പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമാപനത്തോടും മേരാ യുവ ഭാരത് ഉദ്ഘാടനത്തോടും അനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
31 OCT 2023 8:28PM by PIB Thiruvananthpuram
ഭാരത് മാതാ കീ- ജയ്!
കഴിഞ്ഞ 75 വര്‍ഷമായി ഈ കര്‍ത്തവ്യ പഥത്തില്‍ പ്രതിധ്വനിച്ചിട്ടില്ലാത്ത ശബ്ദത്തില്‍ ഇതിലും തീവ്രതയോടെ എന്നോടൊപ്പം പറയൂ --
ഭാരത് മാതാ കീ- ജയ്!
ഭാരത് മാതാ കീ- ജയ്!
ഭാരത് മാതാ കീ- ജയ്!
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അമിത് ഭായ്, കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, മീനാക്ഷി ലേഖി, നിസിത് പ്രമാണിക്, കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ ഒത്തുകൂടിയ എന്റെ യുവസുഹൃത്തുക്കളെ കുടുംബാംഗങ്ങളെ!
ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചരിത്രപരമായ മഹത്തായ ചടങ്ങിന്റെ സമാപനത്തിനാണ് കാര്‍ത്തവ്യ പഥം സാക്ഷ്യം വഹിക്കുന്നത്. 2021 മാര്‍ച്ച് 12നായിരുന്നു ദണ്ഡി യാത്ര. ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 2021 മാര്‍ച്ച് 12-ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം, 2023 ഒക്ടോബര്‍ 31-ന് സര്‍ദാര്‍ സാഹിബിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അവസാനിക്കുകയാണ്. ദണ്ഡിയാത്രയ്ക്കുശേഷം അതുമായി രാജ്യത്തെ പൗരന്മാര്‍ ഏതുവിധത്തില്‍ ചേര്‍ന്നുനിന്നുന്നുവോ, സമാനമായ രീതിയിലുള്ള പങ്കാളിത്തമാണു സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനും ലഭിച്ചത്. പുതിയ ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
ദണ്ഡി യാത്ര സ്വതന്ത്ര ഭാരതത്തിന്റെ ചൈതന്യത്തെ ഉണര്‍ത്തിയിരുന്നു. 75 വര്‍ഷത്തെ ഈ യാത്ര ഐശ്വര്യപൂര്‍ണമായ ഭാരതത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഘട്ടമായി മാറുകയാണ്. 'മേരി മാടി മേരാ ദേശ്' പ്രചരണ പരിപാടിയുടെ സമാപനത്തോടെ രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന അമൃത മഹോത്സവാഘോഷം സമാപിക്കുകയാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ സ്മരണയ്ക്കായി ഒരു സ്മാരകവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഈ സ്മാരകം ഈ ചരിത്ര സംഭവത്തെ എന്നെന്നും ഓര്‍ക്കാന്‍ വരുംതലമുറകള്‍ക്കു സഹായകമാകും. മികച്ച ക്രമീകരണങ്ങള്‍ക്ക് ചില സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും ആ സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഒരു വശത്ത്, നാം ഇന്ന് ഒരു മഹത്തായ ആഘോഷം അവസാനിപ്പിക്കുകയാണ്. അതേ സമയം, നാം ഒരു പുതിയ ദൃഢനിശ്ചയത്തിനു തുടക്കംകുറിക്കുകയാണ്. ഇന്ന്, മേരാ യുവ ഭാരതിന്റെ അടിത്തറ, അതായത്, മൈ ഭാരത്, സജ്ജമാക്കിക്കഴിഞ്ഞു. മേരാ യുവ ഭാരത് പ്ലാറ്റ്ഫോം 21-ാം നൂറ്റാണ്ടില്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നു. ഇതിനായി ഞാന്‍ രാജ്യത്തിനും രാജ്യത്തെ യുവജനങ്ങള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഭാരതത്തിലെ യുവാക്കള്‍ക്ക് എങ്ങനെ സ്വയം സംഘടിക്കാനും ഓരോ ലക്ഷ്യവും നേടാനും കഴിയും എന്നതിന്റെ ഉദാഹരണമാണ് 'മേരി മാടി, മേരാ ദേശ്' എന്ന പ്രചരണ പരിപാടി. രാജ്യത്തെ ഗ്രാമങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നുമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ 'മേരി മാടി, മേരാ ദേശ്' എന്ന ഈ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് പരിപാടികളാണ് രാജ്യത്തുടനീളം നടന്നത്. എണ്ണിയാലൊടുങ്ങാത്ത ഇന്ത്യക്കാര്‍ തങ്ങളുടെ മുറ്റങ്ങളില്‍ നിന്നും വയലുകളില്‍ നിന്നും സ്വന്തം കൈകൊണ്ട് 'അമൃത കലശ'ത്തില്‍ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എണ്ണായിരത്തി അഞ്ഞൂറിലധികം 'അമൃത കലശം' ഇന്ന് ഇവിടെയെത്തി. ഈ പ്രചാരണ പരിപാടിക്കു് കീഴില്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പഞ്ച് പ്രാണ്‍ (അഞ്ച് പ്രതിജ്ഞകള്‍) എടുത്തു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തങ്ങളുടെ സെല്‍ഫികള്‍ പ്രചാരണ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
സുഹൃത്തുക്കളെ,
പലരുടെയും മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാം: എന്തുകൊണ്ട് മണ്ണ്? എന്തുകൊണ്ടാണ് കലശങ്ങളില്‍ മണ്ണ് നിറയ്ക്കുന്നത്? ഒരു കവി പറഞ്ഞു-
यह वह मिट्टी जिसके रस से, जीवन पलता आया,
जिसके बल पर आदिम युग से,मानव चलता आया।
यह तेरी सभ्यता संस्कृति, इस पर ही अवलंबित,
युगों-युगों के चरण चिह्न, इसकी छाती पर अंकित।
(ഏതിന്റെ സത്തയാണോ ജീവിതം വിരിയിച്ചത്, ആ മണ്ണാണിത്,
ആരുടെ ശക്തിയിലാണ് മനുഷ്യത്വം പുരാതന കാലം മുതല്‍ നടന്നിട്ടുള്ളത്.
ഇതിനെ ആശ്രയിച്ചാണ് നിങ്ങളുടെ നാഗരികത, സംസ്‌കാരം,
അതിന്റെ മാറില്‍ യുഗങ്ങളുടെ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.)
മഹത്തായ നാഗരികതകള്‍ അവസാനിച്ചു. എന്നാല്‍, ഭാരതത്തിന്റെ മണ്ണില്‍ ഈ രാഷ്ട്രത്തെ പുരാതന കാലം മുതല്‍ സംരക്ഷിച്ച ജീവശക്തിയെക്കുറിച്ചുള്ള ബോധ്യമുണ്ട്. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും എല്ലാ വിധത്തിലും നമ്മുടെ ആത്മാവിനെ സ്വത്വവുമായും ആത്മീയതയുമായും ബന്ധിപ്പിക്കുന്ന മണ്ണാണിത്. ഈ മണ്ണില്‍ ആണയിട്ടുകൊണ്ടാണു നമ്മുടെ ധൈര്യശാലികള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്.
എത്രയോ കഥകള്‍ ഈ മണ്ണുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഏകദേശം നൂറു വര്‍ഷം മുമ്പ് ഒരു കൊച്ചുകുട്ടി ഈ മണ്ണില്‍ മരം വിതയ്ക്കുകയായിരുന്നു. എന്താണ് വിതയ്ക്കുന്നതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍, 'ഞാന്‍ തോക്കുകള്‍ വിതയ്ക്കുന്നു' എന്നായിരുന്നു കുട്ടിയുടെ മറുപടി. അവന്റെ അച്ഛന്‍ ചോദിച്ചു: 'തോക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യും?' ആ കുട്ടി പറഞ്ഞു: 'ഞാന്‍ എന്റെ രാജ്യത്തെ സ്വതന്ത്രമാക്കും.' അവന്‍ വളര്‍ന്നപ്പോള്‍, ആ കുട്ടി ഇപ്പോഴും എത്തിപ്പെടുക എളുപ്പമല്ലാത്ത ത്യാഗത്തിന്റെ ഔന്നത്യം കൈവരിച്ചു. ആ ബാലന്‍ മറ്റാരുമല്ല, ധീര രക്തസാക്ഷി ഭഗത് സിംഗ് ആയിരുന്നു.
ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ ഈ മണ്ണിനെക്കുറിച്ച് പറഞ്ഞു:
''दिल से निकलेगी न मर कर भी वतन की उल्फ़त,
मेरी मिट्टी से भी ख़ुशबू-ए-वफ़ा आएगी"
(മരണത്തിനു ശേഷവും മാതൃരാജ്യത്തോടുള്ള സ്‌നേഹം മായുകയില്ല,
വിശ്വസ്തതയുടെ സുഗന്ധം എന്റെ മണ്ണില്‍ നിന്ന് പരക്കും.)
