും സൗകര്യങ്ങളും ഉള്ളവര്‍. അവര്‍ക്ക് സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭിച്ചു. നല്ല നിലയിലുള്ളവര്‍ക്ക് വിഭവങ്ങളും സംവിധാനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്ന സമീപനമായിരുന്നു ഗവണ്‍മെന്റിന്റേത്. എന്നാല്‍, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍- അവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അസൗകര്യങ്ങള്‍ക്കിടയിലാണ് അവര്‍ ജീവിതം നയിച്ചിരുന്നത്. ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മോദി മുന്‍ഗണന നല്‍കി. കാരണം, ഞാന്‍ ജീവിച്ചിരുന്നത് അത്തരം ആളുകള്‍ക്കിടയിലാണ്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അത്തരം കുടുംബങ്ങളുടെ അപ്പവും ഉപ്പും രസിച്ചവനാണു ഞാന്‍. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ഭൂമിയില്‍ ഇന്നു ഞാന്‍ എത്തിയിരിക്കുന്നത് ആ കടം വീട്ടാനാണ്.

എന്റെ കുടുംബാംഗങ്ങളെ,
സാധാരണഗതിയില്‍, എളുപ്പത്തില്‍ കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ ആദ്യം കൈവരിക്കുക എന്ന സമീപനമാണ് ഗവണ്‍മെന്റുകള്‍ പിന്തുടരുന്നത്. എന്നിരുന്നാലും, ഞങ്ങള്‍ മറ്റൊരു തന്ത്രവുമായി പ്രവര്‍ത്തിച്ചു. ഇത് പഠിക്കാന്‍ ഞാന്‍ പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുന്നു; സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വൈദ്യുതി എത്തിയിട്ടില്ലാത്ത 18,000 ഗ്രാമങ്ങളുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഈ ആളുകള്‍ 18-ാം നൂറ്റാണ്ടില്‍ ഇരുട്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായി. അവിടെ വൈദ്യുതി എത്തിക്കുക എന്നത് വെല്ലുവിളിയായതിനാല്‍, പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനാല്‍ അവിടങ്ങളില്‍ ജീവിക്കുന്നവര്‍ ഇരുട്ടില്‍ തുടരേണ്ടിവന്നു. അത്തരം സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുക ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം; അതറിഞ്ഞുകൊണ്ടാണു ചെയ്യാന്‍ തയ്യാറായത്. എല്ലാവരും വെണ്ണയില്‍ വരകള്‍ വരയ്ക്കുന്നു; പക്ഷേ, ഒടുവില്‍ നിങ്ങള്‍ കല്ലുകളിലും വരകള്‍ അടയാളപ്പെടുത്തണം. ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ പ്രതിബദ്ധത ഏറ്റെടുക്കുന്നതായി ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് വാഗ്ദാനം ചെയ്തിരുന്നു. കൃത്യസമയത്ത് ആ ദൗത്യം നിറവേറ്റി എന്ന് വിനീതനായി പറയാന്‍ ഇന്ന് നിങ്ങളുടെ 'സേവകന്' ഇപ്പോള്‍ സാധിക്കുന്നു.

