പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു


2035ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കും

2040ഓടെ ഇന്ത്യ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കും

ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾ ഇന്ത്യ ഏറ്റെടുക്കും

Posted On: 17 OCT 2023 1:53PM by PIB Thiruvananthpuram

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

ഗഗൻയാൻ ദൗത്യത്തിന്റെ സമഗ്രമായ അവലോകനം ബഹിരാകാശ വകുപ്പ് അവതരിപ്പിച്ചു. ഇതുവരെ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതികവിദ്യകൾ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വിക്ഷേപണ വാഹനങ്ങൾ, സംവിധാനങ്ങളുടെ ഗുണനിലവാരം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ അവലോകനം ചെയ്തു. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (HLVM3) മൂന്ന് ആളില്ലാദൗത്യങ്ങൾ ഉൾപ്പെടെ 20ഓളം പ്രധാന പരീക്ഷണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണ പേടകത്തിന്റെ ആദ്യ പ്രദർശനപ്പറക്കൽ ഒക്ടോബർ 21ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ യോഗം, 2025ലാകും വിക്ഷേപണമെന്നു സ്ഥിരീകരിച്ചു.

അടുത്തകാലത്തെ ചന്ദ്രയാൻ-3, ആദിത്യ എൽ1 ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, 2035-ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040-ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയക്കുക എന്നിവയുൾപ്പെടെ പുതിയതും ഉത്കർഷേച്ഛ നിറഞ്ഞതുമായ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ ഇപ്പോൾ ഉന്നം വയ്ക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു.

ഈ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന്, ബഹിരാകാശ വകുപ്പ് ചാന്ദ്രപര്യവേക്ഷണത്തിനായി മാർഗരേഖ വികസിപ്പിക്കും. ചന്ദ്രയാൻ ദൗത്യങ്ങളുടെ പരമ്പര, അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (NGLV) വികസനം, പുതിയ വിക്ഷേപണത്തറയുടെ നിർമാണം, മനുഷ്യ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കൽ, അനുബന്ധ സാങ്കേതികവിദ്യകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

ശുക്രനിലേക്കുള്ള ദൗത്യവും ചൊവ്വയിൽ ഇറങ്ങാനുള്ള ദൗത്യവും ഉൾപ്പെടെ ഗ്രഹാന്തര ദൗത്യങ്ങൾക്കായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ ഉയരങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു.

 

NS



(Release ID: 1968387) Visitor Counter : 190