ഒരു കര്‍ഷകനായാലും ധീരനായ സൈനികനായാലും, എല്ലാവരും ഈ മണ്ണില്‍ അവരുടെ രക്തവും വിയര്‍പ്പും സംഭാവന ചെയ്തവരാണ്. 'ഈ മണ്ണ് ചന്ദനം പോലെയാണ്, ഓരോ ഗ്രാമവും തപസ്സിന്റെ നാടാണ്' എന്ന് ഈ മണ്ണിനെക്കുറിച്ചു പറയപ്പെട്ടിട്ടുണ്ട്. മണ്ണിന്റെ പ്രതീകമായ ഈ ചന്ദനം നെറ്റിയില്‍ പുരട്ടാനാണ് നാമെല്ലാവരും ശ്രമിക്കുന്നത്. ഈ ചിന്ത 24/7 നമ്മുടെ മനസ്സില്‍ പ്രതിധ്വനിക്കുന്നു:
जो माटी का कर्ज़ चुका दे, वही ज़िन्दगानी है।।
जो माटी का कर्ज़ चुका दे, वही ज़िन्दगानी है।।
(മണ്ണിന്റെ കടം വീട്ടുന്നവന്‍, അതാണ് യഥാര്‍ത്ഥ ജീവിതം.
മണ്ണിന്റെ കടം വീട്ടുന്നവന്‍, അതാണ് യഥാര്‍ത്ഥ ജീവിതം.)
അതുകൊണ്ട് തന്നെ ഇവിടെ എത്തിയിരിക്കുന്ന ഈ അമൃതകലശത്തിനുള്ളിലെ ഓരോ തരി മണ്ണും വിലമതിക്കാനാവാത്തതാണ്. സുദാമയുടെ സഞ്ചിയില്‍ നമുക്കായി സൂക്ഷിച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ പോലെയാണ് അവ. സുദാമയുടെ സഞ്ചിയിലെ ഒരു പിടി അരിയില്‍ ഒരു ലോകത്തിന്റെ മുഴുവന്‍ സമ്പത്തും അടങ്ങിയിരിക്കുന്നതുപോലെ, രാജ്യത്തെ ഓരോ കുടുംബത്തിന്റെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും എണ്ണമറ്റ ദൃഢനിശ്ചയങ്ങളും ഈ ആയിരക്കണക്കിന് അമൃതകലശങ്ങളില്‍ മൂടിവെച്ചിട്ടുണ്ട്. നാട്ടിലെ ഓരോ വീട്ടില്‍നിന്നും, മുറ്റത്തുനിന്നും ഇവിടെയെത്തിയ മണ്ണ് കര്‍ത്തവ്യബോധം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. 'വികസിത ഭാരതം' എന്ന നമ്മുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിനും കൂടുതല്‍ കഠിനാധ്വാനത്തിനും ഈ മണ്ണ് നമ്മെ പ്രചോദിപ്പിക്കും.
संकल्प आज हम लेते हैं जन जन को जाके जगाएंगे,
सौगंध मुझे इस मिट्टी की, हम भारत भव्य बनाएंगे।
(ഇന്ന്, ഓരോ വ്യക്തിയെയും ഉണര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്,
ഞാന്‍ ഈ മണ്ണിനെ പ്രതി സത്യം ചെയ്യുന്നു, നാം ഭാരതത്തെ മഹത്വവത്കരിക്കും.)
സുഹൃത്തുക്കളെ,
ഈ മണ്ണിനൊപ്പം രാജ്യത്തുടനീളമുള്ള സസ്യങ്ങളും ഇവിടെ അമൃത് വാടിക സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. അതിന്റെ ഉദ്ഘാടനവും നടന്നു. ഈ അമൃത് വാടിക വരും തലമുറകളെ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിലേക്ക് പ്രചോദിപ്പിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 'ജന്‍ ജനനി ജന്മഭൂമി' എന്ന പേരില്‍ ഒരു കലാസൃഷ്ടി ഉണ്ടെന്ന് കുറച്ച് ആളുകള്‍ക്ക് അറിയാമായിരിക്കും. ഓരോ സംസ്ഥാനങ്ങളിലെയും മണ്ണ് ഉപയോഗിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 75 സ്ത്രീ കലാകാരന്മാര്‍ ചേര്‍ന്നാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ പ്രചോദനം കൂടിയാണ്.