സുഹൃത്തുക്കളെ,
വികസനത്തിന്റെ എല്ലാ അളവുകോലുകളിലും പിന്നാക്കം നില്‍ക്കുന്ന 110-ലധികം ജില്ലകള്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ഈ ജില്ലകള്‍ വളരെ പിന്നോക്കമായിരുന്നു. ഈ ജില്ലകളെ മുന്‍ ഗവണ്‍മെന്റുകള്‍ അവഗണിക്കുകയും പിന്നാക്കമെന്ന് മുദ്രകുത്തുകയും പുരോഗതി സാധ്യമല്ലെന്ന് കരുതുകയും ചെയ്തു. ഗവണ്‍മെന്റുകള്‍ ഒന്നും ചെയ്യാതെ തുടരുകയും ചെയ്തു. പതിറ്റാണ്ടുകളായി വിദ്യാഭ്യാസം, ആരോഗ്യം, സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഈ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ കഷ്ടപ്പെട്ടു. കൗതുകകരമെന്നു പറയട്ടെ, ഈ പിന്നോക്ക ജില്ലകളില്‍ എന്റെ ആദിവാസി കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാ നിയമനം നല്‍കേണ്ട സമയത്ത് അവരെ ഈ ജില്ലകളിലേക്ക് അയച്ചു. തളര്‍ന്ന, പരാജയപ്പെട്ട, വിജയിക്കാത്ത ഒരാളെ, അവിടങ്ങളിലാകുമ്പോള്‍ അവര്‍ക്കു ജോലിയൊന്നുമില്ലെന്ന ചിന്തയില്‍ അങ്ങോട്ടേക്ക് അയച്ചു. ഇനി, അവര്‍ അവിടെ കഴിഞ്ഞാല്‍ എന്തായിരിക്കും ചെയ്യുക? ഈ 110-ലധികം ജില്ലകളെ അവയുടെ നിലവിലുണ്ടായിരുന്ന സ്ഥിതിയില്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഭാരതത്തിന് ഒരിക്കലും വികസിക്കാനാവില്ല. അതിനാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന തത്വം പിന്തുടര്‍ന്ന് നമ്മുടെ ഗവണ്‍മെന്റ് ഈ ജില്ലകളെ വികസനം കാംക്ഷിക്കുന്ന ജില്ലകളായി പ്രഖ്യാപിച്ചു. അതാത് സംസ്ഥാന ഗവണ്‍മെന്റുകളുടെ സമ്മതത്തോടെ ഈ ജില്ലകളിലെ ഏറ്റവും കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നാം ഊന്നല്‍ നല്‍കി. ഈ ജില്ലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ പൂജ്യത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ന് ഈ ജില്ലകളില്‍ നാം വിജയം കൈവരിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുന്നു. ഈ പട്ടികയില്‍ ഖുന്തി ഉള്‍പ്പെടെ ഝാര്‍ഖണ്ഡിലെ ഏതാനും ജില്ലകളും പെടും.  ഇപ്പോള്‍, വികസനം കാംക്ഷിക്കുന്ന ബ്ലോക്ക് പദ്ധതിയിലൂടെ വികസനം കാംക്ഷിക്കുന്ന ജില്ലാ പദ്ധതിയുടെ വിജയം വിപുലീകരിക്കുകയാണ്.

എന്റെ കുടുംബാംഗങ്ങളെ,
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം സാമൂഹിക നീതിയെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ എല്ലാ പൗരന്മാരും വിവേചനത്തില്‍ നിന്ന് മുക്തരാകുമ്പോഴാണ് യഥാര്‍ത്ഥ മതേതരത്വം കൈവരിക്കുന്നത്. ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തുല്യതയോടെയും തുല്യ പരിഗണനയോടെയും എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് സാമൂഹിക നീതി യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍ഭാഗ്യവശാല്‍, ഇന്നും പല സംസ്ഥാനങ്ങളിലും ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് മതിയായ വിവരങ്ങള്‍ ഇല്ലാത്ത നിരവധി പാവപ്പെട്ട വ്യക്തികളുണ്ട്. ഈ പദ്ധതികളുടെ പ്രയോജനം നേടാനുള്ള ഓട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരവധി പാവപ്പെട്ടവരുമുണ്ട്. എത്രനാള്‍ നാം അവരുടെ ദുരവസ്ഥ അവഗണിക്കും? ഈ വേദന, കഷ്ടപ്പാട്, സഹാനുഭൂതി എന്നിവയില്‍ നിന്ന് ഒരു ദര്‍ശനം ഉയര്‍ന്നുവന്നു. ഈ കാഴ്ചപ്പാടോടെ ഇന്ന് മുതല്‍ ഒരു 'വികസിത് ഭാരത്' യാത്ര ആരംഭിക്കുകയാണ്. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം പ്രമാണിച്ച് നവംബര്‍ 15 ന് ആരംഭിക്കുന്ന ഈ യാത്ര അടുത്ത വര്‍ഷം ജനുവരി 26 വരെ തുടരും. ഈ യാത്രയില്‍, ഗവണ്‍മെന്റ് എല്ലാ ഗ്രാമങ്ങളിലും ദൗത്യമാതൃകയില്‍ എത്തുകയും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഓരോ വ്യക്തിയെയും അവരുടെ അവകാശങ്ങള്‍ക്ക് അര്‍ഹതയുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളാക്കി മാറ്റുകയും ചെയ്യും. പദ്ധതികള്‍ അവര്‍ക്ക് കൈമാറുകയും അവ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും.
