പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

Posted On: 13 OCT 2023 12:49PM by PIB Thiruvananthpuram


അമേഠിയിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍! നിങ്ങള്‍ക്കൊപ്പംഅമേഠിയിലെ അമേഠി സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയുടെ സമാപനത്തില്‍ ഉണ്ടാകാന്‍ കഴിഞ്ഞത് ഞാന്‍ വളരെ വിശിഷ്ടമായി കരുതുന്നു. നമ്മുടെ രാജ്യത്തെ കായിക വിനോദങ്ങള്‍ക്ക് മംഗളകരമായതാണ് ഈ മാസം. ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ മെഡലുകളുടെ സെഞ്ച്വറി നേടി. ഈ കായിക ഇനങ്ങളില്‍ പോലും അമേഠിയില്‍ നിന്നുള്ള കായികതാരങ്ങള്‍ തങ്ങളുടെ പ്രതിഭ പ്രദര്‍ശിപ്പിച്ചു. സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയില്‍ പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മത്സരം നല്‍കിയ പുതിയ ഊര്‍ജവും ആത്മവിശ്വാസവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകണം, നിങ്ങള്‍ക്ക് മാത്രമല്ല, പ്രദേശത്തുടനീളമുള്ള ആളുകള്‍ക്കും അത് അനുഭവപ്പെടുന്നുണ്ടാകും, അതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് എനിക്കും അത് അനുഭവപ്പെടുന്നു. ഈ ഉത്സാഹവും ആത്മവിശ്വാസവും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും വേണം, നനച്ചുകൊടുക്കുക, വളരാന്‍ അനുവദിക്കുക. കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ നിങ്ങളുടെ കായിക ജീവിതത്തിന് ഒരു സുപ്രധാന മുതല്‍ക്കൂട്ടാണ്. അദ്ധ്യാപകര്‍, മേല്‍നോട്ടക്കാര്‍, സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍ എന്നീ നിലകളിലെ പങ്കുവഹിച്ചുകൊണ്ട് ഇന്ന്, മഹത്തായ സംഘടിതപ്രവര്‍ത്തനത്തിലൂടെ യുവകായികതാരങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒരു ലക്ഷത്തിലധികം കായികതാരങ്ങള്‍, പ്രത്യേകിച്ചും ഇത്രയും ചെറിയ പ്രദേശത്ത് ഒത്തുചേരുന്നത് തന്നെ ശ്രദ്ധേയമായ നേട്ടമാണ്. ഈ പരിപാടി ഇത്രയധികം വിജയിപ്പിച്ച അമേഠി പാര്‍ലമെന്റ് അംഗം സ്മൃതി ഇറാനി ജിക്ക് ഞാന്‍ പ്രത്യേക ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ,
കായികരംഗത്ത് വളര്‍ച്ച ഉണ്ടാകേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികസനത്തിന് നിര്‍ണ്ണായകമാണ്, ഗെയിമുകള്‍ക്കും അത്‌ലറ്റുകള്‍ക്കും തഴച്ചുവളരാന്‍ അവസരങ്ങള്‍ ലഭ്യമാക്കണം. ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഠിനാദ്ധ്വാനം, തോല്‍വിക്ക് ശേഷവുമുള്ള സ്ഥിരോത്സാഹം, ടീമിനൊപ്പമുള്ള മുന്നേറല്‍, വ്യക്തിത്വ വികസനം എന്നീ മൂല്യങ്ങള്‍ - ഈ വികാരങ്ങളെല്ലാം കായികവിനോദത്തിലൂടെ യുവജനങ്ങളില്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കപ്പെടുന്നു. തങ്ങളുടെ മേഖലകളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് നൂറുകണക്കിന് ബി.ജെ.പി എം.പിമാര്‍ വഴിയൊരുക്കി. ഈ ശ്രമങ്ങളുടെ ഫലമെല്ലാം ഒതുതര്‍ക്കവുമില്ലാതെ വരും വര്‍ഷങ്ങളില്‍ രാജ്യത്തില്‍ പ്രകടമാകും. വരും വര്‍ഷങ്ങളില്‍ അമേഠിയിലെ യുവ കായികതാരങ്ങളും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മെഡലുകള്‍ നേടുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അത് നേടുന്നതിന് ഈ മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവം വളരെ വിലപ്പെട്ടതാകും.
സുഹൃത്തുക്കളെ,
മൈതാനത്തേക്ക് ഒരു കളിക്കാരന്‍ ചുവടുവെക്കുമ്പോള്‍, അവരുടെ ഒരേയൊരു ലക്ഷ്യം തങ്ങളെയും ടീമിനെയും വിജയിപ്പിക്കുക എന്നതുമാത്രമാണ്. ഇന്ന് രാജ്യം മുഴുവന്‍ കായികതാരങ്ങളെപ്പോലെ ചിന്തിക്കുന്നു. കളിക്കുമ്പോള്‍കായികതാരങ്ങള്‍ നല്‍കുന്ന പ്രഥമ മുന്‍ഗണന രാജ്യത്തിനാണ്. ആ നിമിഷം, എല്ലാം നഷ്ടപ്പെടുത്തികൊണ്ടും അവര്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നു. ഈ വേളയില്‍ രാജ്യവും ഒരു വലിയ ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഭാരതത്തെ വികസിതമാക്കുന്നതില്‍ ഓരോ ജില്ലയിലേയും ഓരോ പൗരന്റേയും പങ്ക് നിര്‍ണ്ണായകമാണ്. ഇതിനായി ഓരോ പ്രദേശവും ഒരേ വികാരം ഒരേ ലക്ഷ്യം ഒരേ പ്രതിജ്ഞ എന്നിവയുമായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ ചിന്താഗതിയോടെയാണ്, രാജ്യത്ത് ടോപ്‌സ് (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം), ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയ പദ്ധതികള്‍ നിങ്ങളെപ്പോലുള്ള യുവജനങ്ങള്‍ക്കായി ഞങ്ങള്‍ നടപ്പിലാക്കുന്നത്. ഇന്ന് ടോപ്‌സ് പദ്ധതി പ്രകാരം നൂറ് കണക്കിന് കായിക താരങ്ങള്‍ക്ക് രാജ്യത്തും വിദേശത്തുമായി പരിശീലനവും കോച്ചിംഗും നല്‍കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും ഈ താരങ്ങള്‍ക്ക് ലഭിക്കുന്നു. ഖേലോ ഇന്ത്യ ഗെയിംസിന് കീഴില്‍, 3,000-ത്തിലധികം അത്‌ലറ്റുകള്‍ക്ക് പ്രതിമാസം 50,000 രൂപ സഹായമായി ലഭിക്കുന്നു. ഇത് പരിശീലനം, ഭക്ഷണക്രമം, കോച്ചിംഗ്, കിറ്റുകള്‍, അവശ്യ ഉപകരണങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവ വഹിക്കാന്‍ അവരെ സഹായിക്കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഭാരതത്തില്‍, ചെറുപട്ടണങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ക്കും മുന്നോട്ട് വരാനുള്ള തുറന്ന അവസരമുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ ഭാരതത്തിന്റെ പേര് ഇന്ന് പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, ചെറുകിട-ടൗണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ അതില്‍ കാര്യമായ പങ്ക് വഹിച്ചതുകൊണ്ടാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ചെറുപട്ടണങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിരവധി പേരുകള്‍ കായിക ലോകത്ത് തിളങ്ങുന്നത് നിങ്ങള്‍ കണ്ടിരിക്കും. സമ്പൂര്‍ണ്ണ സുതാര്യതയോടെ മുന്നേറാനുള്ള അവസരം യുവജനങ്ങള്‍ക്ക് ഇന്ന് ഭാരതത്തില്‍ ലഭിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന കായികതാരങ്ങള്‍ പോലും വലിയ നഗരങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്നില്ല. അവരില്‍ പലരും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ കഴിവ് തിരിച്ചറിഞ്ഞ് അവര്‍ക്ക് സാദ്ധ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കി നല്‍കി. അതിന്റെ ഫലം ഉത്തര്‍പ്രദേശില്‍ നിന്നുള്ള അന്നു റാണി, പരുള്‍ ചൗധരി എന്നിവരെപ്പോലുള്ള കായികതാരങ്ങളുടെ പ്രകടനത്തില്‍ വ്യക്തമാണ്, അവര്‍ രാജ്യമാകെ അഭിമാനം കൊണ്ട് നിറച്ചു. സുധാ സിങ്ങിനെപ്പോലുള്ള കായികതാരങ്ങളെയും ഈ നാട് രാജ്യത്തിന് നല്‍കിയിട്ടുണ്ട്. അത്തരം കഴിവുകളെ നാം പുറത്തുകൊണ്ടുവരുകയും പരിപോഷിപ്പിക്കുകയും അവരെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കുകയും വേണം. സന്‍സദ് ഖേല്‍ പ്രതിയോഗിത ഈ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന മാധ്യമമായി പ്രവര്‍ത്തിക്കുന്നു.

എന്റെ പ്രിയ കളിക്കാരെ,
നിങ്ങളുടെ കഠിനാദ്ധ്വാനം വരും ദിവസങ്ങളില്‍ വിജയം കൊണ്ടുവരുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നിങ്ങളിലൊരാള്‍ ലോക വേദിയില്‍ ത്രിവര്‍ണ പതാകയുമായി തിളങ്ങും. അമേഠിയിലെ യുവത്വം കളിച്ച് തിളങ്ങട്ടെ! ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍! വളരെയധികം നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

NS


(Release ID: 1967492) Visitor Counter : 71