പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

വേള്‍ഡ് ഫുഡ് ഇന്ത്യ 2023 നവംബര്‍ 3 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഒരു ലക്ഷത്തിലധികം സ്വാശ്രയ സംഘം അംഗങ്ങള്‍ക്കുള്ള വിത്ത് മൂലധന സഹായം പ്രധാനമന്ത്രി വിതരണം ചെയ്യും


വേള്‍ഡ് ഫുഡ് ഇന്ത്യ 2023-ല്‍ ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ പുതുമയും കരുത്തും പ്രദര്‍ശിപ്പിക്കും

പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും

പ്രധാന ആകര്‍ഷണം: പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ അവതരിപ്പിക്കുന്ന ഫുഡ് സ്ട്രീറ്റിലൂടെ ഒരു അതുല്യമായ പാചക അനുഭവം


Posted On: 02 NOV 2023 6:41PM by PIB Thiruvananthpuram

'വേള്‍ഡ് ഫുഡ് ഇന്ത്യ 2023' എന്ന വമ്പന്‍ ഭക്ഷ്യമേളയുടെ രണ്ടാം പതിപ്പ് നവംബര്‍ 3 ന് രാവിലെ 10ന് ന്യൂഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സ്വാശ്രയ സംഘങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി വിത്ത് മൂലധന സഹായം വിതരണം ചെയ്യും. മെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണനിലവാരമുള്ള ഉല്‍പ്പാദനത്തിലൂടെയും വിപണിയില്‍ മികച്ച വില നേടാന്‍ ഈ പിന്തുണ എസ്എച്ച്ജികളെ സഹായിക്കും. വേള്‍ഡ് ഫുഡ് ഇന്ത്യ 2023ന്റെ ഭാഗമായ ഫുഡ് സ്ട്രീറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രാദേശിക പാചകരീതികളും രാജകീയ പാചക പൈതൃകവും ഇതില്‍ അവതരിപ്പിക്കും. അതില്‍ 200-ലധികം പാചകക്കാര്‍ പങ്കെടുക്കുകയും പരമ്പരാഗത ഇന്ത്യന്‍ പാചകരീതി അവതരിപ്പിക്കുകയും ചെയ്യും; ഇത് ഒരു സവിശേഷമായ പാചക അനുഭവമാക്കി മാറ്റും.

ഇന്ത്യയെ 'ലോകത്തിന്റെ ഭക്ഷ്യകൊട്ട'യായി പ്രദര്‍ശിപ്പിക്കാനും 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആഘോഷിക്കാനും മേള ലക്ഷ്യമിടുന്നു. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, വ്യവസായ പ്രൊഫഷണലുകള്‍, കര്‍ഷകര്‍, സംരംഭകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പങ്കാളിത്തം ഉറപ്പാക്കാനും കാര്‍ഷിക-ഭക്ഷ്യ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും ഇത് ഒരു പരസ്പര ശൃംഖലയും വ്യവസായ വേദിയും നല്‍കും. സിഇഒമാരുടെ വട്ടമേശ ചര്‍ച്ചകള്‍ നിക്ഷേപത്തിലും വ്യവസായം ചെയ്യാനുള്ള എളുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ നൂതനത്വവും കരുത്തും പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ പവലിയനുകള്‍ ഉണ്ടായിരിക്കും. സാമ്പത്തിക ശാക്തീകരണം, ഗുണമേന്മ ഉറപ്പാക്കല്‍, യന്ത്രസാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കി ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ വിവിധ വശങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന 48 വിഭാഗങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പരിപാടി ഒരുങ്ങുകയാണ്. 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1200-ലധികം വിദേശ വാങ്ങല്‍കാരുമായി ഒരു 'റിവേഴ്‌സ് ബയര്‍ സെല്ലര്‍' മീറ്റും ഇത് അവതരിപ്പിക്കും. നെതര്‍ലാന്‍ഡ്‌സ് പങ്കാളി രാജ്യമായി പ്രവര്‍ത്തിക്കും, ജപ്പാനാണ് മേളയുടെ ശ്രദ്ധാകേന്ദ്രം.

 

NS



(Release ID: 1974253) Visitor Counter : 107