എന്റെ ചില മാധ്യമ സുഹൃത്തുക്കള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെങ്കിലും നിങ്ങള്‍ ഓര്‍ക്കുമായിരിക്കും. 2018 ല്‍, ഞാന്‍ സമാനമായ ഒരു പരീക്ഷണം നടത്തി. കേന്ദ്ര ഗവണ്‍മെന്റ് ഒരു ഗ്രാമ സ്വരാജ് അഭിയാന്‍ ആരംഭിച്ചിരുന്നു, ഞാന്‍ ആയിരം കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലേക്ക് അയച്ചു. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ നിന്നാണ് ഈ ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലേക്ക് അയച്ചത്. ഈ ഉദ്യമത്തില്‍ ഏഴ് പ്രധാന പദ്ധതികളുമായി ഞങ്ങള്‍ എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിച്ചു. ഗ്രാമ സ്വരാജ് അഭിയാന്‍ പോലെ, നമ്മള്‍ 'വികസിത ഭാരത സങ്കല്‍പ് യാത്ര' തുടങ്ങണമെന്നും എല്ലാ ഗ്രാമങ്ങളിലും എല്ലാ അവകാശികളിലും എത്തിച്ചേരുകയും ഈ പദ്ധതി വിജയകരമാക്കാന്‍ പ്രതിജ്ഞയെടുക്കുകയും വേണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ നാട്ടില്‍ നിന്ന് ഈ യാത്ര തുടങ്ങുമ്പോള്‍, വിജയം തീര്‍ച്ചയായും പിന്തുടരും.
എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്ന ഒരു റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കുന്ന ഒരു ദിവസം ഞാന്‍ വിഭാവനം ചെയ്യുന്നു. ദരിദ്രരായ ഓരോ വ്യക്തിക്കും ഉജ്ജ്വല ഗ്യാസ് കണക്ഷനും സൗഭാഗ്യ പദ്ധതിയിലൂടെ വൈദ്യുതിയും പൈപ്പ് കണക്ഷനിലൂടെ വെള്ളവും ലഭ്യമാകുന്ന ദിവസം പ്രതീക്ഷിക്കുന്നു. 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യപരിരക്ഷ വാഗ്ദാനം ചെയ്യുന്ന, എല്ലാ അധഃസ്ഥിതരും ആയുഷ്മാന്‍ കാര്‍ഡ് സ്വന്തമാക്കുന്ന ഒരു ദിവസം ഞാന്‍ പ്രതീക്ഷിക്കുന്നു. ഓരോ നിരാലംബര്‍ക്കും സ്വന്തമായി ഒരു സ്ഥിരമായ വീട് ലഭിക്കുന്ന ഒരു ദിവസം ഞാന്‍ വിഭാവനം ചെയ്യുന്നു. ഓരോ കര്‍ഷകനെയും കേന്ദ്ര ഗവണ്‍മെന്റിന്റെ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധിപ്പിക്കുകയും ഓരോ തൊഴിലാളിയും പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്ന ദിവസമാണ് ഞാന്‍ സ്വപ്നം കാണുന്നത്. യോഗ്യരായ ഓരോ യുവാക്കള്‍ക്കും മുദ്ര യോജനയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഒരു സംരംഭകനാകാനുള്ള ചുവടുവെയ്പ്പിനും കഴിയുന്ന ഒരു ദിവസം ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള മോദിയുടെ പ്രതിബദ്ധതയാണ് 'വികസിത ഭാരത സങ്കല്‍പ് യാത്ര'. മോദി ഒരു ഉറപ്പ് നല്‍കുമ്പോള്‍, ആ ഉറപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മോദിയുടെ ഗ്യാരണ്ടി യാഥാര്‍ഥ്യമാകുന്ന ഉറപ്പാണ്.