എന്റെ കുടുംബാംഗങ്ങളെ,
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ആഘോഷം ഏകദേശം ആയിരം ദിവസം തുടര്‍ന്നു. ഈ ആയിരം ദിവസങ്ങളില്‍, ഏറ്റവും വലുതും ഏറ്റവും നല്ലതുമായ സ്വാധീനം ഭാരതത്തിലെ യുവജനങ്ങളിലാണ്. അത് യുവതലമുറയെ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി.
സുഹൃത്തുക്കളെ,
നിങ്ങളെപ്പോലെ ഞാനും അടിമത്തം കണ്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹവും തപസ്സും ത്യാഗവും നാം അനുഭവിച്ചിട്ടില്ല. നമ്മളില്‍ പലരും സ്വാതന്ത്ര്യാനന്തരം ജനിച്ചവരാണ്. സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാന്‍. അമൃത മഹോത്സവത്തില്‍നിന്നു ഞാന്‍ ഒരുപാട് പുതിയ അറിവുകള്‍ നേടിയിട്ടുണ്ട്. ഗോത്ര യോദ്ധാക്കളുടെ നിരവധി പേരുകള്‍ ഇക്കാലയളവില്‍ വെളിച്ചത്തു വന്നിട്ടുണ്ട്.
അടിമത്തത്തിന്റെ നീണ്ട കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ ഇല്ലാതിരുന്ന ഒരു നിമിഷംപോലും ഇല്ലായിരുന്നു എന്നു രാജ്യമൊന്നാകെ മനസ്സിലാക്കി. ഏതെങ്കിലും മേഖലകളോ വിഭാഗങ്ങളോ അത്തരം നീക്കങ്ങളാല്‍ സ്പര്‍ശിക്കപ്പെടാതെ ഇരുന്നതുമില്ല. ദൂരദര്‍ശനിലെ സ്വരാജ് സീരീസ് കാണുമ്പോള്‍ എനിക്കുണ്ടായ വികാരങ്ങള്‍ തന്നെയാണ് ഇന്നത്തെ രാജ്യത്തെ യുവാക്കളില്‍ കാണുന്നത്. അമൃത മഹോത്സവം സ്വാതന്ത്ര്യ സമരത്തിന്റെ പല കഥകളും വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്.
സുഹൃത്തുക്കളെ,
രാജ്യം മുഴുവന്‍ അമൃത മഹോത്സവം ജനക്കൂട്ടത്തിന്റെ ആഘോഷമാക്കി മാറ്റി. 'ഹര്‍ ഘര്‍ തിരംഗ'യുടെ വിജയം ഓരോ ഇന്ത്യക്കാരന്റെയും വിജയമാണ്. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക്, തങ്ങളുടെ കുടുംബങ്ങളും ഗ്രാമങ്ങളും സ്വാതന്ത്ര്യം നേടുന്നതില്‍ സജീവ സംഭാവന അര്‍പ്പിച്ചിട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിയുകയാണ്. ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഇപ്പോള്‍ ഇത് എല്ലാ ഗ്രാമങ്ങളിലെയും സ്മാരകങ്ങളിലും ലിഖിതങ്ങളിലും സ്ഥിരമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അമൃത മഹോത്സവം ഒരു തരത്തില്‍ ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട താളുകളെ ഭാവി തലമുറയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സ്വാതന്ത്ര്യ സമര സേനാനികളുടെ സജീവ പങ്കാളിത്തം എടുത്തുകാട്ടുന്ന ഒരു സുപ്രധാന ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. അല്ലൂരി സീതാരാമ രാജു, വാരിക്കുടി ചെന്നയ്യ, താന്തിയ ഭില്‍, തിരോട്ട് സിംഗ് തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി നായകന്മാര്‍ ഇപ്പോള്‍ അവരുടെ സംഭാവനകള്‍ക്ക് പേരുകേട്ടവരാണ്. കിട്ടൂര്‍ റാണി ചെന്നമ്മ, റാണി ഗൈഡിന്‍ലിയു, റാണി വേലു നാച്ചിയാര്‍, മാതംഗിനി ഹസ്ര, റാണി ലക്ഷ്മിഭായി തുടങ്ങി ധീരയായ ഝല്‍ക്കരിഭായി വരെ രാജ്യത്തിന്റെ സ്ത്രീശക്തിക്ക് അമൃത മഹോത്സവത്തില്‍ നാം ആദരാഞ്ജലി അര്‍പ്പിച്ചു.
