ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

ഇന്ത്യൻ ടെക്‌സ്റ്റൈൽ മേഖലയുടെ ഭാവി അനാവരണം ചെയ്യുന്ന ആഗോള മെഗാ ടെക്‌സ്‌റ്റൈൽസ് മേള - 'ഭാരത് ടെക്‌സ് 2024' ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി വ്യാവസായിക സംഘടനകൾ


"ഭാരത് ടെക്സ് 2024" 2024 ഫെബ്രുവരി 26 മുതൽ 29 വരെ ന്യൂഡൽഹിയിൽ സംഘടിപ്പിക്കും

Posted On: 21 OCT 2023 2:11PM by PIB Thiruvananthpuram

ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ടെക്‌സ്‌റ്റൈൽ മേളയായ ഭാരത് ടെക്‌സ് 2024 ന് മുൻകൈ എടുക്കുന്ന ടെക്‌സ്‌റ്റൈൽ മേഖലയിലെ വ്യാവസായിക സംഘടനകളെ കേന്ദ്ര ടെക്‌സ്റ്റൈൽ, വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിനന്ദിച്ചു. ടെക്‌സ്‌റ്റൈൽ മേളയ്ക്ക് നാന്ദി കുറിച്ചു കൊണ്ട് ഇന്ന് ന്യൂഡൽഹിയിലെ വാണിജ്യഭവനിൽ നടന്ന പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് ടെക്‌സ് 2024 എക്‌സ്‌പോ വെറുമൊരു ചടങ്ങല്ലെന്നും ആഗോള ടെക്‌സ്‌റ്റൈൽ ശക്തികേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് തെളിവാണിതെന്നും ചടങ്ങിൽ സംസാരിച്ച ശ്രീ ഗോയൽ വ്യക്തമാക്കി. നവീകരണം, സഹകരണം, മേക്ക് ഇൻ ഇന്ത്യ മനോഭാവം എന്നിവ വെളിവാക്കുന്ന എക്‌സ്‌പോ ഇന്ത്യയുടെ 5F ദർശനത്തിന്റെ സഫലീകരണമാണ് - ഫാം ടു ഫൈബർ ടു ഫാക്‌ടറി ടു ഫാഷൻ ടു ഫോറിൻ, ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനാകെയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുക എന്നിവയാണ് 5F ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലെ മത്സരങ്ങളെ ഇന്ത്യ ഇപ്പോൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ടെക്‌സ് 2024 എക്‌സ്‌പോ, വ്യവസായിക വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും ആഗോള ടെക്‌സ്‌റ്റൈൽ വ്യവസായ മേഖലയിലെ പക്വതയാർന്നതും മത്സരാധിഷ്ഠിതമായ ആഗോള പ്രഭവകേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സാധ്യതകൾ പ്രദർശിപ്പിക്കുമെന്നും ശ്രീ ഗോയൽ പ്രത്യാശ പ്രകടിപ്പിച്ചു.

മേളയുടെ ലോഗോ, വെബ്സൈറ്റ്, വീഡിയോ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ആഗോള തലത്തിൽ ഇന്ത്യയുടെ ശക്തി, സുസ്ഥിരതാ സംരംഭങ്ങൾ, മൂല്യ ശൃംഖലയിലുടനീളമുള്ള ശേഷി എന്നിവ ഉയർത്തിക്കാട്ടാൻ മേള പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വ്യവസായ ലോകത്തോട് അഭ്യർത്ഥിച്ചു.

"ഭാരത് ടെക്സ് 2024" 2024 ഫെബ്രുവരി 26 മുതൽ 29 വരെ ന്യൂഡൽഹിയിൽ നടക്കും. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരും ഉപഭോക്താക്കളും പങ്കെടുക്കുന്ന ആഗോള തലത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ മേളയാണിത്.

ഭാരത് ടെക്‌സ് 2024, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ടെക്‌സ്റ്റൈൽ പാരമ്പര്യവും മുതൽ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ വരെയുള്ള മുഴുവൻ ടെക്‌സ്‌റ്റൈൽ വ്യവസായ മൂല്യ ശൃംഖലയുടെയും സമഗ്രമായ ഒരു പ്രദർശനമായിരിക്കും ഇത്.

40 രാജ്യങ്ങളിൽ നിന്നുള്ള 1,000-ലധികം പ്രദർശകരെയും 30,000-ലധികം സന്ദർശകരെയും പ്രതീക്ഷിക്കുന്ന മെഗാ മേളയിൽ വിജ്ഞാന സമ്മേളനങ്ങൾ, സെമിനാറുകൾ, യോഗങ്ങൾ, സിഇഒ തല വട്ടമേശ സമ്മേളനങ്ങൾ, ബി 2 ബി, ജി 2 ജി യോഗങ്ങൾ എന്നിവ കൂടാതെ തന്ത്രപരമായ നിക്ഷേപ പ്രഖ്യാപനങ്ങൾ, ഉത്പന്ന അവതരണം, സഹകരണ സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഭാരത് ടെക്സ് 2024 എക്സ്പോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി www.bharat-tex.com സന്ദർശിക്കുക.

-SKY-

 (Release ID: 1969699) Visitor Counter : 107