എന്റെ കുടുംബാംഗങ്ങളെ,
പിഎം ജന്‍മന്‍- പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാന്‍- 'വികസിത  ഭാരത്' പ്രതിബദ്ധതയുടെ സുപ്രധാന ഘടകമാണ്. സാമൂഹ്യനീതി വിശാലമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ആദിവാസി നീതിയെ അഭിസംബോധന ചെയ്യാന്‍ മോദി മുന്‍കൈയെടുത്തു. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി ആദിവാസി സമൂഹം തുടര്‍ച്ചയായി അവഗണിക്കപ്പെട്ടു. അടല്‍ജിയുടെ ഗവണ്‍മെന്റിന്റെ കാലത്ത് ആദിവാസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയവും ബജറ്റും വകയിരുത്തിയിരുന്നു. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ കീഴില്‍, ആദിവാസി ക്ഷേമത്തിനായുള്ള ബജറ്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ആറിരട്ടിയായി വര്‍ധിച്ചു. ഗോത്ര നീതിക്ക് ഊന്നല്‍ നല്‍കുന്ന സംരംഭത്തിന് പിഎം ജന്‍മന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ എത്തിയിട്ടില്ലാത്ത നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രചരണ പദ്ധതിയാണിത്. അവരുടേത് പ്രാകൃത ഗോത്രങ്ങളാണ്, അവരില്‍ പലരും ഇപ്പോഴും വനങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാണ്. തീവണ്ടി കണ്ട കാര്യം മറക്കുക, തീവണ്ടിയുടെ ശബ്ദം പോലും അവര്‍ കേട്ടിട്ടില്ല. രാജ്യത്തുടനീളമുള്ള 22,000-ലധികം ഗ്രാമങ്ങളിലായി 75-ലധികം ആദിമ ഗോത്ര സമൂഹങ്ങള്‍ താമസിക്കുന്നുണ്ട്. നമ്മുടെ ഗവണ്‍മെന്റ് ഈ 75 ആദിമ ഗോത്ര സമുദായങ്ങളെ കണ്ടെത്തി അംഗീകരിച്ചിട്ടുണ്ട്, അവര്‍ ഗോത്രവര്‍ഗ ജനസംഖ്യയില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പിന്നാക്കക്കാരില്‍ ചിലര്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്നത് പോലെ ആദിവാസികളില്‍ ഏറ്റവും പിന്നിലുള്ളവരാണ് അവര്‍. ഈ ഗോത്രങ്ങളുടെ എണ്ണം രാജ്യത്തുടനീളം ലക്ഷങ്ങളാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചിട്ടില്ല. ഈ ആദിവാസി സമൂഹത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും സ്ഥിരമായ വീട് നല്‍കിയിട്ടില്ല. ഈ വിഭാഗത്തിലെ പല തലമുറയിലെ കുട്ടികളും ഒരു സ്‌കൂളിന്റെ ഉള്‍വശം കണ്ടിട്ടില്ല. ഈ സമൂഹത്തിലെ ആളുകളുടെ നൈപുണ്യ വികസനത്തെക്കുറിച്ച് ആരും ശ്രദ്ധിച്ചില്ല. അതിനാല്‍, ഈ ആദിവാസി സമൂഹങ്ങളിലേക്ക് എത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു പ്രത്യേക പ്രചരണ പദ്ധതി ആരംഭിക്കുന്നു.
