വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വിദേശ ചലച്ചിത്ര നിർമ്മാണത്തിനുള്ള കിഴിവ് 40% ആയി ഉയർത്തും: കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ


'നാളത്തെ 75 സർഗാത്മക പ്രതിഭകൾ'എന്നതിനായുള്ള റിക്രൂട്ട്‌മെന്റ് യജ്ഞം പ്രഖ്യാപിച്ചു

54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കമായി 

Posted On: 20 NOV 2023 8:05PM by PIB Thiruvananthpuram
ഗോവ: നവംബർ 20, 2023

രാജ്യത്ത് നിർമ്മിക്കുന്ന വിദേശ ചലച്ചിത്രങ്ങൾക്ക് നൽകുന്ന കിഴിവ്, അവയുടെ ചെലവിന്റെ 40 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ഈ തുകയുടെ പരിധി വർധിപ്പിച്ചു 30 കോടി രൂപയാക്കുകയും (3.5 ദശലക്ഷം യുഎസ് ഡോളറിൽ കൂടുതൽ) ഇവയിലെ പ്രധാപ്പെട്ട ഇന്ത്യൻ ഉള്ളടക്കത്തിന് (SIC) അധികമായി 5% ബോണസ് അനുവദിക്കുകയും ചെയ്യും. ഗോവയിലെ പനാജിയിൽ നടക്കുന്ന 54-ാമത് ഇന്ത്യ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 


 
ഇന്ത്യയുടെ വിശാലമായ സാധ്യതകൾ കണക്കിലെടുത്ത് ഇടത്തരം, വലിയ ബജറ്റ് അന്താരാഷ്ട്ര പദ്ധതികൾ രാജ്യത്തേക്ക് ആകർഷിക്കാൻ ഉയർന്ന പ്രോത്സാഹനം ആവശ്യമാണെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.

'നാളത്തെ 75 സർഗാത്മക പ്രതിഭകൾ' (75 Creative Minds of Tomorrow) പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ റിക്രൂട്ട്‌മെന്റ് യജ്ഞവും മന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതി യുവാക്കളുടെ കഴിവുകൾക്കും കരിയറിനും അനന്തമായ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. ഈ വർഷം, 10 വിഭാഗങ്ങളിലായി ലഭിച്ച 600 ഓളം എൻട്രികളിൽ നിന്ന്, ബിഷ്ണുപൂർ, ജഗത്സിംഗ്പൂർ, സദർപൂർ തുടങ്ങിയ വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നിന്ന് 75 യുവ ചലച്ചിത്ര പ്രവർത്തകരെ തിരഞ്ഞെടുത്തതായി മന്ത്രി കൂട്ടിച്ചേർത്തു.

ഐഎഫ്‌എഫ്‌ഐയുടെ ഈ പതിപ്പിൽ മികച്ച വെബ് സീരീസ്നായി (OTT) പുതുതായി അവതരിപ്പിച്ചിട്ടുള്ള അവാർഡുകൾ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സിനിമാ ലോകത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനായി നന്നായി ക്യൂറേറ്റ് ചെയ്‌ത 'വിഎഫ്‌എക്‌സ് & ടെക് പവലിയൻ' അവതരിപ്പിച്ചുകൊണ്ട് ഐഎഫ്‌എഫ്‌ഐ ആദ്യമായി 'ഫിലിം ബസാറിന്റെ' വ്യാപ്തി വർദ്ധിപ്പിച്ചതായി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. കോ പ്രൊഡക്ഷന്‍ മാർക്കറ്റിൽ നോൺ ഫിക്ഷൻ കഥപറച്ചിലിനെ പിന്തുണയ്ക്കാൻ ഒരു ഡോക്യുമെന്ററി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

 

ഈ വർഷത്തെ ഐഎഫ്എഫ്‌ഐയിൽ ശ്രദ്ധേയരായ 40 വനിതാ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ എല്ലാ വേദികളിലും ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യ, ശ്രവണ വെല്ലുവിളികൾ നേരിടുന്ന പ്രതിനിധികൾക്കായി ഓഡിയോ വിവരണങ്ങളും ആംഗ്യഭാഷാ വ്യവസ്ഥകളും ഉൾച്ചേർത്ത നാല് അധിക പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
2023 ലെ അഭിമാനകരമായ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചതിന് ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിനെ ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ അഭിനന്ദിച്ചു. മികച്ച വെബ് സീരീസ്, ഇന്ത്യൻ പനോരമ, 'നാളത്തെ 75 സർഗാത്മക പ്രതിഭകൾ', അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയുടെ ജൂറിക്ക് അദ്ദേഹം ഹൃദയംഗമമായ നന്ദിയും അറിയിച്ചു.
 
ഇതിഹാസ നടി മാധുരി ദീക്ഷിതിന് ഭാരതീയ സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരവും നൽകി ചടങ്ങിൽ ആദരിച്ചു. 
 

****



(Release ID: 1978346) Visitor Counter : 133