വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഉത്തരാഖണ്ഡിലെ സില്‍ക്യാരയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉദ്വേഗജനകമെന്ന നിലയിൽ അവതരിപ്പിക്കരുത്: ടിവി ചാനലുകള്‍ക്ക് വാർത്താവിതരണ-പ്ര​ക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം

Posted On: 21 NOV 2023 2:12PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉദ്വേഗജനകമെന്ന നിലയിൽ അവതരിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് വാർത്താവ‌ിതരണ-പ്ര​ക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന തുരങ്കത്തിനു സമീപത്തുനിന്ന് തത്സമയ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ക്യാമറ കൈകാര്യം ചെയ്യുന്നവരും റിപ്പോര്‍ട്ടര്‍മാരും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിർമിച്ച തുരങ്കഭാഗത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താന്‍ ഗവണ്മെന്റ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രക്ഷയ്ക്കായുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലാണ്. നിരവധി ജീവനുകള്‍ രക്ഷിക്കാനുള്ള വളരെ സെന്‍സിറ്റീവായ പ്രവർത്തനങ്ങളാണ് തുരങ്കത്തിനു സമീപം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിന് സമീപം ക്യാമറകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ച് ടിവി ചാനലുകള്‍ ദൃശ്യങ്ങളും മറ്റ് ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യാന്‍ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍, പ്രത്യേകിച്ച് തലക്കെട്ടുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ പുറത്തുവിടുമ്പോള്‍ ജാഗ്രതയും സംവേദനക്ഷമതയും പുലർത്തണമെന്നും പ്രവർത്തനങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം, കുടുംബാംഗങ്ങളുടെയും അതുപോലെ പ്രേക്ഷകരുടെയും മാനസികാവസ്ഥ എന്നിവയെക്കുറിച്ചു ശ്രദ്ധിക്കണമെന്നും മന്ത്രാലയം ടിവി ചാനലുകൾക്ക് നിർദേശം നൽകി.

വിശദമായ മാർഗനിർദേശങ്ങൾ ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്:

https://new.broadcastseva.gov.in

 

NS


(Release ID: 1978600) Visitor Counter : 86