മുമ്പത്തെ ഗവണ്‍മെന്റുകള്‍, നിലവിലുള്ള വിവരങ്ങളെ ആശ്രയിച്ച്, കൂടുതല്‍ അടുത്തുള്ളവരുമായോ ഇതിനകം ശാക്തീകരിക്കപ്പെട്ടവരുമായോ ബന്ധപ്പെടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് നമ്പറുകളുമായി  ബന്ധപ്പെട്ടുള്ളതു മാത്രമല്ല; അത് ജീവിതങ്ങളെ ബന്ധിപ്പിക്കുന്നതിനും, അസ്തിത്വങ്ങളെ കൂട്ടിയിണക്കുന്നതിനും, ഓരോ ജീവിതത്തെയും ചൈതന്യത്താല്‍ നിറയ്ക്കുന്നതിനും, എല്ലാ ജീവിതത്തിലും പുതുമയുള്ള ഒരു ചൈതന്യം പകരുന്നതിനും വേണ്ടിയാണ്. ഈ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട്, ഇന്ന് പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ അഥവാ പിഎം ജന്‍മന്‍ ആരംഭിക്കുന്നു. നമ്മള്‍ ദേശീയ ഗാനം ആലപിക്കുന്ന വേളയില്‍, ഇന്ന് ഞാന്‍ ഈ മഹത്തായ പദ്ധതി, പിഎം ജന്‍മന്‍ ആരംഭിക്കുകയാണ്. 24,000 കോടി രൂപയാണ് ഈ വലിയ പ്രചാരണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നത്.

സുഹൃത്തുക്കളെ,
ഈ മഹത്തായ പദ്ധതിക്കു ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു ജിയോട് പ്രത്യേക നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ വീഡിയോ സന്ദേശം നാം കേട്ടു. ഇവിടെ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായും മുമ്പ് ഒഡീഷയില്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചപ്പോഴും അവര്‍ സാമൂഹിക പ്രവര്‍ത്തകയായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി അവര്‍ നിരന്തരം പരിശ്രമിച്ചു. രാഷ്ട്രപതിയായതിന് ശേഷവും, രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട് അത്തരം വിഭാഗങ്ങളെ ക്ഷണിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അവരുടെ മാര്‍ഗനിര്‍ദേശവും പ്രചോദനവും പ്രധാനമന്ത്രി ജന്‍മന്‍- പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ വിജയിപ്പിക്കുന്നതിനു ഞങ്ങളെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജിയും സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പ്രതീകമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്ത്രീ ശാക്തീകരണത്തിന്റെ പാത ഭാരതം ലോകത്തിന് കാണിച്ചുകൊടുത്ത വഴി അഭൂതപൂര്‍വമാണ്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സൗകര്യങ്ങള്‍, സുരക്ഷ, ബഹുമാനം, ആരോഗ്യം, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ഈ വര്‍ഷങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. കായികരംഗത്ത് കീര്‍ത്തി സമ്പാദിക്കുന്ന ഝാര്‍ഖണ്ഡിലെ പെണ്‍മക്കള്‍ നമുക്ക് അഭിമാനമേകുന്നു. നമ്മുടെ ഗവണ്‍മെന്റ് സ്ത്രീകള്‍ക്കായി അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും മനസ്സില്‍ വെച്ചുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം വര്‍ദ്ധിക്കുകയും ചെയ്തു. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിച്ചത് സ്‌കൂള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന അവസ്ഥയില്‍ അയവു വരുത്തി.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ആദ്യമായി അവര്‍ക്ക് അവരുടെ പേരില്‍ സ്വത്ത് ഉണ്ട്. സൈനിക് സ്‌കൂളിലേക്കും ഡിഫന്‍സ് അക്കാദമിയിലേക്കും ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു. എന്റെ പെണ്‍മക്കള്‍ ഉള്‍പ്പെടെ എന്റെ രാജ്യത്തെ 70 ശതമാനം സ്ത്രീകള്‍ക്കും മുദ്ര യോജനയ്ക്ക് കീഴില്‍ ഈടില്ലാതെ വായ്പ ലഭിക്കുന്നു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് പോലും ഇന്ന് ഗവണ്‍മെന്റില്‍ നിന്ന് കാര്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ലഖ്പട്ടി ദീദി പ്രചാരണത്തെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും തല കറങ്ങാന്‍ തുടങ്ങും.