എന്റെ കുടുംബാംഗങ്ങളെ,
ഉദ്ദേശ്യങ്ങള്‍ നല്ലതായിരിക്കുമ്പോള്‍; രാഷ്ട്രത്തിന്റെ അതിശക്തമായ ചൈതന്യം ആദ്യം വരുമ്പോള്‍; ഫലങ്ങള്‍ ഏറ്റവും മികച്ചതായിരിക്കും. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവത്തില്‍ ഭാരതം ചരിത്രപരമായ നാഴികക്കല്ലുകള്‍ സ്വന്തമാക്കി. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായ കൊവിഡ് മഹാമാരിയെ നാം വിജയകരമായി നേരിട്ടു, ഈ കാലയളവില്‍ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള റോഡ്മാപ്പ് നാം സജ്ജമാക്കി. അമൃത മഹോത്സവ കാലത്തു ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു. വലിയ ആഗോള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും അമൃത മഹോത്സവത്തില്‍ ഭാരതം അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറി. നമ്മള്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറക്കി. ചരിത്രപരമായ ജി-20 ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിച്ചു. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും നൂറിലധികം മെഡലുകളുടെ റെക്കോര്‍ഡാണ് ഭാരതം സ്ഥാപിച്ചത്.
അമൃത മഹോത്സവത്തില്‍ ഭാരതത്തിന് 21-ാം നൂറ്റാണ്ടിനായി ഒരു പുതിയ പാര്‍ലമെന്റ് കെട്ടിടവും ലഭിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്ന ചരിത്രപ്രസിദ്ധമായ നാരീശക്തി വന്ദന അധീനിയം നിലവില്‍ വന്നു. കയറ്റുമതിയിലും കാര്‍ഷിക ഉല്‍പാദനത്തിലും ഭാരതം പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ കാലയളവില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. റെയില്‍വേ സ്റ്റേഷനുകളില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷന്‍ പ്രചരണ പദ്ധതിയും ആരംഭിച്ചു. രാജ്യത്തിന് ആദ്യ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ നമോ ഭാരത് ലഭിച്ചു. രാജ്യവ്യാപകമായി 65,000-ത്തിലധികം അമൃത സരോവറുകള്‍ നിര്‍മ്മിച്ചു. ഭാരത് മെയ്ഡ് ഇന്‍ ഇന്ത്യ 5ജി അവതരിപ്പിച്ചു, ഈ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും ഉണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനും ഈ കാലയളവില്‍ ആരംഭിച്ചു. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ എനിക്ക് നിങ്ങളുടെ മുന്നില്‍ വയ്ക്കാനാകും.
എന്റെ കുടുംബാംഗങ്ങളെ,
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ രാജ്യം രാജ്പഥില്‍ നിന്ന് കര്‍ത്തവ്യ പഥത്തിലേക്കുള്ള ഒരു യാത്രയും പൂര്‍ത്തിയാക്കി. അടിമത്തത്തിന്റെ പല ചിഹ്നങ്ങളും നമ്മള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുണ്ട്, കര്‍ത്തവ്യ പഥത്തിന്റെ ഒരു വശത്ത്. ഛത്രപതി ശിവജി മഹാരാജിന്റെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ നാവികസേനയ്ക്ക് ഇപ്പോള്‍ ഒരു പുതിയ പതാകയുണ്ട്. ഈ അമൃത മഹോത്സവത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് തദ്ദേശീയ നാമം നല്‍കിയിട്ടുണ്ട്.
ഈ അമൃത മഹോത്സവത്തിനിടെ, 'ജനജാതിയ ഗൗരവ് ദിവസ്' (ആദിവാസികളുടെ അഭിമാന ദിനം) പ്രഖ്യാപിച്ചു. ഈ അമൃത മഹോത്സവത്തില്‍ സഹാബ്സാദുകളുടെ സ്മരണാര്‍ത്ഥമാണ് വീര്‍ബല്‍ ദിവസ് പ്രഖ്യാപിച്ചത്. അമൃത മഹോത്സവത്തിനിടെയാണ് ആഗസ്റ്റ് 14 'വിഭജന്‍ വിഭിഷിക ദിവസ്' (വിഭജന ഭീതികളുടെ ഓര്‍മ്മ ദിനം) ആയി ആചരിച്ചത്.
എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ നാട്ടില്‍ പറയാറുണ്ട്: अंत: अस्ति प्रारंभ:: അതായത്, എവിടെ അവസാനിക്കുന്നുവോ, ആത്യന്തികമായി അവിടെ പുതിയ എന്തെങ്കിലും ആരംഭിക്കുന്നു. അമൃത മഹോത്സവത്തിന്റെ സമാപനത്തോടെ, ഇന്ന് മേരാ യുവ ഭാരത്, മൈ ഭാരത് എന്നതിന് തുടക്കം കുറിക്കും. മേരാ യുവ ഭാരത് പ്ലാറ്റ്‌ഫോം-- മൈ ഭാരത് -- ഭാരതത്തിന്റെ യുവശക്തിയുടെ വിളംബരമാണ്. രാജ്യത്തെ എല്ലാ യുവാക്കളെയും ഒരു വേദിയിലേക്ക്, ഒരിടത്തേക്കു കൊണ്ടുവരുന്നതിനുള്ള സുപ്രധാന മാര്‍ഗമായി ഇത് പ്രവര്‍ത്തിക്കും. രാഷ്ട്രനിര്‍മ്മാണത്തില്‍ രാജ്യത്തെ യുവജനങ്ങളുടെ പരമാവധി പങ്കാളിത്തം ഇത് ഉറപ്പാക്കും. യുവാക്കള്‍ക്കായി നടത്തുന്ന വിവിധ പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുത്തും. ഇന്ന് മൈ ഭാരത് വെബ്സൈറ്റും ആരംഭിച്ചു. ഇതില്‍ പരമാവധി ഇടപെടാന്‍ ഇന്നത്തെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാരതത്തിന് പുതിയ ഊര്‍ജ്ജം പകരുക, ഭാരതത്തെ മുന്നോട്ട് നയിക്കാന്‍ ദൃഢനിശ്ചയം കൈക്കൊള്ളുക, അതിനായി ശ്രമിക്കുക, ധൈര്യം കാണിക്കുക, വിജയം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുക.
സുഹൃത്തുക്കളെ,
നമ്മുടെ പൊതു തീരുമാനങ്ങളുടെ സാക്ഷാത്കാരമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. നമ്മള്‍ ഒരുമിച്ച് അതിനെ നിലനിര്‍ത്തണം. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോഴേക്കും ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റണം. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, രാജ്യം ഈ പ്രത്യേക ദിനത്തെ ഓര്‍ക്കും. നാം കൈക്കൊണ്ട പ്രതിജ്ഞകള്‍, അതിലൂടെ വരും തലമുറകള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എന്നിവ നിറവേറ്റണം. അതിനാല്‍, നമ്മുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഒരു വികസിത രാഷ്ട്രമെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഓരോ ഇന്ത്യക്കാരന്റെയും സംഭാവന നിര്‍ണായകമാണ്.
അമൃത മഹോത്സവത്തിന്റെ സമാപനത്തില്‍ നിന്ന് തുടങ്ങി വികസിത ഭാരതത്തിന്റെ 'അമൃത കാല'ത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കാം. സ്വപ്നങ്ങളെ ദൃഢനിശ്ചയങ്ങളാക്കി മാറ്റുക, ദൃഢനിശ്ചയങ്ങള്‍ വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുക, 2047-ല്‍ വിജയം കൈവരിക്കുമ്പോള്‍ മാത്രം നിര്‍ത്തുക. വരൂ ചെറുപ്പക്കാരേ, അതേ ദൃഢനിശ്ചയത്തോടെ നമുക്ക് ഈ യാത്ര ആരംഭിക്കാം.
ഇന്ന് ഈ മൈ ഭാരത് പ്ലാറ്റ്ഫോം പുറത്തിറക്കുന്ന വേളയില്‍, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എടുത്ത് അതിന്റെ ഫ്‌ളാഷ്ലൈറ്റ് ഓണാക്കാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും പറയുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഈ പുതിയ നിറമുണ്ട്, ഈ പുതിയ ആവേശമുണ്ട്, ഈ പുതിയ അവസരവും. എന്നോടൊപ്പം പറയൂ-
ഭാരത് മാതാ കീ- ജയ്!
ഭാരത് മാതാ കീ- ജയ്!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
ഒത്തിരി നന്ദി!
--NS--
(Release ID: 1974331)
Visitor Counter : 106