ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

“ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം” - ഉജ്വല വിജയത്തോടെ ജലദീപാവലി യജ്ഞത്തിന് സമാപനം


യജ്ഞത്തിന്റെ ഭാഗമായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14,000-ത്തിലധികം സ്ത്രീകൾ

ജലപരിപാലനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനു പ്രോത്സാഹനം

Posted On: 09 NOV 2023 5:58PM by PIB Thiruvananthpuram

ദേശീയ നഗര ഉപജീവന ദൗത്യം (NULM), ഒഡിഷ അർബൻ അക്കാദമി എന്നിവയുമായി സഹകരിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA) തുടക്കംകുറിച്ച “ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം” എന്ന മൂന്നുദിവസത്തെ യജ്ഞം 2023 നവംബർ 9നു സമാപിച്ചു. യജ്ഞം ഉജ്വല വിജയമായി. ജലപരിപാലനത്ത‌ിൽ സ്​ത്രീകളെയും ഉൾപ്പെടുത്തുക എന്നതായിരുന്നു സുപ്രധാന പദ്ധതിയായ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിക്കു കീഴിലുള്ള പരിവർത്തന യജ്ഞത്തിന്റെ ലക്ഷ്യം.

മൂന്നു ദിവസം നീണ്ടുനിന്ന യജ്ഞത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള (തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ) 14,000-ത്തിലധികം സ്ത്രീകൾ പങ്കെടുത്തു. “ജലദീപാവലി”യിലും ഇവർ സജീവമായി പങ്കെടുത്തു. യജ്ഞത്തിന്റെ ഭാഗമായി, ശാക്തീകരിക്കപ്പെട്ട ഈ സ്ത്രീകൾ രാജ്യമെമ്പാടുമുള്ള 530-ലധികം ജല ശുദ്ധീകരണ പ്ലാന്റുകൾ (WTP) സന്ദർശിച്ചു. വീടുകളിൽ സംശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എത്തിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണമായ പ്രക്രിയകളെക്കുറിച്ച് വിലപ്പെട്ട അറിവുകൾ നേരിട്ടു മനസിലാക്കുകയും ചെയ്തു.

യജ്ഞത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്വയംസഹായസംഘങ്ങള‌ിലെ സ്ത്രീകൾക്ക് സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥർ ഊഷ്മളമായ സ്വീകരണം നൽകി. പരിശീലന സഹായഗ്രന്ഥങ്ങൾ, വാട്ടർ ബോട്ടിലുകൾ, സിപ്പറുകൾ, പരിസ്ഥിതി സൗഹൃദ ബാഗുകൾ, ബാഡ്ജുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനതല സന്ദർശന കിറ്റുകൾ പങ്കെടുത്ത എല്ലാവർക്കും സമ്മാനിച്ചു.

യജ്ഞത്തിന്റെ ഭാഗമായി, സ്ത്രീകൾ ജല അടിസ്ഥാനസൗകര്യ മേഖലയിൽ ഗഹനമായ വിവരങ്ങൾ നേടുകയും ജലത്തിന്റെ ഗുണനിലവാര പരിശോധനാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിദഗ്ധ മാർഗനിർദേശം സ്വീകരിക്കുകയും ഈ പരിശോധനകൾ സ്വയം നടത്തുകയും ചെയ്തു. ഈ അറിവ് അവരുടെ സാമൂഹ്യ പരിസരങ്ങളിൽ ജലശുദ്ധീകരണത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനായി അവരെ കൂടുതൽ ശാക്തീകരിക്കും; ജല അടിസ്ഥാനസൗകര്യങ്ങളോടുള്ള അഗാധമായ ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും പ്രതിഫലിപ്പിക്കും.

അമൃത് പദ്ധതിയെക്കുറിച്ചും അതിന്റെ വ്യാപകമായ സ്വാധീനത്തെക്കുറിച്ചും സ്ത്രീകളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക, ജല ശുദ്ധീകരണ പ്ലാന്റുകളുമായുള്ള സമഗ്രമായ പരിചയം, വനിതാ സ്വയംസഹായസംഘങ്ങൾ (എസ്എച്ച്ജികൾ) തയ്യാറാക്കിയ സ്മരണികകൾ, ലേഖനങ്ങൾ എന്നിവയിലൂടെ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് “ജലദീപാവലി”യുടെ ശ്രദ്ധാ മേഖലകൾ. കൂടാതെ, പങ്കെടുക്കുന്നവർ സുസ്ഥിര ജലപരിപാലനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പ് എന്ന നിലയിൽ ജലസ്രോതസ്സുകൾ വിവേകത്തോടെ സംരക്ഷിക്കാനും ഉപയോഗിക്കാനും പ്രതിജ്ഞാബദ്ധരാണ്,

29 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ള സ്വയംസഹായസംഘങ്ങളുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം, ജല അടിസ്ഥാനസൗകര്യങ്ങളുടെ നിർണായക മേഖലകളിൽ ഉൾച്ചേർക്കലിനും സ്ത്രീശാക്തീകരണത്തിലേക്കും ഗണ്യമായ മുന്നേറ്റം നടത്തി.

  

 

NK



(Release ID: 1975972) Visitor Counter : 98