രണ്ട് കോടി സ്ത്രീകളെ ലഖ്പട്ടി ദീദികളാക്കുക എന്നതാണ് എന്റെ സ്വപ്നം; സ്വയം സഹായ സംഘങ്ങള്‍ നടത്തുന്ന രണ്ട് കോടി സ്ത്രീകളെ ലഖ്പട്ടി ദീദികളാക്കാന്‍ ശാക്തീകരിക്കുക. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന നാരീശക്തി വന്ദന്‍ അധീനം നമ്മുടെ ഗവണ്‍മെന്റ് പാസാക്കി. ഇന്ന് ഭായ് ദൂജിന്റെ ശുഭ മുഹൂര്‍ത്തം കൂടിയാണ്. തന്റെ സഹോദരിമാരുടെ വികസനത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുമെന്ന് ഈ സഹോദരന്‍ രാജ്യത്തെ എല്ലാ സഹോദരിമാര്‍ക്കും ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ പ്രയാസങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നിങ്ങളുടെ സഹോദരന്‍ വിശ്രമമില്ലാതെ പരിശ്രമിക്കും. സ്ത്രീശക്തിയുടെ 'അമൃത' സ്തംഭം ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

എന്റെ കുടുംബാംഗങ്ങളെ,
വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ഓരോ വ്യക്തിയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രണ്ട് മാസം മുമ്പാണ് ഞങ്ങള്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചത്. പരമ്പരാഗത നൈപുണ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തി. നിങ്ങള്‍ ഒരു കുശവന്‍, തട്ടാന്‍, മരപ്പണിക്കാരന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, മാല നിര്‍മ്മാതാവ്, കല്ലുവേലക്കാരന്‍, നെയ്ത്തുകാരന്‍, അല്ലെങ്കില്‍ തുണി അലക്കല്‍, തയ്യല്‍, ചെരുപ്പ് നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായാലും- ഇവരാണ് ഞങ്ങളുടെ കൂട്ടാളികള്‍, ഞങ്ങളുടെ വിശ്വകര്‍മ കൂട്ടാളികള്‍. ഈ പദ്ധതിക്കു കീഴില്‍, നമ്മുടെ വിശ്വകര്‍മ കൂട്ടാളികള്‍ക്ക് ആധുനിക പരിശീലനം, പരിശീലന സമയത്ത് സാമ്പത്തിക സഹായം, പുതിയതും മെച്ചപ്പെടുത്തിയതുമായ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, പുതിയ സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കും. 13,000 കോടി രൂപയാണ് ഈ പദ്ധതിക്കായി ഗവണ്‍മെന്റ് ചെലവഴിക്കാന്‍ പോകുന്നത്.

എന്റെ കുടുംബാംഗങ്ങളെ,
ഇന്ന്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 15-ാം ഗഡു പുറത്തിറങ്ങി, മൊത്തം 2 ലക്ഷത്തി 75 ആയിരം കോടി രൂപയിലധികം, അത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു. നിങ്ങളുടെ ഇടയില്‍ കര്‍ഷകരുണ്ടെങ്കില്‍, അത്തരക്കാരുടെ അക്കൗണ്ടിലേക്ക് 2,000 രൂപ നിക്ഷേപിച്ചതായി അവരുടെ മൊബൈല്‍ ഫോണില്‍ ഇതിനകം ഒരു സന്ദേശം ലഭിച്ചിരിക്കാം. ഇടനിലക്കാര്‍ ഇല്ല; അത് മോദിയുമായി നേരിട്ടുള്ള ബന്ധമാണ്. മുന്‍കാലങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന കര്‍ഷകര്‍ ഇവരാണ്, എന്നാല്‍ ഇപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കന്നുകാലികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും ലഭ്യമാക്കിയത് നമ്മുടെ ഗവണ്‍മെന്റാണ്. 15,000 കോടി രൂപയാണ് കന്നുകാലികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കാന്‍ നമ്മുടെ ഗവണ്‍മെന്റ് ചെലവഴിച്ചത്. കൊറോണ കാലത്ത് സൗജന്യ വാക്‌സിനേഷനായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചു. നിങ്ങളുടെ കുടുംബത്തിന്റെ ഓരോ ജീവനും രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി. ഇതു മാത്രമല്ല, മൃഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷനായി 15,000 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. മത്സ്യകൃഷിയും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞാന്‍ സന്ദര്‍ശിച്ച ഒരു പ്രദര്‍ശനം ഇവിടെയുണ്ട്. നിലവില്‍, ഒന്നര മുതല്‍ രണ്ട് ലക്ഷം വരെ രൂപ വിലയുള്ള മത്സ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ജനങ്ങള്‍ അത്തരം മല്‍സ്യങ്ങളില്‍നിന്ന് മുത്തുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. മത്സ്യ സമ്പദ യോജനയിലൂടെ നാം അവര്‍ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു. ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ 10,000 പുതിയ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ (എഫ്പിഒ) രൂപീകരിക്കുന്നതിലേക്ക് നയിച്ചു. കര്‍ഷകരുടെ ചെലവ് കുറയ്ക്കുന്നതിലും വിപണികളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം സുഗമമാക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗവണ്‍മെന്റിന്റെ ശ്രമഫലമായാണ് ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം ആഘോഷിക്കുന്നത്. നാടന്‍ ധാന്യങ്ങളെ 'ശ്രീ അന്ന' എന്ന് മുദ്രകുത്തി അന്താരാഷ്ട്ര വിപണി ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്കും ഗുണം ചെയ്യും.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലൂടെ ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നക്‌സല്‍ അക്രമങ്ങള്‍ ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഝാര്‍ഖണ്ഡ് അതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കും. ഇതു തീര്‍ച്ചയായും സംസ്ഥാനത്തിന് പ്രചോദനാത്മകമായ സമയമാണ്. ഝാര്‍ഖണ്ഡില്‍ 25 പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഈ നാഴികക്കല്ല് ഒരു ഉത്തേജകമാകും. ഝാര്‍ഖണ്ഡ് ഗവണ്‍മെന്റിനോടും സംസ്ഥാനത്തെ എല്ലാ നേതാക്കളോടും ഈ 25 പദ്ധതികളില്‍ അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ജന ജീവിതം എളുപ്പമാക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിനും യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനും നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പഠനം നടത്താനുള്ള അവസരമുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തുടനീളം 300-ലധികം സര്‍വകലാശാലകളും 5,500-ലധികം പുതിയ കോളേജുകളും സ്ഥാപിതമായി. ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്‍ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുത്തു, ഗ്രാമങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിച്ചു. ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുള്ള ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി മാറി. ഇന്ന്, ഐഐഎം റാഞ്ചിയില്‍ പുതിയ കാമ്പസും ഐഐടി-ഐഎസ്എം ധന്‍ബാദില്‍ പുതിയ ഹോസ്റ്റലും ഉദ്ഘാടനം ചെയ്തു.

സുഹൃത്തുക്കളെ,
'അമൃത് കാല'ത്തിന്റെ' നാല് 'അമൃത്' തൂണുകളായ നമ്മുടെ സ്ത്രീശക്തി, നമ്മുടെ യുവശക്തി, നമ്മുടെ കാര്‍ഷിക ശക്തി, നമ്മുടെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണം എന്നിവ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയും അതുവഴി ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലേക്കു നയിക്കുകയും ചെയ്യും. ഈ പദ്ധതികള്‍ക്കായി, രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങള്‍കള്‍ക്കായി ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഞാന്‍ 'ഭഗവാന്‍ ബിര്‍സ മുണ്ട' എന്നു പറയുമ്പോള്‍ നിങ്ങള്‍ 'അമര്‍ രഹേ, അമര്‍ രഹേ' എന്നു പറയണം.
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
രണ്ട് കൈകളും ഉയര്‍ത്തി ഉറക്കെ പറയുക:
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
ഭഗവാന്‍ ബിര്‍സ മുണ്ട - അമര്‍ രഹേ, അമര്‍ രഹേ!
വളരെ നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

--NS--



(Release ID: 1979485) Visitor Counter : 65